Ettumanoor Visheshangal

Saturday, November 17, 2012

കാമിനീ ; പ്രിയ സഖീ നിന്നെക്കുറിച്ച് ...........


കരുതുകയസാധ്യം , നിന്‍ ചോദ്യാവലി-
കള്‍ക്കു മറുപടിയതേകിടാന്‍, വിഷമമെനിക്കെന്നു
കരുതുകയോമലേ,  നിന്‍പ്രിയന്‍ ഞാന്‍ 
കരമകലെ  പോവതില്ലതു നിശ്ചയം തന്നെ.

കരള്‍ പകുത്തതുനല്‍കിയാണ് ഞാനോമലേ-
കരഗതമതാക്കിയത്    നിന്നെയെന്‍ സഖിയായ്
കനല്‍വഴികള്‍ താണ്ടി ഞാന്‍ മുന്നോട്ടു പോകവേ
കവരരുതെന്‍ മനസ്സിന്റെ ശക്തിയെ നീ.

കനിവോടെ നീയെനിക്കേകീടുന്നോരാ -
കരുതലും നിന്‍ സ്നേഹമസൃണ വചനങ്ങളും
കാനനവീഥികള്‍ പിന്നിട്ടു പോകുന്ന
കാറ്റാടി പോലെ ഞാന്‍ പാറി പറക്കട്ടെ.

കല്‍പ്പാന്ത കാലമായി ഞാന്‍ നിന്റെ മുന്നിലൊരു
കല്‍പ്രതിമയായിട്ട്  കാത്തു നിന്നൂ
കാലം പിന്നിട്ടു പോയതല്ലാതെ നീ
കാല്‍വിരല്‍ കൊണ്ടൊന്നു പോലും തൊട്ടില്ല .

കണ്ണുനീര്‍ തൂകി ഞാന്‍ നിന്‍മുന്നില്‍ വിവശനായ്‌
കാത്തിരുന്നെത്ര നാള്‍ നിന്മുഖം തെളിയുവാന്‍
കാമിനീ കരുണാര്‍ദ്രേ  നിന്‍ മുന്നില്‍ ഞാന്‍
കനിവിനായ് കേഴുന്നയേഴയെന്നോ?

കാത്തുകാത്തവസാനം കണ്ണുകള്‍ തുറന്നു നീ
കാതരേ നീയെനിക്കേകി   മോക്ഷം .
കരതലം പിടിച്ചു ഞാന്‍ നിന്നെയെന്‍മെയ്യോടു
കാമിനീ  പുണരട്ടെ; കണ്‍തുറന്നീടുക.




 







Friday, November 16, 2012

പാടാതിരിക്കുവതെങ്ങനെ.....................


നെഞ്ചില്‍ കത്തുന്ന  സ്നേഹത്തിന്‍,  നിറവാണ്  നീ
ഉള്ളില്‍ കനക്കുന്ന ദു:ഖത്തിന്‍ തേങ്ങലാണ് നീ
എന്നില്‍ നിറയുന്ന പ്രേമത്തിന്‍  ചാലകമാണ്  നീ
ഏതോ രാവില്‍  നിര്‍ത്താതെ പാടുന്ന കാറ്റിന്‍ ഈണമാണ്  നീ.

പാടി പഴകിയ പ്രണയത്തിന്‍ കയ്പാണ് നീ
രാവില്‍ വിരിയുന്ന പുഷ്പത്തിന്‍ മദഗന്ധമാണ് നീ 
എന്നോ വേര്‍പെട്ട സഖിതന്‍ പ്രതിരൂപമാണ് നീ
ഉള്ളില്‍ മുളക്കുന്ന  മൌനത്തിന്‍ അലയാണ് നീ.


ഹൃദയത്തിന്‍  നിറയുന്ന അലിവിന്റെ
യാശീതള  സ്പര്‍ശമാണ് നീ
എന്നില്‍ നിറയുന്ന രോഷത്തിന്‍ തീയാണ് നീ
പറയാതെ പറയുന്ന പ്രേമത്തിന്‍
സംഗീത പൂമഴയാണ് നീ.

