Ettumanoor Visheshangal

Monday, December 31, 2012

Happy New Year

" ഏവര്‍ക്കും പുതുവത്സരത്തിന്റെ മംഗളാശംസകള്‍ നേരുന്നു."
                                                             സുരേഷ് കുറുമുള്ളൂര്‍ 

Thursday, December 27, 2012

മരക്കൊമ്പില്‍ ഒരു ചോദ്യചിഹ്നം പോലെ .....


തോട്ടിറമ്പിലെ ജലത്തില്‍ തെളിയുന്ന
എന്റെ രൂപത്തിന്  എന്തെന്നില്ലാത്ത ഇളക്കം
തലക്കനം കൂടിയതിന്റെയോ, ഓളത്തില്‍ പെട്ട്
നിഴല്‍ ഇളകുന്നതിന്റെയോ ?
ആരോട് ചോദിക്കും ?
ചോദ്യം ചോദിക്കുന്നവരല്ലാതെ
ഉത്തരം തരാന്‍ കഴിവുള്ളവര്‍
ആരും നാട്ടില്‍ ഇല്ല എന്നതാണ്  കഷ്ടം!
ജനിച്ചുവീണതു  തന്നെ
ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടായിരുന്നല്ലോ .
ആള്‍ക്കൂട്ടത്തില്‍ തനിക്കും ഒരസ്ഥിത്വം ഉണ്ട്
എന്ന് സ്ഥാപിക്കാന്‍  ഓരോരോ
മാര്‍ഗങ്ങള്‍.
അവസാനം ഉത്തരമില്ലാത്ത
ഒരു ചോദ്യമായി ഈ മരക്കമ്പില്‌
തൂങ്ങിയാടുംപോള്‍
ചോദ്യ ചിന്ഹങ്ങള്‍ പോലെ
കുറെയധികം
തലകള്‍ ആകാശത്തേക്ക്  ദൃഷ്ടികള്‍ ഉയര്‍ത്തി
ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നു.
പാവങ്ങള്‍ ! ഉത്തരം കിട്ടാത്ത
ചോദ്യമായി
അവശേഷിക്കനാണല്ലോ
അവരുടെയൊക്കെ  വിധിയെന്നോര്തപ്പോള്‍
മരക്കൊമ്പില്‍ കണ്ണുകള്‍ തുറിച്ചു
നാക്ക്‌ പുറത്തേക്കു നീട്ടി
തുടകള്‍ മാന്തിപോളിച്ചുള്ള എന്റെ ആട്ടത്തിന്
ശക്തികൂടി!


Saturday, December 22, 2012

വാഴ്ക, വാഴ്ക തമ്പുരാന്‍ വാഴ്ക!

നിന്റെ സ്വപ്നങ്ങളെക്കുറിച്ച് ഇനി നീ പാടരുത്
നിന്റെ സ്വപ്നത്തെക്കുറിച്ചും, സ്‌നേഹത്തെക്കുറിച്ചും ഇനി നീ പാടിയാല്‍
അതിനു പാരഡി എഴുതി നിന്നെ കൊന്ന് കൊലവിളിക്കും.

നിന്റെ ദാരിദ്ര്യത്തെക്കുറിച്ചെഴുതിയാല്‍, ക്ലീഷേ, ക്ലീഷേ
എന്നാര്‍ത്തുകൊണ്ട് തെരുവില്‍ക്കൂടി ഞാന്‍ നഗ്നനായി ഓടും

നിനക്ക് എഴുതാവുന്ന വിഷയങ്ങള്‍;

ലോകം ഇന്നവസാനിക്കുമോ നാളെയവസാനിക്കുമോ?
ഞാന്‍ ഉറങ്ങാന്‍ പോകുന്നു; എനിക്കാരും നല്ല സ്വപ്നങ്ങള്‍ നേരുന്നില്ലേ?
എനിക്കു മടുത്തു; ഞാന്‍ ഇന്നു വൈകുന്നേരം ആത്മഹത്യ ചെയ്യുമോ , ഇല്ലയോ? (അയ്യേ,
പറ്റിച്ചേ; എത്ര കമന്റു വരുമെന്നറിയാന്‍ ഞാന്‍ എണ്ണിത്തുടങ്ങുകയാ- മണ്ട•ാര്‍!)

ജീവിതത്തിലെ വേദനകളും, ക്ലേശങ്ങളും നീയെന്തിനു ഞങ്ങള്‍ക്കുമേല്‍ കെട്ടിവെയ്ക്കുന്നു.
ഇത്, അര്‍മാദത്തിന്റെ ഉത്സവമേളമാണ്.
ഇവിടെ നിന്റെ ജീവിതം പോലും ഞങ്ങള്‍ക്കു കളിയാടാനുളള
കൡുപകരണങ്ങള്‍ മാത്രം!

നിന്റെയെഴുത്തിനെ വിലയിരുത്താന്‍,
നിന്റെ ജീവിതത്തെ അറിയാന്‍
കാരുണ്യത്തോടെ, തൊട്ടുതലോടാന്‍
നീയെന്റെയാരാണ്?
നീയും ഞാനും തമ്മില്‍ എന്ത്?

അടിമചന്തയിലെ വിധേയത്വവും, കുനിഞ്ഞുതാഴാന്‍
വളഞ്ഞ നട്ടെല്ലും ഉള്ളിടത്തോളം
നീയെന്റെ പ്രിയ പുത്രന്‍.
നീയെന്ന് നിന്നെ തിരിച്ചറിഞ്ഞു തുടങ്ങുന്നുവോ ആ നിമിഷം
നീയെന്റെ ശത്രു.

ആത്മരതിയുടെ പുളപ്പുകള്‍ക്കിടയിലെ
അപശബ്ദമാകാതെ
കടന്നു പോകുക.
കഴുതപ്പുറത്ത് മഹാരാജാവെഴുന്നെള്ളാന്‍
സമയമായി.
വാഴ്ക, വാഴ്ക തമ്പുരാന്‍ വാഴ്ക
വാഴ്ക വാഴ്ക തമ്പുരാന്‍ വാഴ്ക!
(രാജാവു നഗ്നനാണെന്നെങ്ങാനും മിണ്ടിയാല്‍
കൊന്നു കളയും.)

Monday, December 17, 2012

ഏറ്റുമാനൂര്‍ കാവ്യവേദിയും പി.പി.നാരായണന്‍ സാറും

മദ്ധ്യ തിരുവിതാംകൂറിലെയെന്നല്ല, കേരളത്തിലെ മുന്‍നിര സാംസ്‌ക്കാരിക പ്രസ്ഥാനങ്ങളിലൊന്നായ ഏറ്റുമാനുര്‍ കാവ്യവേദിയുടെ ചെയര്‍മാന്‍ ശ്രീ. പി.പി. നാരായണനുമായുള്ള- എല്ലാവരുടെയും നാരായണന്‍ സാര്‍- അഭിമുഖമാണ് ചുവടെ ചേര്‍ക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ കവികളുടെ കൂട്ടായ്മയായ കാവ്യവേദി പ്രവര്‍ത്തിച്ചു വരുന്നു. ഒരിക്കലും മുടങ്ങാതെ കഴിഞ്ഞ പത്തു വര്‍ഷമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിമാസ കവിയരങ്ങ്, എല്ലാ മൂന്നാം ഞായറാഴ്ചയും നടത്തി വരുന്ന പ്രതിമാസ വായനാ പരിപാടി, വിവിധ സ്ഥലങ്ങളില്‍ നടത്തി വരുന്ന കവിയരങ്ങുകള്‍, പുസ്തക പ്രസിദ്ധീകരണങ്ങള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍, സാഹിത്യസമ്മേളനങ്ങള്‍.. അങ്ങനെയങ്ങനെ സാംസ്‌ക്കാരിക കേരളത്തിന്റെ തിലകക്കുറിയായി മാറിയ ഏറ്റുമാനൂര്‍ കാവ്യവേദിയുടെ ജീവാത്മാവും പരമാത്മാവുമായ ചെയര്‍മാന്‍ ശ്രീ. പി. പി. നാരായണന്‍ സാറുമായി നടത്തിയ അഭിമുഖത്തിലൂടെ കേരളത്തില്‍ ഇനിയും അംഗീകാരവും പ്രോത്സാഹനവും നല്‌കേണ്ടുന്ന ധാരാളം സാഹിത്യ പ്രസ്ഥാനങ്ങള്‍നാട്ടിന്‍പുറത്തും നഗരങ്ങളിലും ജൈവചൈതന്യത്തോടെ പ്രവര്‍ത്തുക്കുന്നുണ്ട് എന്ന് തിരിച്ചറിയാന്‍ ഈ അഭിമുഖം പ്രയോജനപ്പെടും എന്ന വിശ്വാസത്തോടെ -സമര്‍പ്പിക്കുന്നു.




ഏറ്റുമാനൂര്‍ കാവ്യവേദി 10 വര്‍ഷം പൂര്‍ത്തിയാക്കി മുന്നോട്ടു പോയികൊണ്ടിരിക്കുകയാണ്. ഈ പ്രസ്ഥാനത്തിന്റെ ആരംഭം, വളര്‍ച്ച, വികാസം ഇവയെക്കുറിച്ച് ഒന്നു വിശദീകരിക്കാമോ?

ഏറ്റുമാനൂര്‍ കാവ്യവേദിക്കു രൂപം കൊടുത്തതു ഞാന്‍ മാത്രമാണ്. കവികളുടെ ഒരു സംഘടന വേണം എന്നു തോന്നുകയും അതിനു രൂപം കൊടുക്കുകയും ചെയ്തതിനു ശേഷം കെ. ആര്‍. കാര്‍ത്തികേയന്‍, എം. എന്‍. ലാല്‍ തുടങ്ങി ചിലരോട് ഇതു സംബന്ധിച്ച് സംസാരിക്കുകയും അവര്‍ അതിന് പിന്‍തുണ തരികയും ചെയ്തു. അങ്ങനെ 2002 ജൂണ്‍ മാസം 9-ന് ആനന്ദ് ഓഡിറ്റോറിയത്തില്‍ കൂടിയ കവിയരങ്ങില്‍ ഹരിഹരന്‍ വെള്ളത്തൂവല്‍ കാവ്യവേദി ഉദ്ഘാടനം ചെയ്തു. എം. എന്‍. ലാല്‍ പേരൂരിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഈ സംഘടനയുടെ ചെയര്‍മാന്‍ ഞാന്‍ ആയിരിക്കുമെന്ന് അറിയിക്കുകയും എല്ലാവരും സമ്മതിക്കുകയും ചെയ്തു. ഓരോ അംഗത്തെയും മിത്രം എന്നു സംബോധന ചെയ്യണമെന്നുള്ള എന്റെ അപേക്ഷയും സ്‌നേഹപൂര്‍വ്വം അംഗീകരിച്ചു. കോട്ടയം കഴിഞ്ഞാല്‍ പിന്നെ പാലായില്‍ മാത്രമാണ് ഒരു സാഹിത്യസംഘടനയുള്ളത്. അത് വെട്ടൂരിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സഹൃദയ സമിതിയാണ്. അതുകൊണ്ട് കാവ്യവേദിക്കു അതിവേഗം വളരാന്‍ അവസരം ഒരുങ്ങി.
നവാഗതരെ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുകയും പരിചയപ്പെടുകയും ചെയ്യുന്നത് ഒരു നയമായി സ്വീകരിച്ചതിനാല്‍ പുതിയ ആളുകള്‍ക്ക് പങ്കെടുക്കുവാന്‍ ഉത്സാഹവും താല്പര്യവും ഏറി. 

                                
എസ്. കെ. വസന്തന്‍, എന്‍. കെ. ദേശം, ഏറ്റുമാനൂര്‍ സോമദാസന്‍, ജോസഫ് മറ്റം, ബി. സരസ്വതി, ബിച്ചു തിരുമല, കുരീപ്പുഴ, ഡി. വിനയചന്ദ്രന്‍ തുടങ്ങി അറിയപ്പെടുന്ന വളരെയേറെ എഴുത്തുകാര്‍ കാവ്യവേദി വാര്‍ഷികങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഡോക്ടര്‍ രാജന്‍ ഗുരുക്കള്‍, കുര്യാസ് കുമ്പളക്കുഴി, പി.പി. രവീന്ദ്രന്‍, റ്റി. റ്റി. ശ്രീകുമാര്‍, എം. ഗംഗാധരന്‍ ,. വി.സി. ഹാരീസ്, ഡോകടര്‍ വേണുഗോപാല്‍, ഗോപി കൊടുങ്ങല്ലൂര്‍, സുനില്‍ പി. ഇളയിടം തുടങ്ങി വളരെയധികം പേരുടെ ആത്മസ്പര്‍ശം കാവ്യവേദി ഇതിനോടകം ഏറ്റുവാങ്ങി. 19 മിത്ര പുരസ്‌ക്കാരങ്ങളും 29 പൊതു സാഹിത്യപുരസ്‌ക്കാരവും എഴുത്തുകാരുടെ വളര്‍ച്ചയ്ക്കായി നല്‍കിയിട്ടുണ്ട്.

തൊഴില്‍ വിജ്ഞാനസാഹിത്യശാഖയിലെ സമസ്ത സേവനങ്ങള്‍ കണക്കിലെടുത്ത് ബി. എസ്. വാര്യര്‍, ഡോ. വെങ്കിട്ടരാമന്‍ എന്നിവര്‍ക്ക് പുരസ്‌ക്കാരം നല്‍കിയത് ഒരുപക്ഷേ ലോകത്തിലെ ആദ്യ സംഭവമായിരിക്കും. കാസര്‍ഗോഡ് മുതല്‍ പാറശാല വരെയുള്ള എഴുത്തുകാര്‍ കാവ്യവേദിയില്‍ വന്നുപോയിട്ടുണ്ട്. 




കാവ്യവേദി ഈ പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ ഒരു റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ്. തുടങ്ങിയനാള്‍ മുതല്‍ മുടങ്ങാതെ എല്ലാ മാസവും ആദ്യ ഞായറാഴ്ച സമ്മേളിച്ചിട്ടുണ്ട്. ഇതെങ്ങനെ സാധിച്ചു?

