Ettumanoor Visheshangal

Tuesday, July 16, 2013

എന്റെ പിഴകൾ , എന്റെ വലിയ പിഴകൾ!

 നീലാകാശത്ത് വിരിഞ്ഞ
മഴവിൽ പ്രഭയാണ് ഞാൻ
ഏഴു നിറങ്ങളിൽ  സ്വപ്‌നങ്ങൾ
 മുത്തുക്കുട ചൂടിയ വിഗ്രഹങ്ങൾ
നെറ്റിപ്പട്ടം കെട്ടിയ മോഹങ്ങൾ
കരിമഴിയെഴുതിയ നോട്ടങ്ങൾ
 എന്റെ സാമ്രാജ്യം എന്റെ സ്വന്തം.


പുണ്ണ് പിടിച്ച വിശ്വാസങ്ങൾ
പുഴുക്കുത്തേറ്റ മനസ്സ്
വ്രണങ്ങൾ; അഴുകിയ ശരീരം, 
വിണ്ടുകീറിയ എടുപ്പുകൾ
ഈച്ചകൾ ആർക്കുന്ന
കൊട്ടാരവതിലുകൾ
സുഗന്ധ ദ്രവ്യങ്ങളിൽ പൊതിഞ്ഞിട്ടും
തിരിഞ്ഞുപോലും നോക്കാത്ത
രാജ്യാധിപൻ വസിക്കും രാജ്യം


ഉള്ളിൽവിദ്വേഷത്തിന്റെ കനലുകൾ
എനിക്കില്ലാത്ത സുഖവും തൃപ്തിയും
ഇവിടെയാരും നേടേണ്ട
പൊള്ളുന്ന അതൃപ്തിയുടെ
കനലിൽ എരിച്ചുകളഞ്ഞ
ബന്ധങ്ങൾ, തകർത്തെറിഞ്ഞ
ശുദ്ധഹൃദയങ്ങൾ, സ്വപ്‌നങ്ങൾ
ക്ലാവുപിടിച്ച മനസ്സിലെ പക,
അമൃതമഥനം കഴിയാത്ത
ആഴിയുടെ നീറ്റലുകൾ,
കലി ആവേശിച്ച മനസ്സിലെ
ഭ്രമങ്ങൾ ;നിറഞ്ഞാടുന്ന
വെറുപ്പിന്റെ കത്തി വേഷങ്ങൾ.

അവസാനം അറിയുന്നു ഞാൻ
വെറുമൊരു നാലണതുട്ടുമാത്രം
വിലയുളള ശരീരത്തിൻറെ
ഉടമ ഞാനെന്ന് ; വെറുതെ പോലും
ആഗ്രഹത്തോടെ  നോക്കാതെ,
 ജനം കാർക്കിച്ചു തുപ്പി കടന്നു
പോകുമ്പോൾ ഞാനറിയുന്നു
എന്റെ പിഴകൾ , എന്റെ
വലിയ പിഴകൾ!


Monday, July 15, 2013

ഉണ്മ


പാതിവെന്ത പുഴയുടെ ഉടലിൽ
പൂനിലാവ്‌ പരക്കുമ്പോൾ
പാതിതീർത്ത  ശില്പവുമായി
കാത്തു നില്ക്കുവതാരെ  നീ?
കാലമൊരു മഹാമൂർത്തിയായി
മൂവുലകം വാഴുമ്പോൾ
കാത്തുവേച്ചൊരു മൂശയിൽ
വാർന്നുവീഴുവതേതു  ശിൽപം

 പാതിപൂത്ത പുഴയുടെ ഉടലിൽ
സൂര്യകിരണം പതിക്കുമ്പോൾ
കാത്തുവെച്ചൊരു മോഹപുഷ്പങ്ങൾ
വീണു കരിവതും കാണ്മു ഞാൻ
കാലമൊരഖോരമൂർത്തിയായ്‌
മൂവുലകം ചുറ്റുമ്പോൾ
പശിമവറ്റിയ കളിമണ്ണിൽ
വാർന്നുവീഴുമോ ശില്പങ്ങൾ?