രമണനും മദനനും പുല്ലാങ്കുഴല്‍ വായിച്ചു
കളിയാടി നടന്നത് നിന്‍ തിരുമുന്‍പില്‍;
കളിയച്ച്ചനായ് വന്നു  മേഘസ്വരൂപനായി
മലയാള തറവാട്ടില്‍ പി-യങ്ങു വാണതും
ഇടശ്ശേരിയും, ജിയും, അക്കിത്തവും ,
ആറ്റൂരും , ഒഎന്‍വി , വിഷ്ണു നാരായണനും
സുഗതയും, തലമുറകളെത്ര നിന്മുന്നില്‍ കുമ്പിട്ടു.

 സ്വര രാഗ  സംഗീത തേന്മഴ  പൊഴിക്കുന്ന 
മഴവില്ലിന്‍ ചാരുത മെയ്യാകെയണിയുന്ന
കരളിന്റെ പൂമുഖ തിണ്ണയില്‍
മോഹനരാഗം പാടും
ആരോമല്‍ പൈന്കിളിപെണ്ണായിരുന്നു നീ .

കാലം കഴിയവേ രൂപഭാവങ്ങള്‍  മാറി നീ
ചുട്ടു പൊള്ളുന്ന രോഷത്തിന്‍ കനലായി എരിഞ്ഞതും
മണ്ണിന്റെ, വിയര്‍പ്പിന്റെ  മണമുള്ള ,
ചോരയുടെ നിറമുള്ള
പെണ്മയുടെ കരുത്തുള്ള, 
ചേറിന്റെ ഗന്ധം വാര്‍ക്കുന്ന ,
കടലിന്റെ വന്യത തിളയ്ക്കുന്ന
മനസ്സിന്റെ ആഴങ്ങള്‍ താണ്ടുന്ന
ഭൂമിയുടെ വേരുകള്‍ തിരയുന്ന
കാടിന്റെ നന്മകള്‍ ചൊരിയുന്ന
പേശിയുടെ കരുത്തിനെയറിയുന്ന
നേരിന്റെ നേരിനെയറിയുന്ന
ഉഗ്രതാണ്ഡവ ശക്തിയായ് മാറിയതും നീ.  

നീയെന്റെ മനസ്സിന്റെ സ്വാന്തനം
നീയെന്റെ ജീവന്റെ താളം
നീയെന്റെ ഉണ്മയുടെ ഉണ്മ
നീയെന്റെ ശ്വാസത്തിന്‍ ധാര  
നിന്നില്‍ ഞാന്‍ നിറയട്ടെ ;
നിന്നില്‍ ഞാന്‍ അലിയട്ടെ
നിന്നില്‍ ഞാനറിയട്ടെ എന്നിലെ എന്നെ!







 

Tuesday, November 13, 2012

വിധിക്കപ്പെട്ടത്

കാലമൊരു പ്രളയാഗ്നി പോലെയെന്റെ
സിരകളില്‍ അഗ്നി പട ര്‍ത്തുംപോള്‍
ഉന്മാദത്തിന്റെ നീര്‍ച്ചുഴികളില്‍ പിടയു ന്നയുടലും
കത്തുന്ന തലച്ചോറുമായി കാലത്തിന്റെ അതിരുകളി ലേക്കൊരു യാത്ര.

കാലം; ഭൂതവുംഭാവിയുമായി യോജിക്കുന്ന
ബിന്ദുവില്‍ നിന്നാരംഭിക്കുകയും
അവിടെത്തന്നെ ഒടുങ്ങുകയും ചെയ്യുന്നുവെന്നു  പറഞ്ഞ്ഞത്
ഏതോ തീവണ്ടിയുടെ പൈലെറ്റ് .

ജീവിതം; സമാന്തര പാളങ്ങല്‍ക്കിടയിലൂടെയുള്ള
നൂല്‍പ്പാല മെന്നോതിയത്
ഏതോ കരിപിടിഫീസിലെ ;
ജീവിതം ശാപമെന്ന് സദാ ഉരുവിട്ടുകൊണ്ടിരിക്കുന്ന ഗുമസ്തന്‍

ഒന്ന് പ്രണയിക്കുവാന്‍ പോലും
നല്ലനേരം നോക്കണമെന്നു വിലപിച്ചത്
മംഗല്യ സൂത്രമണി യി ച്ച് 
സ്വന്തമാക്കിയ  കൂട്ടുകാരി .