തുടക്കം മുതല്‍ നാളിതുവരെ മുടങ്ങാതെ എല്ലാ മാസവും കവിയരങ്ങു നടത്താന്‍ സാധിക്കുന്നത് സ്‌നേഹസമ്പന്നരായ മിത്രങ്ങളുടെ കൂട്ടുത്തരവാദിത്വവും ആനന്ദ് ഓഡിറ്റോറിയം ഉടമ ശ്രീ തങ്കച്ചന്റെ ഔദാര്യവും കൊണ്ടാണ്. നിസ്സാര തുകയ്ക്ക് ഓഡിറ്റോറിയം വിട്ടുതരുന്ന തങ്കച്ചനോടും മിത്രങ്ങളോടും പറഞ്ഞറിയിക്കാന്‍ മേലാത്ത കടപ്പാടുണ്ട്. 



പ്രതിമാസ കവിയരങ്ങുകളില്‍ കാസര്‍ഗോഡുമുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്ന് കവികള്‍ പങ്കെടുക്കാറുണ്ട്. ഇത്രയും വിപുലമായ ഒരു സംഘടനാ സംവിധാനം ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ?

കേട്ടറിഞ്ഞും പറഞ്ഞറിഞ്ഞും കത്തുകള്‍ കിട്ടിയും എത്തിയവരാണ് എല്ലാവരും. ഉദാഹരണം പ്രൊഫസര്‍ സെബാസ്റ്റ്യന്‍ വട്ടമറ്റം ആനന്ദ് ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറിയതാണ്. കവിയരങ്ങ് നടക്കുന്നതായി കേട്ട് ക്ഷണിയ്ക്കാതെ വന്ന അദ്ദേഹം കാവ്യവേദിയുടെ ഉന്നത സ്ഥാനീയനായ കണ്‍വീനര്‍ വരെ ആയി. എല്ലാ മാസവും പത്രത്തില്‍ പരിപാടിയെക്കുറിച്ച് പറയുകയും വര്‍ഷത്തിലൊരിക്കല്‍ എല്ലാ പത്രങ്ങളിലും ടിവിയിലും പുരസ്‌ക്കാര വിവരം വരികയും ചെയ്യുന്നതില്‍ ആകൃഷ്ടരായി എത്തിയതാണ് എല്ലാ മിത്രങ്ങളും. സംഘടനാപരമായി പറഞ്ഞാല്‍ ഇതൊരു സംഘടനയല്ല. ഇതിനു രജിസ്‌ട്രേഷന്‍ ഇല്ല. ഇതൊരു ധാരണയാണ്. ഉറച്ച ധാരണ. വിശ്വാസമാണിതിന്റെ മൂലധനം. 



താങ്കളുടെ വ്യക്തിപരമായ ജീവിതം - എങ്ങനെയാണ്. ഒരു കവിയും എഴുത്തുകാരനുമെന്ന നിലയില്‍ വളരാന്‍ താങ്കളെ എന്തൊക്കെ ഘടകങ്ങളാണ് സഹായിച്ചത്?

ലളിതവും ശാന്തവുമായ ഒരു വ്യക്തിജീവിതമാണെന്റേത്. ഒതുങ്ങിക്കഴിയുന്ന രീതി. നിശബ്ദജീവിതം. വേഷം, ഭക്ഷണം ഇതെല്ലാം ലളിതം. സസ്യഭുക്ക്.

14-ാമത്തെ വയസ്സില്‍ കവിത എഴുതാന്‍ തുടങ്ങി. ഒരു കൈത്താങ്ങിന് ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ടു മുരടിച്ചുപോയി. എന്റെ കവിത ആദ്യമായി അച്ചടിച്ചുവരുന്നത് എന്‍. ജി. ഒ. യൂണിയന്റെ മുഖപത്രമായ കേരള സര്‍വ്വീസിലാണ്. 'സേവകന്‍' എന്നതായിരുന്നു കവിതയുടെ പേര്. ഒരു ക്ലര്‍ക്കിന്റെ ആത്മവിലാപങ്ങളായിരുന്നു ഇതിവൃത്തം. മുഖ്യധാരപത്രങ്ങളിലൊന്നും ഒരു രചനയും അച്ചടിച്ചു വന്നിട്ടില്ല. എന്നാല്‍ കേരളത്തിലെ 40-ല്‍ അധികം ചെറു മാസികകളില്‍ കഥയും കവിതയും, നിരൂപണവും മഷി പുരണ്ടിറങ്ങിയിട്ടുണ്ട്. പുസ്തകങ്ങളില്‍ പഠനങ്ങള്‍, ആസ്വാദനം, അവലോകനം എന്നിവ നടത്താന്‍ അവസരം ലഭിച്ചു. തണല്‍തേടി, കാവ്യധാര, കാലന്‍ ഡോട്ട് കോം എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നു മാസത്തിനകം സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം കോട്ടയം എന്റെ ''ചില്ലിമാന്‍ ഫ്രൈ'' എന്ന കഥാസമാഹാരം പുറത്തിറക്കും. നവകം കവിത, കഥ, ലേഖന സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യവേദി, മലയാള രശ്മി മാസിക ഇവ ആദരിച്ചിട്ടുണ്ട്. സ്വയം വളര്‍ന്ന ഒരു മരമാണു ഞാന്‍.



 ഋതം - വാര്‍ഷികപ്പതിപ്പിനെക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ?

എല്ലാവര്‍ഷവും ജൂണില്‍ ആണ് ഋതം വാര്‍ഷികപതിപ്പു പ്രസിദ്ധീകരിക്കുന്നത്.നൂറിലധികം എഴുത്തുകാരുടെ രചനകള്‍ ഇതിലുണ്ടാകാറുണ്ട്. ഇതിന്റെ പിന്നില്‍ കുറെ ആളുകളുടെ കൂട്ടായ പരിശ്രമം ഉണ്ട്. ഏകദേശം മുന്നു വര്‍ഷം മുമ്പുവരെ കെ. ആര്‍. കാര്‍ത്തികേയന്‍ ആയിരുന്നു ഇതിന്റെ എഡിറ്റര്‍. അദ്ദേഹത്തിന്റെ രാപകലില്ലാത്ത നിസ്തൂലവും പ്രതിഫലേച്ഛ ഇല്ലാത്തതുമായ അര്‍പ്പണ പ്രവൃത്തിയില്‍ കൂടിയാണ് വാര്‍ഷികപ്പതിപ്പ് ഒരു മേല്‍ വിലാസമുള്ളതായി തീര്‍ന്നത്. ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹം പത്രാധിപര്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ സെബാസ്റ്റ്യന്‍ വട്ടമറ്റം ആ സ്ഥാനത്തു നിയുക്തനായി. ഇപ്പോള്‍ പി.പി. നാരായണന്‍ മാനേജിംഗ് എഡിറ്ററും, സെബാസ്റ്റ്യന്‍ വട്ടമറ്റം എഡിറ്ററും, വേദഗിരി നാരായണന്‍ സബ് എഡിറ്ററും ആണ്. ഇതില്‍ വരകള്‍കൊണ്ട അഴകേകുന്നതും കവര്‍ മനോഹരമാക്കുന്നതും സുരേഷ് കുറുമുള്ളൂര്‍ ആണ്. എല്ലാവരും പ്രതിഫലം വാങ്ങാതെ പണിയെടുക്കുന്നു. പരസ്യത്തിലൂടെയാണ് വാര്‍ഷികപ്പതിപ്പിനുള്ള തുക കണ്ടെത്തുന്നത്.








എല്ലാവര്‍ഷവും ജൂണ്‍ ആദ്യ ഞായറാഴ്ച കാവ്യവേദിയുടെ വാര്‍ഷികോത്സവമാണ്. കൂടാതെ ആ വേദിയില്‍ ശ്രദ്ധേയരായ എഴുത്തുകള്‍ ഉള്‍പ്പെടെ ഒരു വന്‍ജനാവലി പങ്കെടുക്കാറുണ്ട്. ഇതിനെക്കുറിച്ച്.

ഇരുനൂറില്‍ പരം ആളുകള്‍ക്ക് പോസ്റ്റു കാര്‍ഡില്‍ ക്ഷണക്കത്തയ്ക്കുകയും പത്രത്തില്‍ വാര്‍ഷികം സംബന്ധിച്ച വിവരം നല്‍കുകയും ചെയ്യും. സ്റ്റാര്‍ വിഷന്‍, ഏഷ്യാനെറ്റ്, എസിവി തുടങ്ങിയ ദൃശ്യശ്രാവ്യമാദ്ധ്യമങ്ങള്‍ ഉദാരമായി സഹകരിക്കുന്നതിന്റെ ഫലമാണ് ഈ വിജയം.



പ്രതിമാസ കവിയരങ്ങുകളെക്കുറിച്ചും - ഋതം മാസികയെക്കുറിച്ചും എന്താണ് താങ്കള്‍ക്ക് പറയാനുള്ളത്?

പ്രതിമാസ കവിയരങ്ങ് ഭംഗിയായി നടക്കുന്നു. 25-നും 60-നും ഇടയ്ക്ക് കവികളും ആസ്വാദകരും പതിവായി വന്നു ചേരുന്നു. നവാഗതരെ പരിചയപ്പെടുക, അന്തരിച്ച സര്‍ഗ്ഗധനരെ അനുസ്മരിക്കുക, ചില വിഷയങ്ങളില്‍ പ്രഭാഷണം നടത്തുക എന്നിവ കവിയരങ്ങിന്റെ ഭാഗമാണ്. ചൊല്ലിയവതരിപ്പിക്കുന്ന കവിതകളെ നിശിതമായി വിമര്‍ശിക്കുന്ന പതിവും ഉണ്ട്. കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ ഇതില്‍ അണിചേരുന്നു. എല്ലാവര്‍ക്കും ഒരു പ്രോത്സാഹനമാണ് പ്രതിമാസ കവിയരങ്ങ്.

ഒരിക്കലും മുടക്കം വരുത്താതെ ഋതം മാസികയുടെ പ്രതിമാസ ലക്കങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ നാളിതുവരെ സാധിച്ചിട്ടുണ്ട്. ആകെ 4 പേജുണ്ട്. അതില്‍ കഥ, കവിത, ലേഖനം എന്നിവ അച്ചടിച്ചു വരുന്ന ഋതത്തിന്റെ എഡിറ്റോറിയല്‍ ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളില്‍ ഊന്നിയുള്ളതാകയാല്‍ വളരെ ശ്രദ്ധേയമാണ്.


വാര്‍ഷികത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും കാവ്യവേദി പുരസ്‌ക്കാരങ്ങള്‍ നല്‍കാറുണ്ടല്ലോ. ഇതിനെക്കുറിച്ചും കാവ്യവേദി പ്രസിദ്ധീകരണങ്ങളെക്കുറിച്ചും ഒന്നു വിശദീകരിക്കാമോ?

ആദ്യപുരസ്‌ക്കാരം ശ്രീകുമാര്‍ കരിയാടിനു സമര്‍പ്പിച്ചു. (മേഘപഠനങ്ങള്‍ എന്ന പുസ്തകം) തുടര്‍ന്ന് എല്ലാ വര്‍ഷവും കാവ്യപുരസ്‌ക്കാരവും കുറച്ചുനാള്‍ ആയിട്ട് കഥാപുരസ്‌ക്കാരവും നോവല്‍ പുരസ്‌ക്കാരവും നല്‍കി വരുന്നു. ഈ പുരസ്‌ക്കാരങ്ങള്‍ പത്രങ്ങളിലൂടെ പുസ്തകങ്ങള്‍ ക്ഷണിച്ചുവരുത്തി 3 അംഗങ്ങളുള്ള ഒരു ജൂറി സ്വതന്ത്രമായി നിര്‍ണ്ണയിക്കുന്നു. ഇതില്‍ കാവ്യവേദിയിലെ ആരും ഒരിക്കലും ഇടപെടുകയില്ല. അതാണ് കാവ്യവേദി പുരസ്‌ക്കാരത്തിന്റെ മഹത്വം. കഥാകൃത്ത് ഉത്തമന്‍ (അന്തരിച്ചു) കവി കണിമോള്‍, രാജഗോപാല്‍, റോസി തമ്പി തുടങ്ങി പൊതു അംഗീകാരം ലഭിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും ഒക്കെ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.
  
                        


താങ്കള്‍ റിട്ടയര്‍ ചെയ്ത ഉദ്ദ്യോഗസ്ഥനാണ്. താങ്കളുടെ ഔദ്യോഗിക ജീവിതം എവിടെയായിരുന്നു? ആ കാലഘട്ടത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?


