Ettumanoor Visheshangal

Tuesday, February 26, 2013

മലയാളം മഹനീയം


മൃദുകരപല്ലവ കോമളഗാത്രം
തുടുതുടെ വിലസും പുഞ്ചിരിപൊഴിയും
കനകകാല്‍ത്തള താളം തുള്ളും
കമനീയം നിന്‍ രംഗവിലാസം
മലയാളം, മഹനീയം.

നിളയുടെ പാട്ടില്‍, അലിയും കാറ്റില്‍
തുഞ്ചന്‍ തീര്‍ത്തൊരു കാവ്യപ്രഭയില്‍,
പൈങ്കിളിനാദം കേള്‍ക്കും കാവില്‍
വന്നുപിറന്നൊരു മലയാളത്തെ
ചെന്നെതിരേല്ക്കുക നാം; എഴുതിരിയിട്ട
വിളക്കാല്‍ താലപ്പൊലിയൊടു, സ്വര്‍ണ്ണ
രഥത്തില്‍ തായമ്പകയൊടുകൂടിയെഴുത്തിന്‍
പുരയില്‍ കുടിവച്ചീടുക നാം.

മത്സരവേദിയതാകും വേളയില്‍;
കൂത്തു നടക്കും വേദിയില്‍ നിന്നും
ചാക്യാര്‍, നമ്പ്യാര്‍ ശ്രേഷ്ഠന്മാരവര്‍
തമ്മില്‍തൊഴുതു മടങ്ങീടുന്നു
ഉള്ളിലാഞ്ഞുതറയ്ക്കുന്നൊരുകഥ
തുള്ളല്‍ വരികളിലൂടെ നമ്പ്യാര്‍
ചൊല്ലിക്കേള്‍ക്കും വേളയിലീജനം
ഉന്മാദത്താലുലയുകയാണൊരു
തുള്ളല്‍പ്പാട്ടില്‍ ഉണരും ചിരിയില്‍.

വള്ളത്തോള്‍കവി തന്നുടെയിച്ഛയില്‍
കെട്ടിയുയര്‍ത്തിയ കലയുടെനൂപുര
നാദം ഉയരും, കേളിയുയര്‍ന്നൊരു
ആസ്ഥാനത്തില്‍ വന്നു നമിക്കുക
നാട്യ-ലയകര-സംഗീതത്തില്‍
വന്നു രമിക്കുക, നിന്നു ലയിക്കുക.

ചങ്ങമ്പുഴയുടെയീരടിപാടി
കണ്ണീര്‍കഥകള്‍ കേട്ടുവിതുമ്പി
കാനനമേടുകള്‍ കണ്ടു മറന്നൊരു
നാട്യപ്രണയമതോര്‍ത്തു തിരഞ്ഞും
കാല്‍ത്തള നാദംപെയ്യും പുഴയുടെ
പാട്ടിലലിഞ്ഞു നിറഞ്ഞു മദിച്ചും

വഞ്ചിപ്പാട്ടിന്‍ താളംതുള്ളി
പെയ്യുന്നീ പെരുമഴയില്‍ നനഞ്ഞ്
കവിതകള്‍ചൊല്ലി വരുന്നതു
രാമപുരത്തു പ്രസിദ്ധന്‍ വാര്യര്‍

ഗുരുവിന്നേറെ പ്രിയനാം ശിഷ്യന്‍
ആശാന്‍ പാടിയ പാട്ടില്‍ നിറയും
കരുണയെഴും, പ്രിയ വാസവദത്തയെ
അറിയുക മനമതിലലിയുക നാം.
തേജസ്സാര്‍ന്നോരുപഗുപ്തന്നുടെ
പ്രഭയില്‍ വീണുമയങ്ങിയ ദേവീ
ലോകത്തിന്നുടെ ദു:ഖമകറ്റാന്‍
ധ്യാനിച്ചൊരുഗുണവാനെയറിയുക
വീണുകിടക്കും പൂവിന്‍ ദു:ഖം
ഉള്ളില്‍കൊത്തിവലിക്കുംപോലെ
പാടിയ-ചിന്നസ്വാമികള്‍ മുന്നിലേകുക
നല്ലനമസ്‌ക്കാരം നാം!

ഉള്ളൂരിന്നുടെയുജ്ജ്വല കവിതയില്‍
വിരിയും, കൈരളി നഭസ്സില്‍
വിടരും, പ്രഭതൂകികൊണ്ടൊരു
മാമലപൊങ്ങി നിവര്‍ന്നതു പോലെ
എന്‍ മലയാളം!

കേരളമാകെ നിറയട്ടെ, പുതുകവിതകള്‍
തീര്‍ക്കും പൂവിളി, യാര്‍ത്തു രസിച്ചു വിളിക്കും
ആര്‍പ്പും കുരവയുമായി കവികള്‍,
മലയാളത്തെ വരവേല്ക്കുമ്പോള്‍
ശ്രേഷ്ഠതമിന്നും പുതുവസ്ത്രത്തിലൊ-
രുങ്ങിയിറങ്ങുമൊരപ്‌സര സുന്ദരിയായണയും
മലയാളം, മഹനീയം!

Monday, February 25, 2013

ഏറ്റുമാനൂത്തേവരേ കാത്തുകൊള്ളേണമപ്പാ....


കണ്ണീരിന്‍ തോണിയേറി ഏനിന്നു  ദു:ഖക്കടല്‍ കടന്നേ
ആരുമിതേ വഴിയെ എന്നെ പിന്തുടരുന്നില്ലേ
ഭാര്യേം പിള്ളാരും,  പോലും  പിന്നാലെ
വന്നതില്ലാ.. ദൈവത്താന്മാരുപോലും
ദൈവേ, കൈത്താങ്ങായ് വന്നതില്ലാ...

താരക തിന്താരാ തക തെയ് , തിന്തക തെയ്   താരാ 
തെയ് തക തിന്താരാ തക തക തെയ് തക തിന്താരാ

കാലം കലിയുഗമായിതു കാഴ്ചകള്‍
നല്ലതല്ലാ ,തീനും കുടിക്കുമിന്നു ദൈവേ
മുട്ടൊന്നും വന്നതില്ലാ..
അപ്പനും മക്കളുമായിട്ടി -
ന്നൊത്ത് കുടിക്കും കാലം ;
പ്രായം തികഞ്ഞപെണ്ണ്
നെഞ്ചില്‍ തീ യായ് വളരും കാലം

താരക തിന്താരാ തക തെയ് , തിന്തക തെയ്   താരാ 
തെയ് തക തിന്താരാ തക തക തെയ് തക തിന്താരാ
 
 പാടവും കന്നുപൂട്ടും ദൈവേ , ചക്രം
ചവിട്ടുമുള്ള , കാലം കടന്നുപോയി
എല്ലാം ടൂറിസംമേളേലൊള്ളെ...  
എന്റെകയ്യില്‍ വിരിയും തഴംപില്‍
ഞാനൊന്നു പൂത്തുപോയേ ...
എനോന്നു മോന്തിയല്ലോ
തന്തോഷം  മൂവന്തി കള്ളിങ്കുടം

താരക തിന്താരാ തക തെയ് , തിന്തക തെയ്   താരാ 
തെയ് തക തിന്താരാ തക തക തെയ് തക തിന്താരാ

 
കാട്ടിലെ ദേവരാണേ , എന്റെ
മൂത്ത വല്യച്ചനാണേ ...
എനോന്നു സന്തോഷത്താല്‍
തുള്ളി; തുള്ളിക്കളികളിച്ചേ
കണ്ണീ രിന്‍ പാടം  കേറി
എന്‍റെ  സൊന്തം പുരപണിതേ
സം ക്രാന്തിവാണിഭത്തില്‍ 
ഏന്‍ ചട്ടീം കലോം വാങ്ങി .

