Ettumanoor Visheshangal

Friday, November 29, 2013

കാലമൃത്യു

കാലമേറെകഴിഞ്ഞുപോയ് ജീവിതം
പൂത്തുലഞ്ഞ വസന്തം കൊഴിഞ്ഞിട്ടും
ശാരദേന്തുവിൻകാന്തിയാൽ മോഹങ്ങൾ
നീലവാനിൽ പറക്കുന്നു പിന്നെയും.
നേർത്തശോകത്തിൻ ശീലുമായെത്തുന്ന
രാക്കിളിപ്പാട്ടെൻ കാതിൽ മുഴങ്ങവേ
കാത്തുകാത്തു ഞാൻ സൂക്ഷിച്ചൊരാ നല്ല
സ്വപ്നമൊക്കെയും നക്ഷത്രജാലമായ്
മഞ്ഞുപെയ്യുന്ന രാവിൻറെ കമ്പളം
മെല്ലെയെൻറെ ശരീരത്തെ മൂടവേ
നേർത്തച്ചൂടിൽ പൊതിഞ്ഞൊരാ മോഹങ്ങൾ
മെല്ലെയെന്നിലുണർന്നെണീറ്റീടുന്നു.
സ്വപ്നമല്ലിതു യാഥാർത്ഥ്യം തന്നെയോ
നിൻറെ കയ്യുകളെന്നെ പുണരുന്നു
നേർത്തശ്വാസത്തിൻ വേഗതകൂടിയീ
നെഞ്ചിടിപ്പിൻറെ താളമുയുയരുന്നു.
അറുപതാണ്ടുകൾ നെഞ്ചിലലിഞ്ഞനിൻ
 ചൂടിലെന്നുടെ മാനസം വിങ്ങുന്നൂ
ഓർമ്മയില്ല , നിൻ പട്ടടയിൽ നില്ക്കും
തെങ്ങുകായ്ചുവോ, പിടിതരാതോർമ്മകൾ.
മഞ്ഞുവീണുകുതിരുന്ന രാവിതിൽ
വിവശനായിയെന്നോർമ്മകൾ പായുന്നു
ദൂരമില്ലിനികാതങ്ങൾ താണ്ടുവാൻ
നേർത്തകാലടിശബ്ദമടുത്തെത്തി
കാത്തുസൂക്ഷിച്ചൊരാ നല്ലസ്വപ്നങ്ങൾ
മാത്രമേയുള്ളൂ കണ്ണടയ്ക്കട്ടെ ഞാൻ
കാലത്തിൻറെ കടം തീർത്തു ഞാനിതാ
യാത്രയാകുന്നു ലോകമേ നീ സാക്ഷി!

Tuesday, November 26, 2013

അവൾ നിന്നു കത്തുകയാണ്

കത്തുന്ന തീച്ചൂളപോലെയവൾ
ഒരോ രോമകൂപങ്ങളിലും കനൽ
എരിയുന്നു.

അവൾ
നിർത്താതെയോടിക്കൊണ്ടേയിരുന്നു.
ഒരു കടൽ കുടിച്ചു വറ്റിക്കാനുള്ള
ദാഹം.
രാവിൻറെയിരുണ്ട കോണുകളിൽ
ഇണക്കിളികളുടെ രാപ്പാട്ട്.
മനസ്സ് ഇണയെകാക്കുന്ന വന്യമൃഗത്തെപ്പോലെ
അലറുന്നു.

അവൾ നിന്നു കത്തുകയാണ്.
രാത്രിവണ്ടി തൻറെ ബലിഷ്ഠമായ
ശരീരം പാളങ്ങളിൽ ഉരസിക്കൊണ്ടു കുതിച്ചു
പായുന്നു.
തൻറെ ശരീരത്തിൻറെ ഓരോ അണുവിലൂടെയും
ആ തീവണ്ടി കുതിച്ചു
പാഞ്ഞിരുന്നെങ്കിൽ
എന്നവളാശിച്ചു.

