Ettumanoor Visheshangal

Friday, September 27, 2013

മാന്യൻ



കണ്ണുകൾ, കാതുകൾ
മൂടീട്ടിന്നീ മണ്ണിൽ ജീവിച്ചീടുംദേഹം,
ചുണ്ടിൽ വിരിഞ്ഞീടുന്നു പുഞ്ചിരി-
യന്യൻപറയും തെറിനേരത്തും
നാവിൻതുമ്പത്തോടിവരുന്നൊരു
വാക്കുകൾമെല്ലെ വിഴുങ്ങീടുന്നവൻ,
ലക്ഷംപണമതു പുത്തൻതലമുറ
ബാങ്കിൽ നിന്നും വാങ്ങീട്ടൊരുവൻ
കണ്ടകടിച്ചാണികളവ വാങ്ങീ
ധൂർത്തിൽ മുങ്ങും നേരത്താ,
ചില്ലികളൊന്നും തിരികെയടയക്കാൻ
വകയില്ലാതെ കുഴങ്ങുമ്പോൾ
കയറിൻ തുമ്പിൽ ജീവനൊടുക്കും
വിദ്വാനെ നാം വിളിച്ചീടുന്നൊരു
സദ്ഗുണനാമം-മാന്യൻ!

Thursday, September 19, 2013

നന്മപ്പൂമരം പൂത്തപ്പോൾ..........




    യാത്രകൾ നിനച്ചിരിക്കാതെ നമ്മെ മറ്റൊരു ലോകത്തേക്കും കാലത്തേക്കും കൂട്ടിക്കൊണ്ടു പോയെന്നിരിക്കും. എഴുതിയുണ്ടാക്കിയ ചാർട്ടുകളോ, പ്രോഗ്രാമുകളോ,  ലക്ഷ്യം വെച്ചിരിക്കുന്ന സ്ഥലങ്ങളോ കടന്ന് അവിചാരിതം എന്ന് നമ്മെക്കൊണ്ടു പറയിപ്പിക്കുന്ന മറ്റൊരു തലത്തിലേക്ക് യാത്രകൾ മാറിയേക്കാം. 

   നൂറു കിലോമീറ്ററിനു താഴെ മാത്രം ദൂരമുള്ള ഒരു ട്രെയിൻ യാത്ര. ഉത്രാടത്തിൻറെ തിരക്ക് കംപാർട്ടുമെൻറിൽ നന്നായിട്ടുണ്ട്. ഒരു യുവാവും കൈക്കുഞ്ഞുമായി ഭാര്യയും അഞ്ചുവയസ്സിനടുത്ത് പ്രായമുള്ള മകനുമായി ഒരു കുടുംബം ട്രെയിനിൽക്കയറി. ആരൊക്കെയോ സഹായിച്ച് ഭാര്യയ്ക്കും കുട്ടിക്കും സീറ്റ് ലഭിച്ചു. യുവാവിൻറെ മുഖത്തിന് വല്ലാത്ത ഒരു മ്ലാനത. വല്ലാത്ത ക്ഷീണം പോലെ. കണ്ണുകൾ പനിപിടിച്ചവരുടേതു പോലെ  ക്ഷീണിച്ച് ഇടയ്ക്കിടയ്ക്ക് നിറഞ്ഞു തുളുമ്പുന്നു. മുഖഭാവം കണ്ട് മനസ്സലിഞ്ഞിട്ടോ എന്തോ ആരോ അയാളെ തൻറെ സീറ്റിൽ പിടിച്ചിരുത്തി. അയാൾ കണ്ണുകൾ അടച്ച് ധ്യാനത്തിലെന്നവണ്ണം ട്രെയിനിൽ ഇരുന്നു. കുട്ടികളും ഭാര്യയും തൊട്ടപ്പുറത്തെ സീറ്റിൽ.  പുറംകാഴ്ചകൾ കണ്ട് കുട്ടികൾ ആഹ്ലാദശബ്ദങ്ങളുണ്ടാക്കി......