താരക തിന്താരാ തക തെയ് , തിന്തക തെയ്   താരാ 
തെയ് തക തിന്താരാ തക തക തെയ് തക തിന്താരാ


എഴരപ്പൊന്നാന എഴുന്നള്ളി
ഏറ്റുമാനൂരെത്തീ
കോവില്‍പ്പാടത്തൂന്നേന്‍ നല്ല 
വിത്തും വിളേം  വാങ്ങി
കുംഭതിരുവാതിര,  നാളില്‍
പെയ്ത വേനല്‍മഴയില്‍ ;

വിത്ത് മുളച്ചുപൊങ്ങി
ദൈവേ സത്യസൊരൂപനാണേ ; 
സത്യസൊരൂപനാണേ
നല്ല   ഏറ്റുമാനൂത്തേവര്
കണ്ണ് നിറഞ്ഞീടുമ്പോള്‍

ദൈവേ, മുന്നില്‍ വരിക വേണം !
ദൈവേ, മുന്നില്‍ വരിക വേണം ! 
 
താരക തിന്താരാ തക തെയ് , തിന്തക തെയ്   താരാ 
തെയ് തക തിന്താരാ തക തക തെയ് തക തിന്താരാ
                                           
                                                              (നാടന്‍ പാട്ട് )






 

Saturday, February 23, 2013

കാഞ്ഞിരമരത്തിലെ യക്ഷി

കാലമെത്ര കടന്നു ഞാനീ
കഞ്ഞിരത്തില്‍ ധ്യാനലീനയായി
യാത്രപോയ കോമളനെ
കാത്തിരുന്നു മനം മടുത്തു
യക്ഷിയെന്നു വിളിച്ചു
പരിഹസിച്ചെത്രപേര്‍
കടന്നുപോയി; നിന്നതില്ല
യൊരാള്‍ പോലും വന്നു
കുശലം ചൊല്ലിയതു മില്ല
കാഞ്ഞിരതിന്‍ കയ്പ്
ശമിക്കും കാലമെത്താന്‍
കാത്തിരിക്കുന്നു
ശാപമോക്ഷം ചൊല്ലിയാ
യുവകോമളന്‍, പോയതേതു
ദിക്കിലെന്നറിയില്ല; ഞാനിവിടെ
കാത്തിരിപ്പു തുടരട്ടെ
പാവം യക്ഷിയായതിന്‍
ശിക്ഷയതേ റ്റു  വാങ്ങുക
എന്റെ തലേവര
മാഞ്ഞതില്ല യല്‍പ്പം പോലും
ആണിയോന്നതെന്‍ തലയില്‍
ആഞ്ഞടിച്ചു തറച്ചുവെങ്കിലുമാ
യുവകോമളന്‍ . 
കാലമെത്ര കടന്നു ഞാനീ
കഞ്ഞിരത്തില്‍ ധ്യാനലീനയായി
യാത്രപോയ കോമളനെ
കാത്തിരുന്നു മനം മടുത്തു

 

Tuesday, February 19, 2013

കാലം സാക്ഷി


നീറു മോര്‍മ്മയില്‍ കാലത്തിന്‍റെ പാതവക്കില്‍ ഞാനിരുന്നു
 കൂട്ടു കാരീ നീവരുന്നൊരു നേരമെത്ര കഴിഞ്ഞുപോയ്‌
 പൂത്തചെമ്പക ചോട്ടിലായി കാത്തുവെച്ചോരോ ര്‍ മകള്‍
 എന്റെമിഴിയില്‍ തങ്ങിനില്‍ക്കുംസുന്ദര മാം നിന്മുഖം.
 ഇല്ലചൊല്ലുവാനില്ലെ നിക്കൊരു സങ്കടപെരുമഴയുടെ
 കണ്ണു നീരാല്‍ നീപകര്‍ന്നോരോര്‍മ്മകള്‍, മറക്കുക  
കൂട്ടുകാരി  നീപൊറുക്കുക, എന്റെ ചപലമാം ജീവിത-
യാത്ര യില്‍ ഞാന്‍ തന്ന വേദന ഓര്‍ ത്തിടല്ലേ  മറ ക്കുക.

കാലമൊ രുദിനം വന്നുനമ്മുടെ സ്നേഹ  ബന്ധം മുറുക്കിടും
 തന്റെ സ്വര്‍ണ്ണ വര്‍ണ്ണമാകും  സമയനൂലാല്‍ നിശ്ചയം !






Friday, February 15, 2013

വാഗ്‌ദേവത

ആകാശച്ചെരുവിലുദിച്ചൊരു
മഴവില്ലിന്‍ പ്രഭയായ് നീ
കാരുണ്യക്കടലായെന്നുടെ
ഉള്‍ക്കാമ്പിലുണരുക നീ

നീയാടും നര്‍ത്തന വേദിയില്‍
ഞാനിന്നു 'പിച്ച നടക്കേ'
ഇടറാതെയെന്നുടെ പാദം
കാത്തീടുക ദേവീ നിന്‍ കൃപ.

ഇരുള്‍മൂടിയ വഴിയില്‍ നിന്നും
കരകയറാന്‍ കൈത്താങ്ങാവുക
നീയെന്റെ ജീവിതവാടിയില്‍
തുണയേകാനണയുകയില്ലേ?

രാഗത്താല്‍ നിറയുന്നൊരു-
നല്‍ജീവിതമതു നീയേകീടുക
മനസ്സില്‍ നീ നാദസുധയായി
വാഗീശ്വരിയെന്നില്‍ നിറയൂ.

അഴലിന്‍ പൊരുള്‍ തേടിയിറങ്ങിയ
സിദ്ധാര്‍ത്ഥകുമാരന്നകമേ
അഴല്‍ നീക്കും ജ്ഞാനം നീ-
യവനോ ജ്ഞാനോദയ ബുദ്ധന്‍

എന്നില്‍നിന്നുയരും പാട്ടില്‍
കണ്ണീരിന്‍ നോവും നിനവും
ജീവിതമാം നാടകരംഗം
ആടുന്നു പല വേഷങ്ങള്‍

ജീവിതമൊരു കണ്ണീരാറായ്
കലിതുള്ളി പാഞ്ഞൊഴുകുമ്പോള്‍
അഭയത്തിന്‍ തോണിയുമായി
അരികില്‍ നീ വന്നീടില്ലേ?

വാഗര്‍ത്ഥപൊരുളായെന്നുടെ
കവിതയില്‍ നീ വന്നു വിളങ്ങുക
അഴല്‍ നീക്കുകയെന്നില്‍ നിന്നും
ആശ്വാസക്കുളിര്‍ കാറ്റാവുക.