കുഴഞ്ഞകൈകാലുകൾ
ഇടറിയ വഴുവഴുത്ത ശബ്ദം
ഒരോർമ്മത്തെറ്റുപോലെ....
മറന്നു തുടങ്ങിയ
കാലൊച്ചകൾ....
നെഞ്ചിലെ മണിച്ചരടിൽ
കോർത്ത ബന്ധനം,
താങ്ങാനാവാത്ത ഭാരം
പൊട്ടിച്ചു വലിച്ചെറിയുമ്പോൾ
മനസ്സ് ശൂന്യം
ത്ഫൂ......................

അവൾ നിന്നു കത്തുകയാണ്.
നീട്ടിയ ബലിഷ്ഠകരങ്ങളിൽ
അഭയം.
മനസ്സ്
വല്ലാതെ പിടഞ്ഞു.
എന്തിനെന്നറിയാതെ!
അപ്പോഴും അവൾ നിന്നു കത്തുകയായിരുന്നു.

Wednesday, November 20, 2013

രതിയുടെ മേച്ചിൽപ്പുറങ്ങൾ

രതിയുടെ യാഗാശ്വങ്ങൾ മനസ്സിൽ കുതിച്ചു പായുമ്പോഴും
പുറമേ യോഗിയായിരുന്നു.
വികാരത്തിൻറെ വേലിപ്പടർപ്പിൽ തട്ടി
നിൻറെ സ്ഥൂലതയാർന്ന ശരീരത്തിൽ നിന്ന്
മേൽമുണ്ട് അഴിഞ്ഞുവീണപ്പോഴും
പുറമേ ജപിച്ചിരുന്നത് സൗഹൃദം നീണാൾ
വാഴട്ടെ എന്നായിരുന്നു.
അന്യോന്യം കാൽതൊട്ടു വണങ്ങുമ്പോഴും
ഉള്ളിൽ കത്തിയ കർപ്പൂര നാളം
നിൻറെ പൂർണ്ണകായത്തിലുള്ള
നഗ്നമേനിയെ പൂജിക്കാനായിരുന്നു.
മനസ്സിനെയടക്കാൻ പഠിച്ച പണി പതിനെട്ടും
കടന്നിട്ടും അവസാനമെത്തിയത്
നിൻറെ ആലിംഗനത്തിൽ തന്നെയായിരുന്നു.
ഈ നരകവാരിധയിൽ നിന്നും
രക്ഷനേടാൻ ഓടിയോടിയവസാനം
അഭയം കണ്ടെത്തിയത് നിൻറെ
മടിത്തട്ടിൽതന്നെയായിരുന്നല്ലോ!

Wednesday, November 13, 2013

കടൽ ദാഹം

ഒരു കടൽ കുടിച്ചു വറ്റിക്കാൻ ദാഹമുള്ളയൊരുവൻ...

പ്രണയം ഇതൾ വിടർത്തുന്നത് പണത്തിൻറെയും, സമ്പത്തിൻറെയും നിറത്തിൻറയും ജാതിയുടെയും ഇടനാഴികളിലെവിടെയോ ആണെന്ന പാഠം ചൊല്ലി പഠിപ്പിച്ച കലാലയ തിരുമുറ്റങ്ങൾ.

നിനക്കൊരിക്കലും ഞാൻ യോജിച്ച പെണ്ണല്ലെന്നും, എൻറെ വിശ്വരൂപം കണ്ടവരും അനുഭവിച്ചറിഞ്ഞവരും പിന്നെ കണ്ണുതുറന്നിട്ടില്ലെന്ന് മൊഴിഞ്ഞ പ്രണയിനി!

കാതങ്ങൾ ഒഴുകിയെത്തിയതെങ്കിലും കിട്ടിയനീരുറവിയിൽ  അമൃതുതിരഞ്ഞ കൗതുകം.

ദാഹിച്ചുവലഞ്ഞവൻ കോരിയപ്പോൾ കിട്ടിയത്
ഉപ്പുവെള്ളം എന്നു പറഞ്ഞതുപോലെ ജീവിതം.

