Ettumanoor Visheshangal

Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Tuesday, September 3, 2013

അധികാരത്തിൻറെ രൂപകങ്ങൾ: തെയ്യത്തിൻറെ ഭാവപകർച്ചയിൽ ഒരു ചിത്രപ്രദർശനം




     കോട്ടയത്തെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ (ഡി.സി. ബുക്സ്, കോട്ടയം) 2013 ആഗസ്ത് 31 മുതൽ സെപ്തംബർ 7 വരെ നടക്കുന്ന "Metaphors of Power" എന്ന ചിത്രപ്രദർശനം വേറിട്ട ഒരു കാഴ്ചയുടെ അനുഭവം ആസ്വാദകന് നല്കുന്നു.   റ്റി. ആർ. ഉദയകുമാർ എന്ന ചിത്രകാരനാണ് ഈ  ദൃശ്യവിരുന്ന് കോട്ടയത്തിന് സമ്മാനിച്ചത്.  കേരളാ ലളിതകലാ അക്കാദമി നിർവ്വാഹക സമിതി അംഗവും മാവേലിക്കര രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സിലെ പൂർവ്വ വിദ്യാർത്ഥിയുമാണ് ശ്രീ. ഉദയകുമാർ.





      ഉത്തരകേരളത്തിൻറെ തനതുകലാരൂപമായ തെയ്യത്തെ അടിസ്ഥാനമാക്കിയുള്ള 20 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. തെയ്യത്തിൻറെ വേഷപകർച്ചയിൽ ഉപയോഗിച്ചിരിക്കുന്ന നിറച്ചാർത്തുകളെ അടസ്ഥാനമാക്കി അക്രിലിക്കിലാണ് ക്യാൻവാസിൽ ഈ ചിത്രങ്ങൾക്ക് രൂപം പകർന്നിരിക്കുന്നത്. 

  ആധുനിക മനുഷ്യൻറെ ജീവിതസങ്കീർണ്ണതകളും, കഠിനവ്യഥകളും, ഉയർത്തുന്ന അതിതീവ്രമായ ജീവിത യാഥാർത്ഥ്യങ്ങൾക്കു മുന്നിൽ ചിത്രകാരൻ ഉയർത്തിയ ഒരു നേർക്കണ്ണാടിയാണ് ഈ ചിത്രങ്ങൾ.
    
      അധികാരത്തിൻറെ ഉന്നതവേഷങ്ങൾ, ദൈവക്കോലങ്ങളായി കെട്ടിയാടപ്പെടുമ്പോഴും,  തെയ്യക്കോലങ്ങൾക്കുള്ളിൽ പരുപരുത്ത ജീവിതത്തിൻറെ നിലപാടുതറയിൽ പലപ്പോഴും തോറ്റുപോകുന്ന തെയ്യംകലാകാരൻറെ ജീവിതമുണ്ടെന്ന വെളിപാട് നമുക്കു മുന്നിൽ ഓർമ്മപ്പെടുത്തുന്നതാണ് ഉദയകുമാറിൻറെ ചിത്രങ്ങൾ.




     കടുംചുവപ്പും, മഞ്ഞയും, കറുപ്പും, നീലയും ചേർന്നൊരുക്കുന്ന വർണ്ണപ്രപഞ്ചത്തിൽ, അധികാരത്തിൻറെ മൂർത്തരൂപമായി തെയ്യം ഓർമ്മപ്പെടുത്തലുകൾ നടത്തുമ്പോൾ,  അതേ തെയ്യംതന്നെ കീഴാളൻറെ സമൂഹത്തിലെ വിധേയത്വത്തിൻറെ ഭിന്നരൂപമായി മാറുന്നുവെന്നുള്ള കാഴ്ചപ്പാട് വെളിവാക്കുന്നത്, ഭൂതകാലയാഥാർത്ഥ്യങ്ങളുടെ പരുത്തപ്രതലങ്ങൾ മാത്രമല്ല മറിച്ച്  ആധുനികമനുഷ്യൻറെ ദയനീയമായ രൂപപരിണാമത്തെക്കുറിച്ചുകൂടിയാണ്.

        അധികാരത്തിൻറെ വെള്ളിദണ്ഡും പിടിച്ചു നില്ക്കുമ്പോഴും, ഇടയ്ക്കെപ്പോഴോ അറിയാതെ അവനവനിലേക്കു തിരിഞ്ഞു നോക്കേണ്ടി വരുമ്പോൾ അനുഭവിക്കുന്ന വിധേയത്വത്തിൻറെ, കീഴടങ്ങലിൻറെ, യുക്തിക്കതീതമായ വിശ്വാസങ്ങൾക്കുമുന്നിൽ മുട്ടുമടക്കുന്നതിൻറെയൊക്കെ അടയാളപ്പെടുത്തലുകളാണ്.  ഈ ചിത്രങ്ങളിൽ ഭൂരിഭാഗവും.

    തെയ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങൾക്കൂടാതെ മറ്റു ചില അബ്സ്ട്രാക്ട് ചിത്രങ്ങൾക്കൂടി പ്രദർശനത്തിലുണ്ട്.



       ജീവിതത്തിൻറെ ഇടനാഴികളിൽ ഒറ്റപ്പെടുന്നവൻറെയും,അതേ സമയം കണ്ണുകളിൽ രോഷമടക്കി വിധേയനാവുന്ന ആധുനിക മനുഷ്യൻറെ വിധിവൈപരിത്യത്തെയും, തെയ്യത്തിൻറെ മുഖചിത്രങ്ങളിലെ  ഭാവതീവ്രമായ കണ്ണുകളുടെ വരകളിലൂടെ  ആസ്വാദകനിലെത്തിക്കാൻ ചിത്രകാരന് കഴിഞ്ഞിരിക്കുന്നു.


      തകഴി, എം.ടി, കേശവദേവ്, മലയാറ്റൂർ, സക്കറിയ, മുകുന്ദൻ, ഒ.എൻ.വി, ഒ.വി.ഉഷ, സി.രാധാകൃഷ്ണൻ സുഗതകുമാരി തുടങ്ങി മലയാളത്തിലെ പ്രശസ്തരും പ്രഗത്ഭരുമായ സാഹിത്യകാരന്മാർക്കായി 2000-ത്തിലധികം പുസ്തക കവറുകൾ, ഡി.സി. പ്രഭാത്, കറൻറ്, എസ്.പി.എസ്.എസ്, സാഹിത്യ അക്കാദമി, എം.ജി.യൂണിവേഴ്സിറ്റി തുടങ്ങിയ പുസ്തകശാലകൾക്കായി ഉദയകുമാറിൻറെ കലാവിരുതിൽ രൂപം കൊണ്ടിട്ടുണ്ട്.

    എൻ.സി.ഇ.ആർ.റ്റി. ദേശീയ അവാർഡും, ഭീമാ ബാലസാഹിത്യ അവാർഡും ഉദയകുമാറിനെ തേടിയെത്തിയിട്ടുണ്ട്.

   കോട്ടയത്ത് ഡി.സി. ബുക്സ് -കേരളാ ലളിതകലാ സാഹിത്യ അക്കാദമി ഹാളിൽ  ആഗസ്ത് 31-ന് , മലയാള മനോരമ അസോസിയേറ്റ് എഡിറ്റർ ശ്രീ. ജോസ് പനച്ചിപ്പുറമാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. ശ്രീ.കാനായി കുഞ്ഞുരാമൻ, കേരളാ സംഗീതനാടക അക്കാദമി വൈസ് ചെയർമാൻ ശ്രീ.ജോഷി മാത്യു, ശ്രീ.മാടവന ബാലകൃഷ്ണ പിള്ള, ശ്രീ. പി. രാജേഷ്കുമാർ തുടങ്ങിയവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.

     2013 സെപ്തംബർ 7-ാം തീയതിവരെ നടക്കുന്ന ഈ പെയിൻറിംഗ് എക്സിബിഷനിൽ നിങ്ങളേവരും പങ്കെടുക്കണമെന്ന് ഒരു സാധാരണ ആസ്വാദകനെന്ന നിലയിൽ അഭ്യർത്ഥിക്കുന്നു. ഏവർക്കും കോട്ടയത്തേക്കു സ്വാഗതം.




Tuesday, August 6, 2013

എങ്ങനെ മറക്കുമെൻ ചങ്ങാതിയെ – ആകാശവാണിയെ!




     റേഡിയോ ഒരു നല്ല ചങ്ങാതിയായി മാറിയിട്ട് കാലം കുറെയായി. ചങ്ങാതിയായ കാലം മുതൽ ആകാശവാണി, തിരുവനന്തപുരം, ആലപ്പുഴ....... എന്നിങ്ങനെ കേൾക്കാത്ത ദിവസങ്ങൾ വളരെ കുറവാണ്.

  ചെറുപ്പത്തിൽ രാവിലെ പുതച്ചുമൂടിക്കിടന്നുറങ്ങുംപോൾ ഉദയഗീതവുമായി ചങ്ങാതി അരികിലെത്തും. എത്രയെത്ര ഭക്തിഗാനങ്ങളാണ് പാതിയുറക്കത്തിൽ കേട്ടു കേട്ടു മനസ്സിൽ പതിഞ്ഞിട്ടുള്ളത്.  യേശുദാസും, ജയചന്ദ്രനും, കമുകറയും, പി. ലീലയും, പരിചയക്കാരാവുന്നത് ആകാശവാണി മുഖേനയാണ്!  തുടർന്നെത്തുന്ന പ്രഭാതഭേരി, നമ്മളോരോരുത്തരും പ്രതികരിക്കണം എന്നു കരുതുന്നതും എന്നാൽ ഒരിക്കലും അങ്ങനെ ചെയ്യാത്തതുമായ,  വിഷയങ്ങളെക്കുറിച്ചുള്ളതായിരിക്കും. സർക്കാർ മാദ്ധ്യമമെങ്കിലും, പരിമിതികളുണ്ടെങ്കിലും,  വിഷയം പക്ഷപാതരഹിതമായി അവതരിപ്പിക്കാൻ ആകാശവാണി ശ്രമിക്കാറുണ്ട്.
പണ്ഡ്ഡിതനും പാമരനും ഒരു പോലെ ഇഷ്ടപ്പെടുന്ന തരത്തിൽ പരിപാടികൾ അവതരിപ്പിക്കാൻ കഴിയുന്നു എന്നതാണ് ആകാശവാണിയുടെ പ്രത്യേകത. 1943 മാർച്ച് 12-നു തിരുവിതാംകൂറിലെ ആദ്യത്തെ റേഡിയോ സ്റ്റേഷൻ, മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ ഉദ്ഘാടനം ചെയ്തു എന്നുള്ളത് ചരിത്രം.

    വി. സാംബശിവനും, കെടാമംഗലം സദാനന്ദനും, ഹർഷകുമാറും, അവതരിപ്പിച്ച കഥാപ്രസംഗങ്ങൾ ഇന്നും ചെവിയിൽ മുഴങ്ങുന്നു.

    ബാലലോകവും, തമിഴ്ചൊൽമാലയുമൊക്കെ ഓർമ്മകളിൽ മങ്ങാതെ മായാതെ നില്ക്കുന്നു. രഞ്ജിനി എന്ന ചലച്ചിത്ര ഗാന പരിപാടി കേൾക്കാൻ എത്രയെത്ര ശ്രോതാക്കളാണ് കാതോർത്തിരുന്നത്.

   ആകാശവാണി നാടകങ്ങൾ കേൾക്കാനായി കാതോർത്തിരുന്ന ആ നാളുകൾ എങ്ങനെ മറക്കാനാവും. റ്റി.പി. രാധാമണി, സതീഷ് ചന്ദ്രൻ, എന്നിവർ ഒരു കാലത്ത് റേഡിയോ നാടക ശ്രോതാക്കളുടെ പ്രിയ താരങ്ങളായിരുന്നു. രാമൻകുട്ടി നായർ, ദേവകിയമ്മ, രാധാദേവി, ഖാൻ കാവിൽ, തിക്കോടിയൻ, വാർത്താവായനയിലൂടെ പ്രശസ്തനായ രാമചന്ദ്രൻ, അലക്സ് വള്ളക്കാലിൽ, വെണ്മണി വിഷ്ണു, ഉണ്ണിക്കൃഷ്ണൻ പറക്കോട്, ബലദീവാനന്ത സാഗര (സംസ്കൃതം വാർത്ത), രാജേശ്വരീ മോഹൻ, രവീന്ദ്രൻ ചെന്നിലോട്, രമേശൻ നായർ അങ്ങനെ എത്രയെത്ര പേരുകളാണ് മനസ്സിൽ തറഞ്ഞു നില്ക്കുന്നത്.
പല ചലച്ചിത്ര ഗാനങ്ങളും മലയാളികളുടെ മനസ്സിൽ മായാതെ നില്ക്കുന്നതിന് ഗാനരചയിതാക്കളും, ഗായകരും സംഗീതസംവിധായകരും ആകാശവാണിയോടു നന്ദി പറഞ്ഞേ തീരൂ.

