Ettumanoor Visheshangal

Showing posts with label ഓര്‍മ്മക്കുറിപ്പുകള്‍. Show all posts
Showing posts with label ഓര്‍മ്മക്കുറിപ്പുകള്‍. Show all posts

Monday, November 4, 2013

ഒരു യുവാവിൻറെ ജീവിതത്തിൽനിന്ന്

ഈ എഴുത്തിലെ ' ഞാൻ' ചിലപ്പോഴൊക്കെ ഈ ഞാൻ തന്നെയാവാം...ചിലപ്പോൾ അങ്ങനെയല്ലാതെയുമാവാം.

ഇനിയിപ്പം ഞാനെന്തിനു കുറയ്ക്കണം.....കിടക്കട്ടെ ആത്മകഥയുടെ ചെറിയൊരു തുടക്കമിവിടെ.....പുതിയ എഴുത്തുകാരുടെ ഒരു ട്രെൻഡ് അങ്ങനെയാണത്രേ!

 ജീവിതത്തിൽ ഏറ്റവും കൂടുതൽ ഞാനിഷ്ടപ്പെടുന്നത് ആരെയാണ്? സ്ക്കൂൾ കാലഘട്ടത്തിൽ പണവും പദവിയും പത്രാസ്സുമൊന്നുമില്ലാത്ത ഒരു കുടുംബത്തിലെ ഒരു പയ്യന് ലഭിക്കാവുന്ന തരത്തിലുള്ള പരിഗണനയെ സമൂഹത്തിൽ നിന്നു കിട്ടിയിരുന്നുള്ളൂ. നല്ല വസ്ത്രം ധരിക്കാനും, വാച്ചു കെട്ടാനും, ഷൂസു ധരിക്കാനുമൊക്കെ ആഗ്രഹം ഉണ്ടായിരുന്നു എന്നത് സത്യം. കാലാവസ്ഥ- മോശമായതിനാൽ അതൊന്നും നടന്നില്ല. കോളേജിൽ പഠിക്കുന്ന സമയത്ത്- ഇതു കഥയല്ല- ഒരു ഷർട്ടും, പാൻറും കഴുകിയുണങ്ങിയിട്ടുകൊണ്ട് നാളുകൾ തള്ളി നീക്കിയ കാലം ആർക്കു മറക്കാനാകും.

 ഒത്തിരി കലകൾ പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ചിത്രങ്ങൾ വരയ്ക്കാൻ ഇഷ്ടമായിരുന്നു. എന്നാൽ ചായം വാങ്ങിക്കാൻ പണമെവിടെ?

ജീവിതത്തിൽ തോൽവികൾ അനവധി ഉണ്ടായിട്ടുണ്ട്. കൂടാതെ 'തോല്പിക്കപ്പെട്ടിട്ടുമുണ്ട്.' എങ്കിലും തലയുയർത്തി നില്ക്കാനായിരുന്നു ഇഷ്ടം. തോൽവികളെ കടന്നു് വിജയം കൈവരിക്കുമ്പോഴും അഹങ്കരിച്ചിട്ടില്ല.

ചിലരെങ്കിലും നേരിൽ കാണുമ്പോൾ സ്നേഹത്താൽ ശ്വാസംമുട്ടിക്കുന്നതും അവിടെ നിന്നു മാറുമ്പോൾ കാർക്കിച്ചു തുപ്പുന്നതും മനസ്സിലാക്കിയിട്ടുണ്ട്....ഇയാൾക്ക് ഭയങ്കര തലക്കനമാണ്...ജാഡയാണ്...എന്നൊക്കെ തട്ടിമുളിക്കുന്നതും ശ്രദ്ധയിൽപെട്ടിരുന്നു..... ചിലരെയൊക്കെയങ്ങു വല്ലാതെ സ്നേഹിച്ചുപോയി എന്നതും ശരിതന്നെ. എങ്കിലും മനസ്സിൽ ആരോടും വിദ്വേഷംവെച്ചുകൊണ്ടിരിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. ചിലരെ ജീവിതത്തിൽ ഒഴിവാക്കിയിരുന്നു. എന്നാലും മനസ്സിൽ നിന്നും അവരെയും കുടിയിറക്കിയിരുന്നില്ല.

