Ettumanoor Visheshangal

Monday, August 26, 2013

മാണിക്കംപെണ്ണും മറിയാമ്മച്ചേടത്തീം
(ചിത്രം: കടപ്പാട് ഗൂഗിൾ)
----------------------------------------------------------------------------------------------------

ഇലകളും പൂക്കളും തളിരിട്ടു നില്ക്കുന്ന
പുലർകാലവേളയിൽ നീയുണർന്നൂ
കുളിർമഞ്ഞു പെയ്യുന്ന രാവിൻറെയവസാന
യാമത്തിൽ പാടുവാനെഴുന്നേറ്റു നീ!

തളിർനെല്ലുതളിരിട്ട പാടത്തിന്നോരത്ത-
ന്നൊരു കൊച്ചുകൂരയിൽ നീ വസിപ്പൂ
മിഴികളിൽ, കത്തുന്ന കഥകളുടെ
യോർമ്മയിലൊരുപാടുകാതങ്ങൾ നീയലഞ്ഞു.


ഉറയുന്ന കോലങ്ങൾതുള്ളിയാടീടുന്ന
കഥകളിൽ  നിന്നെത്തിരഞ്ഞുപോയീ
പകിടപന്ത്രണ്ടും കളിക്കുന്ന വിധിയുടെ
നിഴലിനെയും നീ ഭയന്നതില്ലാ!

മാണിക്കംപെണ്ണിൻറെ കഥപറഞ്ഞാറെ നീ
കൊല്ലത്തുകുഞ്ഞിനെ, യോർത്തതില്ലേ
പാടത്തുപാടുന്ന പാട്ടിലെ,  സ്നേഹത്തിൻ
പെരുമയേറും,  കഥകേട്ടതില്ലേ!

ഏഴുപേരല്ലോ മണിത്തുമ്പിമാരവരേഴുപേർ
ച്ചേർന്നപ്പോൾ,  ഭൂമിക്കു കാലമായ്
ഏഴുരുള മണ്ണിൽ മെനഞ്ഞെടുത്തുള്ളൊരീ
ഭൂമിതൻ സൃഷ്ടിനടത്തിയാ തുമ്പികൾ!

മുടിയാട്ടമാടുന്നപെണ്ണിൻറെ മനസ്സിലും,
കൊയ്യുമ്പം കണ്ടത്തീപ്പാടുന്നപാട്ടിലും
ചെങ്ങന്നൂരാതിതൻ പോരിൻറെഗരിമയിൽ
തെളിയുന്നതിന്നൊരു വംശത്തിൻ ഗാഥകൾ.

നാലെലച്ചക്രത്തിലപ്പൻറെകാലുകൾ
നാലായിരന്തവണ ചുറ്റിത്തിരിയുമ്പോൾ
വല്ലഴികെട്ടിൽ മയങ്ങുന്ന കുഞ്ഞിൻറെ
മനതാരിൽക്കേട്ടുറപ്പിച്ചതീപ്പാട്ടുകൾ.

രണ്ടുപറനെല്ലിലും നാഴിക്കുമുപ്പിലും
ഓണമിന്നോണംഘോഷിച്ചതന്നു നാം
കായിക്ക-ച്ചൊല്ലാൻ ക്രിസ്ത്യാനിക്കളരീൽ
പോയന്നു നീ, മുഴുമിച്ചതില്ലാ.

കൊമരകംകുന്നശ്ശേരിക്കരക്കാരുടെ
പാട്ടിനെവെല്ലുവാൻ തലവെട്ടിപ്പാടീ
പെറ്റമ്മപാടുന്നപാട്ടുപടിച്ചു നീ
സ്വന്തം സമുദായക്കഥപഠിച്ചൂ!

ഭൈരവിക്കോലംതുള്ളിയാടീടുമ്പോൾ
 മുടിയഴിച്ചാടാൻ, തലപ്പാട്ടുപാടുമ്പോൾ

കരുവും മരവും കൊട്ടുന്നൊരീണത്തിൽ
എടനാടൻ പാട്ടിൻറെ മുഖമുദ്രയാടൂ!