   ടെലിവിഷൻ രംഗം പിടിച്ചടക്കുന്നതു വരെ മലയാളിയു സാമൂഹ്യ ജീവിതത്തെ സ്വാധീനിച്ചിരുന്ന ഒരു പ്രധാന കണ്ണിയായിരുന്നു ആകാശവാണി. ശ്രോതാക്കൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ സ്വതന്ത്രമായി പ്രകടിപ്പിക്കുവാൻ എഴുത്തുപെട്ടി എന്ന പരിപാടി പ്രയോജനപ്പെട്ടിരുന്നു.

    ശ്രോതാക്കളുടെ ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താത്ത രീതിയിലുള്ള ആകാശവാണിയുടെ പ്രവർത്തനമാണ് ആകാശവാണിയുടെ സവിശേഷത.ഒരു കാലത്ത് ഗ്രാമപ്രദേശങ്ങളിൽ ലൈബ്രറികളോടനുബന്ധിച്ച് റേഡിയോ കേൾക്കുന്നതിന് സൗകര്യമേർപ്പെടുത്തിയിരുന്നു. അന്ന് ഗവൺമെൻറിൻറെ പരിപാടികളുടെ ഒരു മുഖ്യപ്രചരണ മാദ്ധ്യമവും റേഡിയോ ആയിരുന്നു.
വ്യക്തിപരമായി ആകാശവാണി തിരുവനന്തപുരം നിലയത്തോട് എനിക്ക് ഒരു പ്രത്യേക സ്നേഹമുണ്ട്.  എൻറെ ഒരു കഥ യുവവാണിയിൽ വായിച്ചവതരിപ്പിക്കുന്നതിന് എനിക്ക് അവസരം തന്നു എന്നുള്ളതാണ് ആ പ്രത്യേക മമതയ്ക്കു കാരണം. എനിക്കു ലഭിച്ച ആദ്യ പ്രതിഫലങ്ങളിലൊന്ന് ആകാശവാണിയിൽ നിന്നുമായിരുന്നു. 50-രൂപ! 1989-ലായിരുന്നു ഇത്.  എന്നെ ബാങ്കിൽ ഒരക്കൗണ്ടു തുറക്കുന്നതിന് പ്രേരിപ്പിതും ആകാശവാണി തന്നെ.  ആകാശവാണി തന്ന 50 രൂപയുടെ ചെക്കുമാറുന്നതിന് 10 രൂപ നല്കി ഞാൻ എസ്.ബി.ടി.യിൽ ഒരക്കൗണ്ടാരംഭിച്ചു.  അന്നു പത്തുരൂപയായിരുന്നു അക്കൗണ്ട് തുറക്കുന്നതിനു വേണ്ട മിനിമം ബാലൻസ്.

    ഇന്നും ആകാശവാണി എൻറെ കൂടെയുണ്ട്. ഊണിലും ഉറക്കത്തിലും, മലയാളിയുടെ ഹൃദയസ്പന്ദനങ്ങളറിഞ്ഞ് ഇന്നും ആകാശവാണി നിലനില്ക്കുന്നു.  നൂറു കണക്കിനു ടെലിവിഷൻ ചാനലുകളും, പല എഫ്.എം നിലയങ്ങളും, വില്ലേജ് റേഡിയോ നിലയങ്ങളുമൊക്കെ രംഗത്തെത്തിയെങ്കിലും ആകാശവാണി എന്ന,  ആ പഴയ ചങ്ങാതിയെ എനിക്കു മറക്കാനാവില്ല!

Wednesday, March 6, 2013

ബ്ലോഗെഴുത്തും കേരള സാഹിത്യ അക്കാദമിയും തമ്മിലെന്ത്?

      മുഖവുര 

 


     2013 മാര്‍ച്ച് മാസം മൂന്നാം തീയതി ഞായറാഴ്ചയ്ക്ക് എന്തു പ്രത്യേകത എന്നു ചോദിച്ചാല്‍, ലോക ത്തിലാകമാനം  മലയാളത്തിലെഴുതുന്ന ബൂലോക എഴുത്തുകാരെ സംബന്ധിച്ചിടത്തോളം, അതവരുടെ അസ്തിത്വം വെളിപ്പെടുത്തിയ ദിവസമാണ് എന്നു പറയാം. 


    കേരളാ സാഹിത്യ അക്കാദമിഎന്നു പറഞ്ഞാല്‍, കേരളത്തിലെ ആകമാന എഴുത്തുകാരുടെ ഒരു അന്തര്‍ദ്ദേശീയ സഭയാണല്ലോ. ഗുരുവായൂര്‍ കേശവന്‍, ഗുരുവായൂര്‍ വലിയ കേശവന്‍, കാഞ്ഞിരക്കാട്ട് ശേഖരന്‍, കീഴൂട്ട് വിശ്വനാഥന്‍, പല്ലാട്ട് ബ്രഹ്മദത്തന്‍ എന്നൊക്കെ കേള്‍ക്കുമ്പോളുള്ള ഒരിതുണ്ടല്ലോ, ആ ഒരിതാണ് കേരള സാഹിത്യ അക്കാദമി എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഓടിയെത്തുക. (അല്ലെങ്കിലും തൃശ്ശൂരുള്ള സാഹിത്യ അക്കാദമിയെക്കുറിച്ചു എഴുതുമ്പോള്‍ ആരാണ് ഗജരാജന്മാരെ  ഓര്‍ക്കാത്തത്.) തലയെടുപ്പുള്ള കരിവീരന്മാരെപ്പോലെ മലയാള സാഹിത്യത്തിലെ എത്രയെത്ര പ്രതിഭകളാണ് അക്കാദമയി ല്‍ വന്നു പോകാറുള്ളത്. ഇത്രയും പറഞ്ഞിട്ടും സംഭവം അങ്ങട് മനസ്സില്യായ്ച്ചാല്‍, -കേരളസാഹിത്യ അക്കാദമി, അക്കാദമി അങ്കണത്തില്‍ നടത്തി വരുന്ന ദേശീയ പുസ്തകോത്സവത്തോ ടനുബന്ധിച്ച് നടത്തുന്ന-അക്ഷരപ്പെരുമ സാംസ്‌ക്കാരികോത്സവത്തിന്റെ ഭാഗമായി ബ്ലോഗെഴുത്തും മുഖ്യധാരാ സാഹിത്യവും എന്ന വിഷയത്തില്‍
2013 മാര്‍ച്ച് മാസം മൂന്നാം തീയതി ഞായറാഴ്ച രാവിലെ 10.30 മുതല്‍ അക്കാദമിയിലെ വൈലോപ്പിള്ളി ഹാളില്‍ വെച്ച് ഒരു സെമിനാര്‍ നടത്തി എന്നങ്ങട് വെടിപ്പായി പറഞ്ഞാല്‍ തീരുമല്ലോ പരവേശം! 


    അല്ലെങ്കിലും ബ്ലോഗന്‍മാരെക്കുറിച്ച്  നാട്ടുഭാഷയില്‍ പറഞ്ഞാല്‍ 

 ച്ചാല്‍ മലയാളത്തിലെ പണ്ടു പുരാതീന കാലം മുതലേയുള്ള ഒരാക്ഷേപമുണ്ടല്ലോ, 
ആക്ഷേപോ, എന്നതാ ഈ പറയുന്നത്, 
അല്ലേ, പെണ്ണു കെട്ടാന്‍ വരുന്ന ചെക്കന് ഇത്തിരി ഏനക്കേടൊക്കെയുണ്ടേ. 
എന്നതാ? 
എന്നതാന്‌നു ചോദിച്ചാല്‍, ചെറുക്കന് നല്ല സൊഭാവാന്ന്, അതേന്ന് ഇപ്പോഴും പിള്ളേരു കളി മാറീട്ടില്ലെന്നേ,
 അതേന്ന്,നമ്മളിപ്പോ പോളണ്ടിലെ കമ്മ്യൂണിസത്തെക്കുറിച്ച് അവനോട് വല്ലതും  പറഞ്ഞാല്‍, അവന്‍ നമ്മുടെ തെക്കേലെ തോമാച്ചന്റെ ആടിന്റെ പ്രസവത്തീ മൂന്നു കൂഞ്ഞുങ്ങള്‍ ഒണ്ടായ കാര്യം പറയും.
    അങ്ങനെയൊള്ളവനെ എങ്ങനെ നമ്മുടെ കൂട്ടത്തില് കൊണ്ടു നടക്കും. കുറച്ചിലല്ലേ കുറച്ചില്. എന്നു പറഞ്ഞതു പോലാ. ബ്ലോഗ്ഗെഴുത്ത് തമാശയെഴുത്താണെന്നാ മുക്കാലെ മുണ്ടാണിയും എഴുത്തുകാരുടെ വിചാരം.
ആര്‍ക്കെന്നാ പാട്. വരുന്നതു വരുന്നതു പോലെ. അല്ലാണ്ടെന്നാ പറയാനാ.

      അല്ല അപ്പം ഞാനെന്നാ പറഞ്ഞു വന്നത്,-ആ ബ്ലൊഗ്ഗെഴുത്തും മുഖ്യധാരാ  സാഹിത്യവും സെമിനാര്‍ . 

       നല്ല ഘടാഘടിയന്‍ മലയാളത്തില്‍ നല്ല ഒരു സൊയമ്പന്‍ സാധനം എഴുതണം എന്ന് കരുതി അവിടെ ചെന്നപാട് കുറിപ്പെഴുതാന്‍ തൊടങ്ങീതാ, എഴുതലോടെഴുതല്‍, എന്നു പറഞ്ഞ മാതിരി ശ്വാസം വിടാതെ കുറിപ്പെഴുതി, എന്നു പറഞ്ഞാല്‍ മതിയല്ലോ. തിരിച്ചു വന്നപ്പോ, ദേ, കംപ്യൂട്ടര്‍ പണിമുടക്കി. ഇനി നാളെയെഴുതാം എന്നു കരുതി ഉള്ള കഞ്ഞിയും കുടിച്ച് കേറിക്കിടന്നു. ഉറങ്ങിയെണീറ്റു ഫേസ്ബുക്കില്‍ നോക്കിയപ്പോള്‍ (ഇപ്പോള്‍ ഉ റങ്ങി എണീറ്റാല്‍ കണ്ണാടിയിലല്ല ഫേസ്ബുക്കിലാ നോട്ടം) ദേ, നമ്മുടെ ഡോ.ജയന്‍ ഏവൂര്  അ ദ്ദേ ഹത്തിന്റെ ബ്ലോഗില്‍  ഒരു സാധനം തകര്‍ത്തിരിക്കുന്നു. കൊള്ളാം. എന്നാലും ചില ഏലുകകള്‍ കന്യാവനങ്ങളായി ഇനിയും ബാക്കികെടപ്പൊണ്ടല്ലോ... എന്നുള്ളതിനാലാണേ, അടിയന്റെ ഈ കൈക്കുറ്റപ്പാട്.


    ഇനി ദേ, കാര്യത്തിലോട്ട് കടക്കുവാ. എന്നാലും എന്റെ പഴമനസ്സീ തോന്നിയ ചെലകാര്യങ്ങള്‍ അടിയന്‍ ഒന്നു ചോദിച്ചോട്ടെ...



     ഈ ബ്ലോഗ് സാഹിത്യം എന്നൊന്നുണ്ടോ? 



