Ettumanoor Visheshangal

Tuesday, July 30, 2013

കഥയല്ലിതു ജീവിതം

എത്ര വരച്ചിട്ടും തെളിയാത്ത
വരപോലെന്റെ ജീവിതം
എത്ര തേച്ചിട്ടും വെളുക്കാത്ത
പാത്രം പോലെയീ  ജീവിതം
വഴി നേർവഴിയെന്നു കരുതി ,
നടന്നതേതു വഴിയേന്നറിയാതെ,
പെരുവഴിയിലെത്തിയ  ജീവിതം
ഇതളുകൾ കൊഴിഞ്ഞൊരു
പൂവായി മാറിയ ജീവിതം
ആരൊക്കെയോ ചേർന്നു
കൽപ്പിച്ചരുളിയ ദാനമാണെന്റെ 
ജീവിതം
എന്റേതെന്നു ഞാൻ വിശ്വസിച്ചൊരീ
എന്റെതല്ലാത്ത ജീവിതം
കാലമതിന്റെ  ക്യാൻവാസിൽ വരച്ചിട്ട
കഥയല്ലിതു ജീവിതം !
 

Sunday, July 28, 2013

കടൽ പറഞ്ഞു - ബീ പ്രാക്ടിക്കൽ

എന്റെ നാവിൽ   നിന്നും പുറത്തേക്കു ചാടാൻ
വെമ്പൽ കൊണ്ട് നിന്ന  സത്യങ്ങളെ
മൌനം അതിന്റെ ബലിഷ്ടമായ
കരങ്ങളാൽ  തടഞ്ഞു നിർത്തി .

എന്റെ മനസ്സിൽ തീചൂളപോലെ
ആളിക്കത്തുന്ന നൊമ്പരങ്ങളെ
മൌനം അതിന്റെ സാന്ത്വന
സ്പർശനത്താൽ  തലോടി

കടൽക്കരയിൽ,  ഉള്ളിലും
പുറത്തും ഉയരുന്ന ഹുങ്കാരാരവത്തിൽ
ധ്യാനനിമഗ്നനായി  ഞാൻ നിന്നു
എന്റെ നാവിന്റെ ബന്ധനം അഴിഞ്ഞാൽ ,
ഉള്ളിലുള്ള ലാവ പുറത്തേക്കൊഴുകിയാൽ
ഈ കടലിനുപോലും അതുൾക്കൊണ്ട്
തണുപ്പിക്കാനാകുമോ?

കടൽത്തിരകൾ എന്നെ തലോടിക്കൊണ്ടു
പറഞ്ഞു -ബീ പ്രാക്ടിക്കൽ !
നിന്റെ ഉള്ളിലെ രോഷം നീ അടക്കുക.
നിന്റെ ജോലിയുടെ സുരക്ഷിതത്വം
നിന്റെ കുടുംബത്തിന്റെ ക്ഷേമം
സമൂഹത്തിലെ നിന്റെ വിലയും നിലയും
നിന്റെ യുണിയനിലെ പദവികൾ
നിന്റെ മതത്തിൻറെ ആശിർവാദം
നീ വിശ്വസിക്കുന്ന പാർടിയുടെ പിന്തുണ
നിൻറെ  ജാതിസംഘടനയുടെ സഹായം
നിൻറെ ഭാര്യയുടെ സ്നേഹം
കുട്ടികളുടെ കൊഞ്ചൽ
ഇതൊക്കെ ഇല്ലാതാക്കികൊണ്ട്
നീയെന്തിനു മൌനംവെടിയണം!

 ബീ പ്രാക്ടിക്കൽ-നീയെന്നെ കണ്ടു പഠിക്കൂ
കടൽ എന്നോട് പറഞ്ഞു 
നൂറ്റാണ്ടുകളുടെ രോഷം ഉള്ളിലമർത്തി 
ഹുങ്കാര ശബ്ദം മുഴക്കുന്നതല്ലാതെ
ഇന്നുവരെ എൻറെ  ശബ്ദം  നീ കേട്ടിട്ടുണ്ടോ?
ഒന്നലറാൻ, അലറിവിളിക്കാൻ
ഞാനെത്ര കൊതിക്കുന്നുവെന്നൊ,
പക്ഷേ, നിലനിൽപ്പാണു  സത്യം
അതാണ്‌   ഇന്നിൻറെ മന്ത്രം
ഇനിയുള്ള കാലം നിനക്ക് നീ മാത്രം
അതാകട്ടെ നിന്റെ വിശ്വാസവും നിന്റെ
മതവും- ബീ പ്രാക്ടിക്കൽ!