കുടജാദ്രിയിലമരും ദേവീ
നിന്നരുകില്‍ ഞാനെത്തുമ്പോള്‍
സൗപര്‍ണ്ണികയായ് നീയേകും
സ്വാസ്ഥ്യം കുളിരായീടുന്നു.

വാഗ്ജാലംകൊണ്ടു നിറഞ്ഞ
ലോകത്തിന്‍ രക്ഷക്കായി
ജ്ഞാനത്തില്‍ പീഠം കയറിയ
വാഗീശ്വരനെവിടെപ്പോയ്?

ജ്ഞാനത്താല്‍ സംസാരത്തെ
വെന്നീടാനരുളുക ദേവീ
ജ്ഞാനാംബികേ വന്നു വിളങ്ങുക
വാഗീശ്വരി ദേവീയെന്നില്‍.
.....................








Wednesday, February 13, 2013

സ്ത്രീത്വത്തിന്റെ നാനാര്‍ത്ഥങ്ങള്‍:' ഭാഗ്യലക്ഷ്മിയുടെ 'സ്വരഭേദങ്ങള്‍' എന്ന ആത്മകഥയുടെ വായന


 
         

           ആത്മകഥകള്‍ സാധാരണ എഴുതാറുള്ളത് തന്നെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടെന്ന് ഒരാള്‍ക്കു തോന്നുകയോ, അല്ലെങ്കില്‍ തന്റെ കുടുംബത്തെക്കുറിച്ചോ, തന്റെ പ്രവര്‍ത്തന മേഖലയെക്കുറിച്ചോ, തന്റെ സഹജീവികളോട് പറയുവാനുണ്ടെന്ന് തോന്നുകയോ അതുമല്ലെങ്കില്‍ സമൂഹത്തിലെ തന്റെ അസ്തിത്വത്തെ മറ്റുള്ളവര്‍ക്കുമുന്നില്‍ വെളിവാക്കുവാനുണ്ടെന്നു തോന്നുകയോ ചെയ്യുമ്പോള്‍ ഒക്കെയാവാം. ആത്മകഥകളില്‍ ഒരു കാലഘട്ടത്തിന്റെ, ഒരു സാമൂഹ്യ ഘടനയുടെയുമൊക്കെ  ചരിത്രം  വായിച്ചെടുക്കാന്‍ നമുക്ക് സാധിക്കാറുണ്ട്. 

     മലയാളത്തിലെ ആദ്യത്തെ ആത്മകഥ എന്നു വിശേഷിപ്പിക്കപ്പെടാവുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ- എന്റെനാടുകടത്തല്‍- മുതല്‍, മുണ്ടശ്ശേരിയുടെയും,എം.കെ.കെ.നായരുടെയും, മലയാറ്റൂര്‍ രാമകൃഷ്ണന്റെയുമൊക്കെ ആത്മകഥകളിലൂടെ കടന്നു പോയ കേരളീയര്‍ക്കു മുന്നില്‍ വ്യത്യസ്തമായ ഒരു പ്രവര്‍ത്തന മണ്ഡലത്തില്‍ അതി പ്രശസ്തമാംവിധം സംഭാവനകള്‍ നല്കിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ 'സ്വരഭേദങ്ങള്‍' എന്ന ആത്മകഥ അതുകൊണ്ടു തന്നെ വ്യത്യസ്തത പുലര്‍ത്തുന്നു. മലയാളത്തിലാദ്യമായി ഒരാത്മകഥയുടെ പ്രസക്തഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ആത്മകഥയെഴുതിയ ആള്‍ തന്നെ വായിച്ച്,  അതിന്റെ ഓഡിയോ ബുക്കു കൂടി ഈ പുസ്തകത്തിനൊപ്പം ഇറക്കിയിട്ടുണ്ട് എന്ന പ്രത്യേകതയുമുണ്ട്.

         കോട്ടയം തിരുനക്കര മൈതാനത്തു 2013 ഫെവ്രുവരി 01 മുതല്‍ 10 വരെ നടന്ന 29-മത് ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ചു 10-ാം തീയതി നടന്ന കവിയരങ്ങില്‍ പങ്കെടുക്കുന്നതിന് പോയിരുന്നു. സാധാരണ എല്ലാ വര്‍ഷവും ഒന്നിലധികം ദിവസങ്ങളില്‍ പുസ്തകമേളയിലും അനുബന്ധിച്ചുള്ള പരിപാടികളിലും പങ്കെടുക്കാറുണ്ടെങ്കിലും ഇത്തവണ തിരക്കുമൂലം സാധിച്ചില്ല. അങ്ങനെയിരിക്കവെയാണ് കവിയരങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം കിട്ടുന്നത്. ആദ്യമായിട്ടായിരുന്നു എനിക്ക് പുസ്തകമേളയില്‍ കവിത അവതരിപ്പിക്കാന്‍ ക്ഷണം കിട്ടുന്നത്. ഉച്ചകഴിഞ്ഞ് 2 മണിക്കാണ് കവിയരങ്ങ്. എസ്. ജോസഫ് അദ്ധ്യക്ഷന്‍, മനോജ് കുറൂര്‍ ഉദ്ഘാടനം, രാജു വള്ളിക്കുന്നം, എം.ആര്‍.രേണുകുമാര്‍ ഉള്‍പ്പെടെയുളള കവികള്‍ പങ്കെടുക്കുന്നു. അന്ന് പുസ്തകമേള അവസാനിക്കുകയാണ് അതുകൊണ്ട് കവിയരങ്ങ് ഉച്ചകഴിഞ്ഞായിരുന്നുവെങ്കിലും രാവിലെ തന്നെ പുറപ്പെട്ടു.   വിവിധ പുസ്തക പ്രസിദ്ധീകരണ ശാലക്കാരുടെ സ്റ്റാളുകള്‍ കയറിയിറങ്ങി. കുറെ പുസ്തകങ്ങള്‍ വാങ്ങി. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 'സ്വരഭേദങ്ങളെ'ക്കുറിച്ചുള്ള ലേഖനം വന്നപ്പോള്‍ തന്നെ ഈ പുസ്തകം വാങ്ങണം എന്നു ഞാന്‍ കരുതിയിരുന്നു. അതുകൊണ്ട് ഞാന്‍ ഈ പുസ്തകം തെരെഞ്ഞു പിടിച്ചു വാങ്ങി. കവിയരങ്ങില്‍ പങ്കെടുത്തു കവിതചൊല്ലി. വീട്ടിലെത്തി. വൈകുന്നേരം ആറുമണിയോടു കൂടി കൈകളിലെടുത്ത 'സ്വരഭോദങ്ങള്‍' ഞാന്‍ പിന്നെ താഴെ വെയ്ക്കുന്നതു 192 പേജുകള്‍,വായിച്ചും, ചിത്രങ്ങള്‍ അച്ചടിച്ച 12 പേജുകള്‍ കണ്ടു കഴിഞ്ഞുമാണ്. അത്രമാത്രം വായനക്കാരനെ പിടിച്ചിരുത്താന്‍ കഴിയുന്ന രചനാ ശൈലിയാണ് ഭാഗ്യലക്ഷ്മിയുടേതെന്നു പറയാതെ വയ്യ. ഒരു പക്ഷെ അവര്‍ ആമുഖത്തില്‍ പറഞ്ഞതു പോലെ - 

"എന്റെ ജീവിതത്തിലുടനീളം ഞാന്‍ കടന്നു വന്ന കല്ലും മുള്ളും നിറഞ്ഞവഴികളും, ഞാന്‍ സ്‌നേഹിച്ചവരില്‍ നിന്ന് എനിക്ക് തിരിച്ചു കിട്ടിയ തിക്താനുഭവങ്ങളും എനിക്കു നല്കിയ കരുത്താണ് ഈ പുസ്തകം എഴുതാന്‍ പ്രചോദനമായത്."-അതു തന്നെയാവും ഈ പുസ്തകം വായനക്കാരന്റെ ഹൃദയത്തെ തൊട്ടുണര്‍ത്തുന്നത്.