     കൈപ്പള്ളി,  മഹാന്‍ ഇതേ ചോദ്യം ജയന്‍ ഡോക്ടറോട് ചേദിച്ചു എന്നറിയാന്‍ കഴിഞ്ഞു-അല്ലേലും മഹാന്മാര്‍ എവിടെയായാലും ഒരേ പോലല്ലേ ചിന്തിക്കൂ. ആ സാറ്, ഉദ്ദേശിച്ചത് വെറെ ലെവലിലാണെങ്കിലും- 


     അല്ലേ ഈ, ഓലയിലെഴുതിയ നമ്മുടെ പുരാതന സംഭവങ്ങളെ ഓലസാഹിത്യം-എന്നു വിളിക്കാറുണ്ടോ? കടലാസ്സില്‍ അച്ചടിച്ച സാഹിത്യത്തെ -കടലാസ്സു സാഹിത്യം എന്നു വിളിക്കാറുണ്ടോ, പിന്നെയെന്തിനാ ഇഷ്ടാ, നൊമ്മള് ചുമ്മാ, ബ്ലോഗ് സാഹിത്യം എന്നൊക്കെ വിളിച്ച്, വെറുതെ... അല്ലെങ്കില്‍ ഇ-സാഹിത്യം എന്നൊക്കെ.


    അതൊക്കെ പോകട്ടെ, ഇനിയിപ്പോ അങ്ങനെ വിളിക്കണേ വിളിച്ചോ. എന്തായാലും, സാഹിത്യം, സാഹിത്യം തന്നല്ലോ. ഓലേല്‍ എഴുതിയാലും, കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്താലും, ഇനിയിപ്പോ, ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്താലുമൊക്കെ.



     രാവിലെ 10.30-യ്ക്ക് സ്ഥലത്തെത്തി. എന്റെ ദൈവമേ, ഞാന്‍ അവസാനം എത്തിയല്ലോ. ഈ പടിപ്പുര കടക്കുമ്പോള്‍ അടിയന്റെ ഉള്ളം പിടയുന്നു. ഈ  മാര്‍ജിനലൈസ്ഡ് പഥികന് ഇവിടം  ക ട ക്കനാ വ്വൂന്നു ഒരിക്കലും നിരീച്ചിരുന്നില്ല !



    ടേയ്, തന്റെ ഒരൂട്ടം, തോന്ന്യാസങ്ങളങ്ങ്ട് നിര്‍ത്ത്വാ. പരിപാടി തുടങ്ങാറായി. പതിവു പോലെ, ലൈറ്റും, ക്യാമറേം  ഒക്കെയായി ആള്‍ക്കാരെത്തി. കാക്ക വിരുന്നു വിളിച്ചാലല്ലേ അതിഥികള്‍ക്ക് വരാന്‍ പറ്റൂ എന്നു പറഞ്ഞതു പോലെ, ക്യാമറാക്കാരെത്തിയാലല്ലേ പരിപാടി തൊടങ്ങാറുള്ളൂ. എവിടെയും. സെമിനാര്‍ മൊത്തം റിക്കാര്‍ഡ് ചെയ്യുന്നുണ്ട്.   നല്ലത്. എത്താത്ത സാഹിത്യ പ്രഭൃതികള്‍ക്ക് കാണാന്‍ തരാവൂല്ലോ.


ഇനിയിപ്പോ കാര്യത്തിലോട്ടു കടക്കാം

                               (അക്കാദമി സെക്രട്ടറി, കെ.ഗോപാലകൃഷ്ണന്‍)



     മലയാള സാഹിത്യത്തറവാട്ടിലെ എത്രയോ പ്രഗത്ഭന്മാര്‍ കടന്നെത്തിയ വൈലോപ്പിള്ളി ഹാളായിരുന്നു വേദി. സ്വാഗതം,  അക്കാദമി സെക്രട്ടറി, കെ.ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ചിലയാള്‍ക്കാര്‍ക്ക് ബ്ലോഗ് എന്നാല്‍ ഒരു ഫലിതമോ, കുസൃതിയോ പോലെയാണെന്നും, ചിലര്‍ക്ക് ബ്ലോഗ് എന്നു കേട്ടാല്‍ അലര്‍ജിയാണെന്നും ചിലര്‍ അത്ര ഗൗരവത്തില്‍ ബ്ലോഗിനെ കണക്കാക്കുന്നില്ലെന്നും, എന്നാല്‍ ഇപ്പോള്‍ കുറെയൊക്കെ കാര്യങ്ങള്‍ മാറി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  അക്കാദമിക്കും  ചിലതൊക്കെ പറയാനുണ്ട് 

 (സാഹിത്യ അക്കാദമി വൈസ് പ്രസിഡഡന്‍റ്  , അക്ബര്‍ കക്കട്ടില്‍ യോഗം ഉദ്ഘാടനം ചെയ്യുന്നു )


     കഥാകൃത്തും, സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ, അക്ബര്‍ കക്കട്ടില്‍ യോഗം ഉദ്ഘാടനം ചെയ്തു.നവധാരാ മാദ്ധ്യമങ്ങളുടെ പ്രസക്തിയെക്കുറിച്ച് പറയവേ, ഇത്ര യും കാലം കഥകളെഴുതിയ തനിക്ക് അതു വഴി കിട്ടയ തിനേക്കാള്‍ പ്രസിദ്ധി, ടി.വി.യില്‍ അവതരിപ്പിച്ച പരിപാടി വഴി ലഭിച്ചത് തന്നെ  അദ്ഭുതപ്പെടുത്തി എന്നദ്ദേഹം പറഞ്ഞു.എങ്കിലും ഇന്നും കഥാകാരനായി അറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു . ഈ സാഹിത്യ അക്കാദമി വെസ് പ്രസിഡന്റ് സ്ഥാനം പോലും ആ കഥയെഴുത്തിലെ വഴിത്താരയില്‍ വന്നെത്തിയതാണ്. ബ്ലോഗ്ഗെഴുത്തുകാരുടെയും, ഫേസ്ബുക്കില്‍ സജീവമായവരുടെയും ഒക്കെ കൂടിച്ചരലിനെ സംബന്ധിച്ച് ചിന്തിക്കുന്നുണ്ടെന്നും, മികച്ച ബ്ലോഗ്ഗുകള്‍ക്ക്, അവാര്‍ഡ് നല്‌കേണ്ടതാണന്നും, കേരളസാഹിത്യ അക്കാദമിയുടെ വെബ്‌സൈറ്റുമായി ബ്ലോഗ്ഗുകളെ ലിങ്ക് ചെയ്യിക്കുന്നത് നന്നായിരിക്കുമെന്നും, മുഖ്യധാരാ എഴുത്തുകാര്‍ ആധുനിക എഴുത്തു രീതികളുമായി പരിചയപ്പെടുന്നതും അതുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നതും  നന്നായിരിക്കുമെന്നും ഇക്കാര്യത്തില്‍ ആവശ്യമായ നടപടിക്കായി അക്കാദമി യോഗത്തില്‍ ഇക്കാര്യങ്ങള്‍ വെയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.



     ബ്ലോഗ്ഗുകള്‍ നല്കുന്ന സ്വാതന്ത്ര്യം, ദേശത്തിനും, കാലത്തിനും, രൂപത്തിനുമൊക്കെ അതീതമാണന്നും എന്നാല്‍ സമീപകാലത്ത് ഈ സ്വാതന്ത്യം എത്രമാത്രം ലഭ്യമാകുന്നുവെന്ന് പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. മുംബൈയിലെ ബാല്‍താക്കറെ സംഭവം, മലാലെ സംഭവം, പാക്കിസ്ഥാനിലെ താലിബന്‍ സംഭവം ഇവയൊക്കെ, മാദ്ധ്യമ സ്വാതന്ത്ര്യത്തെ തകര്‍ക്കുന്നതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് ബ്ലോഗ്ഗുകളുടെ എണ്ണം വളര്‍ന്ന് മലയാളത്തില്‍ പതിനായിരത്തോളം ബ്ലോഗ്ഗുകള്‍ ഉണ്ട് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതു പോലെ തന്നെ നിര്‍ജ്ജീവ ബ്ലോഗ്ഗുകളുടെ എണ്ണവും ഏറി വരുന്നത് ശ്രദ്ധിക്കേണ്ടതാണ് എന്ന് അദ്ദേഹം പറഞ്ഞു. ബ്ലോഗ്ഗുകള്‍ തെരെഞ്ഞെടുക്കുന്ന വിഷയവൈവിദ്ധ്യത്തിനനുസരിച്ച് വിവിധ തരം ബ്ലോഗ്ഗുകള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. ക്രിസ്ത്യന്‍ ബ്ലോഗ്ഗ്, ബ്രാഹ്മണ ബ്ലോഗ്ഗ്, തീവ്രവാദ ബ്ലോഗ്ഗ്, അങ്ങനെയെത്രയെത്ര തരം. പ്രിന്റ് മീഡിയയും, സൈബര്‍ ലോകവും തമ്മിലുള്ള അന്തരം മാഞ്ഞ് അവ കുടുതല്‍ കുടുതല്‍ സഹകരിച്ചു പ്രവര്‍ത്തിച്ചു വരുന്നതായി അദ്ദേഹം പറഞ്ഞു. സാഹിത്യ അക്കാദമി ബ്ലോഗ്ഗെഴുത്തിനെ ഗൗരവത്തില്‍ കാണുന്നു എന്നതിന് തെളിവാണ് ഈ സെമിനാര്‍ എന്ന് അക്ബര്‍ കക്കട്ടില്‍ കൂട്ടിച്ചേര്‍ത്തു. 


അധ്യക്ഷനാണെങ്കിലും നിങ്ങള്‍ക്കൊപ്പം 

 (ആണ്ടൂര്‍ സഹദേവന്‍ )

      സെമിനാറിന്റെ അദ്ധ്യക്ഷനും പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകനുമായ ആണ്ടൂര്‍ സഹദേവനാണ്
തുടര്‍ന്നു  സംസാരിച്ചത്. ബ്ലോഗ്ഗെഴുത്തുകാര്‍ അവരുടെ എഴുത്തിന്റെ ക്വാളിറ്റി നിലനിര്‍ത്തേണ്ടതിലാണ് ശ്രദ്ധിക്കേണ്ടത് എന്നദ്ദേഹം പറഞ്ഞു. നാം ഉപയോഗിക്കുന്ന ഭാഷ. അത് നമ്മുടെ സംസ്‌ക്കാരത്തെയും നമ്മുടെ ജീവിതത്തെയും തുറന്നു കാണിക്കുന്ന ഒന്നാണ്. ഭാഷ , നാം എങ്ങനെ, എവിടെ എപ്പോള്‍, എന്ന് മനസ്സിലാക്കി വേണം ഉപയോഗിക്കാന്‍. അതു പോലെ നമ്മുടെ ആസ്വാദന നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. എന്നും ഒരേ ആസ്വാദന നിലവാരത്തില്‍ തന്നെ നില്ക്കുന്നത് തന്റെ വളര്‍ച്ചയുടെ മുരടിപ്പിനെ കാണിക്കുന്നതായി എഴുത്തുകാരന്‍ തിരിച്ചറിയണം.ഒ.വി. വിജയന്‍ എഴുതി. നമ്മളും എഴുതുന്നു. എന്നാല്‍ അവ തമ്മിലുള്ള ക്വാളിറ്റിയിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞ് വളര്‍ന്നാല്‍ മാത്രമേ നമ്മുടെ എഴുത്തിന് നിലനില്പുള്ളൂ.യേശുദാസിന്റെ ഗാനങ്ങള്‍ കേട്ടുകൊണ്ട് ഒരാസ്വാദകനായി നാം മാറിത്തീരുന്നത് നല്ലത്. എന്നാല്‍ അവിടെതന്നെ തിരിഞ്ഞുകളിക്കാതെ അതിനപ്പുറം ഭീംസന്‍ജോഷിയിലേക്കും, എം.ഡി.രാമനാഥനിലേക്കും മറ്റും നാം വളരുമ്പോഴാണ്. നമ്മുടെ ആസ്വാദനശേഷി വളരുന്നത്. ഇതുപോലെ തന്നെയാണ് സാഹിത്യത്തിന്റെ കാര്യത്തിലും. കാലത്തിനോടൊപ്പം സഞ്ചരിച്ച് നമുക്ക് കാര്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്നില്ല എന്നതാണ് ദു:ഖകരമായ  വസ്തുത.


