Ettumanoor Visheshangal

Monday, October 28, 2013

ദാഹം

കിനാവിന്നു പൂക്കുന്ന-
കാടിന്നിറമ്പിൽ-
നിനക്കായി ഞാനെത്ര
കാലങ്ങളായി, യൊരേ-
നില്പൂനില്ക്കുന്നീ
രാവിൽ, വസന്തം
വരാനെന്തേ വൈകുന്നു-
ചൊല്ലൂ.


നിശയിൽ,
നിദ്രയിൽ,
നീലവാനച്ചോട്ടിൽ
നിറകൺകുളിരായി,
മോഹത്തിൻ
പട്ടുപൂമെത്തയി-
ലഴകായ്.
ദാഹമേ വളരൂ,
എന്നിൽ നീ നിറയൂ
വസന്തംതളിരിട്ട
വേളയിൽ, എൻചുണ്ടിൽ,
മോഹങ്ങൾ തീർക്കുന്ന
മാതളതേൻകുടം, പ്രിയേ,
പ്രിയേയിന്നു കേൾപ്പൂ
നിൻ രാഗാർദ്ര
മോഹനഗാനം.
പടരൂ
എന്നിൽ നീ
ജ്വാലയായ്.

ജ്വാലയായ്
എരിയുക
കത്തിപ്പടരുക,
ആളുന്നൊരഗ്നിയിൽ
വിടരട്ടെ നിന്നിലെ
മായാപ്രപഞ്ചം.
മായാവിമോഹിനി
എന്നിൽ നീ നിറയുക
ദാഹനീരായി,
മൊത്തിക്കുടിച്ചെൻറെ
ജീവിതം നിറവാർന്നിടട്ടെ!


Friday, October 18, 2013

തന്ത്രം



ജീവവായുനിറയുന്ന
സ്മൃതിയുടെ കല്പടവിൽ
ഏറെനേരം വിശ്രമിക്കാൻ മനം കൊതിയ്ക്കേ
നീറി നീറിപ്പുകയുമീ
ജന്മശാപ കുരുക്കുകൾ
പാഞ്ഞുവന്നെൻ മനസ്സിനെ കീഴ്പ്പെടുത്തുമ്പോൾ.

പുഞ്ചിരിത്തേൻകണത്തോടെ,
മുലകളിൽ വിഷം തേച്ച്
മന്ദമെന്നുടെയരികിൽ നീയെത്തിയതില്ലേ
കണ്ണുകളിൽ കാമമോടെ
വാക്കുകളിൽ തേൻപുരട്ടി
എന്തിനെന്നുടെയരികിൽ വന്നതന്നു നീ?

കണ്ണനല്ല മുലകുടിയ്ക്കേ
നിൻറ ജീവശ്വാസമൂറ്റാൻ
കാമിനീ നിൻ മോക്ഷമേകും ദേവനല്ല ഞാൻ!
കാനനപൊയ്കയിലിന്നു
നീന്തുവാൻ വയ്യെനിക്കിന്ന്
പെണ്മണീ നീയെന്തിനെന്നെ വലച്ചീടുന്നു.

കാർവർണ്ണനെന്നു ചൊല്ലി
വിളിക്കുന്ന നിൻറ നാവിൽ
പുളയ്ക്കുന്ന വാക്കുകളിൽ പകച്ചു നില്ക്കേ
നിൻറെ മാനം വിലപറഞ്ഞ
കശ്മലനായി ലോകമാകെ
എന്തിനെന്നുടെ ജീവിതത്തെ വലിച്ചെറിഞ്ഞു.

നിൻറെ തന്ത്രമെൻറെ ജീവൻ
പന്താടി കളിക്കവേ
എൻറെ നേരെ നൂറുനൂറു വിരലുയർന്നു.
ആണായിപിറന്നതിൻ
ശാപമോക്ഷം കൈവരിക്കാൻ
ശിലയായി പതിന്നാലുവർഷമെത്തണം.

ജീവവായുനിറയുന്ന
സ്മൃതിയുടെ കല്പടവിൽ
ഏറെനേരം വിശ്രമിക്കാൻ മനം കൊതിയ്ക്കേ
നീറി നീറിപ്പുകയുമീ
ജന്മശാപ കുരുക്കുകൾ
പാഞ്ഞുവന്നെൻ മനസ്സിനെ കീഴ്പ്പെടുത്തുന്നു.