തെയ്യാ തിനുന്തോ തിനുന്തിനും താരില്ല
തെയ്യതിനുന്തേ തിനുന്തിനും താരാ
തെയ്യാ തിനുന്തോ തിനുന്തിനും താരില്ല
തെയ്യതിനുന്തേ തിനുന്തിനും താരാ.


                                                  -സുരേഷ് കുറുമുള്ളൂർ

****************************കവിത****************

(മറിയാമ്മച്ചേടത്തി എന്ന നാടൻപാട്ടുകലാകാരി അന്തരിച്ചിട്ട് 2013 ഓഗസ്ത് 31 ന് അഞ്ചുവർഷം തികയുന്നു. മറിയാമ്മ ചേടത്തിയുടെ ഓർമ്മകൾക്കുമുന്നിൽ ഈ കവിത സമർപ്പിക്കുന്നു. എം.എ. പഠനകാലത്ത് കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, സ്ക്കൂൾ ഓഫ് സേഷ്യൽ സയൻസസിലെ എൻറെ അദ്ധ്യാപകനായ സനൽ മാഷിനോടൊത്ത് മറിയാമ്മച്ചേടത്തിയുടെ പാട്ടിനെയറിയാൻ,  ചേടത്തിയെ വീട്ടിൽ സന്ദർശിച്ചത് ഞാനോർക്കുന്നു. മറിയാമ്മച്ചേടത്തിക്ക് ആദരാഞ്ജലികൾ!

ഒരുതലമുറയൊന്നാകെപ്പാടിയ പാട്ടുകൾ നമുക്കായി പകർന്നു തന്ന്,  മറിയാമ്മച്ചേടത്തി നമ്മെ വിട്ടു പിരിഞ്ഞു. എങ്കിലും ആ പാട്ടുകൾ നമുക്ക് നഷ്ടപ്പെട്ടിട്ടില്ല. പ്രൊഫ. സെബാസ്റ്റ്യൻ വട്ടമറ്റം എഡിറ്റു ചെയ്ത് നമുക്കായി ആ നാടൻപാട്ടുകൾ 'മറിയാമ്മച്ചേടത്തിയുടെ മാണിക്കംപെണ്ണ് 'എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
'മറിയാമ്മച്ചേടത്തിയുടെ മാണിക്കംപെണ്ണ് '-എഡിറ്റർ, സെബാസ്റ്റ്യൻ വട്ടമറ്റം-പ്രസാധകർ സാഹിത്യപ്രവർത്തക സഹകരണ സംഘം, നാഷണൽ ബുക്ക്സ്റ്റാൾ , കോട്ടയം, 2011)
 Wednesday, August 21, 2013