22-ാമത്തെ വയസ്സില്‍ എല്‍.ഡി. ക്ലര്‍ക്കായി എംപ്ലായ്‌മെന്റ് വകുപ്പില്‍ 11.10.1965-ല്‍ ജോലിയില്‍ കയറി. തിരുവനന്തപുരം ഡിവിഷണല്‍ എംപ്ലോയ്‌മെന്റിലാണ് പ്രവേശനം നടന്നത്. 1997 ഡിസംബര്‍ 31 ന് അതേ ഓഫീസില്‍ നിന്ന് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (ഓഫീസ് തലവന്‍) ആയി വിരമിച്ചു. യാത്ര പറയാതെ, സ്വീകരണങ്ങള്‍ ഏറ്റുവാങ്ങാതെ നിശബ്ദം പടിയിറങ്ങി. അത് എന്റെ ആദ്യത്തെ മരണമാണ്. രണ്ടാമത്തെ ജനനമാണ് 11.10.1965. കൈക്കൂലി വാങ്ങിച്ചിട്ടില്ല. സര്‍ക്കാരിന് സാമ്പത്തിക നഷ്ടം വരുത്തിയിട്ടില്ല. രാവിലെ 6 മണി മുതല്‍ വെളുപ്പിന് 2 മണി വരെ നിരന്തരം പണി ചെയ്തിട്ടുണ്ട്. ആരുടെയും കണ്ണുനീരിന്റെ ഉപ്പു പുരളാത്ത ഔദ്ദ്യോഗിക ജീവിതം. ഒരിക്കല്‍ ഒരു തെറ്റു ചെയ്തു. കുറ്റം സ്വയം ഏറ്റുപറഞ്ഞു. പിന്നെ ആവര്‍ത്തിച്ചിട്ടില്ല. ചെയ്യാവുന്ന എല്ലാ സഹായവും നല്‍കാവുന്ന നല്ല സേവനവും പൊതു ജനത്തിനു നല്‍കി. അധികാരം ആരിലും അടിച്ചേല്‍പ്പിക്കാതെ സഹപ്രവര്‍ത്തകരെ പരിപൂര്‍ണ്ണമായി സഹകരിപ്പിച്ചുകൊണ്ട് ഭരണം നടത്തി. ഒരു കൈക്കൂലിക്കാരനെ കണ്ടുപിടിക്കുകയും ആ രാജ്യദ്രോഹിയുടെ ജോലി നഷ്ടമാകുകയും ചെയ്തു. അതില്‍ ഒരു ദു:ഖവും ഇല്ല. സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങരുത്. അധികം പണം വേണമെങ്കില്‍ മറ്റു തൊഴില്‍ തേടി പുറത്തുപോകണം. ഇതാണ് എന്റെ അഭിപ്രായം. ഔദ്ദ്യോഗിക ജീവിതത്തില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്. ആരുടെയും അടിമയാകാതെ അനുസരണയോടെ ജോലി ചെയ്തു. പൊതുജനസേവകനായിരുന്നു. 

ഏതൊക്കെ അംഗീകാരങ്ങള്‍ ആണ് താങ്കള്‍ക്ക് ലഭിച്ചിട്ടുള്ളത്?

പറയത്തക്ക അംഗീകാരങ്ങള്‍ ലഭിച്ചിട്ടില്ല. നവകം മാസികയുടെ കവിത, കഥാ, ലേഖന സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്. മലയാളരശ്മി മാസിക, കേരള സാഹിത്യവേദി എന്നിവയുടെ ആഭിമുഖ്യത്തില്‍ പൊന്നാട ചാര്‍ത്തിയിട്ടുണ്ട്. സുപ്രസിദ്ധ മഹാകവി അക്കിത്തത്തില്‍ നിന്നാണ് കവിതയ്ക്കുള്ള സമ്മാനം വാങ്ങിയത്. പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് ടോംസ് ആണ് പൊന്നാട ചാര്‍ത്തിയത്. 


                              


താങ്കളുടെ കൃതികളെക്കുറിച്ച് രണ്ട് വാക്ക്.

ഒരുപാടു കവിതകളും കഥകളും നിരൂപണങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹാസ്യസാഹിത്യവും കൈകാര്യം ചെയ്തിട്ടുണ്ട്. ബാര്‍ക്കന്റോ അങ്ങ് അനശ്വരനാണ്, എന്റെ വാടകവീട്, ചില്ലിമാന്‍ ഫ്രൈ, പൂണൂലിന്റെ വിശപ്പ്, വട്ടപ്പന്‍ തുടങ്ങിയവ പ്രിയ കഥകളാണ്. 

  താങ്കളുടെ കുടുംബജീവിതത്തെക്കുറിച്ച്........

ഒരു ഭാര്യ. അതില്‍ ഒരു മകന്‍. മകന് ഒരു ഭാര്യ. 2 മക്കള്‍. എന്റെ ഭാര്യ അദ്ധ്യാപികയായിരുന്നു. മകന്‍ സര്‍ക്കാര്‍ സേവനം തുടരുന്നു. മരുമകള്‍ക്കു ജോലിയില്ല. സാധാരണ ജീവിതം. 

സമാന പ്രസ്ഥാനങ്ങളിലെ കവികളോട് താങ്കള്‍ക്ക് നല്കാനുള്ള ഉപദേശം...

അവസരങ്ങള്‍ നഷ്ടപ്പെടാതെ അവ പ്രയോജനപ്പെടുത്തുക. അങ്ങനെ ചെയ്യാതെ ക്ഷയിച്ച ഒരാളാണു ഞാന്‍. ഒ. എന്‍. വി. കുറുപ്പ്, മധുസൂധനന്‍നായര്‍, സുഗതകുമാരി, ഒ. വി. വിജയന്‍ തുടങ്ങി ഒട്ടനവധി ആളുകളെ കണ്ടുമുട്ടാന്‍ അവസരം ഉണ്ടായിട്ടും അവരുമായി നല്ല ബന്ധം സ്ഥാപിക്കാനോ, ഞാന്‍ ഒരു കവിതക്കാരനാണെന്നു പറയാനോ തയ്യാറാകാതിരുന്നതിന്റെ ദൂഷ്യഫലങ്ങള്‍ പിന്നീട് ഞാന്‍ ഏറ്റുവാങ്ങി. ഉദാസീനത വിട്ട് എഴുതുക. വായന നിറുത്താതിരിക്കുക. പഠനം തുടരുക. അലോസരപ്പെടാതെ, ആരും സഹായിച്ചില്ല, പ്രോത്സാഹിപ്പിച്ചില്ല എന്ന പരാതി വെടിഞ്ഞ് ഒറ്റയാനായി മുന്നേറുക. ഭാഷയെ കീഴ്‌പ്പെടുത്തുകയും കവിതയെ സ്ഥാപിച്ചെടുക്കുകയുമാണ് ഒരു കവി ചെയ്യേണ്ടത്. ഏതെല്ലാം പ്രസിദ്ധീകരണങ്ങളില്‍ എഴുതാമോ, എഴുതുക, എവിടെയൊക്കെ കവിത ചൊല്ലാമോ ചൊല്ലുക. കേള്‍വിക്കാരന്റെയും വായനക്കാരന്റെയും ആത്മാവില്‍ക്കൂടി പാര്‍ക്കാന്‍ കരുത്തുറ്റ രചന നടത്തുക. തീരുമാനം പറയാന്‍ പ്രാപ്തരായവരെക്കൊണ്ട് നിശിത വിമര്‍ശനം നടത്തിക്കുക. അതിനെയെല്ലാം അതിജീവിച്ച് സൃഷ്ടികള്‍ ശക്തമാക്കി അറിയപ്പെടുന്ന കവിയാവുക. അഹങ്കരിക്കാതിരിക്കുക. എല്ലാവരെയും സ്‌നേഹപൂര്‍വ്വം സ്വീകരിക്കുക.

കവിതയും ജീവിതവും രണ്ടാണ്. കാവ്യലോകവും ജീവിതലോകവും വിഭിന്നമാണ്. കാവ്യലോകം അപരിമിതവും ജീവിതലോകം ഹ്രസ്വവുമാണ്. തന്റെ ജീവിതകാലത്തിനുള്ളില്‍ കാവ്യലോകത്തിന്റെ അനന്തതകളില്‍ വ്യാപരിക്കാന്‍ വേണ്ടതു ചെയ്യുക. അദ്ധ്വാനിക്കുക. സ്വപ്നങ്ങള്‍ നിരന്തരം സാക്ഷാല്‍ക്കരിച്ചുകൊണ്ടിരിക്കുക. അക്ഷരങ്ങളെ അതിഗാഢമായി പ്രണയിക്കുക.



Friday, December 14, 2012

നഗ്നശില്പങ്ങള്‍


തെരുവിലെ ശില്പത്തിന്റെ ജീവിതം ;
കളിപറയാനും, കാതില്‍ അശ്ലീലം ചൊല്ലി ചിരിക്കാനും
കാഴ്ചക്കാര്‍ക്ക് അവസരം നല്കി ;
മറയേണ്ടിടം മറയ്ക്കാതെ  ശില്പമുണ്ടാക്കുന്നത്
ശില്പിയുടെ ആവിഷ്ക്കാര സ്വാതന്ത്ര്യ പ്രശ്നമത്രേ 
എന്നാലും സൂര്യന്‍ ഉദിക്കുമ്പോള്‍ മുതല്‍
തലകുമ്പിട്ടു കത്തുന്ന വെയിലില്‍
നഗ്നയായി നില്‍ക്കേണ്ടത്   വിധി!

ഉടല്‍ മറയാന്‍ എനിക്കെന്റെ നീണ്ട
തലമുടി മാത്രം.
 മാറുമറയ്ക്കാന്‍ സമരം ചെയ്ത നാട്ടില്‍
 ആഭരണങ്ങള്‍ അണിയാന്‍ സമരംചെയ്ത ഇവിടെ  
ഒരു കയ്യില്‍ മണ്‍ കുടവുമായി
ഞാനെന്തിനു നഗ്നയായി
ഈ ആള്‍ക്കൂട്ടത്തിനു നടുവില്‍ നില്‍ക്കണം
നാടന്‍ പെണ്ണിനു നാണം മറയ്ക്കുവാന്‍
സ്വന്തം കണ്ണുകളടയ്ക്കുക മാത്രമേ നിവൃത്തിയുള്ളോ ?
 ശില്പി ഇനിയും ഉടല്‍ നഗ്നമായ
ശില്പങ്ങള്‍ ഉണ്ടാക്കിക്കൊണ്ടേയിരിക്കും

നഗ്നത എത്ര മനോഹരം !
കാണുന്നവരുടെ മനസ്സിലാണത്രേ
അശ്ലീലം ഉടലെടുക്കുന്നത്‌
എന്നിട്ടെന്തേ ഒരു പുരുഷന്റെ
നഗ്നശില്പം
പണി തീര്‍ത്ത് ഈ
പൊരിവെയിലത്ത് നിര്‍ത്താ ത്തത്?
തന്റെയും  തന്നെ പ്പോലള്ള വരുടെ യും
  പൌരുഷസൌന്ദര്യ ത്തെക്കുറി ച്ചുള്ള
സന്ദേ ഹമോ ശില്പിയെ
വേ വലാതിപ്പെടുതുന്നത്?


സ്ത്രീയി ല്ലാതെ
തനിക്കു നിലനില്പ്പില്ലെന്ന
മഹാസത്യം മനസ്സ്സിലാക്കിയ
പുരുഷന്‍ അവളെ തന്റെ
ചൊല്‍പ്പടിക്ക് നിര്‍ത്താന്‍
നിര്‍മ്മിച്ച
നഗ്നമായ സത്യമെത്രെ
നഗ്നത മനോഹരമെന്ന (?)
നഗ്നമായ നുണ!





Thursday, December 13, 2012

ജീവിതത്തെക്കുറിച്ച് ചില ചിതറിയ ചിന്തകള്‍


ജീവിതം കുടിച്ചു തീര്‍ക്കാന്‍ പറ്റാത്ത
കയ്പുനീരിന്‍റെ  വന്‍സമുദ്രമെന്നു ചൊല്ലിയത്  അമ്മ.
എത്തും പിടിയുമില്ലാത്ത പാമ്പും ഗോവണിയും
കളിയുമെന്നു പറഞ്ഞു കരഞ്ഞത് ഭാര്യ
വര്‍ണ്ണ പീലികള്‍ നിരത്തിയ
ആഘോഷമെന്നു ചൊല്ലിയത് കുട്ടികള്‍
നിലയില്ലാ കയത്തിലെ പിടിവള്ളിയെന്നു
പറഞ്ഞു  പുണര്‍ന്നത്‌ കാമുകി
എരിഞ്ഞു തീരാറായ വിളക്കിത്തിരിയുടെ
അവസാന ആളിക്കത്തലെന്നു
പറഞ്ഞു ദീര്‍ഘ ശ്വാസം
വലിച്ചു വിട്ടത് കാസരോഗിയായ
അയലത്തെ കാര്‍ന്നോര്

എനിക്ക് മാത്രം പറയാന്‍
ജീവിതത്തില്‍ ഒന്നുമില്ലെന്ന്
ഞാന്‍ തിരിച്ചറിഞ്ഞപ്പോഴേക്കും
എനിക്കൊപ്പമുള്ളവരൊക്കെയും
എന്നെക്കടന്നു ബഹുദൂരം
മുന്പിലെത്തിയിരുന്നു.

കാലം കടലാസു  തോണിപോലെ
എന്റെ ജീവിതത്തെ
തള്ളിയും തലോടിയും
മുന്നോട്ടു നീക്കികൊണ്ടിരുന്നു

ഒരു വിഷാദ രോഗിയെപ്പോലെ
വിലപിക്കാനും

നഷ്ടപെട്ടതിനെക്കുറിച്ചോര്‍ത്തു
പഴമ്പുരാണം പാടുവാനും
ഞാനില്ല .

ഞാനൊന്നുമാത്രം  തിരയുന്നു
എന്റെ ജീവിതത്തിന്റെ
അവസാന മാത്ര
എത്രയരികിലെന്നു മാത്രം!

   

  



Wednesday, December 5, 2012

വ്യഥിതമാനസന്‍ ഞാന്‍ നേരുന്നു ശാന്തി.....


നാക്കിലയില്‍ പകര്‍ന്നു നല്‍കീടട്ടെ
നിന്റെ ജീവന്‍ വെടിഞ്ഞു  നീ യെന്നെ
പിരിയുമ്പോള്‍, ഒരു കൈ നിറയെ
പിണ്ഡമുരുട്ടി , തീര്‍ത്ഥം തളിച്ച്
യെന്റെയവസാന കടമയും നിര്‍വഹിച്ചു
ഞാന്‍ വിട വാങ്ങട്ടെ.