       സ്വന്തം ആത്മാവിന്റെ ശബ്ദത്തിനു കാതോര്‍ത്ത്, ആ ആത്മാവില്‍ നിന്നും ഒഴുകിയെത്തിയ വാക്കുകളാണ്; നമുക്കായി അവര്‍ ഈ പുസ്തകത്തിലൂടെ പകര്‍ന്നു തരുന്നത്. എഴുത്തില്‍ സത്യസന്ധത പുലര്‍ത്തുമ്പോഴും ചില അപ്രിയ സത്യങ്ങള്‍ മറ്റുള്ളവരെ വേദനിപ്പിക്കുമെന്നോര്‍ത്ത് പറയാതിരുന്നിട്ടുണ്ടെന്നും അവര്‍ പറയുന്നു. 

      നാലു വയസ്സുമുതല്‍, സംരക്ഷിക്കാനോ, സ്‌നേഹിക്കാനോ, ആരുമില്ലാതെ കടന്നുപോയ ബാല്യത്തിലുടെ, കൗമാരത്തിലൂടെ, അനാഥത്വത്തിലൂടെ, കഠിനാദ്ധ്വാനത്തിലൂടെ, അവര്‍ നേടിയെടുത്ത വ്യക്തിത്വം, അവരുടെ ജീവിതം, അംഗീകാരം, നേട്ടങ്ങള്‍ ഒക്കെ അവര്‍ നമുക്കു മുന്നില്‍ ഈ ആത്മകഥയിലൂടെ വരച്ചു കാട്ടുന്നു. ചെറിയ കാര്യങ്ങള്‍ക്കു വേണ്ടിപോലും മനസ്സു തളരുകയും, ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്യുന്ന ചിലര്‍ക്കെങ്കിലും ഈ പുസ്തകം പ്രചോദനമാകുമെന്ന് അവര്‍ കരുതുന്നു. അതാണതിന്റെ പ്രസക്തിയും.

       പ്രശസ്തിയുടെയും അംഗീകാരത്തിന്റെയും വെള്ളിവെളിച്ചത്തില്‍ നില്ക്കുന്ന ഭാഗ്യലക്ഷ്മി മലയാളിക്കു മുന്നില്‍ ഒരു തുറന്നു പറച്ചിലിലൂടെ കടന്നു വരികയാണ്.  അവരുടെ ജീവിതം ഒരോ മലയാളി പെണ്‍കുട്ടിയും ശ്രദ്ധയോടെ മനസ്സിലാക്കേണ്ടുന്ന ഒരു പാഠപുസ്തകം തന്നെയാണ്.കാലൊന്നിടറിയാല്‍ താന്‍ തെന്നിവീഴുന്ന ചതിക്കുഴികളെക്കുറിച്ച് ഓരോ നിമിഷവും തന്നെത്തന്നെ ഓര്‍മ്മപ്പെടുത്തുകയും അതിന്റെ ഭാഗമായി മറ്റള്ളവര്‍ക്കു മുന്നില്‍, ധിക്കാരിയും അഹങ്കാരിയുമൊക്കെയായി പ്രത്യക്ഷപ്പെടുന്ന ഭാഗ്യലക്ഷ്മി ചിലര്‍ക്കെങ്കിലും ഉത്തരം കിട്ടാത്ത ഒരു കടങ്കഥ തന്നെയായിരുന്നു. 

     അവതാരികയില്‍ സത്യന്‍ അന്തിക്കാടു പറയുന്നതു പോലെ വായിച്ചു തീരാനാകാത്ത ഒരപൂര്‍വ്വ ജീവിതമാണ് ഭാഗ്യലക്ഷ്മി. 

     ഒരു പക്ഷേ മറ്റേതെങ്കിലും പെണ്‍കുട്ടിയായിരുന്നെങ്കില്‍, ഇന്നത്തെ ഭാഗ്യലക്ഷ്മിയുടെ അവസ്ഥയില്‍ എത്തുമോ എന്നു സംശയമാണ്. അനാഥത്വത്തിന്റെയും ഒറ്റപ്പെടലിന്റെയും വീര്‍പ്പുമുട്ടലുകള്‍ക്കിടയില്‍ നിന്നും തന്നില്‍തന്നെ പ്രതിരോധത്തിന്റെ ഒരു ജീവശക്തി വളര്‍ത്തിയെടുത്ത് പാഞ്ഞുപോകുന്ന ഒരു യാഗാശ്വമായി ഭാഗ്യലക്ഷ്മി മാറുന്നു എന്നതാണ് ഈ ജീവിതകഥയിലൂടെ വെളിവാകുന്നത്.

     ഒറ്റപ്പെട്ടുപോയ കുട്ടി, ഡബ്ബിംഗ് റൂമുകളിലേക്ക്; ജീവിതത്തിലേക്കും, പടിയിറങ്ങിപ്പോയ ദാമ്പത്യം, അങ്ങനെ ....ഒന്‍പതു ഭാഗങ്ങളായി ഈ പൂസ്തകം തിരിച്ചിരിക്കുന്നു.ഓരോ ഭാഗവും അടുത്ത ഭാഗത്തിലേക്ക് നമ്മളെ ആകാംക്ഷ  വളര്‍ത്തി കൂട്ടിക്കൊണ്ടു പോകുന്നു. 

      വെള്ളിമാടുകുന്നിലെ ബാലമന്ദിരത്തിലെ ജീവിതം വിവരിക്കുന്നതു വായിക്കുമ്പോള്‍ നാം ഇതുവരെ അറിഞ്ഞിരുന്ന  ബോള്‍ഡായ ഭാഗ്യലക്ഷ്മി തന്നെയോ എന്നു നാം ഒരു വേള സംശയിച്ചു പോകും.ഇടയ്‌ക്കെപ്പോഴെങ്കിലും നമ്മുടെ കണ്ണുകള്‍ ഈറനണിഞ്ഞിട്ടില്ലായെങ്കില്‍ നമുക്ക്, നമ്മുടെ മനസ്സിന്, എന്തോ തകരാറ് സംഭവിച്ചിട്ടുണ്ട് എന്ന് തിരിച്ചറിയുകയാവും നല്ലത്. 