     ഒരു കാലത്ത് ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമങ്ങളേയും, ഇന്ത്യന്‍ നീതിന്യായക്കോടതികള്‍ പുറപ്പെടുവിക്കുന്ന വിധിന്യായങ്ങളെയും ഏഷ്യയിലെ മറ്റു രാജ്യങ്ങള്‍ കാത്തിരുന്നിരുന്നു. അത്രമാത്രം പ്രസക്തി അവയ്ക്കുണ്ടായിരുന്നു. സമയമെടുത്ത്, അംഗങ്ങള്‍ വിശദമായ പഠനം നടത്തി, ചര്‍ച്ചകള്‍  നടത്തിയാണ് മുന്‍പ് നമ്മുടെ പാര്‍ലമെന്റില്‍ ഒരു നിയമം പാസ്സായിരുന്നത്.   ഇന്നത്തെ അവസ്ഥ എന്താണെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ ഒരു ലാഘവത്വം എല്ലാ മേഖലകളിലും കാണാന്‍ സാധിക്കും. ബ്ലോഗ്ഗില്‍ എഴുതുന്നവര്‍ക്ക് തങ്ങള്‍ എഴുതുന്ന കാര്യങ്ങള്‍ പഠിച്ച് എഴുതാന്‍ സാധിക്കണം. വികാരത്തിന്റെ ഭാഷയിലുള്ള ഉടനടി പ്രതികരണത്തേക്കാള്‍ അഭികാമ്യം,  ഇങ്ങനെ ക്വാളിറ്റി നിലനിര്‍ത്തി പഠിച്ചെഴുതുന്നതിലാണ്. എഴുത്തുകാരന്റെ ദര്‍ശനം എന്താണ് എന്ന് അവന്റെ എഴുത്തിലൂടെയാണ് വെളിവാകേണ്ടത്. ചരിത്രത്തിന്റെ ധവള രശ്മികള്‍ എഴുത്തുകാരന്റെ മനസ്സിലൂടെ കടന്ന് മനോരഞ്ജകമായ പ്രകാശരശ്മികളായി പുറത്തു വരണം. എങ്കിലേ എഴുത്തിന് നിലനില്പുണ്ടാവൂ. എഴുത്ത് ഗൗരവമുള്ള ഒരു പ്രക്രിയയായി നാം കാണണം. അതിനു പിന്നില്‍ കഠിനാദ്ധ്വാനമുണ്ടെന്ന് നാം തിരിച്ചറിയണം.



     ഫ്രീഡം ഓഫ് സ്പീച്ച് നമുക്കെല്ലാവര്‍ക്കും ഉണ്ട്. ഏതു കാര്യങ്ങളോടുമുള്ള ഉടനടി പ്രതികരണം, അതാണ് ഇന്ന് ഫേസ്ബുക്കിലും, ബ്ലോഗ്ഗിലും ഒക്കെ നാം കാണുന്നത്. അതാണ് അതിന്റെ ശക്തി ദൗര്‍ബ്ബല്യവും. ഏതു കാര്യത്തിനോടും പ്രതികരിക്കുന്നതിന്  നമുക്ക് അധികാരമുണ്ട്. എന്നാല്‍ നമുക്ക് അതിനര്‍ഹതയുണ്ടോ എന്നുള്ളത് പ്രസക്തമായ ചോദ്യമാണ്.അതുപോലെ അനാവശ്യമായ പ്രതികരണങ്ങള്‍ നിയമപ്രശ്‌നങ്ങള്‍ വിളിച്ചു വരുത്തുകയും ചെയ്യും. എന്നാല്‍ ഒരു കാര്യം ആഴത്തില്‍ പഠിച്ച് കാര്യമാത്ര പ്രസക്തമായി പ്രതികരിക്കുന്നതിലൂടെ അനാവശ്യനിയമ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും, ആ പ്രശ്‌നത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നതിനും നമുക്കു സാധിക്കും. ഫേസ്ബുക്കിലേയും ബ്ലോഗ്ഗിലെയും നമ്മുടെ എഴുത്ത് വെറും ശകാരങ്ങളും, ആക്ഷേപങ്ങളും മാത്രമാവാതിരിക്കാന്‍ നാം ശ്രദ്ധിക്കണമെന്നും ആണ്ടൂര്‍ സഹദേവന്‍, ദീര്‍ഘകാലത്തെ തന്റെ മാദ്ധ്യമ രംഗത്തെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.



     ബ്ലോഗ്ഗര്‍ വി.കെ ആദര്‍ശ്
തുടര്‍ന്ന് സംസാരിച്ചു. എഴുത്തോലയില്‍ നിന്നും കംപ്യൂട്ടറിലേക്ക് എഴുത്ത് മാറിയ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും, സാങ്കേതിക വിദ്യ അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്തും ചില സാഹിത്യകാരന്മാര്‍ക്കെങ്കിലും ബ്ലോഗ്ഗുകളോട് പിണക്കമാണെന്നും, ചിലര്‍ക്ക് ബ്ലോഗ്ഗുകളേട് ഇണക്കമുണ്ടെങ്കിലും, അതു വഴങ്ങുന്നല്ല എന്ന പരാതി പറയുന്നവരാണെന്നും, മറ്റു ചിലരാകട്ടെ പേപ്പര്‍ തൊടില്ല എന്നു ശപഥം ചെയ്തു, കംപ്യൂട്ടറിലേക്ക് നേരിട്ട് ടൈപ്പു ചെയ്യുന്നവരാണന്നും, അങ്ങനെ വ്യത്യസ്ത വിഭാഗക്കാരുടെ ഒരു കൂടിച്ചേരലാണ് ഇന്ന് എഴുത്തിന്റെ സമൂഹത്തിലുള്ളത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 (വി.കെ ആദര്‍ശ്)


    ബ്ലോഗ്ഗിന്റെ സ്വാതന്ത്ര്യമെന്നു പറയുന്നത് അവിടെ എന്തുമെഴുതാം എന്നുള്ളതാണ്.വ്യക്തിയുടെ മുഖത്തിനല്ല അഭിപ്രായത്തിനാണ് അവിടെ പ്രാധാന്യം. ചിലപ്പോള്‍ അരാഷ്ട്രീയമായ, ലക്ഷ്യബോധമില്ലാത്ത എഴുത്തുകള്‍ വരെ അവിടെ കണ്ടെന്നു വരാം. എങ്കിലും ജനാധിപത്യ സംവിധാനത്തിലെ മികച്ച ഒരു ആശയരൂപീകരണ-വിനിമയ മാര്‍ഗ്ഗമാണ് ഇന്ന് ബ്ലോഗ്ഗെഴുത്ത്.



     ഇന്ന് ഫേസ്ബുക്കിലും, ബ്ലോഗ്ഗിലും വ്യാജ ഐ.ഡി.കള്‍ പെരുകുന്നുണ്ട്. എന്തുകൊണ്ടാവാം ഇത്. കുറേയൊക്കെ പുറമേ തന്റെ വിവരങ്ങള്‍ അറിയുന്നതിലുള്ള വിമുഖത കൊണ്ടാവാം. കുറെപ്പേര്‍ തങ്ങളുടെ ജോലിയ്ക്കും, സമൂഹത്തിലെ സ്ഥാനത്തിനും കോട്ടം തട്ടാതെ നില്ക്കുന്നതിനു വേണ്ടിയാവാം ഇങ്ങനെ ചെയ്യുന്നത് .  . എന്നാല്‍ മറ്റു കുറേ വ്യാജ ഐ.ഡികളെങ്കിലും ഒരു കറക്ടീവ് ഫോഴ്‌സായി നിലനിന്നുകൊണ്ട് സമൂഹത്തിലെ അനീതികള്‍ക്കെതിരെ ശക്തമായി പോരാടുന്നു. സത്യത്തിന്റെ മേല്‍ മൂടിയിരിക്കുന്ന ആവരണത്തെ അവര്‍ തകര്‍ക്കുന്നു.



     ലോകത്തിലെ പലഭാഷകള്‍ക്കും കൈത്താങ്ങായി ഇന്റര്‍നെറ്റ് മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. പല മൃതഭാഷകളും ഇന്റര്‍നെറ്റിന്റെ സഹായത്തോടെ തളിര്‍ത്തു വരുന്നു.ഭാഷയുടെ വികാസത്തെ കംപ്യൂട്ടര്‍ സഹായിക്കുന്നു. ടൈപ്പ്‌റൈറ്ററ് വന്നപ്പോള്‍ പലഭാഷകളെയും അതു ഞെക്കി ക്കൊന്നുവെങ്കില്‍, ഭാഷയുടെ വളര്‍ച്ചയുടെ സാദ്ധ്യതകള്‍, കണ്ടെത്തുന്നതിന് കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് മുതലായവ സഹായിക്കുന്നു. ബ്ലോഗ്, ഫേസ്ബുക്ക്, വിക്കിപീഡിയ തുടങ്ങി വിവിധ സംരംഭങ്ങളിലൂടെ ഭാഷയുടെ വികാസത്തിനുതകുന്ന ഒരു കേരളാ മോഡല്‍ സൃഷ്ടിക്കുന്നതിന് നമുക്ക് സാധിച്ചിട്ടുണ്ട് എന്നും വി.കെ ആദര്‍ശ് അഭിപ്രായപ്പെട്ടു.


    മലയാളം ബ്ലോഗ്ഗെഴുത്തിന്റെ തുടക്കക്കാരെ സ്മരിച്ചുകൊണ്ടാണ് ബ്ലോഗ്ഗര്‍ ഡോ.ജയന്‍ ഏവൂര്‍ സംസാരിച്ചു തുടങ്ങിയത്. മലയാളം ബ്ലോഗ്ഗിങ്ങില്‍ കവിതകള്‍ വളരെയധികം ഉണ്ടാകുന്നുണ്ട്. കൂടുതലും സ്ത്രീകളാണ് കവിതകള്‍ എഴുതുന്നത് എന്നുകരുതുന്നു. ആത്മാവിഷ്‌ക്കാരത്തിനുതകുന്ന ഒരു സാഹിത്യ രൂപമായി കരുതുന്നതു കൊണ്ടാവാം കൂടുതല്‍ പേര്‍ കവിതകളിലേക്ക് കടന്നുവന്നത്.


 (ഡോ.ജയന്‍ ഏവൂര്‍)


     മല യാളം ബ്ലോഗ്ഗിങ്ങില്‍ മലയാളി പ്രവാസികളുടെ സംഭാവനകള്‍ എടുത്തു പറയേണ്ടതാണ്. അവര്‍ ടണ്‍ കണക്കിനാണ് കഥയായും, കവിതയായും, നര്‍മ്മലേഖനങ്ങളായും, ഓര്‍മ്മക്കുറിപ്പുകളായുമൊക്കെ എഴുതിക്കൂട്ടിയത്.



     ഇന്ന് എതെല്ലാം വ്യത്യസ്ത മേഖലകളിലാണ് ബ്ലോഗ്ഗെഴുത്ത് മലയാളത്തില്‍ സജീവമായിരിക്കുന്നത്. കവിത, കഥ, ആത്മീയത, മതം, പാചകം, യാത്രാവിവരണങ്ങള്‍, ഫോട്ടോബ്ലോഗ്ഗുകള്‍, സിനിമാനിരൂപണം, ബ്ലോഗ്ഗ് മാഗസിനുകള്‍, ബ്ലോഗ്ഗ് പത്രം, ബ്ലോഗ്ഗ് ഗ്രൂപ്പുകള്‍ അങ്ങനെ വൈവിദ്ധ്യങ്ങളുടെ  കലവറയാണ് മലയാള ബ്ലോഗ്ഗിംഗ്. സാഹിത്യരൂപങ്ങള്‍ എഴുതുന്നതിന് ഏറ്റവും അനുയോജ്യം ഫേസ്ബുക്കിനേക്കാള്‍ ബ്ലോഗ്ഗ് തന്നെയാണ്. ഇന്ന് ഫേസ്ബുക്കിനെ പോലും ബ്ലോഗ്ഗിന്റെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തുന്നു. മാര്‍ക്കറ്റിംഗ് എന്നത് ബ്ലോഗ്ഗിന്റെ പ്രചാരത്തിന് അവശ്യം വേണ്ടുന്ന ഒന്നാണ്. നാം എഴുതുന്ന പോസ്റ്റുകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിന് വിവിധ തരത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നു. നമ്മള്‍ കത്തെഴുത്ത് നിറുത്തിയതു മുതല്‍ മലയാളം എഴുത്ത് നിറുത്തി എന്നു പറയാം. പിന്നെ നാം മലയാളം എഴുതുന്നത് ബ്ലോഗ്ഗിലൂടെയാണ്. 20 വയസ്സില്‍ താഴെയുള്ളവര്‍ മലയാളത്തില്‍ എഴുതി തുടങ്ങണം. അടുത്ത തലമുറ ഉപയോഗിച്ചാല്‍ മാത്രമേ മലയാള ഭാഷയും സംസ്‌ക്കാരവും നിലനില്ക്കൂ.