    പിറ്റേന്ന് തിരുവോണമാണ്. എല്ലാ മുഖങ്ങളിലും  സന്തോഷത്തിൻറെ പൂത്തിരികൾ കത്തുന്നു. നാളുകൾക്കു ശേഷം ബന്ധുമിത്രാദികളെ കാണുന്നതിലുള്ള സന്തോഷം.   തിരുവോണം സുഹൃത്തുക്കൾക്കൊപ്പം ചിലവഴിക്കാൻ യാത്രചെയ്യുന്നവർക്ക് സൗഹൃദത്തിൻറെ ഇരട്ടിമധുരം. അടുത്ത സീറ്റിൽ ഇരിക്കുന്ന തമിഴ് സംസാരിക്കുന്ന കുടുംബത്തിലെ സ്ത്രീകൾ ഉച്ചത്തിൽ എന്തൊക്കെയോ സംസാരിക്കുന്നു. ചെറിയ കുട്ടികൾ  ആൾത്തിരക്കിൽ വിമ്മിട്ടപ്പെട്ട് ഏങ്ങലടിച്ചു കരയുന്നു.­­­­­ ട്രെയിൻ സ്റ്റേഷനുകൾ പിന്നിട്ട് കുതിച്ചു പായുകയാണ്.
    മാവേലിക്കരയായിക്കാണും, പെട്ടെന്ന് നാം,  ആദ്യം കണ്ട യുവാവ് സീറ്റിൽ കുഴഞ്ഞു വീണു കിടക്കുന്നു. കൈകാലുകൾ കോച്ചിവലിക്കുന്നു.കണ്ണുകൾ പിറകോട്ടു മറിഞ്ഞു പോകുന്നതു പോലെ. ട്രയിനിലെ അന്തരീക്ഷമാകെ മാറി.  ഭാര്യ ചെറിയ കുട്ടികളെയുമായി എന്തുചെയ്യണമെന്നറിയാതെ നില്ക്കുന്നു.

അടുത്ത നിമിഷം ട്രെയിനിലെ അന്തീരീക്ഷമാകെ മാറുന്നു. അതുവരെ തങ്ങളുടെ മാത്രം ലോകത്തിൽ ഒതുങ്ങിയിരുന്നവർ ആ തോടുപൊളിച്ചു പുറത്തേക്കു വന്നു. യുവാവിനായി ഒരു സീറ്റുതന്നെ ആൾക്കാർ ഒഴിഞ്ഞു കൊടുത്തു. അയാളെ ആ സീറ്റിൽ കിടത്തി. യുവാവിൻറെ കൈകാലുകൾ ചിലർ തിരുമ്മി ചൂടു പിടിപ്പിച്ചു. മസിലുകൾ കോച്ചിപ്പിടിച്ച് വേദനയിൽ പുളഞ്ഞ അയാളുടെ കാലുകൾ അമർത്തി വേദന കുറയ്ക്കാൻ ശ്രമിക്കുന്നു. ഇടയ്ക്കെപ്പോഴൊ കണ്ണുകൾ തുറന്ന വേദനയിൽ പുളയുന്ന അയാൾക്ക് ആരോ വെള്ളം പകർന്നു നല്കുന്നു. .....ട്രയിൻ അപ്പോഴും കുതിച്ചു പായുകയാണ്....


 