...............ഒരു ഡോക്ടര്‍ ചോദിച്ചു.
'ഉങ്ക വീട്ടിലെ പെരിയവങ്കയാരും ഇല്ലിയാ?'
'ഇല്ലെ. നാനും എന്‍ അണ്ണനും മട്ടും താന്‍. അണ്ണാ സ്‌ക്കൂളുക്ക് പോയിരുക്ക്.'
എന്തു പറയണം എന്നറിയാതെ ഡോക്ടര്‍മാര്‍ മിണ്ടാതിരുന്നു. ഒരു ഡോക്ടര്‍ എന്നെ അടുത്തേക്ക് വിളിച്ചിട്ട് പറഞ്ഞു. 'പാപ്പാ....ഉങ്ക അമ്മ ഇറന്തിട്ടാങ്ക.'

    
     അമ്മയുടെ മരണത്തെ ഏകാകിയായി അഭിമുഖീകിരിക്കേണ്ടി വരുന്ന ബാലികയായ ഭാഗ്യലക്ഷ്മിയുടെ അവസ്ഥ എഴുതിയിരിക്കുന്ന ഈ ഭാഗം ഏത് കഠിനഹൃദയനേയും ഒരു വേള നൊമ്പരപ്പെടുത്താതിരിക്കില്ല.

         ഡബ്ബിംഗ് തീയേറ്ററിലെ അരങ്ങേറ്റവും, സുപ്രസിദ്ധ നടന്‍ പ്രേംനസീറിന്റെ കയ്യില്‍ നിന്നും വാങ്ങിയ ആദ്യത്തെ സമ്മാനത്തെക്കുറിച്ചുമൊക്കെ വളരെ അഭിമാനത്തോടെയാണ്. അവര്‍ എഴുതുന്നത്. ഡബ്ബിംഗ് രംഗത്തെ തന്റെ വളര്‍ച്ചയുടെ കഥ അവര്‍ വിവരിക്കുമ്പോള്‍ അത് മലയാള സിനിമാ ചരിത്രത്തിന്റെ വളര്‍ച്ചയുടെ കഥകൂടിയാണെന്നു നാം തിരിച്ചറിയുന്നു. നടന്‍, ശ്രീനിവാസനും, മോഹന്‍ലാലും, പ്രിയദര്‍ശനും, അന്തരിച്ചുപോയ സംഗീത സംവീധായകന്‍ രവീന്ദ്രനും, സംവിധായകന്‍ ശ്രീകുമാരന്‍ തമ്പിയും ഭാര്യയും ഒക്കെ നാം കാണാത്ത വേഷങ്ങളില്‍ ഈ ആത്മകഥയിലെ കഥാപാത്രങ്ങളാവുന്നു.

      കര്‍മ്മം കൊണ്ടു അമ്മയായ വല്യമ്മയെക്കുറിച്ചെഴുതമ്പോള്‍ അടൂര്‍ ഭവാനിയെന്ന അനുഗൃഹീത കലാകാരി അവതരിപ്പിച്ച ചില കഥാപാത്രങ്ങള്‍ നമ്മുടെ മനസ്സിലേക്കോടിക്കയറി വന്നാല്‍ അതു സിനിമയും ജീവിതവും തമ്മിലുള്ള ഇഴപിരിയ്ക്കാനാവാത്ത ബന്ധത്തിന്റെ ബാക്കിപത്രം എന്നു കരുതുകയാവും ഉചിതം.

      ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു പെണ്‍കുട്ടി സ്‌നേഹം കൊതിച്ച് ഒരു പ്രണയത്തില്‍ അകപ്പെടുന്നതും അതു വിവാഹത്തില്‍ കലാശിക്കുന്നതും, ദാമ്പത്യത്തിലെ പൊരുത്തക്കേടുകളും, മക്കളുടെ ജനനവും, വിവാഹമോചനവും വായിച്ചു പോകുമ്പോള്‍ ഇതു ജീവിതം തന്നെയോ എന്നു നാം സംശയിച്ചു പോകും. ഇത്രമാത്രം വേദനയും കണ്ണീരും എന്തിനായി ഈശ്വരന്‍ ഇവര്‍ക്കു നല്കി എന്നു നാം ഈശ്വരനോട് ചോദിച്ചു പോകും. തീച്ചൂളയില്‍ ഉരുകി തെളിഞ്ഞ പൊന്നുപോലെ ഭാഗ്യലക്മിയുടെ ജീവിതം നമുക്കു മുന്നിലെത്തുമ്പോള്‍, തോല്ക്കാന്‍ മനസ്സില്ലാത്ത ഒരു പെണ്‍കുട്ടിയുടെ വിധിയുടെ നേര്‍ക്കുളള വെല്ലുവിളിയും, ഒരു വേള ചിലരെങ്കിലും ഭ്രമിച്ചു പോകുന്ന സിനിമയുടെ ആഡംബരങ്ങളിലേക്കും അതിലെ ചതിക്കുഴികളിലേക്കും വീഴാതെ തന്റേടത്തോടെ ജീവിതത്തെ നേരിടുന്നതും ഈ ആത്മകഥയിലൂടെ നമുക്കു മുന്നില്‍ തെളിയുമ്പോള്‍ നാം നമിച്ചു പോകുന്നത് ഈ പുസ്തകത്തിന്റെ ആദ്യഘട്ടത്തില്‍ നമ്മുടെ മനസ്സില്‍ അല്പം ഈര്‍ഷ്യയുണ്ടാക്കി കടന്നുപോയ ഭാഗ്യലക്ഷ്മിയുടെ വല്യമ്മയ്ക്കു മുന്നിലാണ്. ജീവിതത്തിലെ അടുക്കും ചിട്ടയും, വെല്ലുവി്‌ളികളെ നേരിടാനുള്ള കരുത്തും ആര്‍ജ്ജിച്ചെടുക്കുന്നതില്‍ അവരോടൊത്തുള്ള ജീവിതം തന്നെ സഹായിച്ചു എന്ന് ഭാഗ്യലക്ഷ്മി തുറന്നു പറയുന്നുമുണ്ട്.

     വിവാഹമോചനത്തിനു ശേഷമുള്ള തന്റെ രണ്ടു കുട്ടികളുമൊത്തുള്ള ജീവിതവും, തന്റെ പ്രണയവും, തന്റെ ജീവിതത്തില്‍ താങ്ങും തണലുമായി നിന്നവരെക്കുറിച്ചുമുള്ള ഓര്‍മ്മകളാണ് തുടര്‍ന്ന് എഴുതിയിരിക്കുന്നത്. ഡബ്ബിംഗ് റൂമിലെ ശബ്ദലോകത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ നാം സ്‌ക്രീനില്‍ കാണുന്ന സിനിമ ഇങ്ങനെയൊക്കെയാണല്ലോ രൂപം കൊള്ളുന്നത് എന്ന് ചിലരെങ്കിലും അത്ഭുതം കൂറാതെയിരിക്കില്ല. സിനിമാ ലോകത്തെ തന്റെ പരീക്ഷണങ്ങളെക്കുറിച്ചും, തന്റെ സിനിമാ അഭനയത്തെക്കുറിച്ചും, സംഘടനാ പ്രവര്‍ത്തനത്തെക്കുറിച്ചും എഴുതുമ്പോഴും , തന്റെ ജീവിതത്തിലെ നേട്ടങ്ങളെകുറിച്ചും കോട്ടങ്ങളെക്കുറിച്ചും അവര്‍ എഴുതുമ്പോഴും നമ്മുടെ വേണ്ടപ്പെട്ടവരാരോ നമ്മളോടു സംസാരിക്കുന്നതുപോലെയേ തോന്നൂ. 