നടുക്കടലി ലെ  ചെറു തോണി യുടെ ചാഞ്ചാട്ടം പോലെ
ആടിയുലയുന്നത് എന്റെജെവിതം.
ഈ തോണി തീര ത്ത ടുക്കുമോയെന്നു പ്രവചിക്കുവാന്‍
നോക്കേണ്ട ജാതകംപോലും;
എന്റെ ജീവിതത്തിന്റെ
ചൂടില്‍ കത്തിക്കരിഞ്ഞു പോയത്
എന്റെ വിധി!


Friday, November 9, 2012

നാഴികമണി നിലച്ച കാലം

നാഴികമണിയുടെ കാലം പിഴച്ചകാലം
നാട്ടിലെ സ്വപ്നക്കൂടാരത്തില്‍  നിന്നും അതിര്തിവിട്ടു
യാത്രയാകുന്നവററിയേണ്ടും വാര്‍ത്ത
നീല ജലാശയത്തിനു മുകളില്‍ കാര്‍മേഘങ്ങള്‍
കണ്ണെത്താ  ദൂരത്തോളം പടര്‍ന്നു കിടക്കുന്ന
നെല്ലിന്പാടങ്ങള്‍,  കടന്നു ഒതുക്കുകല്ലുകള്‍
കയറി, കാവിലെ അമ്മഭഗവതിക്ക് 
വഴിപാട്‌ നേര്‍ന്നു കാത്തു യാത്രയായി .........

 സെല്ലുലോയിഡില്‍ വിരിയുന്ന
വര്‍ണ്ണ പ്രപഞ്ചം;   ഒരു ദിവാസ്വപ്നം
പൂവണിയുന്ന ഒരു ഗ്രാമീണ കുമാരിയുടെ
ജീവിതത്തില്‍ നിന്നും ഒരേട്‌.

പൂക്കള്‍ വിരിയുന്ന യൌവനതുടിപ്പിനു മേലെ
കാര്‍മേഘങ്ങള്‍ നൃത്തം ചവിട്ടി തുടങ്ങിയപ്പോള്‍
അവള്‍ കാവിലമ്മയെ ഓര്‍ത്തു ; പിന്നെ ശക്തി സംഭരിക്കാന്‍
പെറ്റമ്മയെയും
ഇരുപത്തെട്ടു കരകള്‍ക്ക് നാഥയായ
മുപ്പാരിനും ഉടയവളായ 
ദേവി;  ഉടലിന്നു ഉടയവളുംനീയെ
 എന്റെ ഉയിരിന്നുനാഥയും നീയെ .

കാലം;  നാഴികമണി നിലച്ചകാലം
പട്ടണത്തിലെ സ്വപ്നക്കൂട്ടില്‍  നിന്നും
പിടയുന്ന ഉടലിന്നു മേലെ കാറ്റിനൊപ്പം
കാര്‍മേഘം നിന്ന് കളിയാടാന്‍
തുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു
പോക കാറ്റേ; പോക കാര്‍മേഘമേ
എന്റെ ഉയിരിന്നും ഉടലിന്നും 
ഉടയോളായവള്‍ കാത്തിടും കാലമിത് 
നീ എന്റെ  പെണ്മയുടെ ലക്ഷ്മണ രേഖ  മുറിച്ചു
കടക്കുന്നതെങ്ങനെ ; കാര്‍മേഘം ആര്‍ത്തട്ടഹസിച്ചു
പറഞ്ഞു ; നീയിപ്പോള്‍ നീയല്ല നീ നിന്റെ മായയല്ലോ;
 കാറ്റു പാടിയതും , കാലം കാത്തു വെച്ചതും
എനിക്കുള്ള സ്വത്തു; നീ നിനക്കായി  ശേഖരിച്ചതൊക്കെയും പൊയ് !