 കാത്തിരിക്കുന്നു ഞാൻ,  മനസ്സു നിറയെ കോരിക്കുടിക്കാൻ
സ്നേഹത്തിൻറെ വറ്റാത്ത നീരുറവയുമായി
നിൻറെയാഗമനത്തിനായി.

Friday, November 8, 2013

മലയാളത്തിനൊരു പ (ാ) ട്ട്

                                                      (ഖണ്ഡം-1)
നിറയെ പൂക്കുന്ന പൂമരമല്ല നിന്ന-
രികിൽ നില്ക്കുന്ന പൂത്തുമ്പയാണു
നിൻ  മനസ്സിലെന്നും  തെളിയുവാൻവെമ്പുമീ
കൈത്തിരിനാളം  കൂട്ടുകാരാ/രീ!

ഒരുനിലാപക്ഷി പാടുന്ന പാട്ടിലെ
വിരഹമാണൊരു,  നെടുവീർപ്പി-
ലുയരുന്ന  കദനമാണിതു,   നിൻ  നെഞ്ചിലുയരുന്ന
പ്രിയരെയോർത്തുള്ള
തേങ്ങലതാണ് ഞാൻ.

രാത്രിസത്രത്തിൽ കാത്തിരിക്കുന്നൊരു
കാവലാളു ഞാൻ,  വരിക പഥിക നീ
 ആരുമേ കടന്നെത്താത്തവഴികളിൽ
കൂടിസഞ്ചരിച്ചെത്തിയതെങ്കിലും
വീണു പോയിടും നേരത്തു നീയോർക്ക
തേടിടും ലക്ഷ്യസ്ഥാനമീ മണ്ണെന്ന്.
ഒരുപിടിച്ചോറും കണ്ണീരിൻ നനവുമായ്
ഇവിടെയീമണ്ണിൽ കാത്തിരിക്കുന്നു ഞാൻ!
പടിയടച്ചന്നു പിണ്ഡം സമർപ്പിച്ചു
കുടിയിറക്കിയെൻ തറവാട്ടുകാര്യക്കാർ.
മുതലുമോഹിച്ചുമോഹിച്ചവരെൻറെ
പുടവപോലും കവർന്നെടുത്തിന്നിതാ.
              
                                                    (ഖണ്ഡം-2)
ഇന്ന്   ശ്ലീലാശ്ലീലങ്ങളുടെ അതിർവരമ്പുകൾ കൊണ്ട്
അവരെൻറെ അതിരുകൾ നിർണ്ണയിക്കുവാൻ
കിണഞ്ഞു പരിശ്രമിക്കുകയാണ്. അവർക്ക്
വായില്ലാക്കുന്നിലപ്പൻറെ മിണ്ടായ്മയാണ്
എൻറെ മറുപടി.
ഇടത്തുകാലിലെ മന്ത് വലത്തുകാലിലേക്കും
അവിടെ നിന്ന് തിരികെയും
മാറ്റി കളിക്കുന്ന കളിക്കാരൻ/രിയാകുവാൻ
 നിന്നെ ഞാൻ വിടില്ല.
കാത്തിരിക്കുന്ന കറുത്തനാളുകളെക്കുറിച്ച്
ആരാണിനി പാടുവാനുള്ളത്?
ഇന്നലെയുടെ നേർത്തപാടവരമ്പിലൂടെ
ഇനി തിരികെയാത്രയെനിക്കില്ല.
വാളും ചിലമ്പും കയ്യിലേന്തിയാൽ
തായയല്ലെ ഞാനെൻറെയുണ്ണികൾക്ക്!







Monday, November 4, 2013

ഒരു യുവാവിൻറെ ജീവിതത്തിൽനിന്ന്

ഈ എഴുത്തിലെ ' ഞാൻ' ചിലപ്പോഴൊക്കെ ഈ ഞാൻ തന്നെയാവാം...ചിലപ്പോൾ അങ്ങനെയല്ലാതെയുമാവാം.

ഇനിയിപ്പം ഞാനെന്തിനു കുറയ്ക്കണം.....കിടക്കട്ടെ ആത്മകഥയുടെ ചെറിയൊരു തുടക്കമിവിടെ.....പുതിയ എഴുത്തുകാരുടെ ഒരു ട്രെൻഡ് അങ്ങനെയാണത്രേ!