     ബ്ലോഗ്ഗ് പോസ്റ്റുകളെ സംബന്ധിച്ച പരാതി അതില്‍ പോസ്റ്റു ചെയ്യുന്ന കഥകളും, കവികളും ഒക്കെ ക്വാളിറ്റി നിലനിര്‍ത്താന്‍ ശ്രമിക്കുന്നില്ല എന്നതാണ്. ഇതിനൊരു മറു ചോദ്യമുള്ളത് മുഖ്യധാരാ സാഹിത്യത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനു ള്ളില്‍ ശ്രദ്ധേയരായ എത്ര കഥാകൃത്തുക്കള്‍ ഉണ്ടായിട്ടുണ്ട്. എന്നതാണ്. ഇന്ന് മുഖ്യധാരയില്‍ തിളങ്ങി നില്ക്കുന്ന പല എഴുത്തുകാരും പത്തും, പതിനഞ്ചും വര്‍ഷങ്ങള്‍ക്ക് മുമ്പേ എഴുതി തുടങ്ങിയവരാണ്.


 (ഹബീബ് എ.)

     ബ്ലോഗ്ഗറും, സ്വതന്ത മലയാളം കംപ്യൂട്ടിംഗ് പ്രവര്‍ത്തകനുമായ ഹബീബ് എ., വിക്കിപീഡിയ എന്ന സ്വതന്ത്ര മലയാളം വിജ്ഞാനകോശത്തെയും, അതിന്റെ പ്രവര്‍ത്തനത്തെയും, ബ്ലോഗ്ഗര്‍മാര്‍ക്ക് വിക്കിപീഡിയയുടെ പ്രവര്‍ത്തനത്തില്‍ എങ്ങനെ പങ്കു വഹിക്കാനാവുമെന്നും, വസ്തുനിഷ്ഠമായി സംസാരിച്ചു. സ്വതന്ത്രവിജ്ഞാനകോശം എന്നതിന്റെ മറുവാക്കായി ഇന്ന് വിക്കിപീഡീയ മാറിക്കഴിഞ്ഞിരിക്കുന്നു 270 -ലധികം ലോകഭാഷകളില്‍ ഇന്ന് വിക്കിപീഡിയയുണ്ട്. മലയാളം വിക്കിപീഡിയയുടെ ഭാഗമായുള്ള വിക്കി നിഘണ്ടു, വിക്കി ഗ്രന്ഥശാല, വിക്കി ചൊല്ലുകള്‍ ഇവയൊക്കെ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്കും നിലനില്പിനും വളരെയധികം സംഭാവനകള്‍ നല്കുന്നുണ്ട്. ഇന്ന് ലോകത്തിലെ പല പ്രാദേശിക ഭാഷകളും നിലനില്ക്കുന്നതിന് തന്നെ കടപ്പെട്ടിരിക്കുന്നത് വിക്കിപീഡിയയോടാണ്. 


     മലയാളത്തിലെ     പലസാഹിത്യകാരന്മാരുടെയും പലകൃതികളുടെയും പ്രിന്റ് ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമല്ല. അവയുടെ ഡിജിറ്റലൈസ്ഡ് കോപ്പി, കോപ്പി ലെഫ്റ്റ് ആക്കി വിക്കിപിഡിയയ്ക്കു ലഭ്യമാക്കുകയാണെങ്കില്‍ അത് മലയാള സാഹിത്യത്തിന് ലഭിക്കുന്ന ഒരു സമ്പത്തായിരിക്കും, ആര്‍ക്കും എവിടെയും ലഭ്യമാകുന്ന തരത്തില്‍ വിക്കിപീഡിയയില്‍ അത് ഉപയോഗപ്പെടുത്താന്‍ സാധിക്കും. സാഹിത്യ അക്കാദമി, ഇതുപോലെ തങ്ങളുടെ കൈവശമുള്ള ഡിജിറ്റലൈസ്ഡ് ആര്‍ക്കൈവ്‌സില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട സാഹിത്യകാരന്മാരുടെ ഒരു കൃതിയെങ്കിലും കോപ്പിലെഫ്റ്റ് ആക്കി വിക്കിപീഡിയയ്ക്കു നല്കുകയാണെങ്കില്‍ വരും തലമുറയോട് ചെയ്യുന്ന ഒരു പുണ്യമായിരിക്കുമത്.വിക്കിപീഡിയയില്‍ കണ്ടന്റ് റൈറ്ററായി പ്രവര്‍ത്തിക്കുന്നതു വഴി, സാമ്പത്തിക ലാഭം ലഭിക്കുകയില്ലെങ്കിലും, മലയാള ഭാഷയുടെ നിലനില്പിനും, സംസ്‌ക്കാരത്തിന്റെ വളര്‍ച്ചയ്ക്കും നമുക്കു ചെയ്യാവുന്ന ഏറ്റവും വലിയ സംഭാവനയായിരിക്കും അത്. ഹബീബ് വിക്കിപീഡിയയുടെ വളര്‍ച്ചയ്ക്കായി തങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദവും, കാര്യമാത്ര പ്രസക്തവുമായി സംസാരിച്ചു.
     
     എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും  കെ.എം.ലെനിന്‍,  1960-കളില്‍ തുടങ്ങിയ എഴുത്തിന്റെ വഴികളില്‍, കംപ്യൂട്ടറും,ഇന്റര്‍നെറ്റും, സോഷ്യല്‍ മീഡിയ സൈറ്റുകളും എങ്ങനെ സഹായിച്ചു എന്ന് വിശദമാക്കി തുടര്‍ന്ന് സംസാരിച്ചു. എഴുത്തിന്റെ വഴികളിലേക്ക് താന്‍ തിരഞ്ഞതിനെക്കുറിച്ചും, നവമാദ്ധ്യമങ്ങളിലേക്ക് താന്‍ ആകൃഷ്ടനായതിനെക്കുറിച്ചും കുറഞ്ഞവാക്കുകളില്‍ അദ്ദേഹം തന്റെയനുഭവം പങ്കുവെച്ചു.

 (കെ.എം.ലെനിന്‍)


    കവി റോഷ്‌നി സ്വപ്ന ബ്ലോഗ്ഗിലെ കവിതകളെക്കുറിച്ച് സംസാരിച്ചു.. മുഖ്യധാരയില്‍ 1994 മുതല്‍ എഴുതുന്ന താന്‍ ഇപ്പോള്‍ ബ്ലോഗ്ഗില്‍ സജീവമല്ലെങ്കിലും കവിതകള്‍ ശ്രദ്ധിക്കാറുണ്ട് എന്ന് അറിയിച്ചു. മുഖ്യധാരയ്ക്ക് ഏറ്റെടുക്കാന്‍ സാധിക്കാത്തത് പലതും ബ്ലോഗ്ഗിന് ഏറ്റെടുക്കാന്‍ സാധിക്കുന്നത് ബ്ലോഗ്ഗിന്റെ സവിശേഷതയായി റോഷ്‌നി ചൂണ്ടിക്കാട്ടി. മുഖ്യധാരയുമായി കലഹിക്കുന്ന ബ്ലോഗ്ഗെഴുത്തിന്റെ രീതികള്‍ ഒരേ സമയം അതിന്റെ ശക്തിയും, ദൗര്‍ബ്ബല്യവുമായി മാറുന്നു.കവിതയിലെ ജനാധിപത്യത്തിന്റെയും, ഉദാരീകരണത്തിന്റെയും  ഉദാഹരണമായി ബ്ലോഗ്ഗിലെ കവിതകളെ കാണാം.മുന്‍പരിചയമോ, മുന്‍വിധികളോ കൂടാതെ എഴാതാന്‍ സാധിക്കുന്നുവെന്നുള്ളതും, തന്റെമേല്‍, താനല്ലാതെ, മറ്റൊരു എഡിറ്ററില്ല എന്നുള്ളതും ബ്ലോഗ്ഗെഴുത്തിന്റെ ഒരു മേന്മയാണ്. അതേ സമയം ഇതുമൂലം, ,ചിലപ്പോഴെങ്കിലും ഗുണമേന്മയില്ലാത്ത, തല്‍ക്ഷണ കവിതകള്‍ രചിക്കപ്പെടുകയും, ആവശ്യമായ തിരുത്തലുകളോ, ശ്രദ്ധയോ ഇല്ലാതെ ബ്ലോഗ്ഗില്‍ പോസ്റ്റ് ചെയ്തും വരുന്നു. അതുകൊണ്ട് ബ്ലോഗ്ഗിലെ മിക്ക കവിതകളും, ഫേസ്ബുക്കിലെ, സംഭവങ്ങളോടുള്ള പ്രതികരണക്കുറിപ്പു പോലെ തോന്നാറുണ്ട്.



 (റോഷ്‌നി സ്വപ്ന)

    ബ്ലോഗ്ഗിലെ മലയാള കവിതകള്‍ മലയാള പ്രവാസ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. പ്രവാസജീവിതത്തിന്റെ ചൂടും ചൂരും, അവരുടെ വേദനകളും, ഓര്‍മ്മകളുമൊക്കെ നമുക്ക് അവരുടെ കവിതകളില്‍ നിന്നും വായിച്ചെടുക്കാന്‍ സാധിക്കും.
വിശ്വസനീയത പരിശോധിക്കാന്‍ സംവിധാനമില്ല എന്നതാണ്. ബ്ലോഗ്ഗിലെ കവിതകളുടെ ഒരു പോരായ്മ. പലപ്പോഴും കൂടുതല്‍ അടുത്തറിയുമ്പോള്‍, ബ്ലോഗ്ഗിലെ പല കവിതകളുടെയും രചയിതാക്കള്‍ മറ്റു പലരുമായിരിക്കും എന്ന ദൂര്യോഗം ഉണ്ടാകുന്നുണ്ട്. ഇതിന് അറുതി വരുത്തണം.


    ബ്ലോഗ്ഗറും, പ്രസാധകയുമായ ലീല എം. ചന്ദ്രന്‍, ബ്ലോഗ്ഗെഴുത്തിലേക്ക് താന്‍ എത്തിപ്പെട്ടതിനെക്കുറിച്ചും, ബ്ലോഗ്ഗ് രചനകള്‍ക്ക് തന്റെ  പ്രസിദ്ധീകരണശാല നല്കുന്ന പ്രമുഖ്യത്തെക്കുറിച്ചും ചുരുങ്ങിയ വാക്കുകളില്‍ സംസാരിച്ചു. തന്റെ ഒരു കവിത ചൊല്ലാനും അവര്‍ സമയം കണ്ടെത്തി.


 (ലീല എം. ചന്ദ്രന്‍)


     മലയാള ബ്ലോഗ്ഗിംഗിന്റെ ആദ്യകാല പ്രവര്‍ത്തകനായ വിശ്വപ്രഭയാണ് തുടര്‍ന്നു സംസാരിച്ചത്. 

 (വിശ്വപ്രഭ)

    2003 കാലഘട്ടത്തില്‍ ആരംഭിച്ച മലയാളം ബ്ലോഗ്ഗിംഗിന്റെ വളര്‍ച്ചയുടെ നാള്‍വഴികള്‍ അദ്ദേഹം ബ്ലോഗ്ഗ് സൂഹൃത്തുക്കളുമായി പങ്കുവെച്ചു. സിബുവിന്റയും, പോളിന്റെയും, ബെന്നിയുടെയുമൊക്കെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മലയാളം ബ്ലോഗ്ഗിംഗിന്റെ നാള്‍വഴികളില്‍ മായാതെ കിടക്കുന്നു എന്നദ്ദേഹം പ്രതിപാദിച്ചു. മലയാളം ബ്ലോഗ്ഗ് പോസ്റ്റുകളുടെ വിശ്വസനീയത പരിശോധിക്കാന്‍ സംവിധാനമില്ല എന്ന റോഷ്‌നി സ്വപ്നയുടെ വാദത്തെ അദ്ദേഹം ഖണ്ഡിച്ചു. പ്രിന്റി ലുള്ളതിനേക്കാള്‍ വിശ്വനീയത ബ്ലോഗ്ഗുകള്‍ക്കുണ്ടെന്നും അതു പരിശോധിക്കാനുള്ള സാങ്കേതിക വിദ്യ നമുക്കുണ്ടെന്നും അദ്ദേഹം അറിയിച്ചു. കോപ്പിയടിച്ച് സാഹിത്യകാരനാവാം എന്നും കരുതി ആരും ഇന്റര്‍നെറ്റിലേക്കും, ബ്ലോഗ്ഗിലേക്കും വരേണ്ടതില്ല എന്നദ്ദേഹം പറഞ്ഞു. കൃതികള്‍ക്ക് അനശ്വരത പ്രിന്‌റിലുള്ളതിനേക്കാള്‍ ഇന്റര്‍നെറ്റിലാണുള്ളത് എന്നദ്ദേഹം അഭിപ്രായപ്പെട്ടു. 