കാലത്തിന്റെ അങ്ങേയറ്റത്ത്‌ വഴികണ്ട് പിടിക്കാന്‍
ശ്രമിച്ചു പരാജയപ്പെട്ട കുട്ടിയുടെ നടുക്കത്തോടെ
കാത്തു നിന്നു ; നാഴികമണി നിലച്ച കാലത്തില്‍
നിന്നും ആരവളെ ; രക്ഷിക്കും?
ഏതു നരിമടയിലെക്കാവും ഇനിയവളുടെ
യാത്ര!
സ്വയം രക്ഷിക്കപ്പെടുന്ന പെണ്മയുടെ
കരുത്തായി;  കാത്തു വരുന്നത് കാത്ത്
ഈ നരിമടയുടെ പുറത്തു കാത്തു നില്‍ക്കുക
മാത്രമാണ് വായനക്കാരുടെ പങ്കു
പുറത്തു വരുന്നത് പാലോ രക്തമോ
എന്ന് വിളിച്ചു ചൊല്ലാന്‍
കടപ്പെട്ടവന്‍ പീഡത്തിലേറിക്കഴിഞ്ഞു...
ബാക്കി നാളത്തെ വര്‍ത്ത മാനക്കടലാസില്‍
ശാന്തം പാപം!



Thursday, November 8, 2012

നിഴലും വെളിച്ചവും

എന്റെ ദിനരാത്ര ങ്ങള്‍ക്ക് മേല്‍ ഒരു കരിമ്പടം പോലെ
നിന്റെ ഓര്‍മ്മകള്‍; കാലത്തിന്റെ കൈവഴികളില്‍
ഞാന്‍ അഴിച്ചിട്ട ഉത്തരീയം പോലെ നിന്റെ നിഴല്‍പ്പാടുകള്‍
എന്റെ ഹൃദയത്തിന്റെ മേല്‍ ആരുടെ കയ്യൊപ്പ് പതിഞ്ഞുവോ
ആ ഒരു ദിനം ഞാനെങ്ങേനെ മറക്കും .

ചലനം നിലച്ച ക്ലോക്കില്‍ നാഴികമണി പന്ത്രണ്ട ടിചിട്ടും
പിന്നെയും നിലക്കാത്ത മണിയടി ശബ്ദം ഒരു പെരുംപറ
കൊട്ടിന്റെ ആരവം എന്റെ മനസ്സില്‍  അവശേഷിപ്പിച്ചു.
രാത്രി സത്രത്തിലെ കാവല്‍ക്കാര്‍ നമുക്കായി തുറന്നു തന്ന
സ്വര്ഗ്ഗരാജ്യത്തിലെ ആദ്യ സുരഭില നിമിഷം ഓര്‍മ്മയില്‍ ഒരു കറുത്ത
പാട് പോലെ ; നിന്നെ എന്റെ മനസ്സില്‍ പതിച്ചു വച്ചു .

എന്റെ ഞരമ്പുകളില്‍, നീ കോരിയിട്ട തീചൂടില്‍ ഞാന്‍ വെന്തുരുകവെ
കാമത്തിന്റെ, കരുത്തുള്ള കൈകളാല്‍ നീയെന്നെ
കെ ട്ടിവരിയുംപോള്‍ നിന്റെ മുലകളില്‍
തേച്ച വിഷത്തിന്റെ ആദ്യ തുള്ളികള്‍ എന്റെ
രസനയില്‍ ബാല്യത്തിലെ തേനും വയംപുമാണെന്നു
ഞാന്‍ കരുതിയത്‌ എന്റെ പിഴ എന്റെ പിഴ
എന്റെ വലിയ പിഴ.


മാത്രകള്‍ പലതു കഴിഞ്ഞിട്ടും
കാലം കൈ വഴി പിരിഞ്ഞു ഒഴുകിയിട്ടും
എന്റെ ഓര്‍മ്മകളില്‍ നീ ഒരു പുളിച്ചു തികട്ടലായി
എന്റെ സ്വാസ്ഥ്യം കെടുത്തി നിറയുന്നതെന്തിന് ?

കള്ളി മുള്‍ ചെടിയുടെ കഥ എനിക്കു
പറഞ്ഞു തന്നത് നീ തന്നെ
കാലവര്‍ഷം തിമിര്‍ത്താടിയ
കാലം വര്‍ഷകാലമല്ലാതെ
വേനല്ക്കാലമാവില്ലെന്നു
പറഞ്ഞത് അയലത്തെ കൈനോട്ടക്കാരന്‍
നോട്ടം തെറ്റിയ കാലത്ത്
കാലം കലികാലം എന്ന്
വിളിച്ചു പറഞ്ഞത്
അയലത്തെ കൌപീനമുടുക്കാത്ത
ഉണ്ണിക്കുട്ടന്‍.