ഏതൊരു യുവാവിനെയും പോലെ-അതാതയത് സ്വന്തം വഴിയും, യാത്രയും, വഴിച്ചെലവും സ്വയം കണ്ടെത്തേണ്ടി വരുന്ന എല്ലാം കൊണ്ടും ദരിദ്രനായ യുവാവെന്നു സാരം- അയാൾക്ക് അയാളോടായിരുന്നു ഏറ്റവും കൂടുതൽ ഇഷ്ടം...കാലത്തിലെ സേതുവായിരുന്നുവല്ലോ ഇഷ്ട കഥാപാത്രം..പിന്നെയെങ്ങനെ അങ്ങനെയല്ലാതാവും

! (തുടർന്നേക്കാം....)

Friday, October 12, 2012

കേറ , ഗേറ -കെല്ല, ഗെല്ല



     പൂത്തറയില്‍ നീലാണ്ടനാശാന്‍, ഞങ്ങള്‍ക്കൊക്കെ ആദ്യാക്ഷരം പകര്‍ന്നു തന്ന ആദ്യഗുരുനാഥന്‍.  ആശാനെക്കുറിച്ചു ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് തീക്ഷ്ണമായ ആ കണ്ണുകളും പഞ്ഞിയുടെ മാതിരി വെളുത്ത ആ തലയുമാണ്.ആശാന്റെ വീടിന്റെ ഉമ്മറത്താണ്‌ (കോലായ എന്നു വടക്കുള്ളവര്‍ പറയും) നിലത്തെഴുത്ത് കളരി നടത്തിയിരുന്നത് .

    ഘന ഗംഭീരമായ ആ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ ഉള്ളൊന്നു കിടുങ്ങും.ചെറിയൊരു കുടവയറും വെളുത്ത മുണ്ടും, വെളുത്ത മുടിയും,  ചെറുതെങ്കിലും തീക്ഷ്ണമായ കണ്ണുകളും ഒക്കെകൂടി ലക്ഷണമൊത്ത ഒരു  ഗുരുനാഥന്റെ ചിത്രമായി ആശാന്റെ രൂപം മനസ്സില്‍ നിറയുന്നു.

ഞായറാഴ്ച്ചകളില്‍ അതിരാവിലെ കാട്ടാതോട്ടില്‍ നിന്നും ബിനുവും, സജിയും, അജിയും  ഒക്കെയടങ്ങുന്ന സംഘം മണല്‍ വാരി  വെയിലതിട്ടുണക്കി  ചെറിയ ഡപ്പി കളില്‍  അത് വാരിനിറച്ച്, അടുത്ത ദിവസം    ചെറിയ ഒരു പായയും ചുരുട്ടി പിടിച്ചു ആശാന്റെ അരികിലേക്ക് പോയിരുന്നത് ഇന്നലെയെന്ന പോലെ ഓര്‍ക്കുന്നു.


   ഹരിശ്രീ...... എന്ന് തുടങ്ങി സ്വരാക്ഷരങ്ങളും,വ്യജ്ഞനാക്ഷരങ്ങളും , ഒക്കെ കടന്ന്, ആശാന്റെ കയ്യിലുള്ള പുളിവാറലിന്റെ ചൂടറിഞ്ഞ്,  ഞങ്ങളൊക്കെ അക്ഷരങ്ങള്‍ ഓരോന്നായി പഠിച്ചുതുടങ്ങി.

     നിലത്തു വിരിച്ചിട്ടുള്ള കൊച്ചു പായയില്‍ ഇരുന്ന്,  മുന്നില്‍ ഡപ്പികളില്‍ കൊണ്ടുവന്നിട്ടുള്ള  മണല്‍ തറയിൽ നിരത്തി അതില്‍ ചൂണ്ടു വിരല്‍  കൊണ്ട് അക്ഷരങ്ങള്‍ ഓരോന്നായി എഴുതി പഠിച്ചത് ഇന്നലെയെന്നവണ്ണം ഓര്‍ക്കുന്നു.

   ഇടയ്ക്ക്  തൊട്ടടുത്തിരിക്കുന്ന ആളിന്റെ മണല്‍ വാരിയതു ക്രമസമാധാനപ്രശ്നമായി മാറുമ്പോള്‍ ആശാനിടപെടുന്നതും  ചിലപ്പോള്‍ അടിവാങ്ങിക്കേണ്ടി വരുന്നതുമൊക്കെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു.