ചൊൽക്കാഴ്ച

പൊട്ടിപ്പൊളിഞ്ഞ ജീവിതം
അവസാനത്തെ ആണിക്കല്ലും ഇളക്കിയെടുത്ത്
തകർന്ന തറവാട്
ലാഭനഷ്ടങ്ങളുടെ കണക്കുകൾക്കിടയിൽ,
രക്തബന്ധങ്ങളുടെ വിലമറന്ന്
ഒരു തെരുവുപട്ടിയെപ്പോലെയണച്ചണച്ച്
ആരോടും മനസ്സിൽ, ഒരിറ്റു സ്നേഹമില്ലാതെയങ്ങനെ!
****************
മുട്ടിയുരുമ്മി ചക്കരവർത്തമാനം പറഞ്ഞ്
സിരകളിൽ സുനാമിയുടെ
തിരമാലകളുയർത്തിയവൾ,
ഇടുക്കുകളിൽ സീൽക്കാരത്തോടെ
തുളഞ്ഞുകയറിയവൾ
ഏകാന്തതയുടെ ദ്വീപിൽ
ജീവിതം കുന്നിമണിപോലെ
വാരി വിതറിയവൾ
ചുറ്റിലും ആരവമുയർന്നപ്പോൾ
ചിണുങ്ങിക്കൊണ്ടവൾ പറഞ്ഞു
എന്നാലും, എന്നോടിങ്ങനെ......
****************
ദേഹത്തു വ്രണങ്ങൾ പൊട്ടി
ചലമൊലിപ്പിക്കുന്ന ദേഹകാന്തിയുമായി
അവൾ!
മേദസ്സു നിറഞ്ഞ ശരീരം
ഒരിക്കൽ പോലും മനസ്സാ വാചാ
കർമ്മണാ തിരിഞ്ഞു
നോക്കിയില്ലെങ്കിലും,
ആർക്കും വേണ്ടാത്ത ആ
ശരീരം വിലപിച്ചു നടന്നു
എന്നാലും നീയെന്നോട്..
***************
രാത്രിയുടെ തണുപ്പിൽ
ചുറ്റിവരിയുമ്പോൾ
അവൾ പറഞ്ഞു
നിന്നെ ഞാൻ തിന്നും!
പിരിയുമ്പോൾ പറഞ്ഞു
നിൻറെ, സാമീപ്യമില്ലാതെ,
സ്പർശനമില്ലാതെ, ഗന്ധമില്ലാതെ
എനിക്ക് നിന്നെ സ്നേഹിക്കാനാവില്ല
നമ്മൾ എന്നെന്നേക്കുമായി പിരിയുന്നു.
************
ചൊൽക്കാഴ്ച അരങ്ങുതകർക്കുകയാണ്,
അർത്ഥങ്ങൾ തിരഞ്ഞ് ആസ്വാദകൻ അലയുമ്പോൾ
ഇടയ്ക്കയും,പുല്ലാങ്കുഴലും, ഇലത്താളവും, ചേങ്ങിലയും
ചെണ്ടയും, കൊമ്പും, കുഴലും താളലയഭംഗിയില്ലാതെ
ആർത്തലയ്ക്കുകയാണ്.
ഈ ജീവിതമൊരു  ചൊൽക്കാഴ്ച!

 

Sunday, August 11, 2013

സ്മാർത്ത വിചാരം

കാനനം;   മനസ്സിൻ ജാലകം തുറക്കട്ടെ  ഞാൻ
കാടകത്തുള്ളിലെയിരുട്ടിനെയകറ്റുവാൻ.
ആരൊരാളിതെന്നുള്ളിൽ നിലയുറപ്പിച്ചീടുന്ന-
തീവഴി തിരഞ്ഞുഞാനെത്ര നടന്നിട്ടും,
നാളിതേ വരെ കണ്ടതില്ല,നിൻമിഴിയീറനായ്
 കണ്ണുനീർ തൂകവതും, കരൾപകുത്തു നിൻ
ജീവനായ് ഹോമിക്കുന്പൊഴും, ഒരുനറു
പുഞ്ചിരിമാത്രം നിൻ ചുണ്ടിൽ കരുതി നീ.

സ്മാർത്തവിചാരം കഴിഞ്ഞൂ, പലവഴിയാളുകൾ
പിരിഞ്ഞു, നിലയറിയാതീക്കയത്തിൽ,
കൈകാൽകുഴഞ്ഞു, തളർന്നു ഞാൻ പിടയുന്പൊഴും
മനസ്സിൽ നോവായ്നില്പതൊന്നുമാത്രം
എന്നിലെയെന്നെയാദ്യമായ് നേദിച്ചതാർക്കോ-
വക്കയ്യാലാദ്യത്തെയാണിയെൻ  നെഞ്ചിൽ തറച്ചതു
ഞാനറിയുന്നു, പ്രാണൻ പിടയും വേദനയാൽ ഞാനെന്നെ-
വെറുത്തതപ്പോൾ മാത്രം!