Saturday, July 20, 2013

എന്റെ പ്രിയ കൂട്ടുകാരിയ്ക്ക്

നിറവാർന്നയോർമ്മതൻ കുളിരാണ് നീ-
യെന്റെ, ഹൃദയത്തിൽ വിരിയുന്നൊരൊളിയാണ് നീ
വിരിയുന്ന പൂവിന്റെ ദളമൊന്നിൽ കിനിയുന്ന
തെളിനീർ കണമാണ്, കൂട്ടുകാരീ

മൃദുലമാം ഉടയാട കാറ്റിൽ പറക്കുമ്പോൾ
കുളിരിനാൽ തൻകൈകൾ ചേർത്തു നെഞ്ചിൽ ,
നറുമണമുതിരുന്ന കാച്ചെണ്ണതേച്ചനിൻ-
മുടിയിഴകാറ്റിൽ പറന്നിടുമ്പോൾ
ഒരു കൊച്ചുമന്ദഹാസത്തിനാൽ നീയേകും
പ്രേമകടാക്ഷം ഞാനാസ്വദിപ്പൂ.

ഒരുകൊച്ചുസ്വപ്നം കടന്നുപോയ്പോലെ നീ,
ഇമചിമ്മി ഞാനിന്നു കണ്‍തുറന്നീടുമ്പോൾ
വെയിൽകാഞ്ഞ ദേഹകരുത്തുമായ് നീ
വന്നു, വരികെ, ചേറിൻ മണവുമായ്‌
പുലർകാലേ  ഞാറു നടുന്നവർ,  പാടത്ത്
പാടുന്നപാട്ടിലെ ലയമായി  നീ

വാക്കിൻറെയൂക്കിൽ പറന്നു നീ-
യെത്രയോ വാഗ്വിലാസത്തിൻ നെരിപ്പോടായീ
കനലിന്റെയിത്തിരി ചൂടിലെരിഞ്ഞ നീ
 മനതാരിൽ വിപ്ലവജ്വാലയായി.

മനസ്സുകളിൽ മായിക ജാലങ്ങൾ കാട്ടിടും;  നീ-
യെന്റെ മനസ്സിനു സാന്ത്വന സ്പർശമായി
അരികെവരാതെ നീ പോയിടല്ലേ;   സഖീ-
അരികത്തുതന്നെ നീ ചേർന്നു നില്ക്കൂ!


Thursday, July 18, 2013

യാത്ര

നിറമിഴികൾ തിരിച്ചു നീ നില്ക്കവേ , 
നടവഴികടന്നു ഞാൻ  യാത്രയാവട്ടെ ,
കരുതുക,  നമ്മളിരുവർ ചേർന്നെഴുതിയ
 ജീവിതചിത്രം  നിന്നന്തരംഗത്തിൽ

മരണം വാതില്ക്കൽ മുട്ടിവിളിക്കവേ
മറുവാക്കുപോലുമേയിന്നില്ല,  ചൊല്ലുവാൻ,  
വേദന തീർക്കുമേകാന്ത  ദ്വീപിലെ
 വാസമവസാനിപ്പിച്ചിടുന്നു  ഞാൻ .

നിഴലുപോലെ നീ എന്റെ കവിതയിൽ
എവിടെയും വന്നു സ്ഥാനമുറപ്പിച്ചു
അടരുവാൻ വയ്യാത്ത മിഴിനീരുപോലെ നീ
മരണമേ  വന്നു വാതിൽക്കൽ നില്പ്പൂ!

സ്മൃതി കവാടങ്ങൾ , ജ്വാലാമുഖങ്ങൾ
അഴിമുഖംപോലെ വാപിളർന്നീടുന്നു
ദുരിത ജീവിതം; പയ്യാരം പറയുമ്പോൾ
കഴിവതെങ്ങനെ കവിതയെഴുതുവാൻ !

മമ സഖി നിന്നെ വല്ലാതെ ഞാനെൻറെ
സ്വാർത്ഥ ചിന്തതൻ വേരിൽ കൊരുത്തിട്ടു
കാടു  കേറിയ  ജീവിതാസക്തിതൻ
മേട്ടിലെ സിംഹരാജനായ്‌ ഞാൻ വാണു
എന്റെയിംഗിതം മാത്രമായ് ചിന്തയിൽ ;
നിറവേറ്റിടാൻ പണിപ്പെട്ട വളരെ നീ .
യാത്രപോകുന്നീ വേളയിൽ ചൊല്ലട്ടെ
മാപ്പ് -എന്നുള്ള രണ്ടക്ഷരം മാത്രം!