രാവുമല്ലാ പകലുമല്ലാ
മനുജനല്ലാ മൃഗവുമല്ലാ
പാതിപൂത്തില്ലാ, വെന്തതില്ലാ
സൂര്യനില്ലാ, ചന്ദ്രനുമില്ലാ
ഞാനുമില്ലാ നീയുമില്ലാ
ഉലകമില്ലാ വിണ്ണുമില്ലാ
ഉള്ളതൊന്നേ ഒന്നുമാത്രം
ഉണ്മയാണില്ലായ്മയെന്നത്;
ഇല്ലായ്മയാണേ ഉണ്മയെന്നത്!



 



 

Sunday, July 14, 2013

കതിർമണികൾ (1)

മോഹിച്ചതൊന്നും നേടിയതില്ല,

നേടിയതൊന്നും മോഹിപ്പിച്ചതില്ല!

പിന്നെയീ ജീവിതമെന്തിനാസക്തികൾക്കായി

തീറെഴുതി ഞാൻ കൊടുത്തീടണം?

Monday, July 8, 2013

സൗഹൃദം?

നിറഞ്ഞ കണ്‍കളിൽ വിരിഞ്ഞ സൗഹൃദം
മതിവരാതെ നീ മറഞ്ഞതെന്തിനായ്
കുളിർനിറഞ്ഞ നിൻ മന്ദഹാസത്തിൽ
വിരിഞ്ഞിതെൻ നെഞ്ചിൽ മൗനമോഹങ്ങൾ

കാറ്റിലാടുന്ന പാഴ്മരത്തിന്റെ  നേർത്ത
ചില്ലയിൽ ജീവനാടുമ്പോൾ
കാത്തുവെച്ചൊരു മോഹപുഷ്പത്തിൻ
നേർത്ത മുള്ളുകൾ എന്നെ തേടുമ്പോൾ
നാട്ടിലെമ്പാടും പാടിടുന്നു നിൻ
സ്നേഹമന്ത്രത്തിൻ വൈഭവമേറെ

പാട്ടുമൂളുമീ പാഴ്മുളംതണ്ടിൽ
കേൾക്കുമീ ഗീതം നീ മറന്നുവോ?
ഓർക്കുവാൻ മാത്രം നിൻ മനസ്സിലെ
ഉള്ളറക്കുള്ളിൽ എന്മനമുണ്ടോ?

നേർത്തു പെയ്തോരാ മഴയിലന്നു നാം
കോർത്ത  കൈകളാൽ ചേർന്നുനിന്നതും
പൂത്തു നിന്നൊരാ വന്മരത്തിൻറെ
ചോട്ടിലന്നു നാം പുണർന്നു നിന്നതും

ഓർത്തിടുന്നു ഞാൻ എൻറെ മുന്നിൽ  നീ
കൂപ്പുകൈകളാൽ നിറഞ്ഞ  കണ്ണുമായ്
കിട്ടിടാത്തൊരു പെൻഷൻ പേപ്പറിൽ
ഒപ്പിടാനിന്നോരപേക്ഷയുമായി
വന്നു നില്പതെൻ യൗവനത്തിന്റെ
ചന്തമേറ്റിയോരംഗനാരത്നം!
നോക്കുവാൻ വയ്യ നിന്റെ കണ്‍കളിൽ
നാമ്പണഞ്ഞൊരു ജ്വാലതൻ ചിത്രം
ശോകനീർവറ്റി കുഴിഞ്ഞ കണ്‍കളിൽ
കാണ്മൂ ഞാൻ നിത്യദാരിദ്ര്യ ചിത്രം
ഓമലേ നീ മറന്നുവോയീ മുഖം
ഓർമ്മതൻ നേർത്തപുഞ്ചിരി പോലുമില്ല

നന്ദിചൊല്ലുന്നൂ സാറേ, നന്നായ് വരുമിത്ര-
പുണ്യപ്രവൃത്തിമറ്റൊന്നതില്ലാ-
വേഗം തന്നു സഹായിച്ചു പെൻഷൻ
ഇത്രയും ചൊല്ലിത്തൻ  പിഞ്ഞിയ സാരി-
തുമ്പിൽ തൂങ്ങിയ ബാലനുമായ്
എത്രയും  കൃതജ്ഞത നിറയും മുഖത്തോടെ
ചേമ്പറിൽ  നിന്നും ഇടറും പാദത്തോടെ
ഇറങ്ങി നടന്നു നീ;  ഖിന്നനായിരുന്നൂ ഞാനും!