( നിരക്ഷരന്‍  (മനോജ്‌  രവീന്ദ്രന്‍))

     ഈ സെമിനാറിന്റെ ആദ്യാവസാനം നിറഞ്ഞു നിന്ന നിരക്ഷരനാണ് (മനോജ്‌  രവീന്ദ്രന്‍) തുടര്‍ന്നുസംസാരിച്ചത്. മുഖ്യധാരാ എഴുത്തുകാര്‍ ബ്ലോഗ്ഗുപോലെയുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതുവഴി അവരുടെ എഴുത്തിനു കുടുതല്‍ കരുത്തു പകരുകയെയുള്ളു എന്നദ്ദേഹം അഭിപ്രായപ്പെട്ടു. ഉദാഹരണമായി കെ.പി. രാമനുണ്ണി ബ്ലോഗ്ഗെഴുത്തിലേക്ക് കടന്നു വന്ന സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള സാഹിത്യ അക്കാദമി ഇത്തരമൊരു സെമിനാര്‍ നടത്തുക വഴി ബ്ലോഗ്ഗെഴുത്തിനെ ഗൗരവമായി കണ്ടു തുടങ്ങിയതിന്റെ ഉദാഹരണമായി കാണുന്നു എന്ന് അഭിപ്രായപ്പെട്ടു. 


 (നിരക്ഷരനും , സുരേഷ്  കുറുമുള്ളൂ രും)

     ഇതൊരു തുടക്കം മാത്രമാണെന്നും,ബ്ലോഗ്ഗെഴുത്തിനെ, അതിന്റെ വളര്‍ച്ചയ്ക്ക് ഉതകുന്ന ഒട്ടനവധി കാര്യങ്ങള്‍ ചെയ്യുന്നതിന് അക്കാദമിക്കു സാധിക്കുമെന്നും അതിന് ആവശ്യമായ നടപടികള്‍ അക്കാദമിയുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നു കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിവിക്ക് ചന്ദ്രന്റെ വാക്കുകളെ ഉദ്ധരിച്ചു കൊണ്ട് , ഒരു കാലത്ത് മുഖ്യധാരാ മാദ്ധ്യമങ്ങള്‍ പറയാത്ത കാര്യങ്ങള്‍ വിളിച്ചു പറഞ്ഞിരുന്ന സമാന്തര പ്രസിദ്ധീകരണങ്ങളുടെ സ്ഥാനമാണ് ബ്ലോഗ്ഗുകള്‍ ഇന്ന് ഏറ്റെടുത്തിരിക്കുന്നത് എന്നദ്ദേഹം പറഞ്ഞു. യോഗം  സംഘടിപ്പിച്ച അക്കദ മിക്കും എത്തിച്ചേര്‍ന്ന ബ്ലോഗ്ഗെര്‍മാര്‍ക്കും അദ്ദേഹം  നന്ദി  പ്രകാശിപ്പിച്ചു . 

     ഇനി 2013 ഏപ്രില്‍ 21-ാം തീയതി തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വെച്ചു ചേരുന്ന ബ്ലോഗ്ഗേഴ്‌സ് മീറ്റില്‍ കാണാം എന്ന് പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം വാക്കുകള്‍ അവസാനിപ്പിച്ചു.
( സദസ്സ്-ഒരു ദൃശ്യം )


     2 മണിയോടുകൂടി യോഗം അവസാനിച്ചു.


                                              (ബൂലോക-സൗഹൃദം)

നന്ദിപൂര്‍വ്വം  


     കേരള സാഹിത്യ അക്കാദമിയുടെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള ഒരു സമീപനം ഉണ്ടായത് അഭിനന്ദനാര്‍ഹമായ കാര്യമാണ്. ബ്ലോഗ്ഗെഴുത്തിനെ അക്കാദമിയും അതിന്റെ ഭാരവാഹികളും ഗൗരവത്തോടെ കാണുന്നു എന്നത് ചടങ്ങ് ഉദ്ഘാടനം ചെയ്ത അക്കാദമി വൈസ് പ്രസിഡന്റ് അക്ബര്‍ കക്കട്ടിലിന്റെ വാക്കുകളില്‍ നിന്നു നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കും.
വിഷയാവതാരകര്‍ കുറെക്കൂടി തങ്ങളുടെ വിഷയങ്ങളോട് നീതി പുലര്‍ത്തിയിരുന്നെങ്കില്‍ എന്ന് ചിലരുടെ കാര്യത്തിലെങ്കിലും തോന്നിപ്പോയി. ബ്ലോഗ്ഗല്ലേ, ബ്ലോഗ്ഗ് സാഹിത്യമല്ലേ, നമുക്കറിയാവുന്നതല്ലേ എന്ന തരത്തിലുള്ള സമീപനം ഒഴിവാക്കേണ്ടതായിരുന്നു. ചിലര്‍ കാര്യങ്ങള്‍ പഠിച്ച്, ചിട്ടയായി, വിഷയത്തോട് നീതി പുലര്‍ത്തി സംസാരിച്ചു എന്നുള്ളത് അഭിനന്ദനാര്‍ഹം തന്നെ. ഒരു സെമിനാറില്‍ പങ്കെടുക്കുമ്പോള്‍ വേണ്ടുന്ന മുന്നൊരുക്കങ്ങള്‍ അവര്‍ നടത്തിയിരുന്നു. പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ സമയത്തിന്റെ വില നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേരുന്ന ആള്‍ക്കാര്‍ക്കു മുന്നില്‍ കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നതിന് ക്ഷണിക്കുമ്പോള്‍ അക്കാര്യം നിര്‍വ്വഹിക്കുക എന്നതാണ് ഉചിതം. 



      മുഖ്യധാര സാഹിത്യം എന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ അഴകളവുകള്‍ എങ്ങിനെയാണ്? ബ്ലോഗ്ഗെഴുത്ത് അതില്‍പ്പെടില്ലേ? ഇല്ലെങ്കില്‍ എന്തുകൊണ്ട് ഉള്‍പ്പെടുന്നില്ല ? കടലാസ്സില്‍ അച്ചടിച്ചു വരുന്ന സാഹിത്യം മാത്രമാണോ മുഖ്യധാരാസാഹിത്യം? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ സെമിനാറില്‍ ഉയര്‍ന്നില്ല എന്നത് ശ്രദ്ധിക്കപ്പെടേണ്ടിയിരിക്കുന്നു.
സെമിനാറില്‍ പങ്കെടുത്ത ബ്ലോഗ്ഗര്‍മാര്‍ക്ക് അഭിപ്രായങ്ങള്‍ പറയാനുള്ള അവസരം ലഭിക്കുമെന്നറിയിച്ചിരുന്നെങ്കിലും ലഭ്യമായില്ല. അക്കാദമി ഭാരവാഹികള്‍ സെമിനാറിന്റെ ഘടന സംബന്ധിച്ച് മുന്‍കൂട്ടി മുതിര്‍ന്ന ബ്ലോഗ്ഗര്‍മാരുമായി ആശയവിനിമയം നടത്തിയിരുന്നെങ്കില്‍ ഈ പ്രശ്‌നം പരിഹരിക്കാമായിരുന്നു.



      കേരള സാഹിത്യ അക്കാദമി ഭാരവാഹികളെ സംബന്ധിച്ച് അവര്‍ക്ക് അഭിമാനിക്കാം. ഇത്രയും കാലം പടിക്കു പുറത്തു നിര്‍ത്തിയിരുന്ന ഒരു പ്രസ്ഥാനത്തെ സാഹിത്യ അക്കാദമിയുടെ 'മുഖ്യധാരയിലേക്ക് 'കൈപിടിച്ച് ആനയിച്ചതില്‍!   ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച അക്കാദമി ഭാരവാഹികളെയും, ആദ്യകാല ബ്ലോഗ്ഗര്‍മാരിലൊരാളായ വിശ്വപ്രഭയെയും, പോസ്റ്റുകളിലൂടെയും മറ്റും ബ്ലോഗ്ഗര്‍മാരിലേക്ക് ഈ വിഷയത്തെ സജീവമാക്കിയ ജയന്‍ ഏവൂര്‍, നിരക്ഷരന്‍, പൈമാ തുടങ്ങിയ സകല ബ്ലോഗ്ഗെര്‍മാര്‍ക്കും  അഭിന്ദനം .നന്ദി. ഒരുപാടൊരുപാട് നന്ദി!


(കഥാകൃത്തും കേരളാ സാഹിത്യ അക്കാദമി വൈസ് പ്രസിഡ ന്റും   ആയ ശ്രീ അക്ബര്‍ കക്കട്ടിലും
സുരേഷ് കുറുമുള്ളൂരും (ഏറ്റുമാനൂര്‍ വിശേഷങ്ങള്‍ )

Wednesday, February 13, 2013

സ്ത്രീത്വത്തിന്റെ നാനാര്‍ത്ഥങ്ങള്‍:' ഭാഗ്യലക്ഷ്മിയുടെ 'സ്വരഭേദങ്ങള്‍' എന്ന ആത്മകഥയുടെ വായന


 
         

           ആത്മകഥകള്‍ സാധാരണ എഴുതാറുള്ളത് തന്നെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടെന്ന് ഒരാള്‍ക്കു തോന്നുകയോ, അല്ലെങ്കില്‍ തന്റെ കുടുംബത്തെക്കുറിച്ചോ, തന്റെ പ്രവര്‍ത്തന മേഖലയെക്കുറിച്ചോ, തന്റെ സഹജീവികളോട് പറയുവാനുണ്ടെന്ന് തോന്നുകയോ അതുമല്ലെങ്കില്‍ സമൂഹത്തിലെ തന്റെ അസ്തിത്വത്തെ മറ്റുള്ളവര്‍ക്കുമുന്നില്‍ വെളിവാക്കുവാനുണ്ടെന്നു തോന്നുകയോ ചെയ്യുമ്പോള്‍ ഒക്കെയാവാം. ആത്മകഥകളില്‍ ഒരു കാലഘട്ടത്തിന്റെ, ഒരു സാമൂഹ്യ ഘടനയുടെയുമൊക്കെ  ചരിത്രം  വായിച്ചെടുക്കാന്‍ നമുക്ക് സാധിക്കാറുണ്ട്. 

     മലയാളത്തിലെ ആദ്യത്തെ ആത്മകഥ എന്നു വിശേഷിപ്പിക്കപ്പെടാവുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ- എന്റെനാടുകടത്തല്‍- മുതല്‍, മുണ്ടശ്ശേരിയുടെയും,എം.കെ.കെ.നായരുടെയും, മലയാറ്റൂര്‍ രാമകൃഷ്ണന്റെയുമൊക്കെ ആത്മകഥകളിലൂടെ കടന്നു പോയ കേരളീയര്‍ക്കു മുന്നില്‍ വ്യത്യസ്തമായ ഒരു പ്രവര്‍ത്തന മണ്ഡലത്തില്‍ അതി പ്രശസ്തമാംവിധം സംഭാവനകള്‍ നല്കിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ 'സ്വരഭേദങ്ങള്‍' എന്ന ആത്മകഥ അതുകൊണ്ടു തന്നെ വ്യത്യസ്തത പുലര്‍ത്തുന്നു. മലയാളത്തിലാദ്യമായി ഒരാത്മകഥയുടെ പ്രസക്തഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ആത്മകഥയെഴുതിയ ആള്‍ തന്നെ വായിച്ച്,  അതിന്റെ ഓഡിയോ ബുക്കു കൂടി ഈ പുസ്തകത്തിനൊപ്പം ഇറക്കിയിട്ടുണ്ട് എന്ന പ്രത്യേകതയുമുണ്ട്.