 

Tuesday, July 16, 2013

എന്റെ പിഴകൾ , എന്റെ വലിയ പിഴകൾ!

 നീലാകാശത്ത് വിരിഞ്ഞ
മഴവിൽ പ്രഭയാണ് ഞാൻ
ഏഴു നിറങ്ങളിൽ  സ്വപ്‌നങ്ങൾ
 മുത്തുക്കുട ചൂടിയ വിഗ്രഹങ്ങൾ
നെറ്റിപ്പട്ടം കെട്ടിയ മോഹങ്ങൾ
കരിമഴിയെഴുതിയ നോട്ടങ്ങൾ
 എന്റെ സാമ്രാജ്യം എന്റെ സ്വന്തം.


പുണ്ണ് പിടിച്ച വിശ്വാസങ്ങൾ
പുഴുക്കുത്തേറ്റ മനസ്സ്
വ്രണങ്ങൾ; അഴുകിയ ശരീരം, 
വിണ്ടുകീറിയ എടുപ്പുകൾ
ഈച്ചകൾ ആർക്കുന്ന
കൊട്ടാരവതിലുകൾ
സുഗന്ധ ദ്രവ്യങ്ങളിൽ പൊതിഞ്ഞിട്ടും
തിരിഞ്ഞുപോലും നോക്കാത്ത
രാജ്യാധിപൻ വസിക്കും രാജ്യം


ഉള്ളിൽവിദ്വേഷത്തിന്റെ കനലുകൾ
എനിക്കില്ലാത്ത സുഖവും തൃപ്തിയും
ഇവിടെയാരും നേടേണ്ട
പൊള്ളുന്ന അതൃപ്തിയുടെ
കനലിൽ എരിച്ചുകളഞ്ഞ
ബന്ധങ്ങൾ, തകർത്തെറിഞ്ഞ
ശുദ്ധഹൃദയങ്ങൾ, സ്വപ്‌നങ്ങൾ
ക്ലാവുപിടിച്ച മനസ്സിലെ പക,
അമൃതമഥനം കഴിയാത്ത
ആഴിയുടെ നീറ്റലുകൾ,
കലി ആവേശിച്ച മനസ്സിലെ
ഭ്രമങ്ങൾ ;നിറഞ്ഞാടുന്ന
വെറുപ്പിന്റെ കത്തി വേഷങ്ങൾ.

അവസാനം അറിയുന്നു ഞാൻ
വെറുമൊരു നാലണതുട്ടുമാത്രം
വിലയുളള ശരീരത്തിൻറെ
ഉടമ ഞാനെന്ന് ; വെറുതെ പോലും
ആഗ്രഹത്തോടെ  നോക്കാതെ,
 ജനം കാർക്കിച്ചു തുപ്പി കടന്നു
പോകുമ്പോൾ ഞാനറിയുന്നു
എന്റെ പിഴകൾ , എന്റെ
വലിയ പിഴകൾ!


Monday, July 15, 2013

ഉണ്മ


പാതിവെന്ത പുഴയുടെ ഉടലിൽ
പൂനിലാവ്‌ പരക്കുമ്പോൾ
പാതിതീർത്ത  ശില്പവുമായി
കാത്തു നില്ക്കുവതാരെ  നീ?
കാലമൊരു മഹാമൂർത്തിയായി
മൂവുലകം വാഴുമ്പോൾ
കാത്തുവേച്ചൊരു മൂശയിൽ
വാർന്നുവീഴുവതേതു  ശിൽപം

 പാതിപൂത്ത പുഴയുടെ ഉടലിൽ
സൂര്യകിരണം പതിക്കുമ്പോൾ
കാത്തുവെച്ചൊരു മോഹപുഷ്പങ്ങൾ
വീണു കരിവതും കാണ്മു ഞാൻ
കാലമൊരഖോരമൂർത്തിയായ്‌
മൂവുലകം ചുറ്റുമ്പോൾ
പശിമവറ്റിയ കളിമണ്ണിൽ
വാർന്നുവീഴുമോ ശില്പങ്ങൾ?

രാവുമല്ലാ പകലുമല്ലാ
മനുജനല്ലാ മൃഗവുമല്ലാ
പാതിപൂത്തില്ലാ, വെന്തതില്ലാ
സൂര്യനില്ലാ, ചന്ദ്രനുമില്ലാ
ഞാനുമില്ലാ നീയുമില്ലാ
ഉലകമില്ലാ വിണ്ണുമില്ലാ
ഉള്ളതൊന്നേ ഒന്നുമാത്രം
ഉണ്മയാണില്ലായ്മയെന്നത്;
ഇല്ലായ്മയാണേ ഉണ്മയെന്നത്!  