കാലം തെറ്റിയാലും കലി നിറഞ്ഞാടിയാലും
കരളിലെ മുറിപ്പാടില്‍ ഒരുപിടി
ക്മ്മുണിസ്റ്റു പച്ച ഞരടി
ഞാന്‍ കാത്തിരിക്കുന്നു 
തക്ഷകന്റെ  അവസാന
കൊത്തലില്‍ ഒടുങ്ങുകയെന്നത്  
 എന്റെ ജന്മ ദൌദ്യമായി തിരിച്ചറിയുന്നത്‌
എന്റെ ജന്മ സുകൃതം!
 

















Tuesday, November 6, 2012

വന്മരങ്ങള്‍ക്കിടയിലെ കാശിത്തുമ്പകള്‍


     ജീവിതം നിറങ്ങളില്‍ ചാലിച്ച വര്‍ണ്ണചിത്രങ്ങള്‍ രചിക്കാന്‍ കഴിയാത്തവരുടെ  ഓര്‍മ്മക്കുറിപ്പ്കള്‍ക്ക് വിപണിയില്‍ വലിയ വിലയൊന്നും സാധാരണ ഗതിയില്‍  ഉണ്ടാകില്ല. പക്ഷെ അവന്റെ/അവളുടെ  ജീവിതവും ഈ സമൂഹത്തിലെ ഒഴിവാക്കാനാവാത്ത ഒന്നാണെന്ന്  തിരിച്ചറി യ്മ്പോഴേക്കും  കാലം വളരെയധികം മുന്നോട്ടു പോയിരിക്കും. കൊഴിഞ്ഞു പോയ സമയമോര്‍ത്തു വിലപിക്കാന്‍ ആര്‍ക്കും ആവില്ലല്ലോ.  

     വന്മരങ്ങള്‍ക്കിടയിലെ കാശിത്തുമ്പ പോലെ  അവന്‍/അവള്‍ എങ്ങനെയൊക്കെയോ ഓരോ ദിനതോടും പടവെട്ടി മുന്നോട്ടു നീങ്ങിക്കൊട്ണ്ടിരിക്കും.   വെള്ളവും വളവും ഒന്നുമില്ലാതെ  ആകെയുള്ള ആത്മാഭിമാനത്തെ മുറുകെപ്പിടിച്ചു  അവന്റെ/അവളുടെ ജീവിതം  നിലനില്‍പ്പിനായുള്ള ഒത്തു തീര്പ്പില്ലാത്ത പോരാട്ടമായിരിക്കും.  താന്‍ കൊടുക്കെണ്ടതിനെക്കാള്‍ വലിയ വില പലതിനും അവനു/അവള്‍ക്കു പലപ്പോഴും കൊടുക്കേണ്ടിവരും.  പലരോടും പടവെട്ടി മാത്രമേ മുന്നോട്ടു നീങ്ങാന്‍ അവര്‍ക്ക് സാധിക്കുകയുള്ളൂ.