         കോട്ടയം തിരുനക്കര മൈതാനത്തു 2013 ഫെവ്രുവരി 01 മുതല്‍ 10 വരെ നടന്ന 29-മത് ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ചു 10-ാം തീയതി നടന്ന കവിയരങ്ങില്‍ പങ്കെടുക്കുന്നതിന് പോയിരുന്നു. സാധാരണ എല്ലാ വര്‍ഷവും ഒന്നിലധികം ദിവസങ്ങളില്‍ പുസ്തകമേളയിലും അനുബന്ധിച്ചുള്ള പരിപാടികളിലും പങ്കെടുക്കാറുണ്ടെങ്കിലും ഇത്തവണ തിരക്കുമൂലം സാധിച്ചില്ല. അങ്ങനെയിരിക്കവെയാണ് കവിയരങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം കിട്ടുന്നത്. ആദ്യമായിട്ടായിരുന്നു എനിക്ക് പുസ്തകമേളയില്‍ കവിത അവതരിപ്പിക്കാന്‍ ക്ഷണം കിട്ടുന്നത്. ഉച്ചകഴിഞ്ഞ് 2 മണിക്കാണ് കവിയരങ്ങ്. എസ്. ജോസഫ് അദ്ധ്യക്ഷന്‍, മനോജ് കുറൂര്‍ ഉദ്ഘാടനം, രാജു വള്ളിക്കുന്നം, എം.ആര്‍.രേണുകുമാര്‍ ഉള്‍പ്പെടെയുളള കവികള്‍ പങ്കെടുക്കുന്നു. അന്ന് പുസ്തകമേള അവസാനിക്കുകയാണ് അതുകൊണ്ട് കവിയരങ്ങ് ഉച്ചകഴിഞ്ഞായിരുന്നുവെങ്കിലും രാവിലെ തന്നെ പുറപ്പെട്ടു.   വിവിധ പുസ്തക പ്രസിദ്ധീകരണ ശാലക്കാരുടെ സ്റ്റാളുകള്‍ കയറിയിറങ്ങി. കുറെ പുസ്തകങ്ങള്‍ വാങ്ങി. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 'സ്വരഭേദങ്ങളെ'ക്കുറിച്ചുള്ള ലേഖനം വന്നപ്പോള്‍ തന്നെ ഈ പുസ്തകം വാങ്ങണം എന്നു ഞാന്‍ കരുതിയിരുന്നു. അതുകൊണ്ട് ഞാന്‍ ഈ പുസ്തകം തെരെഞ്ഞു പിടിച്ചു വാങ്ങി. കവിയരങ്ങില്‍ പങ്കെടുത്തു കവിതചൊല്ലി. വീട്ടിലെത്തി. വൈകുന്നേരം ആറുമണിയോടു കൂടി കൈകളിലെടുത്ത 'സ്വരഭോദങ്ങള്‍' ഞാന്‍ പിന്നെ താഴെ വെയ്ക്കുന്നതു 192 പേജുകള്‍,വായിച്ചും, ചിത്രങ്ങള്‍ അച്ചടിച്ച 12 പേജുകള്‍ കണ്ടു കഴിഞ്ഞുമാണ്. അത്രമാത്രം വായനക്കാരനെ പിടിച്ചിരുത്താന്‍ കഴിയുന്ന രചനാ ശൈലിയാണ് ഭാഗ്യലക്ഷ്മിയുടേതെന്നു പറയാതെ വയ്യ. ഒരു പക്ഷെ അവര്‍ ആമുഖത്തില്‍ പറഞ്ഞതു പോലെ - 

"എന്റെ ജീവിതത്തിലുടനീളം ഞാന്‍ കടന്നു വന്ന കല്ലും മുള്ളും നിറഞ്ഞവഴികളും, ഞാന്‍ സ്‌നേഹിച്ചവരില്‍ നിന്ന് എനിക്ക് തിരിച്ചു കിട്ടിയ തിക്താനുഭവങ്ങളും എനിക്കു നല്കിയ കരുത്താണ് ഈ പുസ്തകം എഴുതാന്‍ പ്രചോദനമായത്."-അതു തന്നെയാവും ഈ പുസ്തകം വായനക്കാരന്റെ ഹൃദയത്തെ തൊട്ടുണര്‍ത്തുന്നത്.


       സ്വന്തം ആത്മാവിന്റെ ശബ്ദത്തിനു കാതോര്‍ത്ത്, ആ ആത്മാവില്‍ നിന്നും ഒഴുകിയെത്തിയ വാക്കുകളാണ്; നമുക്കായി അവര്‍ ഈ പുസ്തകത്തിലൂടെ പകര്‍ന്നു തരുന്നത്. എഴുത്തില്‍ സത്യസന്ധത പുലര്‍ത്തുമ്പോഴും ചില അപ്രിയ സത്യങ്ങള്‍ മറ്റുള്ളവരെ വേദനിപ്പിക്കുമെന്നോര്‍ത്ത് പറയാതിരുന്നിട്ടുണ്ടെന്നും അവര്‍ പറയുന്നു. 

      നാലു വയസ്സുമുതല്‍, സംരക്ഷിക്കാനോ, സ്‌നേഹിക്കാനോ, ആരുമില്ലാതെ കടന്നുപോയ ബാല്യത്തിലുടെ, കൗമാരത്തിലൂടെ, അനാഥത്വത്തിലൂടെ, കഠിനാദ്ധ്വാനത്തിലൂടെ, അവര്‍ നേടിയെടുത്ത വ്യക്തിത്വം, അവരുടെ ജീവിതം, അംഗീകാരം, നേട്ടങ്ങള്‍ ഒക്കെ അവര്‍ നമുക്കു മുന്നില്‍ ഈ ആത്മകഥയിലൂടെ വരച്ചു കാട്ടുന്നു. ചെറിയ കാര്യങ്ങള്‍ക്കു വേണ്ടിപോലും മനസ്സു തളരുകയും, ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്യുന്ന ചിലര്‍ക്കെങ്കിലും ഈ പുസ്തകം പ്രചോദനമാകുമെന്ന് അവര്‍ കരുതുന്നു. അതാണതിന്റെ പ്രസക്തിയും.

       പ്രശസ്തിയുടെയും അംഗീകാരത്തിന്റെയും വെള്ളിവെളിച്ചത്തില്‍ നില്ക്കുന്ന ഭാഗ്യലക്ഷ്മി മലയാളിക്കു മുന്നില്‍ ഒരു തുറന്നു പറച്ചിലിലൂടെ കടന്നു വരികയാണ്.  അവരുടെ ജീവിതം ഒരോ മലയാളി പെണ്‍കുട്ടിയും ശ്രദ്ധയോടെ മനസ്സിലാക്കേണ്ടുന്ന ഒരു പാഠപുസ്തകം തന്നെയാണ്.കാലൊന്നിടറിയാല്‍ താന്‍ തെന്നിവീഴുന്ന ചതിക്കുഴികളെക്കുറിച്ച് ഓരോ നിമിഷവും തന്നെത്തന്നെ ഓര്‍മ്മപ്പെടുത്തുകയും അതിന്റെ ഭാഗമായി മറ്റള്ളവര്‍ക്കു മുന്നില്‍, ധിക്കാരിയും അഹങ്കാരിയുമൊക്കെയായി പ്രത്യക്ഷപ്പെടുന്ന ഭാഗ്യലക്ഷ്മി ചിലര്‍ക്കെങ്കിലും ഉത്തരം കിട്ടാത്ത ഒരു കടങ്കഥ തന്നെയായിരുന്നു. 

     അവതാരികയില്‍ സത്യന്‍ അന്തിക്കാടു പറയുന്നതു പോലെ വായിച്ചു തീരാനാകാത്ത ഒരപൂര്‍വ്വ ജീവിതമാണ് ഭാഗ്യലക്ഷ്മി. 

     ഒരു പക്ഷേ മറ്റേതെങ്കിലും പെണ്‍കുട്ടിയായിരുന്നെങ്കില്‍, ഇന്നത്തെ ഭാഗ്യലക്ഷ്മിയുടെ അവസ്ഥയില്‍ എത്തുമോ എന്നു സംശയമാണ്. അനാഥത്വത്തിന്റെയും ഒറ്റപ്പെടലിന്റെയും വീര്‍പ്പുമുട്ടലുകള്‍ക്കിടയില്‍ നിന്നും തന്നില്‍തന്നെ പ്രതിരോധത്തിന്റെ ഒരു ജീവശക്തി വളര്‍ത്തിയെടുത്ത് പാഞ്ഞുപോകുന്ന ഒരു യാഗാശ്വമായി ഭാഗ്യലക്ഷ്മി മാറുന്നു എന്നതാണ് ഈ ജീവിതകഥയിലൂടെ വെളിവാകുന്നത്.

     ഒറ്റപ്പെട്ടുപോയ കുട്ടി, ഡബ്ബിംഗ് റൂമുകളിലേക്ക്; ജീവിതത്തിലേക്കും, പടിയിറങ്ങിപ്പോയ ദാമ്പത്യം, അങ്ങനെ ....ഒന്‍പതു ഭാഗങ്ങളായി ഈ പൂസ്തകം തിരിച്ചിരിക്കുന്നു.ഓരോ ഭാഗവും അടുത്ത ഭാഗത്തിലേക്ക് നമ്മളെ ആകാംക്ഷ  വളര്‍ത്തി കൂട്ടിക്കൊണ്ടു പോകുന്നു. 

      വെള്ളിമാടുകുന്നിലെ ബാലമന്ദിരത്തിലെ ജീവിതം വിവരിക്കുന്നതു വായിക്കുമ്പോള്‍ നാം ഇതുവരെ അറിഞ്ഞിരുന്ന  ബോള്‍ഡായ ഭാഗ്യലക്ഷ്മി തന്നെയോ എന്നു നാം ഒരു വേള സംശയിച്ചു പോകും.ഇടയ്‌ക്കെപ്പോഴെങ്കിലും നമ്മുടെ കണ്ണുകള്‍ ഈറനണിഞ്ഞിട്ടില്ലായെങ്കില്‍ നമുക്ക്, നമ്മുടെ മനസ്സിന്, എന്തോ തകരാറ് സംഭവിച്ചിട്ടുണ്ട് എന്ന് തിരിച്ചറിയുകയാവും നല്ലത്. 

...............ഒരു ഡോക്ടര്‍ ചോദിച്ചു.
'ഉങ്ക വീട്ടിലെ പെരിയവങ്കയാരും ഇല്ലിയാ?'
'ഇല്ലെ. നാനും എന്‍ അണ്ണനും മട്ടും താന്‍. അണ്ണാ സ്‌ക്കൂളുക്ക് പോയിരുക്ക്.'
എന്തു പറയണം എന്നറിയാതെ ഡോക്ടര്‍മാര്‍ മിണ്ടാതിരുന്നു. ഒരു ഡോക്ടര്‍ എന്നെ അടുത്തേക്ക് വിളിച്ചിട്ട് പറഞ്ഞു. 'പാപ്പാ....ഉങ്ക അമ്മ ഇറന്തിട്ടാങ്ക.'

    
     അമ്മയുടെ മരണത്തെ ഏകാകിയായി അഭിമുഖീകിരിക്കേണ്ടി വരുന്ന ബാലികയായ ഭാഗ്യലക്ഷ്മിയുടെ അവസ്ഥ എഴുതിയിരിക്കുന്ന ഈ ഭാഗം ഏത് കഠിനഹൃദയനേയും ഒരു വേള നൊമ്പരപ്പെടുത്താതിരിക്കില്ല.