നീയെനിക്ക് നല്കിയത് വേദന
പരിഹാസം, ഭീഷണി , മറ്റുപദ്രവങ്ങള്‍;
നിന്നെ ഞാനെപ്പോഴേ സ്നേഹിച്ചതിന് ശിക്ഷയായി
നിനക്ക് തരാന്‍ മറ്റൊന്നുമില്ലായിരുന്നുവോ?
നാം പങ്കിട്ട,  നമ്മുടെ ശരീരങ്ങള്‍ പങ്കിട്ട
രാത്രികള്‍ , നാം പങ്കിട്ട,  നമ്മുടെ മനസ്സുകള്‍ പങ്കിട്ട
മോഹങ്ങള്‍, സ്വപ്‌നങ്ങള്‍, വാഗ്ദാനങ്ങള്‍
നിന്റെ മടിത്തട്ടില്‍ ഒരു കുഞ്ഞിനെപ്പോലെ
നീയെന്നെയുറക്കിയ നിമിഷങ്ങള്‍
നീയെനിക്ക് പകര്‍ന്നു നല്‍കിയ
ഉന്മാദത്തിന്‍ രതിവേഗങ്ങള്‍
ഒക്കെയും ഒക്കെയും ഓര്‍മ്മകളായി
പിന്നാമ്പുറത്തെവിടെയോ ക്ലാവ് പിടിച്ച
ഓട്ടു പാത്രം പോലെ ആരും കാക്കാനില്ലാതെ
അനാഥമായി കിടക്കുന്നു .

എന്റെ  മനസ്സിന്റെ ജാലക വാതില്‍
തള്ളിത്തുറന്നു ആരൊക്കെയോ കടന്നു വന്നു
ആരൊക്കെയോ മനസ്സിന്റെ കോണില്‍
ഇരിപ്പുറപ്പിച്ചു ; അപ്പോഴും സിംഹാസനം നിനക്കായി
ഞാന്‍ കാത്തുവെച്ചിരുന്നുവല്ലോ .

കാറ്റ് പറഞ്ഞ കഥയിലെ, നായിക നീയല്ലതെയാവാന്‍
ഞാനെ ത്ര കൊതിച്ചു 
എതോക്കെയോ  വന്മരങ്ങളില്‍
നീ ചുറ്റി പടര്‍ന്ന കഥ അങ്ങാടിപാട്ടായി
പാടി നടന്ന പാട്ടുകാരന്‍
രക്തം ശര്‍ദ്ദിച്ചു മരിക്കാന്‍
വഴിപാടു നേര്‍ന്ന കഥ
പാഴ്ക്കഥ.

പുഴവക്കിലെ നേര്‍ത്ത നിലാവൊഴുകുന്ന
രാത്രിയില്‍ നീച്ചുറ്റിപുണര്‍ന്നത്‌
എന്നെയല്ലയെന്നു  തിരിച്ചറിഞ്ഞ നിമിഷം 
ഞാന്‍ ഞാനല്ലാതെയായി.

കണ്ണുകള്‍ കണ്ണുകളോടിടഞ്ഞപ്പോള്‍
നീചൊല്ലിയ കഥയ്ക്ക്‌
ചതിയുടെ കറുത്ത നിറം.

പിന്നെ  ഇതാ ഇപ്പോള്‍
അവസാന യാത്രയും പറഞ്ഞു
ഞാന്‍ പടിയിറങ്ങുന്നു .
സ്വസ്തി! നിനക്കായി
നേരാന്‍ മറ്റൊന്നുമില്ലയെന്റെ പക്കല്‍
യാത്രപറയുന്നു ഞാന്‍ സഖീ
നീയെനിക്കായി നല്‍കിയ
ജീവിത രസാമൃതത്തിനൊക്കെയും
നേരുന്നു നന്ദി.
വ്യഥിതമാനസന്‍ ഞാന്‍
നേരുന്നു ശാന്തി!






  


Saturday, December 1, 2012

ഓര്‍മ്മകള്‍ പാടികൊണ്ടേയിരിക്കുന്നു....


രാത്രിയുടെ നിശബ്ദതയില്‍ ഒഴുകി വരുന്ന
കാറ്റില്‍ ഉമ്പായിയുടെ വിരഹത്തിന്‍ നോവ്‌ കലര്‍ന്ന ശബ്ദം പാടുന്നു.
നെഞ്ചിന്റെ ഉള്ളില്‍ നിന്നും ഉയരുന്ന തേങ്ങലില്‍
വഴിപിരിഞ്ഞ സഖിയുടെ ഓര്‍മ്മകള്‍.

കാലത്തിന്റെ കൈവഴികളില്‍ പൊടിപിടിച്ച
ചിത്രങ്ങള്‍ക്ക് മങ്ങലലേറ്റതും
നെഞ്ചോട് ചേര്‍ത്ത സ്വപ്‌നങ്ങള്‍
അലിഞ്ഞലിഞ്ഞില്ലാതായതും
എത്രയോ പാടിയ പാട്ടിലെ
വരികള്‍ മറന്നത്  പോലെ നിസ്സഹായരായി
നിന്റെ ഓര്‍മ്മകള്‍ എന്നില്‍ നിന്ന്
ഇല്ലാതായതും
ഒക്കെ ഒരു നിഴല്‍ ചിത്രമായി
അവശേഷിക്കുന്നു.

 കലാമണ്ഡലം ഗോപിയാശാന്റെ
സ്ത്രീവേഷം അരങ്ങില്‍ ഒരു
നിലാദീപ്തിയായി ഒഴുകി പരക്കുന്നു.
ക്ഷേത്രനടയിലെ  ആല്‍മരത്തില്‍ നിന്നും
ഇണയെ പിരിഞ്ഞ ഏതോ പക്ഷിയുടെ
വിരഹഗാനം ഒരു നോവായി
എന്റെയുള്ളം പിളര്‍ന്നു
മുറിവേല്‍പ്പിക്കുന്നു.

ആളൊഴിഞ്ഞ അരങ്ങില്‍ കളിവിളിക്കിന്‍ തിരി
അണയാനായുള്ള  അവസാനത്തെ
ആളിക്കത്തല്‍ തുടങ്ങി കഴിഞ്ഞു
തെരുവിലെ വിജനതയില്‍ ഉമ്പായിയുടെ വിരഹാര്‍ദ്രഗാനം
അപ്പോഴും പാടികൊണ്ടിരുന്നു...
"കല്ലല്ല, മരമല്ല കാരിരുമ്പല്ലൊരു
മുല്ലപ്പൂവാണു  നിന്‍ മാനസം ...."




 

Tuesday, November 27, 2012

തീക്കനല്‍ ചവിട്ടി നടക്കുന്നവര്‍



അവന്‍ ആദ്യമായാണ്  അന്നാ യാത്ര തുടങ്ങിയത്.
ഭൂമിയുടെ അതിര് തേടിയുള്ള യാത്ര.
 അന്നാദ്യമായാണ് ഭൂമിശാസ്ത്രം
എന്ന വിഷയത്തെക്കുറിച്ച് അവന്‍ കേട്ടത്.
ഭൂമിയുടെ നിമ്നോന്നതങ്ങളും ഗര്‍ത്തങ്ങളും
പീഡഭൂമികളും , സമതല പ്രദേശങ്ങളും
അവനു മുന്നില്‍ അറിയപെടാത്ത
അമൂല്യമായ കൌതുകങ്ങളുടെ
പണ്ടാരപ്പെട്ടി തുറന്നു.

അവള്‍ നിലവറയുടെ സൂക്ഷിപ്പുകാരിയായിരുന്നു
തലമുറകളുടെ സ്വപ്നങ്ങളും , മോഹങ്ങളും
വികാരവിചാരങ്ങളും അവളുടെ
മോതിരവിരലില്‍ കിടന്നു സങ്കീര്‍ത്തനം പാടി.
വിശന്നു വലഞ്ഞ തലമുറകളുടെ മോഹങ്ങള്‍ക്ക്
അവള്‍ ദാഹനീര്‍  നല്‍കി .
പൂത്തുലഞ്ഞ വസന്തം അവളുടെ
മേനിയില്‍ പൂക്കളങ്ങള്‍ തീര്‍ത്തു .

അവനും അവളും കണ്ടു മുട്ടിയത്‌
ആകാശത്തിന്  കീഴെ തീക്കനല്‍ കത്തി ജ്വലിച്ചു
നില്‍ക്കുമ്പോഴായിരുന്നു.
കണ്ണുകളില്‍ ആകാശത്തോ ളം  സ്നേഹം നിറച്ചു
അവനും അവളും ഭൂമിക്കു വലംവെച്ച് 
ആകാശത്തിന് വലം വെച്ച്
തീക്കനല്‍ ചവിട്ടി അതിരുകളില്ലാത്ത
അനന്തമായ ഭ്രമണ പഥങ്ങള്‍ തേടി
യാത്രയായി.



Wednesday, November 21, 2012

കൂടുവിട്ടു കൂടുമാറ്റം (:-D)


 ഇപ്പോള്‍  എഴുതാന്‍ ഭയമാണ്
കൈകളുടെയും കാലുകളുടെയും
പ്രവര്‍ത്തനങ്ങള്‍ക്ക്  അവ  തന്നെ വേണമല്ലോ

കഥാപാത്രങ്ങള്‍ക്ക്  അലിംഗ നാമം മാത്രമേ കൊടുക്കാറുള്ളൂ...
പെണ്ണെഴുത്തു കാരും ആണെഴുത്തുകാരും രണ്ടിലുംപെടാത്തയെഴുത്തുകാരും
പിന്നെ വഴക്കുണ്ടാക്കില്ലല്ലോ
മതം, ജാതി, നിറം,സമ്പത്ത് , രാഷ്ട്രീയം  അങ്ങനെയൊ ന്നിനെയും
എഴുത്തില്‍  സൂചിപ്പിക്കാറില്ല .
എഴുത്തെ പ്പോഴും  എങ്ങും തൊടാതെ
നിന്നാല്‍ നമ്മള്‍ 'സേഫ്' ആകുമല്ലോ.

ആത്മ ഭാഷണങ്ങള്‍ കഴിവതും കുറ യ്ക്കാ റാ ണ്  പതിവ്..
നിരൂപകര്‍, ആത്മരതിയുടെ കവി.
എന്ന് വിളിച്ചു പിന്നെ വിമര്‍ശിക്കില്ലല്ലോ.
പിന്നെ പറയാന്‍ മാത്രം ഒന്നുമില്ലെന്നത് വേറെ കാര്യം!


കേരളത്തെ ക്കുറിച്ച്  കഴിവതും എഴുതാതിരിക്കാന്‍  ശ്രമിക്കും
നാളെയും ഇവിടെ ജീവിക്കേണ്ടതല്ലേ.
അ തുകൊണ്ട്  മൂന്നാം ലോകരാഷ്ട്രങ്ങളിലെ
മറ്റു  മേച്ചി ല്‍പ്പുറ ങ്ങളാണ് പഥ്യം.

വായനക്കാര്‍ കൂടുതലും പുരോഗമന വാദികളാ യതിനാല്‍
പകല്‍ നേരം ഭൌതിക വാദിയും
മറ്റു സമയങ്ങളില്‍ ഒരു  ആത് മീയ വാദിയുമാണ്  കവി
എന്നത് പരസ്യമായ രഹസ്യം.

നിരൂപകരെയും,  മറ്റുപെരുന്തച്ച്ചന്‍ കവികളെയും
കണ്ടാല്‍, മുണ്ട് മടക്കിക്കുത്തഴിച്ചിട്ട്‌
സാഷ്ടാംഗം നമസ്കരിക്കും; മുട്ടിലി ഴയും
ഒരു നല്ല കാലം വരുന്നത് ഏ തു വഴിക്കാണെന്ന് ആരറിഞ്ഞു.
ഒരവാര്‍ഡ് , ചിലപ്പോള്‍ അവരുടെ അഭിമുഖങ്ങളില്‍ പത്തുപതിനഞ്ചു ,
കവികളുടെ പേര് പറഞ്ഞു  പോകുന്നതില്‍, ഒരു പെരാ യി നമ്മളും,
കിടക്കട്ടെ നിക്ഷേപം അവിടെയും.
അവര്‍ക്കൊപ്പം  ബാസ്സറ്റോപ്പില്‍ യാദൃചികമായി
കണ്ടപ്പോള്‍ ഇടിച്ചുകയറി പരിചയപ്പെട്ടു
അടുത്തുകണ്ട അപരിചിതനോട് കെഞ്ചി
മൊബൈലില്‍ എടുത്ത ചിത്രം
ഞങ്ങള്‍ തമ്മില്‍ ജനിച്ചപ്പോള്‍ മുതല്‍
പരിചയക്കാര്‍ എന്ന  മട്ടില്‍
പ്രസിദ്ധീകരിക്കും .

ഈ കൂടുവിട്ടു കൂടുമാറ്റം
എന്നവസാനിക്കും?
നട്ടെല്ലെന്നൊരു സാധനം
ഇളക്കിയെടുത്തു പരിയമ്പുറത്തു വച്ചിട്ടാണ ല്ലോ
എഴുതാന്‍ തുടങ്ങിയത്.
അല്ലെങ്കിലും നിങ്ങളിതനുഭവിക്കണം
വായനക്കാരേ
നിങ്ങള്‍ അനുഭവിക്കണം!
കവിയുടെ  രചനകള്‍ 
വായിച്ചു വായിച്ചു നിങ്ങള്‍
അനുഭവിച്ചു മരിക്കണം.














 




Tuesday, November 20, 2012

ചൂണ്ട


പിടയ്ക്കുന്ന ഇരയുടെ കണ്ണി ലോ
വായിലോ ,ശരീരത്തിന്റെ  ഏതു
ഭാഗത്ത്‌ വേണമെങ്കിലും  ചൂണ്ടയുടെ  മുന കോര്‍ ത്തേ ക്കാം .
ഇര പെണ്ണോ , ആണോ  ആവാം.
കുട്ടിയോ,  മുതിര്‍ ന്നതോ ആവാം.
സ്വദേ ശിയോ, വിദേശിയോ  ആവാം.