കാരിരുന്പിൻ കനമുള്ള ചങ്ങലയെൻ കാലിനെ
വരിഞ്ഞു മുറുക്കവേ, മഹാകാരം, ആകാശംമുട്ടെ
ഞാൻ വളർന്നീടവേ, ധ്യാനലീനമായ്,  മനസ്സിൽ
ചിത്പ്രകാശം നിറഞ്ഞൊഴുകവേ, കാണുവതിന്നെ-
ന്നുടെചുറ്റിലും വിരൽപൊക്കമുള്ളവർ
ഓരിയിട്ടു, പുളച്ചുമദിക്കുന്നതും, തൻകയ്യിലേറ്റിയ
കല്ലുകൾ കൊണ്ടെന്നെയാഞ്ഞെറിഞ്ഞീടുന്നതും,
മഹാരഥന്മാരെന്നു ഭാവിച്ചു, പൂജനീയ പദവിയില-
കത്തിരുട്ടുമായ് വെളുക്കെ ചിരിച്ചു കൊണ്ടെ-
ന്നുടെ നിഴലരികത്തുപോലുമണഞ്ഞിട്ടില്ലെന്നാ-
ണയിടുന്നതു, മവരൊരു പെണ്ണിൻമനമറിയാതെ
'സാധനമെന്നു' വിളിച്ചു തൻമുദ്രമോതിരം കയ്യാൽ മറച്ചും
മഹാരാജാവെഴുന്നെള്ളും വേളയിൽ, പഞ്ചപുശ്ചമടക്കി
നില്പതു കാണ്കെ, മനസ്സിൽ തോന്നുവതിത്രമാത്രം, ശവങ്ങൾ!

സ്മാർത്തവിചാരം തുടങ്ങീ ബലിക്കല്ലിൽ തലവെച്ചു-
കൊടുക്കുവതുമാത്രമെൻ കർമ്മം, മിഴിയടച്ചു
തളർന്നുപോകുമെൻമനസ്സിനെയാദ്യമായ് വരുതി-
യിലാക്കിഞാൻ, നൊടിയിടകൊണ്ടെന്നുടെയാത്മബലത്താൽ
കരഗതമാക്കിയെന്നുടെ തലയറുത്തീടുവാൻ ദാഹിക്കും
മൂർച്ചയേറിയ വജ്രായുധം, ഒരുമാത്രഞെട്ടിത്തരിച്ചു-
പോയൊരാക്കർമ്മിതൻ, തലുയരുളുന്നതും, ചുടുചോരചീറ്റി
ത്തെറിക്കുന്നതും, സത്യമോ മിഥ്യയോയെന്നറിയാതെ
ഒരുവേള ഞാനും പകച്ചുപോയെന്നതു,  സത്യം!

കാനനമിരുണ്ടഗാധമെൻ മനസ്സിൻ ജാലകം തുറക്കട്ടെ, കാടകത്തുള്ളിലെയിരുട്ടിനെയകറ്റുവാൻ,   ഞാനീ-
 കാരിരുന്പിൻ കോട്ടയിലേകയായൊരുതരിവെട്ടം
കാട്ടുവാനെത്തുമോ, യീവഴിയാരെങ്കിലും,
ആരൊരാളിതെന്നുള്ളിൽ നിലയുറപ്പിച്ചീടുന്ന-
തീവഴി തിരഞ്ഞുഞാനെത്ര നടന്നിട്ടും പുലരിത്തൂവെളിച്ചം,
കടന്നെത്തുവാനിനിയെത്രനേരം
 കാക്കണമറിയില്ല, യറിയുവതൊന്നുമാത്രം, ഞാൻ
മിഴിയടച്ചീടുംവരെമാത്രമേയെൻ മനസ്സിൽ വെളിച്ചമായ്
നീ പ്രകാശിപ്പൂയെൻ ദൈവമേ!

 
Tuesday, August 6, 2013

എങ്ങനെ മറക്കുമെൻ ചങ്ങാതിയെ – ആകാശവാണിയെ!
     റേഡിയോ ഒരു നല്ല ചങ്ങാതിയായി മാറിയിട്ട് കാലം കുറെയായി. ചങ്ങാതിയായ കാലം മുതൽ ആകാശവാണി, തിരുവനന്തപുരം, ആലപ്പുഴ....... എന്നിങ്ങനെ കേൾക്കാത്ത ദിവസങ്ങൾ വളരെ കുറവാണ്.