Tuesday, October 1, 2013

കാല്പാടുകൾ




കടൽക്കരയിൽ വെറും കാൽപ്പാടുകൾ മാത്രം
അന്തിച്ചെമ്മാനത്തിന് കൗതുകം
തോന്നുന്ന വിഷാദപ്പകർച്ച
കടലോരത്ത് അനാഥമായ
പാദരക്ഷയും ഊന്നുവടിയും
അങ്ങയെ, എവിടെയെല്ലാം തിരഞ്ഞു
സമയം നിലച്ച വാച്ചിൽ ടിക്ടിക്
ശബ്ദത്തിനു പകരം ഹേ രാമാ, രാമായെന്ന നിലവിളി.

മതസൗഹാർദ്ദസമ്മേളനത്തിനായി
നേതാക്കൾ അണിയറയിൽ ചായം പൂശുന്നു.
തെരുവോരത്ത് ബംഗാളികളും ആസ്സാമികളും
പൊരിഞ്ഞവെയിലിൽ
മണ്ണിൽ ആഞ്ഞു കിളയ്ക്കുന്നു.
തലചായ്ക്കാനും മരണമടഞ്ഞാൽ
കുഴിച്ചിടാനുമായി
ഒരു തുണ്ടു ഭൂമിക്കായി
മണ്ണിൻറെ മക്കൾ അലയുന്നു.

ഭൂതകാലത്തിൽ നിന്നെത്തുന്ന-
ആ വചനങ്ങൾ ഞങ്ങളെ പേടിപ്പെടുത്തുന്നു
ആ സ്ഥൈര്യം ഞങ്ങളെ അലട്ടുന്നു
ആ സത്യസന്ധത ഞങ്ങളിൽ ഞെട്ടലുളവാക്കുന്നു
ആ ജീവിതം ഞങ്ങൾ മറക്കാനും
മറയ്ക്കാനും ശ്രമിക്കുന്നു.

ഞങ്ങൾ ഭീരുക്കൾ
ഞങ്ങൾ ഒറ്റുകാർ
ഞങ്ങൾ സഹോദര ഘാതകന്മാർ
ഞങ്ങൾ ദേശത്തെ കാക്കാത്ത പരിഷകൾ
ഞങ്ങൾ അങ്ങയുടെ ആശയത്തെ
അലങ്കാരവും, ആഭരണവുമായണിഞ്ഞവർ

അല്ലയോ ഋഷിവര്യ ആ സൂര്യതേജസ്സിനു മുന്നിൽ
ഒരു മഞ്ഞുനീർകണമായി അലിഞ്ഞുതീരാൻ
ഇനിയെത്രകാലം കാത്തിരിക്കണം?

Friday, September 27, 2013

മാന്യൻ



കണ്ണുകൾ, കാതുകൾ
മൂടീട്ടിന്നീ മണ്ണിൽ ജീവിച്ചീടുംദേഹം,
ചുണ്ടിൽ വിരിഞ്ഞീടുന്നു പുഞ്ചിരി-
യന്യൻപറയും തെറിനേരത്തും
നാവിൻതുമ്പത്തോടിവരുന്നൊരു
വാക്കുകൾമെല്ലെ വിഴുങ്ങീടുന്നവൻ,
ലക്ഷംപണമതു പുത്തൻതലമുറ
ബാങ്കിൽ നിന്നും വാങ്ങീട്ടൊരുവൻ
കണ്ടകടിച്ചാണികളവ വാങ്ങീ
ധൂർത്തിൽ മുങ്ങും നേരത്താ,
ചില്ലികളൊന്നും തിരികെയടയക്കാൻ
വകയില്ലാതെ കുഴങ്ങുമ്പോൾ
കയറിൻ തുമ്പിൽ ജീവനൊടുക്കും
വിദ്വാനെ നാം വിളിച്ചീടുന്നൊരു
സദ്ഗുണനാമം-മാന്യൻ!

Thursday, September 19, 2013

നന്മപ്പൂമരം പൂത്തപ്പോൾ..........




    യാത്രകൾ നിനച്ചിരിക്കാതെ നമ്മെ മറ്റൊരു ലോകത്തേക്കും കാലത്തേക്കും കൂട്ടിക്കൊണ്ടു പോയെന്നിരിക്കും. എഴുതിയുണ്ടാക്കിയ ചാർട്ടുകളോ, പ്രോഗ്രാമുകളോ,  ലക്ഷ്യം വെച്ചിരിക്കുന്ന സ്ഥലങ്ങളോ കടന്ന് അവിചാരിതം എന്ന് നമ്മെക്കൊണ്ടു പറയിപ്പിക്കുന്ന മറ്റൊരു തലത്തിലേക്ക് യാത്രകൾ മാറിയേക്കാം. 