    അധികം ദുരന്തങ്ങളൊന്നും വരാതെ ട്രയിൻ യുവാവിനും കുടുംബത്തിനും ഇറങ്ങേണ്ടുന്ന സ്റ്റേഷനിലെത്തി.  രണ്ടുപേർ തോളോടു ചേർത്തു പിടിച്ച് അയാളെ  പുറത്തിറക്കി അവിടെയുള്ള ഒരു ബഞ്ചിൽ കിടത്തി. യുവാവ് അപ്പോഴും വേദനകൊണ്ട് പുളയുകയാണ്. അയാൾ ഉച്ചത്തിൽ നിലവിളിച്ചു കൊണ്ടിരുന്നു. നാലാം നമ്പർ പ്ലാറ്റ്ഫോമിലാണ് അയാളിപ്പോൾ കിടക്കുന്നത്. ഒന്നാം നമ്പറിലെത്തിയാൽ മാത്രമേ അയാൾക്ക് വാഹന സൗകര്യം ലഭിക്കുകയുള്ളൂ. പ്ലാറ്റ്ഫോമിലും അയാൾക്കായി ദൈവത്തിൻറെ പ്രതിനിധികൾ കാത്തുനിന്നിരുന്നു. ആരോ ഒരാൾ അയാൾക്കായി ചായ വാങ്ങിക്കൊണ്ടു കൊടുത്തു. മറ്റൊരാൾ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിക്കാനായി ഓടി. സ്റ്റേഷൻ മാസ്റ്ററെത്തി സ്ഥിതി വിലയിരുത്തി.  അദ്ദേഹം സ്ട്രെക്ചർ നല്കുന്നതിനായി ഓഫീസിലേക്ക് പോയി. ഈ സമയം അവിടെയുള്ള കുടുംബങ്ങൾ യുവാവിൻറെ ഭാര്യയെയും കുട്ടികളെയും ആശ്വസിപ്പിക്കുകയും അവർക്ക് കരുത്തായി നില്ക്കുകയും,  സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.  യുവാവിനെ ഒന്നാമത്തെ പ്ലാറ്റ്ഫോമിലെത്തിക്കുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത്. സ്ട്രെക്ചർ വരാനായി അവർ കാത്തു നിന്നില്ല. ആറുപേർ ചേർന്ന് യുവാവിനെ തോളിലേറ്റി നടന്നു. അപ്പോഴേക്കും സ്ട്രെക്ചറുമായി ആൾക്കാരെത്തി. യുവാവിനെ സ്ട്രെക്ചറിൽ കിടത്തി ഒന്നാം പ്ലാറ്റ്ഫോമിലേത്തിച്ചു. അവിടെ നിന്നു് ടാക്സിയിൽ തൊട്ടടുത്തുള്ള താലൂക്കാശുപത്രിയിലെത്തിച്ചു... ..അടിയന്തിരമായി ചികിത്സകൾ നടത്തി....യുവാക്കളുടെ ബന്ധുക്കൾ എത്തുന്നതുവരെ അതേ ട്രെയിനിലെ ഒരു യാത്രക്കാരനും ആ സ്റ്റേഷനിൽ യാത്രയവസാനിപ്പിച്ചയാളുമായ, കോഴിക്കോട് കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി നോക്കുന്ന ഒരു മാന്യവ്യക്തി, യുവാവിൻറെ മറ്റു ബന്ധുക്കൾ എത്തുന്നതു വരെ സഹായമായി ആശുപത്രിയിൽ യുവാവിനൊപ്പം നിന്നു. സമയോചിതമായി ചികിത്സ ലഭിച്ചതിനാൽ അതിവേഗം യുവാവ് സുഖം പ്രാപിച്ചു.

അങ്ങനെ ഈ ഓണത്തിന് കേരളമങ്ങോളമിങ്ങോളം വിടർന്ന അനേകം പൂക്കളങ്ങൾക്കൊപ്പം നന്മയുടെ പൂമരം പൂത്തപ്പോൾ ലഭിച്ച പൂക്കൾകൊണ്ട് യുവാവിൻറെ ഹൃദയത്തിൽ,  നന്ദിയുടെ നറുമലരുകൾ ചേർത്ത്  ഒരു പൂക്കളം കൂടി മാവേലി മന്നനെ വരവേല്ക്കുവാനായി ഒരുങ്ങി. 


     
 

Thursday, September 12, 2013

മഴയിതൾതുള്ളികൾ



മഴയിതൾതുള്ളികൾ ചാലിച്ചൊരാ-
മധുരമാം നൊമ്പരമാരറിവൂ
കരളിൽ തുടിക്കുന്ന കഥയാണോ ജീവിതം?
കാലത്തിൻ,  മൃദുലമാം കനിവാണോ ജീവിതം?
മഴയിതൾതുള്ളികൾ,  നീർക്കുമിളപോലെ
ക്ഷണികമായ് തീരുന്നൊരടരാണോ ജീവിതം?
നടവഴികളേറെ നടന്നു ഞാൻ,  യാത്രാ-
മൊഴികേട്ടു നൊന്തുപിടയുന്നു മാനസം.
എവിടെയുമത്താണി കാണാതലയവേ
ഒരുതുള്ളി കണ്ണീരുപോലുമൊഴുകീല
വിജനമാം വീഥിയിലേകനായ്‌ , രാവിന്റെ-
യിരുളിമതിങ്ങുമെൻ ചിന്തയിൽ, പ്രാണന്റെ
നിലവിളി മുഴങ്ങുന്ന വേളയിൽയിന്നിതാ,
നിലയുറയ്ക്കാത്തൊരു കാറ്റിന്റെ കുഴൽവിളി,
നിഴലനക്കങ്ങളിൽ ഭീതിതൻ തീയാളി,
പാഴ്മുളം തണ്ടിലോ ഭ്രാന്തൻ കൊലവിളി
പാഴായ ജന്മമെന്നാരുടെ പെരുമൊഴി.. ...?