  ചെറുപ്പത്തിൽ രാവിലെ പുതച്ചുമൂടിക്കിടന്നുറങ്ങുംപോൾ ഉദയഗീതവുമായി ചങ്ങാതി അരികിലെത്തും. എത്രയെത്ര ഭക്തിഗാനങ്ങളാണ് പാതിയുറക്കത്തിൽ കേട്ടു കേട്ടു മനസ്സിൽ പതിഞ്ഞിട്ടുള്ളത്.  യേശുദാസും, ജയചന്ദ്രനും, കമുകറയും, പി. ലീലയും, പരിചയക്കാരാവുന്നത് ആകാശവാണി മുഖേനയാണ്!  തുടർന്നെത്തുന്ന പ്രഭാതഭേരി, നമ്മളോരോരുത്തരും പ്രതികരിക്കണം എന്നു കരുതുന്നതും എന്നാൽ ഒരിക്കലും അങ്ങനെ ചെയ്യാത്തതുമായ,  വിഷയങ്ങളെക്കുറിച്ചുള്ളതായിരിക്കും. സർക്കാർ മാദ്ധ്യമമെങ്കിലും, പരിമിതികളുണ്ടെങ്കിലും,  വിഷയം പക്ഷപാതരഹിതമായി അവതരിപ്പിക്കാൻ ആകാശവാണി ശ്രമിക്കാറുണ്ട്.
പണ്ഡ്ഡിതനും പാമരനും ഒരു പോലെ ഇഷ്ടപ്പെടുന്ന തരത്തിൽ പരിപാടികൾ അവതരിപ്പിക്കാൻ കഴിയുന്നു എന്നതാണ് ആകാശവാണിയുടെ പ്രത്യേകത. 1943 മാർച്ച് 12-നു തിരുവിതാംകൂറിലെ ആദ്യത്തെ റേഡിയോ സ്റ്റേഷൻ, മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ ഉദ്ഘാടനം ചെയ്തു എന്നുള്ളത് ചരിത്രം.

    വി. സാംബശിവനും, കെടാമംഗലം സദാനന്ദനും, ഹർഷകുമാറും, അവതരിപ്പിച്ച കഥാപ്രസംഗങ്ങൾ ഇന്നും ചെവിയിൽ മുഴങ്ങുന്നു.

    ബാലലോകവും, തമിഴ്ചൊൽമാലയുമൊക്കെ ഓർമ്മകളിൽ മങ്ങാതെ മായാതെ നില്ക്കുന്നു. രഞ്ജിനി എന്ന ചലച്ചിത്ര ഗാന പരിപാടി കേൾക്കാൻ എത്രയെത്ര ശ്രോതാക്കളാണ് കാതോർത്തിരുന്നത്.

   ആകാശവാണി നാടകങ്ങൾ കേൾക്കാനായി കാതോർത്തിരുന്ന ആ നാളുകൾ എങ്ങനെ മറക്കാനാവും. റ്റി.പി. രാധാമണി, സതീഷ് ചന്ദ്രൻ, എന്നിവർ ഒരു കാലത്ത് റേഡിയോ നാടക ശ്രോതാക്കളുടെ പ്രിയ താരങ്ങളായിരുന്നു. രാമൻകുട്ടി നായർ, ദേവകിയമ്മ, രാധാദേവി, ഖാൻ കാവിൽ, തിക്കോടിയൻ, വാർത്താവായനയിലൂടെ പ്രശസ്തനായ രാമചന്ദ്രൻ, അലക്സ് വള്ളക്കാലിൽ, വെണ്മണി വിഷ്ണു, ഉണ്ണിക്കൃഷ്ണൻ പറക്കോട്, ബലദീവാനന്ത സാഗര (സംസ്കൃതം വാർത്ത), രാജേശ്വരീ മോഹൻ, രവീന്ദ്രൻ ചെന്നിലോട്, രമേശൻ നായർ അങ്ങനെ എത്രയെത്ര പേരുകളാണ് മനസ്സിൽ തറഞ്ഞു നില്ക്കുന്നത്.
പല ചലച്ചിത്ര ഗാനങ്ങളും മലയാളികളുടെ മനസ്സിൽ മായാതെ നില്ക്കുന്നതിന് ഗാനരചയിതാക്കളും, ഗായകരും സംഗീതസംവിധായകരും ആകാശവാണിയോടു നന്ദി പറഞ്ഞേ തീരൂ.