   നൂറു കിലോമീറ്ററിനു താഴെ മാത്രം ദൂരമുള്ള ഒരു ട്രെയിൻ യാത്ര. ഉത്രാടത്തിൻറെ തിരക്ക് കംപാർട്ടുമെൻറിൽ നന്നായിട്ടുണ്ട്. ഒരു യുവാവും കൈക്കുഞ്ഞുമായി ഭാര്യയും അഞ്ചുവയസ്സിനടുത്ത് പ്രായമുള്ള മകനുമായി ഒരു കുടുംബം ട്രെയിനിൽക്കയറി. ആരൊക്കെയോ സഹായിച്ച് ഭാര്യയ്ക്കും കുട്ടിക്കും സീറ്റ് ലഭിച്ചു. യുവാവിൻറെ മുഖത്തിന് വല്ലാത്ത ഒരു മ്ലാനത. വല്ലാത്ത ക്ഷീണം പോലെ. കണ്ണുകൾ പനിപിടിച്ചവരുടേതു പോലെ  ക്ഷീണിച്ച് ഇടയ്ക്കിടയ്ക്ക് നിറഞ്ഞു തുളുമ്പുന്നു. മുഖഭാവം കണ്ട് മനസ്സലിഞ്ഞിട്ടോ എന്തോ ആരോ അയാളെ തൻറെ സീറ്റിൽ പിടിച്ചിരുത്തി. അയാൾ കണ്ണുകൾ അടച്ച് ധ്യാനത്തിലെന്നവണ്ണം ട്രെയിനിൽ ഇരുന്നു. കുട്ടികളും ഭാര്യയും തൊട്ടപ്പുറത്തെ സീറ്റിൽ.  പുറംകാഴ്ചകൾ കണ്ട് കുട്ടികൾ ആഹ്ലാദശബ്ദങ്ങളുണ്ടാക്കി......

    പിറ്റേന്ന് തിരുവോണമാണ്. എല്ലാ മുഖങ്ങളിലും  സന്തോഷത്തിൻറെ പൂത്തിരികൾ കത്തുന്നു. നാളുകൾക്കു ശേഷം ബന്ധുമിത്രാദികളെ കാണുന്നതിലുള്ള സന്തോഷം.   തിരുവോണം സുഹൃത്തുക്കൾക്കൊപ്പം ചിലവഴിക്കാൻ യാത്രചെയ്യുന്നവർക്ക് സൗഹൃദത്തിൻറെ ഇരട്ടിമധുരം. അടുത്ത സീറ്റിൽ ഇരിക്കുന്ന തമിഴ് സംസാരിക്കുന്ന കുടുംബത്തിലെ സ്ത്രീകൾ ഉച്ചത്തിൽ എന്തൊക്കെയോ സംസാരിക്കുന്നു. ചെറിയ കുട്ടികൾ  ആൾത്തിരക്കിൽ വിമ്മിട്ടപ്പെട്ട് ഏങ്ങലടിച്ചു കരയുന്നു.­­­­­ ട്രെയിൻ സ്റ്റേഷനുകൾ പിന്നിട്ട് കുതിച്ചു പായുകയാണ്.
    മാവേലിക്കരയായിക്കാണും, പെട്ടെന്ന് നാം,  ആദ്യം കണ്ട യുവാവ് സീറ്റിൽ കുഴഞ്ഞു വീണു കിടക്കുന്നു. കൈകാലുകൾ കോച്ചിവലിക്കുന്നു.കണ്ണുകൾ പിറകോട്ടു മറിഞ്ഞു പോകുന്നതു പോലെ. ട്രയിനിലെ അന്തരീക്ഷമാകെ മാറി.  ഭാര്യ ചെറിയ കുട്ടികളെയുമായി എന്തുചെയ്യണമെന്നറിയാതെ നില്ക്കുന്നു.

അടുത്ത നിമിഷം ട്രെയിനിലെ അന്തീരീക്ഷമാകെ മാറുന്നു. അതുവരെ തങ്ങളുടെ മാത്രം ലോകത്തിൽ ഒതുങ്ങിയിരുന്നവർ ആ തോടുപൊളിച്ചു പുറത്തേക്കു വന്നു. യുവാവിനായി ഒരു സീറ്റുതന്നെ ആൾക്കാർ ഒഴിഞ്ഞു കൊടുത്തു. അയാളെ ആ സീറ്റിൽ കിടത്തി. യുവാവിൻറെ കൈകാലുകൾ ചിലർ തിരുമ്മി ചൂടു പിടിപ്പിച്ചു. മസിലുകൾ കോച്ചിപ്പിടിച്ച് വേദനയിൽ പുളഞ്ഞ അയാളുടെ കാലുകൾ അമർത്തി വേദന കുറയ്ക്കാൻ ശ്രമിക്കുന്നു. ഇടയ്ക്കെപ്പോഴൊ കണ്ണുകൾ തുറന്ന വേദനയിൽ പുളയുന്ന അയാൾക്ക് ആരോ വെള്ളം പകർന്നു നല്കുന്നു. .....ട്രയിൻ അപ്പോഴും കുതിച്ചു പായുകയാണ്....