     എന്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം, ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം, യാത്രക്കാരുടെ ശ്രദ്ധക്ക്, ചിന്താവിഷ്ടയായ ശ്യാമള, മഴവില്‍ക്കാവടി, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, പാലേരി മാണിക്യം കാരുണ്യം ഓര്‍മ്മച്ചെപ്പ്, മണിച്ചിത്രത്താഴ്, നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, കോളിളക്കം അങ്ങനെ എത്രയെത്ര സിനിമകളാണ് ഭാഗ്യലക്ഷ്മിയുടെ ശബ്ദവിസ്മയത്തിലൂടെ മലയാളിക്കു മുന്നിലെത്തിയത്. കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി ഭാഗ്യലക്ഷ്മി, മലയാള സിനിമയിലൂടെ നമുക്കു മുന്നില്‍ ശബ്ദത്തിന്റെ നാനാര്‍ത്ഥങ്ങള്‍ മലായാളിക്കു മുന്നില്‍ പകര്‍ന്നു തന്ന് നിലകൊള്ളുകയാണ്. താന്‍ ജീവിതത്തില്‍ പകര്‍ന്നാടിയ വ്യത്യസ്ത വേഷങ്ങള്‍ പോലെ ലോകമാകമാ ന മുള്ള മലയാളികളു ടെയെല്ലാം സ്വത്തായി   ഭാഗ്യലക്ഷ്മി മാറി എന്നത് അംഗീകരിക്കേണ്ടുന്ന വസ്തുതയാണ്. ഡബ്ബിംഗ് എന്ന കുറേപ്പേര്‍ മാത്രം അറിഞ്ഞിരുന്ന ഒരു കലയെ മലയാളിയുടെ നിത്യവര്‍ത്തമാനത്തിന്റെ വിഷയമേഖലയിലേക്ക് ആനയിക്കുന്നതില്‍ ഭാഗ്യലക്ഷ്മി വഹിച്ച പങ്ക് നാം അംഗീകരിച്ചേ മതിയാവൂ.

     ലളിതമായ ഭാഷ. ഈ പുസ്തകത്തിന്റെ എടുത്തു പറയേണ്ടുന്ന ഒരു പ്രത്യേകത അതു തന്നെയാണ്. തന്റെ ശബ്ദം എത്രമാത്രം പരിശൂദ്ധമായി അവര്‍ കാത്തു സൂക്ഷിക്കുന്നുവോ  അത്രയും ശ്രദ്ധ താന്‍ തിരഞ്ഞെടുക്കുന്ന വാക്കുകളിലും, വാചകങ്ങളിലും അവര്‍ കാണിച്ചിട്ടുണ്ട് എന്നത് അവരുടെ ഭാഷയോടുള്ള അദമ്യമായ സ്‌നേഹം ഒന്നു കൊണ്ടു മാത്രമാണ്. 

     പറയേണ്ടതുമാത്രം പറയാനും, പറയേണ്ട അളവില്‍ പറയാനും അവര്‍ വളരെ ശ്രദ്ധവെച്ചിട്ടുണ്ട്. ജീവിതത്തില്‍ കയ്പു നീര്‍ തന്നവരോടും, തന്നെ അംഗീകരിക്കാതെ അവഗണിച്ചവരോടും ഒട്ടും  തന്നെ പരിഭവമില്ലാതെ ആരെയും വല്ലാതെ മുറിവേല്പിക്കാതെ, വേദനിപ്പിക്കാതെ, പുസ്തകത്തിന്റെ ആമുഖത്തില്‍ പറഞ്ഞതുപോലെ, മറ്റുള്ളവര്‍ക്കു പ്രചേദനപ്പ്രദമാകുന്ന ഒരു കൃതിയായി ഇതിനെ മാറ്റുവാന്‍ അവര്‍ ശ്രദ്ധിച്ചിട്ടുണ്ട്.

     ജീവിതത്തില്‍ വളരെയധികം ശ്രദ്ധ എല്ലാകാര്യങ്ങളിലും അവര്‍ പുലര്‍ത്തിയിരുന്നുവെങ്കിലും അവര്‍ പരാജയപ്പെട്ടിട്ടുള്ളത് സ്‌നേഹത്തിന്റെ മുന്നില്‍ മാത്രമാണെന്ന് ഈ പുസ്തകത്തിലെ പല സംഭവങ്ങളും വെളിവാക്കുന്നു.

     അനാഥത്വത്തിന്റെയും, യാതനകളുടെയും ലോകത്തുനിന്ന് പ്രകാശം പരത്തുന്ന ഒരു വ്യക്തിത്വമായി മലയാളിക്കു മുന്നിലേക്ക്, അവന്റെ ഹൃദയത്തിന്റെ ഉള്ളിലേക്ക് ഭാഗ്യലക്ഷ്മി കടന്നു വരികയാണ് -സ്വരഭേദങ്ങള്‍ എന്ന ആത്മകഥയിലൂടെ. പ്രിയപ്പെട്ടവായനക്കാരെ, ഈ പുസ്തകം വായിച്ചില്ലെങ്കില്‍ മലയാളത്തിലെ ഏറ്റവും നല്ല പുസ്തകം വായിച്ചിട്ടില്ല എന്നു ഞാന്‍ പറയുന്നില്ല. പക്ഷേ മലയാളത്തില്‍ ഇന്നുവരെ ഇറങ്ങിയ പുസ്തകങ്ങളില്‍ നിങ്ങളുടെ ഹൃദയത്തെ തൊടുന്ന ഒരു പുസ്തകം നിങ്ങള്‍ വായിച്ചിട്ടില്ല എന്നു ഞാന്‍ തീര്‍ച്ചയായും പറയും.

      ഈ പുസ്തകത്തിന്റെ അവസാന താളില്‍ 'ജീവിത തീരത്ത് ഒറ്റയ്ക്കു തന്നെ' എന്ന ടൈറ്റിലുള്ള ചിത്രം കാണുമ്പോള്‍...ഈ പുസ്തകത്തിലൂടെ കടന്നുപോകുന്ന വായനക്കാര്‍ ഒന്നടങ്കം പറയാതിരിക്കില്ല 'ഇല്ല ഭാഗ്യലക്ഷ്മി നിങ്ങള്‍ ഒറ്റയ്ക്കല്ല, ഈ ആത്മകഥയിലൂടെ നിങ്ങളെ വായിച്ചറിഞ്ഞ എല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ട്; എന്നും.'

സ്വരഭേദങ്ങള്‍
(ആത്മകഥ)
ഭാഗ്യലക്ഷ്മി
പ്രസാധനം: ഡി.സി.ബുക്‌സ് കോട്ടയം
വില- 175 രൂപ


 ..........................