പത്രാസ്സിൽ കറവീഴ്ത്താൻ സമ്മതിക്കാത്ത മനം
കുശലം  ചൊല്ലാൻ പോലും സമ്മതിച്ചതില്ലായിന്ന്
വിശ്വസിച്ചീടില്ലാ നിങ്ങൾ ഇത്ര കൃതഘ്നനോ?
പത്രത്താളിൽ നിറഞ്ഞുനില്ക്കും പുണ്യവാൻ!









 












Saturday, June 15, 2013

കെണിയന്ത്രങ്ങള്‍



പുറവടിവുകളിലൂടെ  ചുണ്ടുകള്‍ നിന്നെത്തിരയുംപോള്‍

കെണിയൊരുക്കുന്ന ഒളികണ്ണ് ഒപ്പിയെടുക്കുന്നത്

നിന്നെ  മാത്രമല്ല എന്റെ ജീവിതത്തിന്റെ

വിധികൂടിയാണ് .


ഊഷ്മളമായ ചുംബനം നിറയ്ക്കുന്നതു

ചുണ്ടുകളില്‍ മധുമാത്രമല്ല എന്റെ

മനസ്സിന്റെ സ്വഛതയില്‍ അലകടലിന്റെ

അലര്‍ച്ചകൂടിയാണ്



നാട്ടുപഴമകളിലെ മുളംകാറ്റില്‍

അലറിയെത്തുന്നത്  നിന്റെ

സീല്ക്കാരത്തിന്റെ രതിസ്വരങ്ങളും

കട്ടുഭുജിക്കുന്നവന്റെ വിജയഭേരിയും.



നിന്റെ ചുണ്ടുകളുടെ പരിലാളനയില്‍

എന്റെ യൗവനംതളിരിടുമ്പോള്‍

പാതിവെന്ത ഇന്നലെയുടെ

ഓക്കാനവും ഛര്‍ദ്ദിയും നീയോര്‍ക്കാത്തതെത്ര നന്ന്



കെണിയന്ത്രങ്ങള്‍ കണ്ണ് തുറക്കാത്ത

പുതിയ  ഇടനാഴികളിലൂടെ

നമുക്ക്  നമ്മുടെ യാത്ര തുടരാം

സ്വാതന്ത്ര്യത്തിന്റെ വഴികള്‍

നമുക്കു  വീണ്ടെടുക്കാം.


നാഴികമണികള്‍ ഓര്‍മ്മ പ്പെടുത്തുന്നത്

ആരംഭത്തിന്റെ അവസാനമല്ലാ

എന്നുപറഞ്ഞു  നീയെന്നെ പുണരുമ്പോള്‍

ഞാന്‍ മിഴിതുറക്കുന്നത്

പുതിയ ലോകത്തിന്റെ സൂര്യോദയത്തിലേക്കോ

അതോ ഇരുണ്ട രാവിന്റെ ശ്മശാന മൂകതയിലെക്കോ?



കെണിയന്ത്രങ്ങള്‍ കണ്ണുതുറക്കാത്ത

ഇരുളിന്റെ ഇടനാഴികളില്‍

കാത്തിരിപ്പിന്റെയവസാനം

ഗുഹാ മുഖത്തു നിന്നുവരുന്നത്

പാലോ  അതോ ചുടുരക്തമോ?

Tuesday, April 16, 2013

ഒരശ്ലീല കവിത വരുത്തിവെച്ച വിന!


നല്ലയോന്നാന്തരം തറവാടിയെഴുത്തുകാരനായിരുന്നു
ഓണം,  വിഷു, എഴുത്തിനിരുത്ത് , മണ്ഡലകാലം
എട്ടുനോയ്മ്പ് , എന്നിങ്ങനെ  നാളും  തിഥിയും
പക്കവും നോക്കി  തരാതരം കവിതയെഴുതിയിരുന്ന
ഉത്തമോത്തമന്‍, പച്ചവെള്ളം  ചവച്ചുമാത്രം
കഴിച്ചിരുന്ന പൂര്‍ണ്ണ വെജിറ്റേറിയന്‍!