     ഇപ്പോഴും മലയാളമെഴുതുമ്പോള്‍ ആശാന്‍ മുന്നില്‍ വന്നു നിന്ന് ഇങ്ങനെയാണോ ഞാന്‍ പഠിപ്പിച്ചത് എന്ന് കണ്ണുരുട്ടി ചോദിക്കുന്നത് പോലെ തോന്നും.വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ആശാനും കളരിയും ഒക്കെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.

     ഞങ്ങളൊക്കെ കളരിയില്‍ പഠിക്കുമ്പോള്‍ ക്ര , ഗ്ര -ഇവയൊക്കെ ചൊല്ലി പഠിപ്പി ച്ചിരുന്നത് 'കേറ , ഗേറ  എന്നിങ്ങനെയായിരുന്നു.  അത് പോലെ ക്ല , ഗ്ല തുടങ്ങിയവ കെല്ല , ഗെല്ല എന്നിങ്ങനെയും. കുട്ടികള്‍ ഞങ്ങളെല്ലാവരും ചേര്‍ന്ന് കേറ , ഗേറ , ചേറ  എന്നൊക്കെ ഉച്ചത്തില്‍ ഒരുമിച്ചു ചൊല്ലി പഠിച്ചത് രസകര മായ ഒരനുഭവമായിരുന്നു. പിന്നീട് ഒന്നാം ക്ലാസ്സില്‍ ചെന്നപ്പോഴാണ് ക്ല , ഗ്ല എന്നിങ്ങനെ മാറി  ചൊല്ലി പഠിച്ചത് .

    സ്വരാക്ഷരങ്ങളും,വ്യജ്ഞനാക്ഷരങ്ങളും, കൂട്ടക്ഷരങ്ങളും അക്കങ്ങളും  പഠിച്ചു കഴിഞ്ഞാല്‍ അവസാനം 'ഓലവര' എന്നൊരു ചടങ്ങുണ്ട്.  ആദ്യമാദ്യം ആര് പഠനം പൂര്‍ത്തിയാക്കുന്നോ അവര്‍ക്ക് 'ഓലവര' നടത്താം.  അന്ന് ആ കുട്ടിയുടെ  വീട്ടില്‍ നിന്ന് വലിയ കുട്ടയില്‍ അപ്പം, അവല്‍വിളയിച്ചത്,  പഴം ഇവയൊക്കെ കുട്ടിയുടെ മാതാപിതാക്കള്‍ കൊണ്ട് വരും.'ഓലവര'യോടുകൂടി  ആ കുട്ടിയുടെ പഠനം പൂര്‍ത്തിയാകുന്നു. ആശാന് ദക്ഷിണയും കൊടുത്തു അവന്‍ പുതിയ ലോകത്തേക്ക് കടന്നു പോവുകയാണ്.  പുതിയ സ്കൂള്‍, കളിക്കൂട്ടുകാര്‍, പുതിയ അന്തരീക്ഷം ഇവയൊക്കെ അവനെ കാത്തിരിക്കുന്നു.

    ഞങ്ങളുടെയൊക്കെ  സമയം ക്കഴിഞ്ഞു രണ്ടു മൂന്നു കൊല്ലം കഴിഞ്ഞപ്പോള്‍ മഠം വക സ്കൂളിനോട് ചേര്‍ന്ന് പുതിയ  നഴ്സറി  സ്കൂള്‍ വന്നുവെന്നാണ് എന്റെ ഓര്‍മ്മ.  അങ്ങനെ എനിക്ക്  ശേഷമുള്ള കുറെയധികം കുട്ടികള്‍ക്ക് ആശാനും കളരിയുമൊക്കെ കേട്ടുകേള്‍വി മാത്രമായി ചുരുങ്ങി.  

     മലയാളം എന്ന് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍,  പിന്നീട് പല പ്രഗത്ഭരായ അദ്ധ്യാപകരും പഠിപ്പിച്ചെങ്കിലും, നീലണ്ടാനാശന്റെ മുഖമാണ് തെളിഞ്ഞു വരുന്നത് .  ആ സ്മരണക്കുമുന്നില്‍ ഒരുപിടി പൂക്കള്‍ അര്‍പ്പിച്ചുകൊണ്ട് ഈ ഓര്‍മ്മക്കുറിപ്പ്‌ ഇവിടെ അവസാനിപ്പിക്കുന്നു.