ചൂണ്ട കൊളത്തു കള്‍ പലതരത്തില്‍
ചിലത്  കുട്ടികളെ  ഇന്‍ജെക്ഷന്‍
ചെയ്യുന്ന ചെറിയ സൂചിമാതിരി
മറ്റുചിലത്  തലങ്ങുംവിലങ്ങും
കൂര്‍ത്ത മുള്ളുകളു ള്ളത്.
 ആ  മുനകളില്‍  കോര്‍ത്ത്‌ ഇരയെ 
 കൊല്ലക്കൊ ല ചെയ്യുവാന്‍ ചൂണ്ട കള്‍ക്ക്  കഴിയും

ചൂണ്ടകള്‍ സ്വയം ഇരകളെ കുടുക്കാറില്ല.
ചൂണ്ക്ക മ്പില്‍ നിയന്ത്രിക്കാന്‍
അനേകം  വിരലുകള്‍.

മതം,  ജാതി, രാഷ്ട്രീയം,
വര്‍ഗ്ഗം, നിറം സ്വദേശി, വിദേശി,
ആണ്, പെണ്ണ് , അടിമ, ഉടമ, സമ്പത്ത്, ദാരിദ്ര്യം അങ്ങനെ  ഭിന്നതകളുടെ  ഒരുനീണ്ട
ഘോഷ യാത്ര ചൂണ്ടാക്കമ്പിന്റെ  അങ്ങേ
തലക്കല്‍ കാണാം.

ചൂണ്ട മുന  ഇരയുടെ ശരീരത്തില്‍ 
ഓരോ തവണയും മുറിവുകള്‍  ഉണ്ടാക്കി ;
 വലിക്കുമ്പോഴും
ചൂണ്ടയ്ക്കു ലഭിക്കുന്നത്   നരഭോജിയുടെ സന്തോഷം


 ചൂണ്ടകള്‍ തങ്ങളുടെ ഇരയുടെ പിടച്ചിലില്‍
അനുഭവിക്കുന്ന സംതൃ പ്തി ഒരു 
സാഡി സ്റ്റി നു  തുല്യം.

പല നിറങ്ങളില്‍ പല ചിഹ്നങ്ങളില്‍ ചൂണ്ടകള്‍.
കാലചക്രം തിരിയുന്നതി നനുസരിച്ചു
ചൂണ്ട കളുടെ ഉപയോഗത്തിലും വ്യത്യാസങ്ങള്‍
പല വേഷത്തിലും പലരൂപത്തിലും ചൂണ്ടകള്‍.

ഹിറ്റ്‌ ലറുടെ ചൂണ്ടയില്‍ കൊരുത്ത മനുഷ്യജന്മങ്ങള്‍ , 
വംശത്തിന്റെയും നിറത്തിന്റെയും പേരില്‍ കുരുതികഴിക്കപ്പെട്ടു
ചുവന്ന മതിലുകല്‍ക്കപ്പുറത്തു ചൂണ്ടയുടെ മുനയില്‍ കൊരുത്തത്
എത്രയെന്നു ചരിത്രകാരന്മാര്‍ ഗവേഷണം നടത്തി  കൊണ്ടിരിക്കുന്നു.
അധിനിവേശത്തിന്റെ  ചൂണ്ടയില്‍  കൊരുത്തുതു 
പട്ടണി പ്പാവ ങ്ങളായ യ  തദ്ദേശീയര്‍.

 ഇന്ത്യാ വിഭജനകാലത്ത്‌ മതത്തിന്റെയും വിഭജനത്തിന്റെയും
 ചൂണ്ടയില്‍ കൊരുക്കപ്പെട്ടതു  നമ്മുടെ 
സഹോദരങ്ങള്‍ തന്നെ.
കാലം  കഴിയവേ  ജാതിയുടെയും തീവ്ര രാ  ഷ്ട്രീയത്തി ന്റെയും
ചൂണ്ടയില്‍ കൊരുക്കപ്പെട്ടത്‌ നമ്മുടെ 
കുഞ്ഞുങ്ങള്‍ .

ചൂണ്ട മുനയില്‍ കുരുങ്ങാതെ  നിന്റെ
കുഞ്ഞുങ്ങളെ നിന്റെ  ചിറകിനടിയില്‍ 
ഒളിപ്പിക്കാന്‍  നിനക്കെങ്ങനെ  കഴിയും;  നാളെ
നീയും  കൂര്‍ത്ത  മുനകളുള്ള ഒരു  ചൂണ്ടയായി
മാറില്ലെ ന്നാരു  കണ്ടു.



















Saturday, November 17, 2012

കാമിനീ ; പ്രിയ സഖീ നിന്നെക്കുറിച്ച് ...........


കരുതുകയസാധ്യം , നിന്‍ ചോദ്യാവലി-
കള്‍ക്കു മറുപടിയതേകിടാന്‍, വിഷമമെനിക്കെന്നു
കരുതുകയോമലേ,  നിന്‍പ്രിയന്‍ ഞാന്‍ 
കരമകലെ  പോവതില്ലതു നിശ്ചയം തന്നെ.

കരള്‍ പകുത്തതുനല്‍കിയാണ് ഞാനോമലേ-
കരഗതമതാക്കിയത്    നിന്നെയെന്‍ സഖിയായ്
കനല്‍വഴികള്‍ താണ്ടി ഞാന്‍ മുന്നോട്ടു പോകവേ
കവരരുതെന്‍ മനസ്സിന്റെ ശക്തിയെ നീ.

കനിവോടെ നീയെനിക്കേകീടുന്നോരാ -
കരുതലും നിന്‍ സ്നേഹമസൃണ വചനങ്ങളും
കാനനവീഥികള്‍ പിന്നിട്ടു പോകുന്ന
കാറ്റാടി പോലെ ഞാന്‍ പാറി പറക്കട്ടെ.

കല്‍പ്പാന്ത കാലമായി ഞാന്‍ നിന്റെ മുന്നിലൊരു
കല്‍പ്രതിമയായിട്ട്  കാത്തു നിന്നൂ
കാലം പിന്നിട്ടു പോയതല്ലാതെ നീ
കാല്‍വിരല്‍ കൊണ്ടൊന്നു പോലും തൊട്ടില്ല .

കണ്ണുനീര്‍ തൂകി ഞാന്‍ നിന്‍മുന്നില്‍ വിവശനായ്‌
കാത്തിരുന്നെത്ര നാള്‍ നിന്മുഖം തെളിയുവാന്‍
കാമിനീ കരുണാര്‍ദ്രേ  നിന്‍ മുന്നില്‍ ഞാന്‍
കനിവിനായ് കേഴുന്നയേഴയെന്നോ?

കാത്തുകാത്തവസാനം കണ്ണുകള്‍ തുറന്നു നീ
കാതരേ നീയെനിക്കേകി   മോക്ഷം .
കരതലം പിടിച്ചു ഞാന്‍ നിന്നെയെന്‍മെയ്യോടു
കാമിനീ  പുണരട്ടെ; കണ്‍തുറന്നീടുക.




 







Friday, November 16, 2012

പാടാതിരിക്കുവതെങ്ങനെ.....................


നെഞ്ചില്‍ കത്തുന്ന  സ്നേഹത്തിന്‍,  നിറവാണ്  നീ
ഉള്ളില്‍ കനക്കുന്ന ദു:ഖത്തിന്‍ തേങ്ങലാണ് നീ
എന്നില്‍ നിറയുന്ന പ്രേമത്തിന്‍  ചാലകമാണ്  നീ
ഏതോ രാവില്‍  നിര്‍ത്താതെ പാടുന്ന കാറ്റിന്‍ ഈണമാണ്  നീ.

പാടി പഴകിയ പ്രണയത്തിന്‍ കയ്പാണ് നീ
രാവില്‍ വിരിയുന്ന പുഷ്പത്തിന്‍ മദഗന്ധമാണ് നീ 
എന്നോ വേര്‍പെട്ട സഖിതന്‍ പ്രതിരൂപമാണ് നീ
ഉള്ളില്‍ മുളക്കുന്ന  മൌനത്തിന്‍ അലയാണ് നീ.


ഹൃദയത്തിന്‍  നിറയുന്ന അലിവിന്റെ
യാശീതള  സ്പര്‍ശമാണ് നീ
എന്നില്‍ നിറയുന്ന രോഷത്തിന്‍ തീയാണ് നീ
പറയാതെ പറയുന്ന പ്രേമത്തിന്‍
സംഗീത പൂമഴയാണ് നീ.

രമണനും മദനനും പുല്ലാങ്കുഴല്‍ വായിച്ചു
കളിയാടി നടന്നത് നിന്‍ തിരുമുന്‍പില്‍;
കളിയച്ച്ചനായ് വന്നു  മേഘസ്വരൂപനായി
മലയാള തറവാട്ടില്‍ പി-യങ്ങു വാണതും
ഇടശ്ശേരിയും, ജിയും, അക്കിത്തവും ,
ആറ്റൂരും , ഒഎന്‍വി , വിഷ്ണു നാരായണനും
സുഗതയും, തലമുറകളെത്ര നിന്മുന്നില്‍ കുമ്പിട്ടു.

 സ്വര രാഗ  സംഗീത തേന്മഴ  പൊഴിക്കുന്ന 
മഴവില്ലിന്‍ ചാരുത മെയ്യാകെയണിയുന്ന
കരളിന്റെ പൂമുഖ തിണ്ണയില്‍
മോഹനരാഗം പാടും
ആരോമല്‍ പൈന്കിളിപെണ്ണായിരുന്നു നീ .

കാലം കഴിയവേ രൂപഭാവങ്ങള്‍  മാറി നീ
ചുട്ടു പൊള്ളുന്ന രോഷത്തിന്‍ കനലായി എരിഞ്ഞതും
മണ്ണിന്റെ, വിയര്‍പ്പിന്റെ  മണമുള്ള ,
ചോരയുടെ നിറമുള്ള
പെണ്മയുടെ കരുത്തുള്ള, 
ചേറിന്റെ ഗന്ധം വാര്‍ക്കുന്ന ,
കടലിന്റെ വന്യത തിളയ്ക്കുന്ന
മനസ്സിന്റെ ആഴങ്ങള്‍ താണ്ടുന്ന
ഭൂമിയുടെ വേരുകള്‍ തിരയുന്ന
കാടിന്റെ നന്മകള്‍ ചൊരിയുന്ന
പേശിയുടെ കരുത്തിനെയറിയുന്ന
നേരിന്റെ നേരിനെയറിയുന്ന
ഉഗ്രതാണ്ഡവ ശക്തിയായ് മാറിയതും നീ.  

നീയെന്റെ മനസ്സിന്റെ സ്വാന്തനം
നീയെന്റെ ജീവന്റെ താളം
നീയെന്റെ ഉണ്മയുടെ ഉണ്മ
നീയെന്റെ ശ്വാസത്തിന്‍ ധാര  
നിന്നില്‍ ഞാന്‍ നിറയട്ടെ ;
നിന്നില്‍ ഞാന്‍ അലിയട്ടെ
നിന്നില്‍ ഞാനറിയട്ടെ എന്നിലെ എന്നെ!







 

Tuesday, November 13, 2012

വിധിക്കപ്പെട്ടത്

കാലമൊരു പ്രളയാഗ്നി പോലെയെന്റെ
സിരകളില്‍ അഗ്നി പട ര്‍ത്തുംപോള്‍
ഉന്മാദത്തിന്റെ നീര്‍ച്ചുഴികളില്‍ പിടയു ന്നയുടലും
കത്തുന്ന തലച്ചോറുമായി കാലത്തിന്റെ അതിരുകളി ലേക്കൊരു യാത്ര.

കാലം; ഭൂതവുംഭാവിയുമായി യോജിക്കുന്ന
ബിന്ദുവില്‍ നിന്നാരംഭിക്കുകയും
അവിടെത്തന്നെ ഒടുങ്ങുകയും ചെയ്യുന്നുവെന്നു  പറഞ്ഞ്ഞത്
ഏതോ തീവണ്ടിയുടെ പൈലെറ്റ് .

ജീവിതം; സമാന്തര പാളങ്ങല്‍ക്കിടയിലൂടെയുള്ള
നൂല്‍പ്പാല മെന്നോതിയത്
ഏതോ കരിപിടിഫീസിലെ ;
ജീവിതം ശാപമെന്ന് സദാ ഉരുവിട്ടുകൊണ്ടിരിക്കുന്ന ഗുമസ്തന്‍

ഒന്ന് പ്രണയിക്കുവാന്‍ പോലും
നല്ലനേരം നോക്കണമെന്നു വിലപിച്ചത്
മംഗല്യ സൂത്രമണി യി ച്ച് 
സ്വന്തമാക്കിയ  കൂട്ടുകാരി .

നടുക്കടലി ലെ  ചെറു തോണി യുടെ ചാഞ്ചാട്ടം പോലെ
ആടിയുലയുന്നത് എന്റെജെവിതം.
ഈ തോണി തീര ത്ത ടുക്കുമോയെന്നു പ്രവചിക്കുവാന്‍
നോക്കേണ്ട ജാതകംപോലും;
എന്റെ ജീവിതത്തിന്റെ
ചൂടില്‍ കത്തിക്കരിഞ്ഞു പോയത്
എന്റെ വിധി!


Friday, November 9, 2012

നാഴികമണി നിലച്ച കാലം

നാഴികമണിയുടെ കാലം പിഴച്ചകാലം
നാട്ടിലെ സ്വപ്നക്കൂടാരത്തില്‍  നിന്നും അതിര്തിവിട്ടു
യാത്രയാകുന്നവററിയേണ്ടും വാര്‍ത്ത
നീല ജലാശയത്തിനു മുകളില്‍ കാര്‍മേഘങ്ങള്‍
കണ്ണെത്താ  ദൂരത്തോളം പടര്‍ന്നു കിടക്കുന്ന
നെല്ലിന്പാടങ്ങള്‍,  കടന്നു ഒതുക്കുകല്ലുകള്‍
കയറി, കാവിലെ അമ്മഭഗവതിക്ക് 
വഴിപാട്‌ നേര്‍ന്നു കാത്തു യാത്രയായി .........

 സെല്ലുലോയിഡില്‍ വിരിയുന്ന
വര്‍ണ്ണ പ്രപഞ്ചം;   ഒരു ദിവാസ്വപ്നം
പൂവണിയുന്ന ഒരു ഗ്രാമീണ കുമാരിയുടെ
ജീവിതത്തില്‍ നിന്നും ഒരേട്‌.

