Ettumanoor Visheshangal

Wednesday, January 30, 2013

കാത്തിരിപ്പ്


കാലമെത്ര കടന്നു പോയി, കാത്തിരിക്കുന്നൂ
ഏറെ നാളുകളെണ്ണിയെണ്ണി  മനംമടുത്തല്ലോ
ദൂരമെത്ര കടന്നു ഞാന്‍, വഴിനീളെ നീളുമ്പോള്‍
കാതമിനി ഞാനെത്രതാണ്ടണം ലക്‌ഷ്യമെത്തീടാന്‍

അമ്മതന്‍ മണിക്കുട്ടനായി ഞാന്‍ നടന്നപ്പോള്‍
തെല്ലുപോലും ഓര്‍ത്തതില്ല  ഏകനാണെന്ന്
കാത്തുവെച്ചോരിളംനിലാവിന്‍ കുളിര്‍മ്മപോലെവേ
ഓര്‍ത്ത്തിടുന്നു പഴയകാല സ്മൃതിതാളങ്ങള്‍
പൂത്തുനില്‍ക്കും പൂവാടിതന്‍ സൗന്ദര്യമായി
ബാല്യകാലമെന്റെ മനസ്സിലോടിയെത്തുന്നൂ .

ഞാനുമെന്റെ കൂട്ടുകാരും ഒത്തുചേര്‍ന്നുള്ള
ജീവിതത്തിലെ  നിറച്ചാര്‍ത്തിന്‍  ഉത്സവമേളം
 ഞങ്ങള്‍ പാടിയ പാട്ടുകള്‍ തന്‍ മാധുര്യത്തില്‍
ഇന്നുമെന്റെ മനസ്സാകെ കുളിരുകോരുന്നു.
വന്മ്പനമാരില്‍ മുന്‍പനായി നിന്നോരാക്കാലം
ഇമ്പമേറിയ  യുവത്വത്തിന്‍  പുഷ്കലകാലം .

എന്റെ  ജീവിതനാടകത്തിന്‍  തിരനോട്ടത്തില്‍
മുഖം കാണിച്ചൊളിച്ചുപോയസുന്ദരിയെവിടെ 
കാലമെത്ര കഴിഞ്ഞാലും ഞാന്‍ മറക്കുവതെങ്ങനെ
കാമിനി നിന്‍ ചേലൊത്ത   സുന്ദരരൂപം

ജീവിതത്തില്‍  നിറം ചാര്‍ത്തിയയോര്‍മ്മകളായി   
അരുമയാമെന്‍കുട്ടികളുടെ കുസൃതികള്‍ കാണ്‍കെ.
പ്രിയതമതന്‍ സ്നേഹത്തിലലിഞ്ഞ  കാലം
കുടുംബജീവിതനാഥനായിഞാന്‍  വാണോരാ  കാലം.

ജീവിതത്തിന്‍ സായന്തനമെത്തിയ കാലം

വേര്‍പാടിന്‍ വേദനയുമായ് ഞാന്‍ കഴിയുമ്പോള്‍
ആശ്വാസ കിരണമായി നീ വരികയില്ലേ,
കാത്തു കാത്തു ഞാനിവിടെ വസിച്ചീടുന്നു
എന്റെയോര്‍മ്മകള്‍, എന്റെജീവിത-
പ്പാതയില്‍ വീഴ്ത്തും സുവര്‍ണ്ണനാള
പ്രകാശവീചികളെന്നെപൊതിയുന്പോള്‍ 
ഞാന്‍ കൊതിച്ചോരാ ജീവിതത്തിന്‍
ലകഷ്യമായെന്നോ  ; ഞാനെത്തിയോ
കാത്തിരിപ്പിന്‍ അന്ത്യമായെന്നോ 
എന്റെ കാത്തിരിപ്പെന്റെ മാത്രം
സ്വകാര്യമായി ഞാന്‍; എത്രകാലം
മനസ്സില്‍ കാത്തു കാത്തിരുന്നെന്നോ
ഇന്ന് ഞാനറിയുന്നു
എന്റെ കാത്തിരിപ്പിന്റെ,
തീര്‍ച്ചയുള്ളോരവസാനം 
എത്രപേര്‍   കൊതിച്ചു!

 
 

 


 

Saturday, January 12, 2013

നാഴികമണിയുടെ നാക്കിന്തുമ്പത്ത് ആടുന്നത് ആരുടെ നാവ് ?


നാഴികമണിയുടെ നാക്കിന്തുമ്പത്ത്
ആരുടെയോ നാക്കിരുന്നാടുന്നു

പുതുവേഷം കെട്ടി, ചെങ്കോലും
കിരീടവും ചൂടി  തമ്പ്രാക്കള്‍
കോരന് കഞ്ഞി വിളമ്പുന്നു.
 കുഴികുത്തി ഇല പാകി
അതില്‍ത്തന്നെ കോരന്‍ കഞ്ഞി കുടിക്കട്ടെ
തമ്പ്രാന്റെ കുഞ്ഞിന്റെ പശിയടക്കാന്‍
കോരന് തമ്പ്രാന്റെ തോട്ടത്തില്‍
എല്ലുമുറിയെ പണി
പെറ്റ കുഞ്ഞിന്റെ  കരച്ചിലടക്കാന്‍
കോരന്‍ തന്റെകുഞ്ഞിന്റെ വായില്‍
നെല്ലിന്‍മണി തിരുകി കാത്തിരിക്കുന്നു

നാഴികമണിയുടെ നാക്കിന്തുമ്പത്ത്
ആരുടെയോ നാക്കിരുന്നാടുന്നു

വാലിനു തീപിടിപ്പിച്ചു
കുഞ്ഞിക്കോരന്മ്മാരെ  വേദനയില്‍
നെട്ടോട്ടമോടിക്കുന്നത്
തമ്പുരാന്റെ കുസൃതി
മാംസം വെന്തുപൊള്ളുമ്പോഴും
തമ്പുരാന്‍ വാഴ്ക എന്നാര്‍ത്തു
പാടുന്നവര്‍ക്ക് പട്ടും  വളയും
പൊന്‍ നാണയവും തമ്പുരാന്‍ വക!