അങ്ങിനെയിരിക്കെയാണ്‌ ഒരശ്ലീല
കവിതയുടെ പിറവി ; ശാന്തം, പാപം ! 
കണ്ടകശ്ശെനി കൊണ്ടേ പോകൂയെന്നു
കണിയാര് പറഞ്ഞപ്പോള്‍ ചിരിച്ചു
തള്ളിയില്ലേ  എന്ന് നല്ലപാതി .
എന്ത് പറയാന്‍ വരാനുള്ളത്
വഴിയില്‍   തങ്ങില്ലല്ലോ
ന്യു  ജെനരേഷന്‍ സിനിമയുടെ
ഹാങ്ങ്‌ ഓവറിലാണെന്ന് വെണമെങ്കിലെനിക്കു
കയ്യൊഴിയാം ; എന്നാലും ഞാനെഴുതിയത്
അങ്ങനെയല്ലാതാകുകില്ലല്ലോ?
തന്തക്കു പിറന്ന കവിത തന്നെ.
ഇപ്പോള്‍ അവാര്‍ഡ്‌  സംവിധായകനെ
കാണുമ്പോള്‍ കമ്പോള  സിനിമക്കാരന്‍
മിണ്ടാതെ തലകുനിച്ചു നടന്നു പോകുന്നത്
പോലെ വൃത്തത്തിലും  അല്ലാതെയും
കവിത ചമയ്ക്കുന്നവര്‍ക്ക്  ഒരു കിറുകിറുപ്പ്‌
കവിതയുടെ വഴിയെ ഭരണിപ്പാട്ട്
പാടിയ ഈ കശ്മലനെ തൂക്കിലേറ്റാത്തത്
മുജ്ജന്മ സുകൃതം; ശിവ! ശിവ!      

 

Wednesday, April 10, 2013

വാല്ക്കണ്ണാടി


വാല്‍ക്കണ്ണാടിയില്‍ തെളിയുന്ന രൂപം എന്റേതെന്നു നീയും
ഏതു യുഗത്തിന്റെ  അന്ത്യത്തിലാണ് ഞാനിന്നു
നിന്റെ  വാല്‍ക്കണ്ണാടിയിലവതരിച്ചത്?
നീ  ഈ കാലമത്രയും തപസ്സു ചെയ്തത്
ഈ കരിമുകില്‍ വര്‍ണ്ണനെ  പ്രത്യക്ഷപ്പെടുത്താനോ
പഴയ സത്യവാന്റെയും സാവത്രിയുടെയും
കഥയ്കിന്നെന്തു  പ്രസക്തി
പ്രിയപ്പെട്ടവളെ നിന്റെ ചുടു ചുംബനത്തിന്റെ
ലഹരിയിലിന്നു ഞാന്‍ ശാപമോക്ഷം
തേടുന്ന ശിലയായി  മാറിയോ?
അഹല്യാമോക്ഷത്തിന്റെ ആണ്‍പതിപ്പ് 
പ്രണയാതുരനായ എന്റെ മനസ്സിലെ
തീക്കനലിന്നണയ്ക്കുവാന്‍ നിനക്കാകുമോ?
നിന്റെ ദംശ നത്തിലൊഴുകിയിറങ്ങുന്ന
വിഷത്തിനു എന്നിലെ ദാഹത്തിനെ
ശമിപ്പിക്കാനാകുമൊ?
ഞാനുമൊരു നീലകണ്ഠനായി ശമിക്കാത്ത
രൂക്ഷാമ്ലതിന്റെ മലവെള്ളപ്പാച്ചിലിനൊടുവില്‍
പര്‍വതപുത്രീ നിന്റെ  മുന്നില്‍ തീരത്തണയാന്‍
കൊതിക്കുന്ന ഒരു സാളഗ്രാമമായി
ഹിമശൈല ഭൂമികയില്‍  കാത്തിരിക്കട്ടെ.
ഏതു  യുഗത്തിലാവും നിന്റെ
കരസ്പര്‍ശത്താല്‍ എനിക്ക്
പാപമുക്തിയുണ്ടാവുക?
ഏതു  മുഹൂര്‍ത്തതിലാവും ആ
വാല്‍ക്കണ്ണാടിയില്‍ നിന്നും
എന്നെ  നിന്റെ  ഹൃദയത്തിലേക്ക്
ചേര്‍ത്ത് വെയ്ക്കുക.
പ്രിയ  പര്‍വതപുത്രീ നിന്റെ
കാല്ത്തളിരടിയില്‍  കിടന്നു
ഞെരിഞ്ഞമരാന്‍ എന്നാവും
ഈ പുല്ക്കൊടിക്കാവുക?!