Tuesday, October 9, 2012

ഓര്‍മ്മക്കുറിപ്പുകളുടെ മഹിമയും, ചരിത്രവും!

     ഓര്‍മ്മകള്‍ നമ്മളെ ഇടയ്ക്കിടെ കാലത്തിന്റെ മറ്റേതോകോണിലേക്ക് കൂട്ടി കൊണ്ട് പോകുന്നു എന്നുകരുതുന്നവരാണ് ഏറെയും .ഓര്‍മ്മകളെ ഒരു നൂലിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്കുള്ള ഒരുയാത്രപോലെ നമ്മുക്ക് വിവരിക്കുവാന്‍ സാധിക്കുമോ?അറിയില്ല. കാലമങ്ങനെ രേഖീയമായീ ഒരു പോയിന്റ്‌ -ല്‍ നിന്നു മറ്റൊരു  പോയിന്റ്-ലേക്ക് നമ്മെ കൂട്ടികൊണ്ടുപോകുന്നു എന്നുകരുതുവാന്‍ സാധിക്കുമോ?സാധിക്കുകയില്ല എന്നുഞാന്‍ കരുതുന്നു.

     ഓര്‍മ്മകള്‍ സ്ഥലകാല രേഖീയതക്ക് പുറത്തുള്ള ഒരു സവിശേഷതയാണ്. നമ്മുടെ ഓര്‍മ്മകള്‍ തികച്ചും ആപേക്ഷികവും .നാം പരിചയിച്ചിട്ടുള്ള സ്ഥലവുംകാലവും ഒരുപക്ഷെ അടിസ്ഥാന ധാരയായി വര്തിക്കുമെങ്കിലും ആകെ ഒരുകുഴമറിച്ചില്‍ നമ്മുടെ ഓര്‍മ്മകളില്‍ നമ്മുക്ക് അനുഭവപ്പെടാറുണ്ട്.

    ജീവിതം നമ്മുക്ക് സമ്മാനിച്ചിട്ടുള്ള അസുലഭമായ നിമിഷങ്ങളെ ഒരുമാലയിലെ  മുത്തുകളെന്നവണ്ണം 
കോര്‍ത്തെടുത്ത്‌ ഇതാണ് ആ കാലഘട്ടതെക്കുറിച്ചുള്ള എന്റെ ഓര്‍മ്മയെന്നുമൊക്കെ നാം വീമ്പിളക്കാറുണ്ട്.
 പക്ഷെ ഇത് എത്രമാത്രം ശരിയായിരിക്കും? ഒരേ സംഭവത്തെക്കുറി ച്ചു      രണ്ടു  ദൃക്സാക്ഷികളുടെ  വിവരണം ഒരിക്കല്പോലുമോരുപോലെയകണം എന്നില്ല.നാം കണ്ട ദൃശ്യങ്ങളുടെയും കേട്ട ശബ്ദങ്ങളുടെയും ഒരു പാര്‍ശ്വ വീക്ഷണംമാത്രമായിരിക്കും നമ്മുടെ  ഓര്‍മ്മ ക്കുറിപ്പുകളില്‍ നമ്മുക്ക് ആവിഷ്ക്കരിക്കാനാവുന്നത്.അതുകൊണ്ട് ഓര്‍മ്മ ക്കുറി പ്പുകള്‍ മിക്കപ്പോഴും എഴുതുന്നവ്യക്തിയുടെ ബൌദ്ധികമായ ചിന്താശേഷിയേയും ,സംഭവങ്ങളോടുള്ള ആവ്യക്തിയുടെ പ്രതികരണ സ്വഭാവത്തെയും ആശ്രയിച്ചു വ്യത്യാസപെട്ടു കാണുന്നത് .

     ഓര്‍മ്മക്കുറിപ്പുകളുടെ  മറ്റൊരു പ്രത്യേകത എഴുതുന്ന വ്യക്തിയുടെ ഭാവനാ ശേഷിക്കനുസരിച്ചു പൊടിപ്പും  തൊങ്ങലുമൊക്കെ വിവരണങ്ങളില്‍ കണ്ടേക്കാം എന്നതാണ്.