Friday, September 6, 2013

ഈ രാത്രിയിൽ ഉറങ്ങാത്തവർക്കായുളള എൻറെ കവിത

ഈ രാത്രിയിൽ വിദൂരദേശത്ത് ഉറങ്ങാത്തവരേ,
എൻറെ വാക്കുകൾ നിങ്ങളെ ചൊടിപ്പിക്കാതിരിക്കട്ടെ
ചാറ്റ്ബോക്സിലെ തേനൂറുന്ന എൻറെ കള്ളങ്ങൾ നിങ്ങൾ തിരിച്ചറിയാതിരിക്കട്ടെ.

മനുഷ്യാവകാശത്തിനും, സ്ത്രീ സമത്വത്തിനും വേണ്ടി
അലമുറയിടുന്ന എൻറെ സ്റ്റാറ്റസുകൾ വായിക്കുന്ന നിങ്ങൾക്കു മുന്നിൽ,  എൻറെ അരുതായ്മകൾ,
ഭാര്യയുടെ തേങ്ങലിനു മുന്നിൽപോലും അലിയാത്ത
എൻറെ കഠിനഹൃദയം, ആ യാഥാർത്ഥ്യം നിങ്ങളറിയാതിരിക്കട്ടെ.

സുന്ദരികൾക്കു മുന്നിൽ ഹൃദയം തുറക്കുകയും,
ചവറുകൾപോലും അതിഗംഭീരം എന്നു തട്ടിമൂളിക്കുകയും
ചെയ്യുന്ന എൻറെ കൈക്കുറ്റപ്പാടുകൾ നിങ്ങളറിയുന്നുവോ?

ഒന്നാമത്തെ സ്റ്റാറ്റസിൽ മതേതരവാദിയായും, രണ്ടാമത്തേതിൽ വർഗ്ഗീയവാദിയായും, മൂന്നാമത്തേതിൽ അരാജകവാദിയായും, നാലാമത്തേതിൽ ദളിത്പക്ഷവാദിയായും, അടുത്തതിൽ പരിസ്ഥിതിവാദിയായും
പിന്നത്തേതിൽ മുതലാളിത്തപക്ഷാനുകൂലിയായും ഉള്ള
എൻറെ വേഷപകർച്ചകൾ നിങ്ങളറിയാതെയിരിക്കട്ടെ.

ഈ രാത്രിയുടെ മദ്ധ്യയാമത്തിൽ പോൺസൈറ്റുകളിലൂടെ
സഞ്ചരിക്കവേ തന്നെ ബലാത്സംഗം ചെയ്യപ്പെട്ടു കൊല്ലപ്പെട്ട
കന്യകയുടെ  ദാരുണമരണത്തിൽ പ്രതിഷേധിച്ച് കവിത പോസ്റ്റു ചെയ്യുകയും ചെയ്ത എൻറെ ഇരട്ടത്താപ്പ് നിങ്ങളറിഞ്ഞുവോ?

ലഹരിവിമോചനത്തെക്കുറിച്ചുള്ള എൻറെ ഈ കുറിപ്പ്
എഴുതി പോസ്റ്റ് ചെയ്യുന്പോഴാണ് ടി.വി.യിൽ, വിഷമദ്യദുരന്തത്തെക്കുറിച്ചുള്ള വാർത്ത ഞാൻ കാണുന്നത്.
മദ്യപിച്ച് നാലു മണിക്കൂറിനുളളിൽ 54 പേരാണ് മരണമടഞ്ഞത്.
അതേ, ആ സ്ഥലത്തു നിന്നു തന്നെയാണ് ഞാനുമിന്ന് കഴിച്ചത്.
ഇപ്പോൾ മൂന്നര മണിക്കൂറായിരിക്കുന്നു. ഇനി അധിക സമയമില്ല. എനിക്കൊന്നു മാത്രമേ പറയുവാനുള്ളൂ.
എൻറെ പിഴ, എൻറെ പിഴ, എൻറെ വലിയ പിഴ!