   ടെലിവിഷൻ രംഗം പിടിച്ചടക്കുന്നതു വരെ മലയാളിയു സാമൂഹ്യ ജീവിതത്തെ സ്വാധീനിച്ചിരുന്ന ഒരു പ്രധാന കണ്ണിയായിരുന്നു ആകാശവാണി. ശ്രോതാക്കൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ സ്വതന്ത്രമായി പ്രകടിപ്പിക്കുവാൻ എഴുത്തുപെട്ടി എന്ന പരിപാടി പ്രയോജനപ്പെട്ടിരുന്നു.

    ശ്രോതാക്കളുടെ ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താത്ത രീതിയിലുള്ള ആകാശവാണിയുടെ പ്രവർത്തനമാണ് ആകാശവാണിയുടെ സവിശേഷത.ഒരു കാലത്ത് ഗ്രാമപ്രദേശങ്ങളിൽ ലൈബ്രറികളോടനുബന്ധിച്ച് റേഡിയോ കേൾക്കുന്നതിന് സൗകര്യമേർപ്പെടുത്തിയിരുന്നു. അന്ന് ഗവൺമെൻറിൻറെ പരിപാടികളുടെ ഒരു മുഖ്യപ്രചരണ മാദ്ധ്യമവും റേഡിയോ ആയിരുന്നു.
വ്യക്തിപരമായി ആകാശവാണി തിരുവനന്തപുരം നിലയത്തോട് എനിക്ക് ഒരു പ്രത്യേക സ്നേഹമുണ്ട്.  എൻറെ ഒരു കഥ യുവവാണിയിൽ വായിച്ചവതരിപ്പിക്കുന്നതിന് എനിക്ക് അവസരം തന്നു എന്നുള്ളതാണ് ആ പ്രത്യേക മമതയ്ക്കു കാരണം. എനിക്കു ലഭിച്ച ആദ്യ പ്രതിഫലങ്ങളിലൊന്ന് ആകാശവാണിയിൽ നിന്നുമായിരുന്നു. 50-രൂപ! 1989-ലായിരുന്നു ഇത്.  എന്നെ ബാങ്കിൽ ഒരക്കൗണ്ടു തുറക്കുന്നതിന് പ്രേരിപ്പിതും ആകാശവാണി തന്നെ.  ആകാശവാണി തന്ന 50 രൂപയുടെ ചെക്കുമാറുന്നതിന് 10 രൂപ നല്കി ഞാൻ എസ്.ബി.ടി.യിൽ ഒരക്കൗണ്ടാരംഭിച്ചു.  അന്നു പത്തുരൂപയായിരുന്നു അക്കൗണ്ട് തുറക്കുന്നതിനു വേണ്ട മിനിമം ബാലൻസ്.

    ഇന്നും ആകാശവാണി എൻറെ കൂടെയുണ്ട്. ഊണിലും ഉറക്കത്തിലും, മലയാളിയുടെ ഹൃദയസ്പന്ദനങ്ങളറിഞ്ഞ് ഇന്നും ആകാശവാണി നിലനില്ക്കുന്നു.  നൂറു കണക്കിനു ടെലിവിഷൻ ചാനലുകളും, പല എഫ്.എം നിലയങ്ങളും, വില്ലേജ് റേഡിയോ നിലയങ്ങളുമൊക്കെ രംഗത്തെത്തിയെങ്കിലും ആകാശവാണി എന്ന,  ആ പഴയ ചങ്ങാതിയെ എനിക്കു മറക്കാനാവില്ല!