         ഡബ്ബിംഗ് തീയേറ്ററിലെ അരങ്ങേറ്റവും, സുപ്രസിദ്ധ നടന്‍ പ്രേംനസീറിന്റെ കയ്യില്‍ നിന്നും വാങ്ങിയ ആദ്യത്തെ സമ്മാനത്തെക്കുറിച്ചുമൊക്കെ വളരെ അഭിമാനത്തോടെയാണ്. അവര്‍ എഴുതുന്നത്. ഡബ്ബിംഗ് രംഗത്തെ തന്റെ വളര്‍ച്ചയുടെ കഥ അവര്‍ വിവരിക്കുമ്പോള്‍ അത് മലയാള സിനിമാ ചരിത്രത്തിന്റെ വളര്‍ച്ചയുടെ കഥകൂടിയാണെന്നു നാം തിരിച്ചറിയുന്നു. നടന്‍, ശ്രീനിവാസനും, മോഹന്‍ലാലും, പ്രിയദര്‍ശനും, അന്തരിച്ചുപോയ സംഗീത സംവീധായകന്‍ രവീന്ദ്രനും, സംവിധായകന്‍ ശ്രീകുമാരന്‍ തമ്പിയും ഭാര്യയും ഒക്കെ നാം കാണാത്ത വേഷങ്ങളില്‍ ഈ ആത്മകഥയിലെ കഥാപാത്രങ്ങളാവുന്നു.

      കര്‍മ്മം കൊണ്ടു അമ്മയായ വല്യമ്മയെക്കുറിച്ചെഴുതമ്പോള്‍ അടൂര്‍ ഭവാനിയെന്ന അനുഗൃഹീത കലാകാരി അവതരിപ്പിച്ച ചില കഥാപാത്രങ്ങള്‍ നമ്മുടെ മനസ്സിലേക്കോടിക്കയറി വന്നാല്‍ അതു സിനിമയും ജീവിതവും തമ്മിലുള്ള ഇഴപിരിയ്ക്കാനാവാത്ത ബന്ധത്തിന്റെ ബാക്കിപത്രം എന്നു കരുതുകയാവും ഉചിതം.

      ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു പെണ്‍കുട്ടി സ്‌നേഹം കൊതിച്ച് ഒരു പ്രണയത്തില്‍ അകപ്പെടുന്നതും അതു വിവാഹത്തില്‍ കലാശിക്കുന്നതും, ദാമ്പത്യത്തിലെ പൊരുത്തക്കേടുകളും, മക്കളുടെ ജനനവും, വിവാഹമോചനവും വായിച്ചു പോകുമ്പോള്‍ ഇതു ജീവിതം തന്നെയോ എന്നു നാം സംശയിച്ചു പോകും. ഇത്രമാത്രം വേദനയും കണ്ണീരും എന്തിനായി ഈശ്വരന്‍ ഇവര്‍ക്കു നല്കി എന്നു നാം ഈശ്വരനോട് ചോദിച്ചു പോകും. തീച്ചൂളയില്‍ ഉരുകി തെളിഞ്ഞ പൊന്നുപോലെ ഭാഗ്യലക്മിയുടെ ജീവിതം നമുക്കു മുന്നിലെത്തുമ്പോള്‍, തോല്ക്കാന്‍ മനസ്സില്ലാത്ത ഒരു പെണ്‍കുട്ടിയുടെ വിധിയുടെ നേര്‍ക്കുളള വെല്ലുവിളിയും, ഒരു വേള ചിലരെങ്കിലും ഭ്രമിച്ചു പോകുന്ന സിനിമയുടെ ആഡംബരങ്ങളിലേക്കും അതിലെ ചതിക്കുഴികളിലേക്കും വീഴാതെ തന്റേടത്തോടെ ജീവിതത്തെ നേരിടുന്നതും ഈ ആത്മകഥയിലൂടെ നമുക്കു മുന്നില്‍ തെളിയുമ്പോള്‍ നാം നമിച്ചു പോകുന്നത് ഈ പുസ്തകത്തിന്റെ ആദ്യഘട്ടത്തില്‍ നമ്മുടെ മനസ്സില്‍ അല്പം ഈര്‍ഷ്യയുണ്ടാക്കി കടന്നുപോയ ഭാഗ്യലക്ഷ്മിയുടെ വല്യമ്മയ്ക്കു മുന്നിലാണ്. ജീവിതത്തിലെ അടുക്കും ചിട്ടയും, വെല്ലുവി്‌ളികളെ നേരിടാനുള്ള കരുത്തും ആര്‍ജ്ജിച്ചെടുക്കുന്നതില്‍ അവരോടൊത്തുള്ള ജീവിതം തന്നെ സഹായിച്ചു എന്ന് ഭാഗ്യലക്ഷ്മി തുറന്നു പറയുന്നുമുണ്ട്.

     വിവാഹമോചനത്തിനു ശേഷമുള്ള തന്റെ രണ്ടു കുട്ടികളുമൊത്തുള്ള ജീവിതവും, തന്റെ പ്രണയവും, തന്റെ ജീവിതത്തില്‍ താങ്ങും തണലുമായി നിന്നവരെക്കുറിച്ചുമുള്ള ഓര്‍മ്മകളാണ് തുടര്‍ന്ന് എഴുതിയിരിക്കുന്നത്. ഡബ്ബിംഗ് റൂമിലെ ശബ്ദലോകത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ നാം സ്‌ക്രീനില്‍ കാണുന്ന സിനിമ ഇങ്ങനെയൊക്കെയാണല്ലോ രൂപം കൊള്ളുന്നത് എന്ന് ചിലരെങ്കിലും അത്ഭുതം കൂറാതെയിരിക്കില്ല. സിനിമാ ലോകത്തെ തന്റെ പരീക്ഷണങ്ങളെക്കുറിച്ചും, തന്റെ സിനിമാ അഭനയത്തെക്കുറിച്ചും, സംഘടനാ പ്രവര്‍ത്തനത്തെക്കുറിച്ചും എഴുതുമ്പോഴും , തന്റെ ജീവിതത്തിലെ നേട്ടങ്ങളെകുറിച്ചും കോട്ടങ്ങളെക്കുറിച്ചും അവര്‍ എഴുതുമ്പോഴും നമ്മുടെ വേണ്ടപ്പെട്ടവരാരോ നമ്മളോടു സംസാരിക്കുന്നതുപോലെയേ തോന്നൂ. 

     എന്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം, ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം, യാത്രക്കാരുടെ ശ്രദ്ധക്ക്, ചിന്താവിഷ്ടയായ ശ്യാമള, മഴവില്‍ക്കാവടി, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, പാലേരി മാണിക്യം കാരുണ്യം ഓര്‍മ്മച്ചെപ്പ്, മണിച്ചിത്രത്താഴ്, നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, കോളിളക്കം അങ്ങനെ എത്രയെത്ര സിനിമകളാണ് ഭാഗ്യലക്ഷ്മിയുടെ ശബ്ദവിസ്മയത്തിലൂടെ മലയാളിക്കു മുന്നിലെത്തിയത്. കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി ഭാഗ്യലക്ഷ്മി, മലയാള സിനിമയിലൂടെ നമുക്കു മുന്നില്‍ ശബ്ദത്തിന്റെ നാനാര്‍ത്ഥങ്ങള്‍ മലായാളിക്കു മുന്നില്‍ പകര്‍ന്നു തന്ന് നിലകൊള്ളുകയാണ്. താന്‍ ജീവിതത്തില്‍ പകര്‍ന്നാടിയ വ്യത്യസ്ത വേഷങ്ങള്‍ പോലെ ലോകമാകമാ ന മുള്ള മലയാളികളു ടെയെല്ലാം സ്വത്തായി   ഭാഗ്യലക്ഷ്മി മാറി എന്നത് അംഗീകരിക്കേണ്ടുന്ന വസ്തുതയാണ്. ഡബ്ബിംഗ് എന്ന കുറേപ്പേര്‍ മാത്രം അറിഞ്ഞിരുന്ന ഒരു കലയെ മലയാളിയുടെ നിത്യവര്‍ത്തമാനത്തിന്റെ വിഷയമേഖലയിലേക്ക് ആനയിക്കുന്നതില്‍ ഭാഗ്യലക്ഷ്മി വഹിച്ച പങ്ക് നാം അംഗീകരിച്ചേ മതിയാവൂ.

     ലളിതമായ ഭാഷ. ഈ പുസ്തകത്തിന്റെ എടുത്തു പറയേണ്ടുന്ന ഒരു പ്രത്യേകത അതു തന്നെയാണ്. തന്റെ ശബ്ദം എത്രമാത്രം പരിശൂദ്ധമായി അവര്‍ കാത്തു സൂക്ഷിക്കുന്നുവോ  അത്രയും ശ്രദ്ധ താന്‍ തിരഞ്ഞെടുക്കുന്ന വാക്കുകളിലും, വാചകങ്ങളിലും അവര്‍ കാണിച്ചിട്ടുണ്ട് എന്നത് അവരുടെ ഭാഷയോടുള്ള അദമ്യമായ സ്‌നേഹം ഒന്നു കൊണ്ടു മാത്രമാണ്. 

     പറയേണ്ടതുമാത്രം പറയാനും, പറയേണ്ട അളവില്‍ പറയാനും അവര്‍ വളരെ ശ്രദ്ധവെച്ചിട്ടുണ്ട്. ജീവിതത്തില്‍ കയ്പു നീര്‍ തന്നവരോടും, തന്നെ അംഗീകരിക്കാതെ അവഗണിച്ചവരോടും ഒട്ടും  തന്നെ പരിഭവമില്ലാതെ ആരെയും വല്ലാതെ മുറിവേല്പിക്കാതെ, വേദനിപ്പിക്കാതെ, പുസ്തകത്തിന്റെ ആമുഖത്തില്‍ പറഞ്ഞതുപോലെ, മറ്റുള്ളവര്‍ക്കു പ്രചേദനപ്പ്രദമാകുന്ന ഒരു കൃതിയായി ഇതിനെ മാറ്റുവാന്‍ അവര്‍ ശ്രദ്ധിച്ചിട്ടുണ്ട്.

     ജീവിതത്തില്‍ വളരെയധികം ശ്രദ്ധ എല്ലാകാര്യങ്ങളിലും അവര്‍ പുലര്‍ത്തിയിരുന്നുവെങ്കിലും അവര്‍ പരാജയപ്പെട്ടിട്ടുള്ളത് സ്‌നേഹത്തിന്റെ മുന്നില്‍ മാത്രമാണെന്ന് ഈ പുസ്തകത്തിലെ പല സംഭവങ്ങളും വെളിവാക്കുന്നു.

     അനാഥത്വത്തിന്റെയും, യാതനകളുടെയും ലോകത്തുനിന്ന് പ്രകാശം പരത്തുന്ന ഒരു വ്യക്തിത്വമായി മലയാളിക്കു മുന്നിലേക്ക്, അവന്റെ ഹൃദയത്തിന്റെ ഉള്ളിലേക്ക് ഭാഗ്യലക്ഷ്മി കടന്നു വരികയാണ് -സ്വരഭേദങ്ങള്‍ എന്ന ആത്മകഥയിലൂടെ. പ്രിയപ്പെട്ടവായനക്കാരെ, ഈ പുസ്തകം വായിച്ചില്ലെങ്കില്‍ മലയാളത്തിലെ ഏറ്റവും നല്ല പുസ്തകം വായിച്ചിട്ടില്ല എന്നു ഞാന്‍ പറയുന്നില്ല. പക്ഷേ മലയാളത്തില്‍ ഇന്നുവരെ ഇറങ്ങിയ പുസ്തകങ്ങളില്‍ നിങ്ങളുടെ ഹൃദയത്തെ തൊടുന്ന ഒരു പുസ്തകം നിങ്ങള്‍ വായിച്ചിട്ടില്ല എന്നു ഞാന്‍ തീര്‍ച്ചയായും പറയും.

      ഈ പുസ്തകത്തിന്റെ അവസാന താളില്‍ 'ജീവിത തീരത്ത് ഒറ്റയ്ക്കു തന്നെ' എന്ന ടൈറ്റിലുള്ള ചിത്രം കാണുമ്പോള്‍...ഈ പുസ്തകത്തിലൂടെ കടന്നുപോകുന്ന വായനക്കാര്‍ ഒന്നടങ്കം പറയാതിരിക്കില്ല 'ഇല്ല ഭാഗ്യലക്ഷ്മി നിങ്ങള്‍ ഒറ്റയ്ക്കല്ല, ഈ ആത്മകഥയിലൂടെ നിങ്ങളെ വായിച്ചറിഞ്ഞ എല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ട്; എന്നും.'

സ്വരഭേദങ്ങള്‍
(ആത്മകഥ)
ഭാഗ്യലക്ഷ്മി
പ്രസാധനം: ഡി.സി.ബുക്‌സ് കോട്ടയം
വില- 175 രൂപ


 ..........................