പൂക്കള്‍ വിരിയുന്ന യൌവനതുടിപ്പിനു മേലെ
കാര്‍മേഘങ്ങള്‍ നൃത്തം ചവിട്ടി തുടങ്ങിയപ്പോള്‍
അവള്‍ കാവിലമ്മയെ ഓര്‍ത്തു ; പിന്നെ ശക്തി സംഭരിക്കാന്‍
പെറ്റമ്മയെയും
ഇരുപത്തെട്ടു കരകള്‍ക്ക് നാഥയായ
മുപ്പാരിനും ഉടയവളായ 
ദേവി;  ഉടലിന്നു ഉടയവളുംനീയെ
 എന്റെ ഉയിരിന്നുനാഥയും നീയെ .

കാലം;  നാഴികമണി നിലച്ചകാലം
പട്ടണത്തിലെ സ്വപ്നക്കൂട്ടില്‍  നിന്നും
പിടയുന്ന ഉടലിന്നു മേലെ കാറ്റിനൊപ്പം
കാര്‍മേഘം നിന്ന് കളിയാടാന്‍
തുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു
പോക കാറ്റേ; പോക കാര്‍മേഘമേ
എന്റെ ഉയിരിന്നും ഉടലിന്നും 
ഉടയോളായവള്‍ കാത്തിടും കാലമിത് 
നീ എന്റെ  പെണ്മയുടെ ലക്ഷ്മണ രേഖ  മുറിച്ചു
കടക്കുന്നതെങ്ങനെ ; കാര്‍മേഘം ആര്‍ത്തട്ടഹസിച്ചു
പറഞ്ഞു ; നീയിപ്പോള്‍ നീയല്ല നീ നിന്റെ മായയല്ലോ;
 കാറ്റു പാടിയതും , കാലം കാത്തു വെച്ചതും
എനിക്കുള്ള സ്വത്തു; നീ നിനക്കായി  ശേഖരിച്ചതൊക്കെയും പൊയ് !

കാലത്തിന്റെ അങ്ങേയറ്റത്ത്‌ വഴികണ്ട് പിടിക്കാന്‍
ശ്രമിച്ചു പരാജയപ്പെട്ട കുട്ടിയുടെ നടുക്കത്തോടെ
കാത്തു നിന്നു ; നാഴികമണി നിലച്ച കാലത്തില്‍
നിന്നും ആരവളെ ; രക്ഷിക്കും?
ഏതു നരിമടയിലെക്കാവും ഇനിയവളുടെ
യാത്ര!
സ്വയം രക്ഷിക്കപ്പെടുന്ന പെണ്മയുടെ
കരുത്തായി;  കാത്തു വരുന്നത് കാത്ത്
ഈ നരിമടയുടെ പുറത്തു കാത്തു നില്‍ക്കുക
മാത്രമാണ് വായനക്കാരുടെ പങ്കു
പുറത്തു വരുന്നത് പാലോ രക്തമോ
എന്ന് വിളിച്ചു ചൊല്ലാന്‍
കടപ്പെട്ടവന്‍ പീഡത്തിലേറിക്കഴിഞ്ഞു...
ബാക്കി നാളത്തെ വര്‍ത്ത മാനക്കടലാസില്‍
ശാന്തം പാപം!



Thursday, November 8, 2012

നിഴലും വെളിച്ചവും

എന്റെ ദിനരാത്ര ങ്ങള്‍ക്ക് മേല്‍ ഒരു കരിമ്പടം പോലെ
നിന്റെ ഓര്‍മ്മകള്‍; കാലത്തിന്റെ കൈവഴികളില്‍
ഞാന്‍ അഴിച്ചിട്ട ഉത്തരീയം പോലെ നിന്റെ നിഴല്‍പ്പാടുകള്‍
എന്റെ ഹൃദയത്തിന്റെ മേല്‍ ആരുടെ കയ്യൊപ്പ് പതിഞ്ഞുവോ
ആ ഒരു ദിനം ഞാനെങ്ങേനെ മറക്കും .

ചലനം നിലച്ച ക്ലോക്കില്‍ നാഴികമണി പന്ത്രണ്ട ടിചിട്ടും
പിന്നെയും നിലക്കാത്ത മണിയടി ശബ്ദം ഒരു പെരുംപറ
കൊട്ടിന്റെ ആരവം എന്റെ മനസ്സില്‍  അവശേഷിപ്പിച്ചു.
രാത്രി സത്രത്തിലെ കാവല്‍ക്കാര്‍ നമുക്കായി തുറന്നു തന്ന
സ്വര്ഗ്ഗരാജ്യത്തിലെ ആദ്യ സുരഭില നിമിഷം ഓര്‍മ്മയില്‍ ഒരു കറുത്ത
പാട് പോലെ ; നിന്നെ എന്റെ മനസ്സില്‍ പതിച്ചു വച്ചു .

എന്റെ ഞരമ്പുകളില്‍, നീ കോരിയിട്ട തീചൂടില്‍ ഞാന്‍ വെന്തുരുകവെ
കാമത്തിന്റെ, കരുത്തുള്ള കൈകളാല്‍ നീയെന്നെ
കെ ട്ടിവരിയുംപോള്‍ നിന്റെ മുലകളില്‍
തേച്ച വിഷത്തിന്റെ ആദ്യ തുള്ളികള്‍ എന്റെ
രസനയില്‍ ബാല്യത്തിലെ തേനും വയംപുമാണെന്നു
ഞാന്‍ കരുതിയത്‌ എന്റെ പിഴ എന്റെ പിഴ
എന്റെ വലിയ പിഴ.


മാത്രകള്‍ പലതു കഴിഞ്ഞിട്ടും
കാലം കൈ വഴി പിരിഞ്ഞു ഒഴുകിയിട്ടും
എന്റെ ഓര്‍മ്മകളില്‍ നീ ഒരു പുളിച്ചു തികട്ടലായി
എന്റെ സ്വാസ്ഥ്യം കെടുത്തി നിറയുന്നതെന്തിന് ?

കള്ളി മുള്‍ ചെടിയുടെ കഥ എനിക്കു
പറഞ്ഞു തന്നത് നീ തന്നെ
കാലവര്‍ഷം തിമിര്‍ത്താടിയ
കാലം വര്‍ഷകാലമല്ലാതെ
വേനല്ക്കാലമാവില്ലെന്നു
പറഞ്ഞത് അയലത്തെ കൈനോട്ടക്കാരന്‍
നോട്ടം തെറ്റിയ കാലത്ത്
കാലം കലികാലം എന്ന്
വിളിച്ചു പറഞ്ഞത്
അയലത്തെ കൌപീനമുടുക്കാത്ത
ഉണ്ണിക്കുട്ടന്‍.

കാലം തെറ്റിയാലും കലി നിറഞ്ഞാടിയാലും
കരളിലെ മുറിപ്പാടില്‍ ഒരുപിടി
ക്മ്മുണിസ്റ്റു പച്ച ഞരടി
ഞാന്‍ കാത്തിരിക്കുന്നു 
തക്ഷകന്റെ  അവസാന
കൊത്തലില്‍ ഒടുങ്ങുകയെന്നത്  
 എന്റെ ജന്മ ദൌദ്യമായി തിരിച്ചറിയുന്നത്‌
എന്റെ ജന്മ സുകൃതം!
 

















Tuesday, November 6, 2012

വന്മരങ്ങള്‍ക്കിടയിലെ കാശിത്തുമ്പകള്‍


     ജീവിതം നിറങ്ങളില്‍ ചാലിച്ച വര്‍ണ്ണചിത്രങ്ങള്‍ രചിക്കാന്‍ കഴിയാത്തവരുടെ  ഓര്‍മ്മക്കുറിപ്പ്കള്‍ക്ക് വിപണിയില്‍ വലിയ വിലയൊന്നും സാധാരണ ഗതിയില്‍  ഉണ്ടാകില്ല. പക്ഷെ അവന്റെ/അവളുടെ  ജീവിതവും ഈ സമൂഹത്തിലെ ഒഴിവാക്കാനാവാത്ത ഒന്നാണെന്ന്  തിരിച്ചറി യ്മ്പോഴേക്കും  കാലം വളരെയധികം മുന്നോട്ടു പോയിരിക്കും. കൊഴിഞ്ഞു പോയ സമയമോര്‍ത്തു വിലപിക്കാന്‍ ആര്‍ക്കും ആവില്ലല്ലോ.  

     വന്മരങ്ങള്‍ക്കിടയിലെ കാശിത്തുമ്പ പോലെ  അവന്‍/അവള്‍ എങ്ങനെയൊക്കെയോ ഓരോ ദിനതോടും പടവെട്ടി മുന്നോട്ടു നീങ്ങിക്കൊട്ണ്ടിരിക്കും.   വെള്ളവും വളവും ഒന്നുമില്ലാതെ  ആകെയുള്ള ആത്മാഭിമാനത്തെ മുറുകെപ്പിടിച്ചു  അവന്റെ/അവളുടെ ജീവിതം  നിലനില്‍പ്പിനായുള്ള ഒത്തു തീര്പ്പില്ലാത്ത പോരാട്ടമായിരിക്കും.  താന്‍ കൊടുക്കെണ്ടതിനെക്കാള്‍ വലിയ വില പലതിനും അവനു/അവള്‍ക്കു പലപ്പോഴും കൊടുക്കേണ്ടിവരും.  പലരോടും പടവെട്ടി മാത്രമേ മുന്നോട്ടു നീങ്ങാന്‍ അവര്‍ക്ക് സാധിക്കുകയുള്ളൂ.

    കാലം തയ്ച്ചിട്ട പലകുപ്പായങ്ങളും അവര്‍ക്ക്  ചേരുന്നതാകില്ല. തനിക്കിണങ്ങുന്ന കുപ്പായം തയ്ക്കാന്‍ ഈ കാശിതുംപകള്‍ ക്ക്  പലപ്പോഴും സാധിക്കാറു മില്ല. മതം, ജാതി, വര്‍ഗ്ഗം, വര്‍ണ്ണം, അങ്ങനെ അങ്ങനെ പലതരത്തില്‍ പ്പെട്ട അളവ് കോലുകള്‍ കൊണ്ട് അളന്നു വരുമ്പോള്‍ അവര്‍ വളരെയധികം പിന്നിലായിരി ക്കും പലപ്പോഴും.  ജന്മസിദ്ധമായ കഴിവുകള്‍ക്കപ്പുറത്ത്  മറ്റു പല മാനദണ്‍ദ്ങ്ങളും മുന്നില്‍ വരുമ്പോള്‍ വന്മരങ്ങള്‍ക്കൊപ്പം പിടിച്ചു നില്‍ക്കുക അസാധ്യം . ഇനി സ്വന്തം കഴിവുകള്‍ കൊണ്ട് അങ്ങനെയാരെങ്കിലും ഉണ്ടെങ്കില്‍ അവരെ നിര്‍ദ്ദാക്ഷിണ്യം  പുറം കാല്‍കൊണ്ടു തട്ടി തെറിപ്പിക്ക്ന്നതിനാണ് ഇന്നത്തെ സമൂഹത്തില്‍ നേതൃത്വം കൊടുക്കുന്നവര്‍ക്ക് താല്പര്യം.എങ്കിലും ഒരു കാര്യം ഓര്‍ക്കുന്നത് നന്ന്. വന്മരങ്ങള്‍ കടപുഴകി വീഴുംപോഴും പലപ്പോഴും നിലനില്‍ക്കുന്നത് ഈ കാശിതുമ്പകള്‍ മാത്രം.     
  

Monday, November 5, 2012

നേര്‍ച്ചക്കോഴി

ചെന്താമര പട്ടുതറ്റുടുത്ത്‌ , വൃതമാലചാര്‍ത്തി
നെറ്റിയില്‍ കുങ്കുമകുറി പൂശി
കൊഴുത്ത ശരീരം കുലുക്കികുലുക്കിയവന്‍
എത്തിടുന്നീക്കോഴി നേര്‍ച്ചക്കോഴി.

കൂട്ടരില്‍ കേമനവനെന്നുകണ്ടമ്മ-
ചൊല്ലീ കാക്കയും പൂച്ചയും രാണ്ചാതെ കാക്കണേ.
കാതതിടുകെന്നമ്മേയെന്‍ മണിക്കുട്ടനെ
കാവിലമ്മ ഭഗവതിയെ....

അമ്മതന്‍ പുന്നാരമണിക്കുട്ടന്‍
പുന്നാരം ചൊല്ലി ചൊല്ലി കുണുങ്ങി കുണുങ്ങി
വളര്‍ന്നു ; വലുതായി
നാട്ടിലെ പെണ്‍മണികള്‍ തന്‍കാമസ്വരൂപനായി.

ആനയുമമ്പാരിയും താളമേളങ്ങളും
പൂത്തിരി വെടിക്കെട്ടും
പ്രതീക്ഷിച്ചവന്‍ ഉത്സവ കൊടിയേറ്റ
വേളയില്‍ നില്‍ക്കുന്നൂ
സുന്ദരന്‍ കുഞ്ഞന്‍
 നേര്‍ച്ചക്കൊഴി
   
ചിരിച്ചു കളിച്ചുകൊണ്ടവന്‍
എത്തിയീ  ബലിഭൂമിയില്‍
കോമരംപോലെ  രിപുക്കള്‍
ആര്‍ത്തട്ടഹസിചെത്തവേ
താളം മുറുകീടുമ്പോള്‍
വായ്ത്താരിയുയര്‍ന്നീടുമ്പോള്‍
ഒരുമിന്നല്‍ പ്രകാശം പോലെ
ഉയര്‍ന്നുതാണ വാള്‍ത്തലയില്‍
നിന്നും ചിതറിയ ചോരയില്‍
കുളിച്ചു പിടഞ്ഞീടുന്നു നേര്‍ച്ചക്കോഴി.