Monday, February 11, 2013

ഉണ്ണിയുടെ യാത്രാമൊഴി


വീട്ടിലേക്കുള്ള വഴി ചോദിച്ചു ഞാന്‍
കാത്തു നിന്നത് നിന്നെയോ; കൂട്ടിനായി
നീ വന്നു ചേര്‍ന്നത്‌ യാത്ര  തുടങ്ങിയ-
നേരമെന്നതോര്‍ക്കുവാന്‍ കൂടി മറന്നു ഞാന്‍

യാത്ര ചോദിച്ചു പടിയിറങ്ങിയ
ഉണ്ണിയെ കാത്തു നിന്നേതൊരു  ഭൂതം
കാലമെത്ര കഴിഞ്ഞു ഞാന്‍ തിരികെ
വീടിലേക്ക്‌ മടങ്ങിയതിപ്പോള്‍
കാടകത്തും, പുല്‍മേട്ടിലും
കാട്ടരുവിതന്‍ തീരത്തും
വീടറിയാത്തൊരു പൈതലെപോലെ
ദാഹമോടെ  നടന്നു ഞാന്‍
നിന്നെയറിയാന്‍, നിന്നിലെയെന്നെ
തിരയാന്‍; അലഞ്ഞു ഞാന്‍
 മുപ്പാരിന്നുടയവനവനുടെ തിരുമുന്‍പില്‍
പടിയാറും കടന്നെതുംപോള്‍ ; നീയാര്
ഞാനാര് ;നാമുലകം
വാഴും പോരുളേത് !

പൊരുളിന്‍ നിറവായ്‌ നീ നിറയും
നിന്നരികെ ; കാലത്തിന്‍
വീഥികള്‍ ചെന്നണയും;
പൊരുളില്‍ ലയിപ്പതു
തന്നെ മഹാപ്രസ്ഥാനത്തിന്‍
ആരംഭം അതുതന്നെയന്ത്യവും.




 

വിനയചന്ദ്രന്‌ ഏറ്റുമാനൂര്‍ വിശേഷങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.





കവി വിനയചന്ദ്രന്‍ വിടവാങ്ങി.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കോട്ടയം മഹാത്മാ ഗാന്ധി യൂനിവേഴ്സിറ്റി,  സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ -ല്‍ അദ്ധ്യാപകനായിരുന്നു.
വീട്ടിലേക്കുള്ള വഴി, സമയമാനസം,ഡി.വിനയചന്ദ്രന്റെ കവിതകള്‍  സമസ്തകേരളം പി.ഒ , നരകം ഒരു പ്രേമകവിതയെഴുതുന്നു ,തുടങ്ങിയവയാണ് പ്രധാന കൃതികള്‍ .കവിതകള്‍ കൂടാതെ ചെറുകഥകളും നോവലുകളും രചിച്ചിട്ടുണ്ട്.മറ്റു ഭാഷകളില്‍ നിന്നും കവിതകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

വിനയചന്ദ്രന്റെ മരണത്തില്‍ കാവ്യലോകത്തോടൊപ്പം , ഏറ്റുമാനൂര്‍ വിശേഷങ്ങളും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.


 (courtsey : ഗൂഗിള്‍ ഡോക്യുമെന്റ്) 



Saturday, February 9, 2013

നീതിയുടെ തുലാസ്


കവിളുകളില്‍ നിന്ന് ഒഴുകിയ കണ്ണീര്‍ പുഴയില്‍
ജീവിതം ഒരു കൊച്ചുതോണി പോലെ-
നട്ടുച്ചയ്ക്കിരുട്ടു ബാധിച്ച ഒരു നിമിഷത്തില്‍
മനസ്സിലെ വന്യമൃഗം കാമജ്വരബാധിതനായി
മുക്രയിട്ടു,  കുതിചുചാടി അര്‍മാദിച്ചു
നിന്നെ നുകര്‍ന്നപ്പോള്‍ ഇല്ലാതായത്
 ആത്മാവായിരുന്നു; ജ്വരബാധിതമായി
പിടയുന്ന നിന്റെ ആത്മാവ്.

കവിളുകളില്‍ നിന്ന് ഒഴുകിയ കണ്ണീര്‍ പുഴയില്‍-
ചുമന്നിരുന്ന പാപത്തിന്റെ ഭാരമൊഴുക്കി; 
തീപാറുന്ന മധ്യാഹ്നത്തിന്റെ തീച്ചൂളയില്‍
എന്റെ അഹന്തയുടെ മേല്‍വസ്ത്രം ഉതിര്‍ന്നു വീണു;
ഞരമ്പുകളില്‍ ഒഴുകിയ കുറ്റബോധത്തിന്റെ
നിണമൊഴുക്കില്‍ ബാധിച്ച നീല നിറം
പടര്‍ന്നിരുന്നതുമാത്രം
ഒഴിവാക്കാനായില്ല.

കവിളുകളില്‍ നിന്ന് ഒഴുകിയ കണ്ണീര്‍ പുഴയില്‍-
നെഞ്ചകം പൊട്ടുകയായിരുന്നു 
നിന്നെ വേശ്യ , വേശ്യ  എന്ന് വിളിച്ചക്ഷേപിച്ചപ്പോള്‍

നിന്റെ കന്യാകാത്വം നശിപ്പിച്ച നരാധമന്‍
എന്ന പിടച്ചിലില്‍ ഉരുകകയായിരുന്നു;
നിന്റെ നീതിയുടെ തുലാസിന്റെ
സൂക്ഷിപ്പുകാരന്‍ ഞാനായിരുന്നു
എന്നത് തികച്ചും യാദൃശ്ചികം മാത്രം!



Thursday, February 7, 2013

ഈ ആത്മാവിനു ആരാണ് കൂട്ട് ?