 ജീവിതത്തിൽ ഏറ്റവും കൂടുതൽ ഞാനിഷ്ടപ്പെടുന്നത് ആരെയാണ്? സ്ക്കൂൾ കാലഘട്ടത്തിൽ പണവും പദവിയും പത്രാസ്സുമൊന്നുമില്ലാത്ത ഒരു കുടുംബത്തിലെ ഒരു പയ്യന് ലഭിക്കാവുന്ന തരത്തിലുള്ള പരിഗണനയെ സമൂഹത്തിൽ നിന്നു കിട്ടിയിരുന്നുള്ളൂ. നല്ല വസ്ത്രം ധരിക്കാനും, വാച്ചു കെട്ടാനും, ഷൂസു ധരിക്കാനുമൊക്കെ ആഗ്രഹം ഉണ്ടായിരുന്നു എന്നത് സത്യം. കാലാവസ്ഥ- മോശമായതിനാൽ അതൊന്നും നടന്നില്ല. കോളേജിൽ പഠിക്കുന്ന സമയത്ത്- ഇതു കഥയല്ല- ഒരു ഷർട്ടും, പാൻറും കഴുകിയുണങ്ങിയിട്ടുകൊണ്ട് നാളുകൾ തള്ളി നീക്കിയ കാലം ആർക്കു മറക്കാനാകും.

 ഒത്തിരി കലകൾ പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ചിത്രങ്ങൾ വരയ്ക്കാൻ ഇഷ്ടമായിരുന്നു. എന്നാൽ ചായം വാങ്ങിക്കാൻ പണമെവിടെ?

ജീവിതത്തിൽ തോൽവികൾ അനവധി ഉണ്ടായിട്ടുണ്ട്. കൂടാതെ 'തോല്പിക്കപ്പെട്ടിട്ടുമുണ്ട്.' എങ്കിലും തലയുയർത്തി നില്ക്കാനായിരുന്നു ഇഷ്ടം. തോൽവികളെ കടന്നു് വിജയം കൈവരിക്കുമ്പോഴും അഹങ്കരിച്ചിട്ടില്ല.

ചിലരെങ്കിലും നേരിൽ കാണുമ്പോൾ സ്നേഹത്താൽ ശ്വാസംമുട്ടിക്കുന്നതും അവിടെ നിന്നു മാറുമ്പോൾ കാർക്കിച്ചു തുപ്പുന്നതും മനസ്സിലാക്കിയിട്ടുണ്ട്....ഇയാൾക്ക് ഭയങ്കര തലക്കനമാണ്...ജാഡയാണ്...എന്നൊക്കെ തട്ടിമുളിക്കുന്നതും ശ്രദ്ധയിൽപെട്ടിരുന്നു..... ചിലരെയൊക്കെയങ്ങു വല്ലാതെ സ്നേഹിച്ചുപോയി എന്നതും ശരിതന്നെ. എങ്കിലും മനസ്സിൽ ആരോടും വിദ്വേഷംവെച്ചുകൊണ്ടിരിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. ചിലരെ ജീവിതത്തിൽ ഒഴിവാക്കിയിരുന്നു. എന്നാലും മനസ്സിൽ നിന്നും അവരെയും കുടിയിറക്കിയിരുന്നില്ല.

ഏതൊരു യുവാവിനെയും പോലെ-അതാതയത് സ്വന്തം വഴിയും, യാത്രയും, വഴിച്ചെലവും സ്വയം കണ്ടെത്തേണ്ടി വരുന്ന എല്ലാം കൊണ്ടും ദരിദ്രനായ യുവാവെന്നു സാരം- അയാൾക്ക് അയാളോടായിരുന്നു ഏറ്റവും കൂടുതൽ ഇഷ്ടം...കാലത്തിലെ സേതുവായിരുന്നുവല്ലോ ഇഷ്ട കഥാപാത്രം..പിന്നെയെങ്ങനെ അങ്ങനെയല്ലാതാവും

! (തുടർന്നേക്കാം....)