Ettumanoor Visheshangal

Friday, October 18, 2013

തന്ത്രം



ജീവവായുനിറയുന്ന
സ്മൃതിയുടെ കല്പടവിൽ
ഏറെനേരം വിശ്രമിക്കാൻ മനം കൊതിയ്ക്കേ
നീറി നീറിപ്പുകയുമീ
ജന്മശാപ കുരുക്കുകൾ
പാഞ്ഞുവന്നെൻ മനസ്സിനെ കീഴ്പ്പെടുത്തുമ്പോൾ.

പുഞ്ചിരിത്തേൻകണത്തോടെ,
മുലകളിൽ വിഷം തേച്ച്
മന്ദമെന്നുടെയരികിൽ നീയെത്തിയതില്ലേ
കണ്ണുകളിൽ കാമമോടെ
വാക്കുകളിൽ തേൻപുരട്ടി
എന്തിനെന്നുടെയരികിൽ വന്നതന്നു നീ?

കണ്ണനല്ല മുലകുടിയ്ക്കേ
നിൻറ ജീവശ്വാസമൂറ്റാൻ
കാമിനീ നിൻ മോക്ഷമേകും ദേവനല്ല ഞാൻ!
കാനനപൊയ്കയിലിന്നു
നീന്തുവാൻ വയ്യെനിക്കിന്ന്
പെണ്മണീ നീയെന്തിനെന്നെ വലച്ചീടുന്നു.

കാർവർണ്ണനെന്നു ചൊല്ലി
വിളിക്കുന്ന നിൻറ നാവിൽ
പുളയ്ക്കുന്ന വാക്കുകളിൽ പകച്ചു നില്ക്കേ
നിൻറെ മാനം വിലപറഞ്ഞ
കശ്മലനായി ലോകമാകെ
എന്തിനെന്നുടെ ജീവിതത്തെ വലിച്ചെറിഞ്ഞു.

നിൻറെ തന്ത്രമെൻറെ ജീവൻ
പന്താടി കളിക്കവേ
എൻറെ നേരെ നൂറുനൂറു വിരലുയർന്നു.
ആണായിപിറന്നതിൻ
ശാപമോക്ഷം കൈവരിക്കാൻ
ശിലയായി പതിന്നാലുവർഷമെത്തണം.

ജീവവായുനിറയുന്ന
സ്മൃതിയുടെ കല്പടവിൽ
ഏറെനേരം വിശ്രമിക്കാൻ മനം കൊതിയ്ക്കേ
നീറി നീറിപ്പുകയുമീ
ജന്മശാപ കുരുക്കുകൾ
പാഞ്ഞുവന്നെൻ മനസ്സിനെ കീഴ്പ്പെടുത്തുന്നു.

3 comments:

ബൈജു മണിയങ്കാല said...

നല്ല വരികൾ ആണ്‍ ജന്മം

സൗഗന്ധികം said...

വളരെ നല്ലൊരു കവിത.നന്നായി എഴുതി.

ശുഭാശംസകൾ...

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

കവിത വായിച്ച് അഭിപ്രായം അറിയിച്ച ബൈജു മണിയങ്കാല, സൗഗന്ധികം എന്നിവർക്ക് നന്ദി രേഖപ്പെടുത്തുന്നു.