 



    അധികം ദുരന്തങ്ങളൊന്നും വരാതെ ട്രയിൻ യുവാവിനും കുടുംബത്തിനും ഇറങ്ങേണ്ടുന്ന സ്റ്റേഷനിലെത്തി.  രണ്ടുപേർ തോളോടു ചേർത്തു പിടിച്ച് അയാളെ  പുറത്തിറക്കി അവിടെയുള്ള ഒരു ബഞ്ചിൽ കിടത്തി. യുവാവ് അപ്പോഴും വേദനകൊണ്ട് പുളയുകയാണ്. അയാൾ ഉച്ചത്തിൽ നിലവിളിച്ചു കൊണ്ടിരുന്നു. നാലാം നമ്പർ പ്ലാറ്റ്ഫോമിലാണ് അയാളിപ്പോൾ കിടക്കുന്നത്. ഒന്നാം നമ്പറിലെത്തിയാൽ മാത്രമേ അയാൾക്ക് വാഹന സൗകര്യം ലഭിക്കുകയുള്ളൂ. പ്ലാറ്റ്ഫോമിലും അയാൾക്കായി ദൈവത്തിൻറെ പ്രതിനിധികൾ കാത്തുനിന്നിരുന്നു. ആരോ ഒരാൾ അയാൾക്കായി ചായ വാങ്ങിക്കൊണ്ടു കൊടുത്തു. മറ്റൊരാൾ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിക്കാനായി ഓടി. സ്റ്റേഷൻ മാസ്റ്ററെത്തി സ്ഥിതി വിലയിരുത്തി.  അദ്ദേഹം സ്ട്രെക്ചർ നല്കുന്നതിനായി ഓഫീസിലേക്ക് പോയി. ഈ സമയം അവിടെയുള്ള കുടുംബങ്ങൾ യുവാവിൻറെ ഭാര്യയെയും കുട്ടികളെയും ആശ്വസിപ്പിക്കുകയും അവർക്ക് കരുത്തായി നില്ക്കുകയും,  സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.  യുവാവിനെ ഒന്നാമത്തെ പ്ലാറ്റ്ഫോമിലെത്തിക്കുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത്. സ്ട്രെക്ചർ വരാനായി അവർ കാത്തു നിന്നില്ല. ആറുപേർ ചേർന്ന് യുവാവിനെ തോളിലേറ്റി നടന്നു. അപ്പോഴേക്കും സ്ട്രെക്ചറുമായി ആൾക്കാരെത്തി. യുവാവിനെ സ്ട്രെക്ചറിൽ കിടത്തി ഒന്നാം പ്ലാറ്റ്ഫോമിലേത്തിച്ചു. അവിടെ നിന്നു് ടാക്സിയിൽ തൊട്ടടുത്തുള്ള താലൂക്കാശുപത്രിയിലെത്തിച്ചു... ..അടിയന്തിരമായി ചികിത്സകൾ നടത്തി....യുവാക്കളുടെ ബന്ധുക്കൾ എത്തുന്നതുവരെ അതേ ട്രെയിനിലെ ഒരു യാത്രക്കാരനും ആ സ്റ്റേഷനിൽ യാത്രയവസാനിപ്പിച്ചയാളുമായ, കോഴിക്കോട് കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി നോക്കുന്ന ഒരു മാന്യവ്യക്തി, യുവാവിൻറെ മറ്റു ബന്ധുക്കൾ എത്തുന്നതു വരെ സഹായമായി ആശുപത്രിയിൽ യുവാവിനൊപ്പം നിന്നു. സമയോചിതമായി ചികിത്സ ലഭിച്ചതിനാൽ അതിവേഗം യുവാവ് സുഖം പ്രാപിച്ചു.

അങ്ങനെ ഈ ഓണത്തിന് കേരളമങ്ങോളമിങ്ങോളം വിടർന്ന അനേകം പൂക്കളങ്ങൾക്കൊപ്പം നന്മയുടെ പൂമരം പൂത്തപ്പോൾ ലഭിച്ച പൂക്കൾകൊണ്ട് യുവാവിൻറെ ഹൃദയത്തിൽ,  നന്ദിയുടെ നറുമലരുകൾ ചേർത്ത്  ഒരു പൂക്കളം കൂടി മാവേലി മന്നനെ വരവേല്ക്കുവാനായി ഒരുങ്ങി.