Sunday, July 14, 2013

കതിർമണികൾ (1)

മോഹിച്ചതൊന്നും നേടിയതില്ല,

നേടിയതൊന്നും മോഹിപ്പിച്ചതില്ല!

പിന്നെയീ ജീവിതമെന്തിനാസക്തികൾക്കായി

തീറെഴുതി ഞാൻ കൊടുത്തീടണം?

Monday, July 8, 2013

സൗഹൃദം?

നിറഞ്ഞ കണ്‍കളിൽ വിരിഞ്ഞ സൗഹൃദം
മതിവരാതെ നീ മറഞ്ഞതെന്തിനായ്
കുളിർനിറഞ്ഞ നിൻ മന്ദഹാസത്തിൽ
വിരിഞ്ഞിതെൻ നെഞ്ചിൽ മൗനമോഹങ്ങൾ

കാറ്റിലാടുന്ന പാഴ്മരത്തിന്റെ  നേർത്ത
ചില്ലയിൽ ജീവനാടുമ്പോൾ
കാത്തുവെച്ചൊരു മോഹപുഷ്പത്തിൻ
നേർത്ത മുള്ളുകൾ എന്നെ തേടുമ്പോൾ
നാട്ടിലെമ്പാടും പാടിടുന്നു നിൻ
സ്നേഹമന്ത്രത്തിൻ വൈഭവമേറെ

പാട്ടുമൂളുമീ പാഴ്മുളംതണ്ടിൽ
കേൾക്കുമീ ഗീതം നീ മറന്നുവോ?
ഓർക്കുവാൻ മാത്രം നിൻ മനസ്സിലെ
ഉള്ളറക്കുള്ളിൽ എന്മനമുണ്ടോ?

നേർത്തു പെയ്തോരാ മഴയിലന്നു നാം
കോർത്ത  കൈകളാൽ ചേർന്നുനിന്നതും
പൂത്തു നിന്നൊരാ വന്മരത്തിൻറെ
ചോട്ടിലന്നു നാം പുണർന്നു നിന്നതും

ഓർത്തിടുന്നു ഞാൻ എൻറെ മുന്നിൽ  നീ
കൂപ്പുകൈകളാൽ നിറഞ്ഞ  കണ്ണുമായ്
കിട്ടിടാത്തൊരു പെൻഷൻ പേപ്പറിൽ
ഒപ്പിടാനിന്നോരപേക്ഷയുമായി
വന്നു നില്പതെൻ യൗവനത്തിന്റെ
ചന്തമേറ്റിയോരംഗനാരത്നം!
നോക്കുവാൻ വയ്യ നിന്റെ കണ്‍കളിൽ
നാമ്പണഞ്ഞൊരു ജ്വാലതൻ ചിത്രം
ശോകനീർവറ്റി കുഴിഞ്ഞ കണ്‍കളിൽ
കാണ്മൂ ഞാൻ നിത്യദാരിദ്ര്യ ചിത്രം
ഓമലേ നീ മറന്നുവോയീ മുഖം
ഓർമ്മതൻ നേർത്തപുഞ്ചിരി പോലുമില്ല

നന്ദിചൊല്ലുന്നൂ സാറേ, നന്നായ് വരുമിത്ര-
പുണ്യപ്രവൃത്തിമറ്റൊന്നതില്ലാ-
വേഗം തന്നു സഹായിച്ചു പെൻഷൻ
ഇത്രയും ചൊല്ലിത്തൻ  പിഞ്ഞിയ സാരി-
തുമ്പിൽ തൂങ്ങിയ ബാലനുമായ്
എത്രയും  കൃതജ്ഞത നിറയും മുഖത്തോടെ
ചേമ്പറിൽ  നിന്നും ഇടറും പാദത്തോടെ
ഇറങ്ങി നടന്നു നീ;  ഖിന്നനായിരുന്നൂ ഞാനും!

പത്രാസ്സിൽ കറവീഴ്ത്താൻ സമ്മതിക്കാത്ത മനം
കുശലം  ചൊല്ലാൻ പോലും സമ്മതിച്ചതില്ലായിന്ന്
വിശ്വസിച്ചീടില്ലാ നിങ്ങൾ ഇത്ര കൃതഘ്നനോ?
പത്രത്താളിൽ നിറഞ്ഞുനില്ക്കും പുണ്യവാൻ!