Tuesday, September 3, 2013

അധികാരത്തിൻറെ രൂപകങ്ങൾ: തെയ്യത്തിൻറെ ഭാവപകർച്ചയിൽ ഒരു ചിത്രപ്രദർശനം




     കോട്ടയത്തെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ (ഡി.സി. ബുക്സ്, കോട്ടയം) 2013 ആഗസ്ത് 31 മുതൽ സെപ്തംബർ 7 വരെ നടക്കുന്ന "Metaphors of Power" എന്ന ചിത്രപ്രദർശനം വേറിട്ട ഒരു കാഴ്ചയുടെ അനുഭവം ആസ്വാദകന് നല്കുന്നു.   റ്റി. ആർ. ഉദയകുമാർ എന്ന ചിത്രകാരനാണ് ഈ  ദൃശ്യവിരുന്ന് കോട്ടയത്തിന് സമ്മാനിച്ചത്.  കേരളാ ലളിതകലാ അക്കാദമി നിർവ്വാഹക സമിതി അംഗവും മാവേലിക്കര രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സിലെ പൂർവ്വ വിദ്യാർത്ഥിയുമാണ് ശ്രീ. ഉദയകുമാർ.





      ഉത്തരകേരളത്തിൻറെ തനതുകലാരൂപമായ തെയ്യത്തെ അടിസ്ഥാനമാക്കിയുള്ള 20 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. തെയ്യത്തിൻറെ വേഷപകർച്ചയിൽ ഉപയോഗിച്ചിരിക്കുന്ന നിറച്ചാർത്തുകളെ അടസ്ഥാനമാക്കി അക്രിലിക്കിലാണ് ക്യാൻവാസിൽ ഈ ചിത്രങ്ങൾക്ക് രൂപം പകർന്നിരിക്കുന്നത്. 

  ആധുനിക മനുഷ്യൻറെ ജീവിതസങ്കീർണ്ണതകളും, കഠിനവ്യഥകളും, ഉയർത്തുന്ന അതിതീവ്രമായ ജീവിത യാഥാർത്ഥ്യങ്ങൾക്കു മുന്നിൽ ചിത്രകാരൻ ഉയർത്തിയ ഒരു നേർക്കണ്ണാടിയാണ് ഈ ചിത്രങ്ങൾ.
    
      അധികാരത്തിൻറെ ഉന്നതവേഷങ്ങൾ, ദൈവക്കോലങ്ങളായി കെട്ടിയാടപ്പെടുമ്പോഴും,  തെയ്യക്കോലങ്ങൾക്കുള്ളിൽ പരുപരുത്ത ജീവിതത്തിൻറെ നിലപാടുതറയിൽ പലപ്പോഴും തോറ്റുപോകുന്ന തെയ്യംകലാകാരൻറെ ജീവിതമുണ്ടെന്ന വെളിപാട് നമുക്കു മുന്നിൽ ഓർമ്മപ്പെടുത്തുന്നതാണ് ഉദയകുമാറിൻറെ ചിത്രങ്ങൾ.




     കടുംചുവപ്പും, മഞ്ഞയും, കറുപ്പും, നീലയും ചേർന്നൊരുക്കുന്ന വർണ്ണപ്രപഞ്ചത്തിൽ, അധികാരത്തിൻറെ മൂർത്തരൂപമായി തെയ്യം ഓർമ്മപ്പെടുത്തലുകൾ നടത്തുമ്പോൾ,  അതേ തെയ്യംതന്നെ കീഴാളൻറെ സമൂഹത്തിലെ വിധേയത്വത്തിൻറെ ഭിന്നരൂപമായി മാറുന്നുവെന്നുള്ള കാഴ്ചപ്പാട് വെളിവാക്കുന്നത്, ഭൂതകാലയാഥാർത്ഥ്യങ്ങളുടെ പരുത്തപ്രതലങ്ങൾ മാത്രമല്ല മറിച്ച്  ആധുനികമനുഷ്യൻറെ ദയനീയമായ രൂപപരിണാമത്തെക്കുറിച്ചുകൂടിയാണ്.