എന്തിനെന്നറിയാതെ ആര്‍ക്കുവേണ്ടിയെന്നറിയാതെ
ജീവിതം ഹോമിച്ച നേര്‍ച്ച്ച ക്കോഴിയവന്‍
പുനര്‍ജനിചീടും നാളെയും മറ്റന്നാളും
വ്യത്യസ്ത രൂപങ്ങളില്‍ വ്യത്യസ്ത കാലങ്ങളില്‍
ആരുടെയൊക്കെയോ വാളിന്‍
തലപ്പിനു ദാഹമകറ്റാന്‍.
See full size image













(കടപ്പാട് ഗൂഗിള്‍ )

Monday, October 29, 2012

നുണയെന്ന സത്യം

ജീവിതം വലിയ നുണകളുടെ കൂമ്പാരമാണെന്ന്
പഠിപ്പിച്ചത് ജീവിതം തന്നെ.
നുണകള്‍ കോട്ടകള്‍ കെട്ടി
ജീവിതത്തിന് സംരക്ഷണം നല്കി വന്നു.
മനസ്സില്‍ പ്രാകികൊണ്ട് ആശംസകള്‍ ചൊരിഞ്ഞതും
ചിരിച്ചു കൊണ്ട് ആത്മാര്‍ത്ഥ സുഹൃത്തിനെ വഞ്ചിച്ചതും
മനസ്സില്‍ നൂറായിരം അശ്ലീലചിന്തകളേറ്റികൊണ്ട്
വെള്ളരി പ്രാവിനെപ്പോലെ കുറുകിയതും
ഓഫീസില്‍ മറ്റുള്ളവര്‍ കഴുതകളെപ്പോലെ പണിയെടുക്കുമ്പോള്‍
അപ്പുറത്തു പോയിരുന്നു കാമുകനുമായി/കാമുകിയുമായി ഫോണില്‍
സൈ്വര്യ സല്ലാപം നടത്തിയതും
ബാങ്ക് അക്കൗണ്ടില്‍ ആവശ്യത്തിനു പണമുണ്ടായിരിക്കെ
അയലത്തുകാരന്റെ കുട്ടി ന്യുമോണിയ പിടിച്ച്
ആശുപത്രിയില്‍ കിടന്നപ്പോള്‍ അന്‍പതു രൂപാ കടം ചോദിച്ചത്
കൊടുക്കാതിരുന്നതും
ബ്ലൂഫിലിം കണ്ടിട്ട്; പിറ്റെ ദിവസം സ്‌ക്കൂള്‍ കുട്ടികള്‍ക്ക്
സാംസ്‌ക്കാരിക മൂല്യ ശോഷണത്തെക്കുറിച്ച് ക്ലാസ്സെടുത്തതും,
ബീഫ് ഫ്രൈയും പൊറോട്ടയും കഴിച്ചതിന്റെ പിന്നാലെ
വെജിറ്റേറിയന്‍ ഭക്ഷണമാത്രം ശീലമാക്കണമെന്ന് ക്ലാസ്സെടുത്തതും,
................................ഭാര്യയോട്/ഭര്‍ത്താവിനോട് സത്യമെന്നാണയിട്ടതും
..........................ബസ്സുവൈകിയതുകൊണ്ടെന്ന് ഓഫിസില്‍ പറഞ്ഞതും
..................................................സുഹൃത്തിന്റെ ഭാര്യയോട്/

ഭര്‍ത്താവിനോട് അവന്‍/അവള്‍  തനിച്ചല്ല രേവതി/ഗോപാലകൃഷ്ണനൊ ക്കൊപ്പമാണ് 
എന്ന് മുക്കലും മൂളലോടെയും പറഞ്ഞതും
.............................ആഫിസില്‍ വളരെയേറെ ജോലിയുള്ളതുകൊണ്ടാണ്
വൈകിയെന്നു ഭാര്യയോട്/ഭര്‍ത്താവിനോട് പറഞ്ഞതുമൊക്കെ
മനസ്സില്‍ നിറഞ്ഞ് കവിഞ്ഞിപ്പോള്‍ ജീവിതം തന്നെ നുണയേത്, സത്യമേത്
എന്ന് തിരിച്ചറിവില്ലാത്ത ഒരവസ്ഥയില്‍
എത്തിച്ചേരുമ്പോള്‍
അഭയമൊന്നുമാത്രം; ജീവിതം നുണകള്‍കൊണ്ടു പൊതിഞ്ഞ
ഒരശ്ലീലതയെന്ന സത്യം!

Tuesday, October 16, 2012

സന്തോഷിക്കാന്‍ എന്തെന്തു കാരണങ്ങള്‍........................

കാലും കയ്യും കൂച്ചുവിലങ്ങിട്ട് ഈ ഇരുട്ടുമുറിയില്‍
ഇടുന്നതിനു മുമ്പ് അവര്‍ ഒരു നല്ല കാര്യംചെയ്തു
മുമ്പില്‍ വെച്ചിരുന്ന പാത്രത്തില്‍ കുറെവെളളവും പിണ്ണാക്കും
ഇട്ടിരുന്നു; എത്ര നല്ല മനുഷ്യര്‍!

ഈ ഇരുട്ടറയില്‍ കൊണ്ടു വന്നിട്ട് ദിവസമെത്രയെന്നോ
ഇരുളന്നോ പകലെന്നോ ആര്‍ക്കറിയാം?
രാവിലെയും വൈകുന്നേരവും കൃത്യസമയത്ത്
അവര്‍ എത്തിച്ചേരും, ഭേദ്യം തുടരും;
എന്നാലും നല്ലവരാണു കേട്ടോ; കൊന്നില്ലല്ലോ!



സദാചാര പോലീസെത്രേ
സ്‌നേഹിച്ച പെണ്‍കുട്ടിയെ മറക്കണമെത്രേ:
മറന്നു , മറന്നു എന്നൊരു നൂറു വട്ടം പറഞ്ഞു
അവര്‍ക്കു വിശ്വാസം വരണില്ലാത്രേ:
സത്യം പറഞ്ഞാല്‍ സംഗതി കളവാണ്:
സ്‌നേഹിച്ചവര്‍ക്കല്ലേ മറക്കാന്‍ കഴിയൂ.
സംഗതി ചുറ്റിക്കളിയുണ്ടായിരുന്നത് സത്യം!

ഇപ്പോള്‍ പത്രത്തില്‍ പടവും വാര്‍ത്തയും
വന്നു കാണും; സ്‌നേഹിച്ച പെണ്ണിനൊത്ത്
നടു റോഡില്‍ നിന്ന യുവാവിനെ സദാചാര പോലീസ്
തട്ടിക്കൊണ്ടു പോയി
മനുഷ്യവകാശം, നിയമലംഘനം, പ്രണയിക്കാനുള്ള
മനുഷ്യന്റെ ജന്മാവകാശം, ഇവയുടെ കടയ്ക്കലല്ലേ
കത്തിവെച്ചിരിക്കുന്നത്
എത്രപേര്‍ ചൂട്ടും കത്തിച്ച് നട്ടുച്ചയ്ക്ക്
കീ ജെയ് വിളിച്ച് നമുക്കു വേണ്ടി ഘോരഘോരം
പ്രസംഗിക്കുന്നുണ്ടാവും
പെണ്‍കൊച്ച് വല്ലവരുടേയും
ആണെങ്കില്‍ നമുക്കെന്തു ചേതം!

പെണ്‍കൊച്ച്, എം.എസ്.സി. നേഴ്‌സിംഗ്;
രണ്ടു വര്‍ഷത്തിനുള്ളില്‍ ലണ്ടനിലേക്കു പോകും,
അമ്മയുമച്ഛനും, ഗസറ്റഡ് ഉദ്യോഗസ്ഥര്‍
ഒറ്റ മോള്‍; മനസ്സില്‍ ഒത്തരി മനക്കോട്ടകള്‍ കെട്ടി എന്നതു സത്യം
ചാറ്റിംഗിലൂടെ അവളെന്റെ മാനസക്കൊട്ടാരത്തിലെ
റാണിയായി കുറെ നാള്‍ വിലസിയെന്നതു സത്യം.

എന്നാലും ഇതു കുറെ കടന്ന കയ്യായിപ്പോയി
പെണ്ണാണെങ്കിലും കുറച്ചൊരു സത്യസന്ധതയൊക്കെ വേണ്ടേ?
അന്വേഷിച്ചു പിടിച്ചു ചെന്നപ്പോള്‍
10-ാം ക്ലാസ്സും മിഡൈ്വഫറി കോഴ്‌സും പാസ്സായൊരുത്തി.
അമ്മയും അചഛനും ക്വാറിയില്‍ കല്ലടിയ്ക്കാന്‍ പോകുന്നു.
മിഡൈ്വഫറി കഴിഞ്ഞപ്പോള്‍ സമയംപോക്കാന്‍ അടുത്തുളള
ഇന്റര്‍നെറ്റ് കഫേയില്‍ ജോലി നോക്കുന്നു. അവിടെ ജോലിക്കിടയില്‍
കിട്ടിയ സമയത്തല്ലേ, ഗസററഡ് ഉദ്യോഗസ്ഥരുടെ
മകളായി ;ചാറ്റിംഗിലൂടെഅവളെന്റെ മനസ്സിലേക്ക് ഇടിച്ചു കയറിയത്.

സത്യം പറഞ്ഞാല്‍ ഞെട്ടിക്കുന്ന വിവരം അതൊന്നുമായിരുന്നില്ല;
കേറിക്കിടക്കാന്‍ സ്ഥലമില്ലാത്ത അവളുടെ കുടുംബം
പുറമ്പോക്കിലാത്രെ താമസ്സം. എന്നാലും നല്ലാവളാ കേട്ടോ
സഹോദരങ്ങളുടെ എണ്ണം പറഞ്ഞ് എന്നെ പേടിപ്പിച്ചില്ലല്ലോ, 
അവളും കൂടി ചേര്‍ന്ന് 9 മക്കള്‍. അവളുടെ സമുദായക്കാര് കൂടുതല്‍ കുട്ടികളുണ്ടാവുന്നവര്‍ക്ക്   ഓരോ പ്രസവത്തിനും പാരിതോഷികം കൊടുക്കുന്നുണ്ടത്രേ! അവളുടെ കുടുംബവും ചായക്കട നടത്തുന്ന ആ വയസ്സന്റെ കുടുംബവും തമ്മിലാത്രേ ഇക്കാര്യത്തില്‍ മത്സരം! എത്ര നല്ല ഫാമിലി!

സത്യം പറഞ്ഞാല്‍ ഇക്കാര്യമൊക്കെയറിഞ്ഞപ്പോള്‍ അവളെ കൊല്ലാനുളള ദേഷ്യം വന്നു.
രണ്ടു വര്‍ത്തമാനം പറഞ്ഞിട്ടു പിരിഞ്ഞേക്കാം എന്നു വിചാരിച്ചു അവളെ ആദ്യമായി കാണാന്‍ ചെന്നതല്ലേ അപ്പോളല്ലേ ഇവരെല്ലാവരും കൂടി വളഞ്ഞത്. സത്യം പറഞ്ഞാല്‍ ഞെട്ടിപ്പോയി.
അവളെ മറക്കണം, മറക്കണം എന്നാവര്‍ത്തിച്ചു പറഞ്ഞവര്‍ ഇന്നലെ മുതല്‍ ടോണ്‍ മാറ്റി. ഇന്നലെ ഇവിടെ ഈ ഇരുട്ടു മുറിയില്‍ കിടന്ന് അവരുടെ തല്ലു കൊള്ളുന്നതിനിടയില്‍
ആ വാചകം കേട്ടപ്പോള്‍ ഞെട്ടിപ്പോയി.
ഇനി ഇവന്‍ ഇവിടെ നിന്ന് ഇറങ്ങുന്നെങ്കില്‍ അത് അവള്‍ക്കൊപ്പം മാത്രം. ഇല്ലെങ്കില്‍ നമ്മള്‍ ആരെങ്കിലും അവളെ കേട്ടേണ്ടി വരും. ഓരോ ഇടിയ്ക്കും ശക്തി കൂടിയപ്പോള്‍ അവസാനം സമ്മതിച്ചു. അവളെ കെട്ടാന്‍. നാളെ ഞങ്ങളുടെ വിവാഹം.

നാളത്തെ പത്രവാര്‍ത്ത ഇങ്ങനെയായിരിക്കുമെന്നു തീര്‍ച്ച. സദാചാര പോലീസിന്റെ ഭീഷണിക്കു മുന്നില്‍ മുട്ടു മടക്കാതെ പ്രണയികള്‍ വിവാഹിതരായി.

ഓരോരുത്തര്‍ക്കും സന്തോഷിക്കാന്‍ എന്തെന്തു കാരണങ്ങള്‍!

പൂക്കാലം

പൂക്കാലം -ഗ്ലാസ് പെയിന്റിംഗ് സുരേഷ് കുറുമുള്ളൂര്‍
പ്രകൃതി ദൃശ്യം -ഗ്ലാസ്‌ പെയിന്റിംഗ്  സുരേഷ് കുറുമുള്ളൂര്‍ 

കണ്ണന്‍

കണ്ണന്‍ -ഗ്ലാസ്‌ പെയിന്റിംഗ്, സുരേഷ് കുറുമുള്ളൂര്‍ 



Friday, October 12, 2012

കേറ , ഗേറ -കെല്ല, ഗെല്ല



     പൂത്തറയില്‍ നീലാണ്ടനാശാന്‍, ഞങ്ങള്‍ക്കൊക്കെ ആദ്യാക്ഷരം പകര്‍ന്നു തന്ന ആദ്യഗുരുനാഥന്‍.  ആശാനെക്കുറിച്ചു ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് തീക്ഷ്ണമായ ആ കണ്ണുകളും പഞ്ഞിയുടെ മാതിരി വെളുത്ത ആ തലയുമാണ്.ആശാന്റെ വീടിന്റെ ഉമ്മറത്താണ്‌ (കോലായ എന്നു വടക്കുള്ളവര്‍ പറയും) നിലത്തെഴുത്ത് കളരി നടത്തിയിരുന്നത് .