നാഴികമണിയുടെ നാക്കിന്തുമ്പത്ത്
ആരുടെയോ നാക്കിരുന്നാടുന്നു

മകന്‍ ചത്താലും വേണ്ടില്ല
മരുമകളുടെ കണ്ണീരു കണ്ടാല്‍
മതിയെന്നത് പഴമൊഴി
മകന്റെ മാത്രമല്ല മരുമകളുടെയും
ചിതയിലെ തീകണ്ടാലെ അടങ്ങൂ
എന്നത് പുതുമൊഴി.

നാഴികമണിയുടെ നാക്കിന്തുമ്പത്ത്
ആരുടെയോ നാക്കിരുന്നാടുന്നു

കോരന്റെ  മുതുകിന്റെ കൂന്
അല്പം നിവര്‍ന്നുവോയെന്നു
തമ്പുരാന്റെ സംശയം
സംശയം തീര്‍ക്കാന്‍ ഇനി
കല്പിക്കുംവരെ
കോരന്‍ കുനിഞ്ഞു തന്നെ
നില്‍ക്കട്ടെ എന്ന്
തമ്പുരാന്റെ കല്പന.

നാഴികമണിയുടെ നാക്കിന്തുമ്പത്ത്
ആരുടെയോ നാക്കിരുന്നാടുന്നു

നിന്ന് നിന്ന് കുനിവുകൂടിയ
കോരന്റെ ആസനത്തില്‍
മുളച്ച ആലിന്ചോട്ടില്‍
തമ്പുരാന്റെ അമൃതേത്.

നാഴികമണിയുടെ നാക്കിന്തുമ്പത്ത്
ആരുടെയോ നാക്കിരുന്നാടുന്നു
നാഴികമണിയുടെ നാക്കിന്തുമ്പത്ത്
കോരന്റെ നാക്കിരുന്നാടുന്നു.
ആര്‍പ്പു വിളിക്കാനും
ആരവം മുഴക്കാനും
മറ്റു  കോരന്മാര്‍
കാത്തു നിലക്കുമ്പോള്‍
ഈ മൂപ്പന്‍ കോരനെ
ആര്‍ക്കു വേണം!

Tuesday, January 1, 2013

മനുഷ്യാ എന്നാണ് നിന്റെ ശ്രാദ്ധം?

 കാടിളക്കി വരുന്നൊരു കേമന്‍
കനല്‍ക്കത്തും വഴിയുടെ നടുവേ
കുരുതിക്കളമൊന്നുമറിഞ്ഞു
നിണമൊഴുകും ചാലില്‍ക്കൂടി

നിലയെത്താതൊരു പാതാള
കുഴിയതു  ചാടിമറിഞ്ഞു
ആരാണീ   കേമന്‍ 
എത്തുവതീ വൃക്ഷച്ചോട്ടില്‍;
ഇലയില്ലാ ശിഖരവുമായി
നില്‌കൂന്ന മുരിക്കിന്‍ചോട്ടില്‍


നീയെന്തെങ്കിലും കഴിച്ചോ മോനേ? 
ഇല്ലമ്മേ;  എന്റെ ദു:ഖങ്ങള്‍ മാത്രം 
എനിക്കു  പാഥേയം.

കാനല്‍ജലം കോരിയെടുക്കാന്‍
ഞാനെത്ര ശ്രമിചെന്നോ
വയറെരിയും നേരം
മനസ്സില്‍,
ഭ്രാന്തിന്‍ പൂക്കള്‍വിടരുംപോള്‍
ആകാശം മേലാപ്പായി
മണല്‍കൂനകള്‍
മെത്തയതായി
കണ്ണില്‍ക്കത്തും
തീയായി സൂര്യന്‍
എന്നില്‍ കത്ത്തിജ്വലിക്കുംപോള്‍

പാടാതെ  നിന്നുടെ ദു:ഖം
കേള്‍ക്കാനായി ആരുണ്ടിവിടെ
നീ വന്ന വഴികള്‍പോലും
മുച്ചൂടും മുടിവതു കാണ്മാന്‍
നില്പതുനിന്റെ നിയോഗം.
നില്പതു   നിന്റെ നിയോഗം!

കാട്ടാറുകളൊക്കെവറ്റി
കുളിര്‍മഴയതെങ്ങോ  പോയി
മാമ്പൂക്കള്‍ വിരിഞ്ഞതുമില്ലാ
മഞ്ഞിന്‍കണം പെയ്തതുമില്ലാ
നീപെറ്റ വയറിന്‍ കാളല്‍
കേള്‍പ്പാനായ്  ആരുണ്ടിവിടെ
പശിയെരിയും വയറിന്‍
തേങ്ങല്‍ ഓര്‍ക്കാനായാരുണ്ടിവിടെ?
നീ പോകുക കാലം തീര്‍ത്ത
കൈവഴികള്‍ കേറിയിറങ്ങി
ഞാനിവിടെ ചരിത്രം കോറി
നൂറ്റാണ്ടുകള്‍ കണ്ണില്‍കണ്ട്
ശ്രാദ്ധം കൂടിടാന്‍ മനുഷ്യാ
നിന്റെ ശ്രാദ്ധം കൂടീടാന്‍ !
  
 .