        അധികാരത്തിൻറെ വെള്ളിദണ്ഡും പിടിച്ചു നില്ക്കുമ്പോഴും, ഇടയ്ക്കെപ്പോഴോ അറിയാതെ അവനവനിലേക്കു തിരിഞ്ഞു നോക്കേണ്ടി വരുമ്പോൾ അനുഭവിക്കുന്ന വിധേയത്വത്തിൻറെ, കീഴടങ്ങലിൻറെ, യുക്തിക്കതീതമായ വിശ്വാസങ്ങൾക്കുമുന്നിൽ മുട്ടുമടക്കുന്നതിൻറെയൊക്കെ അടയാളപ്പെടുത്തലുകളാണ്.  ഈ ചിത്രങ്ങളിൽ ഭൂരിഭാഗവും.

    തെയ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങൾക്കൂടാതെ മറ്റു ചില അബ്സ്ട്രാക്ട് ചിത്രങ്ങൾക്കൂടി പ്രദർശനത്തിലുണ്ട്.



       ജീവിതത്തിൻറെ ഇടനാഴികളിൽ ഒറ്റപ്പെടുന്നവൻറെയും,അതേ സമയം കണ്ണുകളിൽ രോഷമടക്കി വിധേയനാവുന്ന ആധുനിക മനുഷ്യൻറെ വിധിവൈപരിത്യത്തെയും, തെയ്യത്തിൻറെ മുഖചിത്രങ്ങളിലെ  ഭാവതീവ്രമായ കണ്ണുകളുടെ വരകളിലൂടെ  ആസ്വാദകനിലെത്തിക്കാൻ ചിത്രകാരന് കഴിഞ്ഞിരിക്കുന്നു.


      തകഴി, എം.ടി, കേശവദേവ്, മലയാറ്റൂർ, സക്കറിയ, മുകുന്ദൻ, ഒ.എൻ.വി, ഒ.വി.ഉഷ, സി.രാധാകൃഷ്ണൻ സുഗതകുമാരി തുടങ്ങി മലയാളത്തിലെ പ്രശസ്തരും പ്രഗത്ഭരുമായ സാഹിത്യകാരന്മാർക്കായി 2000-ത്തിലധികം പുസ്തക കവറുകൾ, ഡി.സി. പ്രഭാത്, കറൻറ്, എസ്.പി.എസ്.എസ്, സാഹിത്യ അക്കാദമി, എം.ജി.യൂണിവേഴ്സിറ്റി തുടങ്ങിയ പുസ്തകശാലകൾക്കായി ഉദയകുമാറിൻറെ കലാവിരുതിൽ രൂപം കൊണ്ടിട്ടുണ്ട്.

    എൻ.സി.ഇ.ആർ.റ്റി. ദേശീയ അവാർഡും, ഭീമാ ബാലസാഹിത്യ അവാർഡും ഉദയകുമാറിനെ തേടിയെത്തിയിട്ടുണ്ട്.

   കോട്ടയത്ത് ഡി.സി. ബുക്സ് -കേരളാ ലളിതകലാ സാഹിത്യ അക്കാദമി ഹാളിൽ  ആഗസ്ത് 31-ന് , മലയാള മനോരമ അസോസിയേറ്റ് എഡിറ്റർ ശ്രീ. ജോസ് പനച്ചിപ്പുറമാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. ശ്രീ.കാനായി കുഞ്ഞുരാമൻ, കേരളാ സംഗീതനാടക അക്കാദമി വൈസ് ചെയർമാൻ ശ്രീ.ജോഷി മാത്യു, ശ്രീ.മാടവന ബാലകൃഷ്ണ പിള്ള, ശ്രീ. പി. രാജേഷ്കുമാർ തുടങ്ങിയവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.

     2013 സെപ്തംബർ 7-ാം തീയതിവരെ നടക്കുന്ന ഈ പെയിൻറിംഗ് എക്സിബിഷനിൽ നിങ്ങളേവരും പങ്കെടുക്കണമെന്ന് ഒരു സാധാരണ ആസ്വാദകനെന്ന നിലയിൽ അഭ്യർത്ഥിക്കുന്നു. ഏവർക്കും കോട്ടയത്തേക്കു സ്വാഗതം.