    കാലം തയ്ച്ചിട്ട പലകുപ്പായങ്ങളും അവര്‍ക്ക്  ചേരുന്നതാകില്ല. തനിക്കിണങ്ങുന്ന കുപ്പായം തയ്ക്കാന്‍ ഈ കാശിതുംപകള്‍ ക്ക്  പലപ്പോഴും സാധിക്കാറു മില്ല. മതം, ജാതി, വര്‍ഗ്ഗം, വര്‍ണ്ണം, അങ്ങനെ അങ്ങനെ പലതരത്തില്‍ പ്പെട്ട അളവ് കോലുകള്‍ കൊണ്ട് അളന്നു വരുമ്പോള്‍ അവര്‍ വളരെയധികം പിന്നിലായിരി ക്കും പലപ്പോഴും.  ജന്മസിദ്ധമായ കഴിവുകള്‍ക്കപ്പുറത്ത്  മറ്റു പല മാനദണ്‍ദ്ങ്ങളും മുന്നില്‍ വരുമ്പോള്‍ വന്മരങ്ങള്‍ക്കൊപ്പം പിടിച്ചു നില്‍ക്കുക അസാധ്യം . ഇനി സ്വന്തം കഴിവുകള്‍ കൊണ്ട് അങ്ങനെയാരെങ്കിലും ഉണ്ടെങ്കില്‍ അവരെ നിര്‍ദ്ദാക്ഷിണ്യം  പുറം കാല്‍കൊണ്ടു തട്ടി തെറിപ്പിക്ക്ന്നതിനാണ് ഇന്നത്തെ സമൂഹത്തില്‍ നേതൃത്വം കൊടുക്കുന്നവര്‍ക്ക് താല്പര്യം.എങ്കിലും ഒരു കാര്യം ഓര്‍ക്കുന്നത് നന്ന്. വന്മരങ്ങള്‍ കടപുഴകി വീഴുംപോഴും പലപ്പോഴും നിലനില്‍ക്കുന്നത് ഈ കാശിതുമ്പകള്‍ മാത്രം.     
  

Monday, November 5, 2012

നേര്‍ച്ചക്കോഴി

ചെന്താമര പട്ടുതറ്റുടുത്ത്‌ , വൃതമാലചാര്‍ത്തി
നെറ്റിയില്‍ കുങ്കുമകുറി പൂശി
കൊഴുത്ത ശരീരം കുലുക്കികുലുക്കിയവന്‍
എത്തിടുന്നീക്കോഴി നേര്‍ച്ചക്കോഴി.

കൂട്ടരില്‍ കേമനവനെന്നുകണ്ടമ്മ-
ചൊല്ലീ കാക്കയും പൂച്ചയും രാണ്ചാതെ കാക്കണേ.
കാതതിടുകെന്നമ്മേയെന്‍ മണിക്കുട്ടനെ
കാവിലമ്മ ഭഗവതിയെ....

അമ്മതന്‍ പുന്നാരമണിക്കുട്ടന്‍
പുന്നാരം ചൊല്ലി ചൊല്ലി കുണുങ്ങി കുണുങ്ങി
വളര്‍ന്നു ; വലുതായി
നാട്ടിലെ പെണ്‍മണികള്‍ തന്‍കാമസ്വരൂപനായി.

ആനയുമമ്പാരിയും താളമേളങ്ങളും
പൂത്തിരി വെടിക്കെട്ടും
പ്രതീക്ഷിച്ചവന്‍ ഉത്സവ കൊടിയേറ്റ
വേളയില്‍ നില്‍ക്കുന്നൂ
സുന്ദരന്‍ കുഞ്ഞന്‍
 നേര്‍ച്ചക്കൊഴി
   
ചിരിച്ചു കളിച്ചുകൊണ്ടവന്‍
എത്തിയീ  ബലിഭൂമിയില്‍
കോമരംപോലെ  രിപുക്കള്‍
ആര്‍ത്തട്ടഹസിചെത്തവേ
താളം മുറുകീടുമ്പോള്‍
വായ്ത്താരിയുയര്‍ന്നീടുമ്പോള്‍
ഒരുമിന്നല്‍ പ്രകാശം പോലെ
ഉയര്‍ന്നുതാണ വാള്‍ത്തലയില്‍
നിന്നും ചിതറിയ ചോരയില്‍
കുളിച്ചു പിടഞ്ഞീടുന്നു നേര്‍ച്ചക്കോഴി.

എന്തിനെന്നറിയാതെ ആര്‍ക്കുവേണ്ടിയെന്നറിയാതെ
ജീവിതം ഹോമിച്ച നേര്‍ച്ച്ച ക്കോഴിയവന്‍
പുനര്‍ജനിചീടും നാളെയും മറ്റന്നാളും
വ്യത്യസ്ത രൂപങ്ങളില്‍ വ്യത്യസ്ത കാലങ്ങളില്‍
ആരുടെയൊക്കെയോ വാളിന്‍
തലപ്പിനു ദാഹമകറ്റാന്‍.
See full size image













(കടപ്പാട് ഗൂഗിള്‍ )