ഇരുട്ടിന്റെ വഴിയിലെ നീലവെളിച്ചത്തിലേക്ക് 
നീലിമ ലോകത്തിന്റെ മടിയില്‍
നിന്നും കോണി കയറി യാത്ര തുടങ്ങി....
അച്ഛന്റെ കരുതലും അമ്മയുടെ വാത്സല്യവും
അനുജന്റെ കിന്നാരവും ഒക്കെ നീലിമ മറന്നു
ഇരുട്ടില്‍ നിഴലുകള്‍ പരസ്പരം തമ്മില്‍ പുണരുകയും
സീല്ക്കാരമുതിര്‍ക്കുകയും ചെയ്തു
നീലിമയുടെ ശ്വാസവേഗങ്ങള്‍ ഉയരുകയും
തനിക്കുച്ചുറ്റും  ഉയരുന്ന താപത്തിന്റെ വലയങ്ങള്‍
തന്നെ ആലിംഗനം  ചെയ്യുന്നതും അവളറിഞ്ഞു
നീലവെളിച്ചം തന്റെ പ്രജ്ഞയെ ചൂഴ്ന്ന്
ബോധമണ്ഡലത്തില്‍ മറ്റേതോ ലോകത്തിന്റെ
കാഴ്ചകള്‍ തനിക്കായി ഒരുക്കുന്നതും
എപ്പോഴോ അവളറിഞ്ഞു
സ്വാതന്ത്ര്യത്തിന്റെ ചിറകുകള്‍  ഇതാണോ
എന്ന് അവളിലെ സന്ദേഹി ഇടക്കെങ്കിലും
പുരികം ചുളിച്ചു
തന്റെ ശരീരം തന്റെ മാത്രമാണെന്നും
താന്‍ മാത്രമാണ് അതിന്റെ ഉടമയെന്നും
പഠിച്ച പാഠങ്ങള്‍ അവള്‍ മറന്നു.
എപ്പോഴാണ് നീലവെളിച്ചത്തില്‍ നിന്നും
ചിലന്തിയുടെ നീണ്ട കാലുകള്‍ തന്നെതേടി
എത്തിയെന്ന് അവള്‍ക്കോര്‍ക്കനായില്ല.
തന്റെ ശരീരം അതിന്റെ കയ്യിലെ
വെറുമൊരു കളിപ്പാട്ടമായി
മാറുന്നത് അവള്‍ ഞെട്ടലോടെ അറിഞ്ഞു.
തനിക്ക്‌  അതിന്റെ അറപ്പുളവാക്കുന്ന
അരമുള്ള കയ്യുകളില്‍ നിന്നും
രക്ഷപെടാന്‍ കഴിയാത്തത് എന്തുകൊണ്ടാണ് ;
കീഴ്പെടുത്തപ്പെട്ട
ഇരകള്‍ക്ക് കീഴടുക്കുന്നവനോട് ഉണ്ടാകുന്ന
ആശ്രിതത്വമാണോ തന്റെ തളര്‍ച്ചക്കു കാരണം.
ഇരുട്ടില്‍ നിന്നും അമ്മയുടെയും അച്ഛന്റെയും
കുഞ്ഞനുജന്റെയും നിലവിളിയും,
തന്നെ വിളിച്ചു കൊണ്ടുള്ള
അവരുടെ കരച്ചിലും രക്ഷപെടുന്നതിനു
അവളുടെ മനസ്സിനെ പ്രേരിപ്പിചെങ്കിലും
നീലവെളിച്ചത്തില്‍   തന്നെ കെട്ടിവരിഞ്ഞ
ചിലന്തിയുടെ കരങ്ങളില്‍ കിടന്നു
ശ്വാസം മുട്ടി പിടയാന്‍ മാത്രമേ നീലിമക്കായുള്ളൂ.
ഉണര്‍ച്ചയുടെ ഏതോ നിമിഷത്തില്‍
താന്‍ ഏതോ അകലങ്ങളിലേക്ക്
പറന്നകലുന്നത് അവള്‍ അറിഞ്ഞു...
അപ്പോഴും അങ്ങകലെ നിന്നും
ഒരു നേര്‍ത്ത തേങ്ങല്‍ പോലെ
നീലിമയുടെ അച്ഛന്റെയും അമ്മയുടെയും
കുഞ്ഞനുജന്റെയും നിലവിളി
ഒരു തേങ്ങലായി , പിന്നെ ഒരു ഞരക്കമായി..
പിന്നെ ഒരു മൂളലായി... പിന്നെ .. പിന്നെ
ശൂന്യതയുടെ താളമായി അവളെ പിന്തുടര്‍ന്ന് കൊണ്ടേയിരുന്നു.



  

Monday, February 4, 2013

കടല്‍ അലറി വിളിക്കുന്നത്‌ എന്തിനാണ്?


കടല്‍ത്തീരത്ത്‌ ചാകര ഉണ്ടാകുന്നത്
പ്രവചിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചത് ആരെന്നറിയില്ല.
മൂടപടമിട്ട , മുഖം മറച്ച സദാചാരക്കാര്‍ നുഴഞ്ഞു കയറിയത്
മാസ് ഹിസ്റ്റിരിയ ബാധിച്ച  ജനതയുടെ ഇളകിതെറിച്ച
ആണി പഴുതുകളിലേക്കായിരുന്നു.
കടല്‍ അലറി വിളിക്കുന്നതും ആള്‍ക്കൂട്ടത്തിനു ഹിസ്റ്റീരിയ
ബാധിച്ചു ആരവത്തോടെ തെരുവിലിറങ്ങുന്നതും 
ആര്‍ക്കു പ്രവചിക്കാനാവും?

പ്രണയ തീരത്ത് നിന്നും കമിതാക്കള്‍ സ്ഥലമൊഴിഞ്ഞു കഴിഞ്ഞു
രാത്രിവണ്ടിയില്‍ പുരോഗമനവാദികള്‍ സ്ഥലം കാലിയാക്കി.
'എന്റെ രാത്രികാല ജീവിതം' എന്ന പുസ്തകം പ്രീ-പബ്ലിക്കെഷനില്‍
പ്രസിദ്ധീകരിച്ചു വിറ്റവര്‍ മറ്റിടങ്ങളിലേക്ക്
മറ്റു തൊഴിലുകള്‍ക്കായി  കൂട്ടപലായനം ചെയ്തു.

താലിമാല അണിയാതെ  മുദ്രമോതിരം അണിയാതെ
ജീവിത പങ്കാളികള്‍ ആയവര്‍  കുട്ടിച്ചാത്തന്‍ കാവിലെ
കല്‍വിളക്കില്‍ എണ്ണയൊഴിച്ച് കാളി-കൂളി , മറ്റു
ഭൂതഗണങ്ങള്‍ എന്നിവരെ ഉള്ളുരുകി വിളിച്ചു.
നെറ്റിയില്‍ തങ്ങള്‍ ഇണപിരിയാതെ ജീവിക്കാന്‍
കച്ചകെട്ടിയവരെന്നു തെളിയിക്കുന്ന
ചിന്ഹങ്ങള്‍ വരച്ചു ചേര്‍ത്തു .
തങ്ങള്‍ അന്യോന്യം ബന്ധിതരാണെന്നു
അവര്‍ സ്വയം സാകഷ്യപ്പെടുത്തികൊണ്ടിരുന്നു.

താമരത്താളില്‍  കള്ളുകുടിച്ചതിനെക്കുറിച്ചും,
കുടിച്ചു കുന്തംമറിഞ്ഞതിനെക്കുറിച്ചും,
പുലഭ്യം പറഞ്ഞു കഴിയുന്ന
ശ്ലോകങ്ങള്‍ രചിച്ചവര്‍

സൂകരപ്രസവം പോലെ
സ്വന്തം ആത്മഭാഷണങ്ങള്‍
എഴുതി തള്ളി.

സദാചാരക്കാര്‍, കണ്ണുമിഴിച്ചപ്പോള്‍
ചെങ്കോലും കിരീടവും
താഴെവെച്ചു തിരുമനസ്സ്
ഉല്ലസിക്കാനായി വേട്ടമൃഗങ്ങളെ
തേടി 'ആരണ്യകാണ്ഡം '
മുഴുമിപ്പിക്കാനായി
യാത്രതിരിച്ചു.
ചോദ്യം ഉത്തരം കിട്ടാതെ
ഇപ്പോഴും അവശേഷിക്കുന്നു;
കടല്‍ അലറി വിളിക്കുന്നത്‌ എന്തിനാണ്?