    കാലമെന്നത് രേഖീയമായി അടയാള പ്പെടുത്താവുന്ന ഒന്നായാണ്  പല ഓര്മ്മക്കുറിപ് ലേഖകന്മാരും
കരുതുകയും എഴുതുകയും  ചെയ്യുന്നത്. പലപ്പോഴും ഒരേ സംഭാവങ്ങള്‍ക്കുള്ള വ്യത്യസ്ത മാനങ്ങള്‍ കണ്ടെത്തണം എങ്കില്‍ നാം ആ സംഭവങ്ങളുടെ ബഹുമുഖമായഓര്‍ത്തെടുക്കല്‍ നടത്തേണ്ടത് ആവശ്യമാണ്.

    ഒരേ സംഭവത്തിന്റെ വ്യത്യസ്ത അടയാളപ്പെടുത്തലുകള്‍ ഓര്‍മ്മകുറിപ്പുകളുടെ  സമഗ്രതക്ക്-അങ്ങനെയൊന്നുണ്ടെങ്കില്‍-ആവശ്യമാണ്. ഞാന്‍  ജീവിച്ച  കാലത്തിന്റെ ഫോടോഗ്രഫിക്  ചിത്രമാണ് ഇതെന്ന് ആണ യിടുന്നവരും ഉദ്ദേശിക്കുന്നത് എന്റെചിന്തകള്‍ക്കും, ഭാവനക്കുമാനുസൃതമായ ഒരു കല്പനാ സൃഷ്ടി ഞാനിതാ നടത്തിയിരിക്കുന്നൂ  എന്നേയുള്ളൂ. അല്ലെങ്കില്‍ അത്രയേ  ധരിക്കാ വൂ എന്നതെതെ!

  അങ്ങനെയെങ്കില്‍ ഓര്‍മ്മക്കുറിപ്പുകളെ പൂര്‍ണ്ണമായും തള്ളിക്കള യണം എന്നാണോ? അല്ല, ഒരിക്കലുമല്ല. രേഖീയമായ ചരിത്രമില്ലാത്ത  സമൂഹങ്ങളുടെ  ചരിത്രം  ഒരുപരിധിവരെ നാം  കണ്ടെടുത്തത് അവരുടെ ഓര്‍മ്മകളെ ആശ്രയിച്ചാണ്. ആ സമൂഹങ്ങളുടെ പൊതുവായ ബോധധാരയില്‍ നിന്നും   ശാസ്ത്രീയാമായ മറ്റുതെളിവുകളുടെ വെളിച്ചത്തില്‍ നാം ആ സമൂഹങ്ങളുടെ  ചരിത്രം രചിക്കുന്നതിനും പഠിക്കുന്നതിനും നാം ശ്രമിക്കുന്നു.ഈ ചരിത്ര രചനയും  ഓര്‍മ്മകുറിപ്പുകളുടെ രചനയും തമ്മില്‍ വ്യത്യാസമുണ്ട്.

ഓര്‍മ്മകുറി പ്പുകളില്‍ കല്പനയ്ക്ക്  പ്രാധാന്യെമെ ങ്കില്‍,  ഓര്‍മ്മകുറി പ്പുകളെ  അടിസ്ഥാനമാക്കിയുള്ള  ചരിത്ര രചനയില്‍ ശാസ്ത്രീയമായ തെളിവുകലുംവശ കലനവുമാണ് നേര്‍ വഴിക്ക് നയിക്കുന്നത്.അപകടം പക്ഷെ ഇവിടെയല്ല ഇത്തരത്തിലുള്ള ചരിത്രവും  ഓര്‍മ്മക്കുറിപ്പുകളും ഒരേ പദവിക്കായി മത്സരിക്കുമ്പോള്‍ നഷ്ടമാകുന്നത് ഇവ  രണ്ടിന്റെയും ജൈവസത്ത  തന്നെയാണ്. അല്ലെങ്കില്‍ ഇവരണ്ടും  രണ്ടാണെന്നുള്ള
ആവ്യത്യാസംതന്നെയനുനഷ്ടമാകുന്നത് !