    ഘന ഗംഭീരമായ ആ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ ഉള്ളൊന്നു കിടുങ്ങും.ചെറിയൊരു കുടവയറും വെളുത്ത മുണ്ടും, വെളുത്ത മുടിയും,  ചെറുതെങ്കിലും തീക്ഷ്ണമായ കണ്ണുകളും ഒക്കെകൂടി ലക്ഷണമൊത്ത ഒരു  ഗുരുനാഥന്റെ ചിത്രമായി ആശാന്റെ രൂപം മനസ്സില്‍ നിറയുന്നു.

ഞായറാഴ്ച്ചകളില്‍ അതിരാവിലെ കാട്ടാതോട്ടില്‍ നിന്നും ബിനുവും, സജിയും, അജിയും  ഒക്കെയടങ്ങുന്ന സംഘം മണല്‍ വാരി  വെയിലതിട്ടുണക്കി  ചെറിയ ഡപ്പി കളില്‍  അത് വാരിനിറച്ച്, അടുത്ത ദിവസം    ചെറിയ ഒരു പായയും ചുരുട്ടി പിടിച്ചു ആശാന്റെ അരികിലേക്ക് പോയിരുന്നത് ഇന്നലെയെന്ന പോലെ ഓര്‍ക്കുന്നു.


   ഹരിശ്രീ...... എന്ന് തുടങ്ങി സ്വരാക്ഷരങ്ങളും,വ്യജ്ഞനാക്ഷരങ്ങളും , ഒക്കെ കടന്ന്, ആശാന്റെ കയ്യിലുള്ള പുളിവാറലിന്റെ ചൂടറിഞ്ഞ്,  ഞങ്ങളൊക്കെ അക്ഷരങ്ങള്‍ ഓരോന്നായി പഠിച്ചുതുടങ്ങി.

     നിലത്തു വിരിച്ചിട്ടുള്ള കൊച്ചു പായയില്‍ ഇരുന്ന്,  മുന്നില്‍ ഡപ്പികളില്‍ കൊണ്ടുവന്നിട്ടുള്ള  മണല്‍ തറയിൽ നിരത്തി അതില്‍ ചൂണ്ടു വിരല്‍  കൊണ്ട് അക്ഷരങ്ങള്‍ ഓരോന്നായി എഴുതി പഠിച്ചത് ഇന്നലെയെന്നവണ്ണം ഓര്‍ക്കുന്നു.

   ഇടയ്ക്ക്  തൊട്ടടുത്തിരിക്കുന്ന ആളിന്റെ മണല്‍ വാരിയതു ക്രമസമാധാനപ്രശ്നമായി മാറുമ്പോള്‍ ആശാനിടപെടുന്നതും  ചിലപ്പോള്‍ അടിവാങ്ങിക്കേണ്ടി വരുന്നതുമൊക്കെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു.

     ഇപ്പോഴും മലയാളമെഴുതുമ്പോള്‍ ആശാന്‍ മുന്നില്‍ വന്നു നിന്ന് ഇങ്ങനെയാണോ ഞാന്‍ പഠിപ്പിച്ചത് എന്ന് കണ്ണുരുട്ടി ചോദിക്കുന്നത് പോലെ തോന്നും.വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ആശാനും കളരിയും ഒക്കെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.

     ഞങ്ങളൊക്കെ കളരിയില്‍ പഠിക്കുമ്പോള്‍ ക്ര , ഗ്ര -ഇവയൊക്കെ ചൊല്ലി പഠിപ്പി ച്ചിരുന്നത് 'കേറ , ഗേറ  എന്നിങ്ങനെയായിരുന്നു.  അത് പോലെ ക്ല , ഗ്ല തുടങ്ങിയവ കെല്ല , ഗെല്ല എന്നിങ്ങനെയും. കുട്ടികള്‍ ഞങ്ങളെല്ലാവരും ചേര്‍ന്ന് കേറ , ഗേറ , ചേറ  എന്നൊക്കെ ഉച്ചത്തില്‍ ഒരുമിച്ചു ചൊല്ലി പഠിച്ചത് രസകര മായ ഒരനുഭവമായിരുന്നു. പിന്നീട് ഒന്നാം ക്ലാസ്സില്‍ ചെന്നപ്പോഴാണ് ക്ല , ഗ്ല എന്നിങ്ങനെ മാറി  ചൊല്ലി പഠിച്ചത് .

    സ്വരാക്ഷരങ്ങളും,വ്യജ്ഞനാക്ഷരങ്ങളും, കൂട്ടക്ഷരങ്ങളും അക്കങ്ങളും  പഠിച്ചു കഴിഞ്ഞാല്‍ അവസാനം 'ഓലവര' എന്നൊരു ചടങ്ങുണ്ട്.  ആദ്യമാദ്യം ആര് പഠനം പൂര്‍ത്തിയാക്കുന്നോ അവര്‍ക്ക് 'ഓലവര' നടത്താം.  അന്ന് ആ കുട്ടിയുടെ  വീട്ടില്‍ നിന്ന് വലിയ കുട്ടയില്‍ അപ്പം, അവല്‍വിളയിച്ചത്,  പഴം ഇവയൊക്കെ കുട്ടിയുടെ മാതാപിതാക്കള്‍ കൊണ്ട് വരും.'ഓലവര'യോടുകൂടി  ആ കുട്ടിയുടെ പഠനം പൂര്‍ത്തിയാകുന്നു. ആശാന് ദക്ഷിണയും കൊടുത്തു അവന്‍ പുതിയ ലോകത്തേക്ക് കടന്നു പോവുകയാണ്.  പുതിയ സ്കൂള്‍, കളിക്കൂട്ടുകാര്‍, പുതിയ അന്തരീക്ഷം ഇവയൊക്കെ അവനെ കാത്തിരിക്കുന്നു.

    ഞങ്ങളുടെയൊക്കെ  സമയം ക്കഴിഞ്ഞു രണ്ടു മൂന്നു കൊല്ലം കഴിഞ്ഞപ്പോള്‍ മഠം വക സ്കൂളിനോട് ചേര്‍ന്ന് പുതിയ  നഴ്സറി  സ്കൂള്‍ വന്നുവെന്നാണ് എന്റെ ഓര്‍മ്മ.  അങ്ങനെ എനിക്ക്  ശേഷമുള്ള കുറെയധികം കുട്ടികള്‍ക്ക് ആശാനും കളരിയുമൊക്കെ കേട്ടുകേള്‍വി മാത്രമായി ചുരുങ്ങി.  

     മലയാളം എന്ന് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍,  പിന്നീട് പല പ്രഗത്ഭരായ അദ്ധ്യാപകരും പഠിപ്പിച്ചെങ്കിലും, നീലണ്ടാനാശന്റെ മുഖമാണ് തെളിഞ്ഞു വരുന്നത് .  ആ സ്മരണക്കുമുന്നില്‍ ഒരുപിടി പൂക്കള്‍ അര്‍പ്പിച്ചുകൊണ്ട് ഈ ഓര്‍മ്മക്കുറിപ്പ്‌ ഇവിടെ അവസാനിപ്പിക്കുന്നു.






രാതിമഴയിലെ അതിഥി





       രാത്രിമഴ അപ്പോഴും ശമിച്ചിരുന്നില്ല. ഇരുണ്ട കരിമ്പടം പുതച്ചതു പോലെ രാത്രി . മഴയുടെ കനത്ത ശബ്ദം , മുകളിലെ ഷീറ്റില്‍ പതിക്കുന്ന വെള്ളത്തുള്ളികളുടെ ശബ്ദത്തില്‍ നിന്ന് തരിച്ചറിയാമായിരുന്നു.

നേരം വെളുക്കാന്‍ ഇനിയും മണിക്കുറുകള്‍ ബാക്കി കിടക്കുന്നു. പാണ്ടന്‍ നായ ഇടയ്‌ക്കെന്തൊക്കെയോ ശബ്ദം ഉണ്ടാക്കുന്നുണ്ട്. അവനും എന്തൊക്കെയോ പിടി കിട്ടിയതു പോലെ. സന്ധ്യയായപ്പോള്‍ മുതല്‍ അവന്‍ വല്ലാതെ ഓരിയിട്ടിരുന്നു. എത്ര പറഞ്ഞിട്ടും ഓരിയിടല്‍ നിര്‍ത്താന്‍ കൂട്ടാക്കിയില്ല. സാധാരണ തന്റെ ഒരു മുളലില്‍ അവന്‍ അടങ്ങേണ്ടതാണ്. പക്ഷേ പതിവിനു വിപരീതമായി അവന്‍ വല്ലാതെ മുരണ്ടു കൊണ്ടിരുന്നു. അല്ലെങ്കിലും അവനായിട്ട് ഇനിയെന്തിനു തന്നെ ഭയപ്പെടണം. അല്ലെങ്കില്‍ തന്നെ ആര്‍ക്കായിരുന്നു തന്നെ ഭയമുണ്ടായിരുന്നത്. എല്ലാം അഭിനയമായിരുന്നില്ലേ. എല്ലാവരും ചേര്‍ന്ന് തന്നെ ഒരു കളിപ്പാവയെപ്പോലെ കളിപ്പിക്കുകയായിരുന്നു. ചാടിക്കളിക്കെടാ കുഞ്ഞിരാമാ, ആടിക്കളിക്കെടാ കുഞ്ഞിരാമാ...അങ്ങനെ എല്ലാം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ചിട്ട് കൈ കഴുകി തനിക്ക് മനസ്സമധാനം കണ്ടെത്തുവാന്‍ സാധിക്കുമോ? അല്ലെങ്കില്‍ തന്നെ ഇനി മനസ്സമാധാനം കിട്ടിയാലെന്ത്? കിട്ടിയില്ലെങ്കില്‍ എന്ത്? 


വല്ലാത്ത തണുപ്പ്. കറന്റ് പോയിട്ടിപ്പോള്‍ രണ്ടു മണിക്കൂറെങ്കിലും ആയിരിക്കും. ഫാന്‍ ഇട്ടു കിടന്നു ശീലമായിപ്പോയി. അല്ല ശീലങ്ങളും ശീലക്കേടുകളും ഒക്കെ എത്ര വേഗം മറന്നാണ് താന്‍ ഓരോന്നും ചെയ്തത്. കല്യാണം കഴിഞ്ഞ് രണ്ട് ആഴ്ച കഴിഞ്ഞപ്പോള്‍ തന്നെ താനും സൗദാമിനിയും തമ്മിലുള്ള പൊരുത്തക്കേടുകള്‍ തുടങ്ങിയതാണ്. റവന്യൂ വകുപ്പില്‍ യു.ഡി.ക്ലാര്‍ക്കായിരുന്നു അവളപ്പോള്‍. താന്‍ സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റും. തനിക്കു കിട്ടുന്നതിന്റെ ഇരട്ടി ശമ്പളം അവള്‍ക്കു ലഭിച്ചിരുന്നു. താന്‍ ഒരിക്കലും അവളുടെ ശമ്പളത്തിന്റെ കണക്കു ചോദിക്കുവാന്‍ നിന്നില്ല. എങ്കിലും, മാസം പകുതിയാകുമ്പോള്‍ തന്നെ അവള്‍ തന്റെ ശമ്പളത്തിന്റെ പങ്കുപറ്റാന്‍ തുടങ്ങിയപ്പോഴാണ് ആദ്യമായി പൊരുത്തക്കേടുകള്‍ ആരംഭിച്ചത്. കിട്ടുന്ന പണം അവള്‍ ആര്‍ക്കു കൊടുത്തു എന്ന് ഇന്നുവരെ അന്വേഷിച്ചിട്ടില്ല. താന്‍ വീട്ടു ചെലവുകളും കടബാദ്ധ്യതകളും വീട്ടുന്നതിനായി വട്ടിപ്പലിശയ്ക്ക് കടം എടുത്ത് കഷ്ടപ്പെടുമ്പോള്‍ അവള്‍ പുതിയ പുതിയ സാരികളും, സ്വര്‍ണ്ണാഭരണങ്ങളും വാങ്ങി അണിഞ്ഞൊരുങ്ങി നടന്നു. ചെറുപ്പമല്ലെ, മാറുമെന്നു കരുതി. പക്ഷേ കുട്ടിയൊന്നായിട്ടും അവള്‍, സര്‍വ്വാഡംബര വിഭൂഷിതയായി നടന്നു. ബന്ധുക്കളുടെ വീടുകളില്‍ പൊതു പരിപാടികളില്‍ പോകുമ്പോള്‍ താന്‍ വാല്യക്കാരനെപ്പോലെ അപകര്‍ഷതാ ബോധത്തോടെ, തോളില്‍ കുട്ടിയും മറ്റെ തോളില്‍ അവളുടെ ബാഗും ഒക്കെയായി..... അവളുടെ പുറകെ. പലരും പറഞ്ഞു. മാധവാ...നീയൊന്നുമല്ലെങ്കിലും ഒരാണല്ലേ...ഇങ്ങനെ പെണ്‍കോന്തനായി......ആരോടും ഒരു മറുപടിയും പറഞ്ഞില്ല.എല്ലാം നേരെയാകും എന്നു കരുതി.
പക്ഷേ ഒന്നും നേരെയായില്ല. അവള്‍ക്കു പ്രമോഷനായി. അവളുടെ ആഡംബര ജീവിതത്തിന് കിട്ടുന്ന ശമ്പളം തികയാതെയായി. ലോണെടുത്തു വരെ ആഭരണങ്ങളും, വസ്ത്രങ്ങളും വാങ്ങിത്തുടങ്ങി. വളര്‍ന്നു വരുന്ന പെണ്‍കുഞ്ഞിന്റെ കാര്യത്തില്‍ പോലും ശ്രദ്ധയില്ലാതെയായി. ഭാര്യാഭര്‍തൃബന്ധം പോലും വഴിപാടു പോലെയായി....താന്‍ തനിക്കു തന്നെ അന്യനായ കാലം.
ആ വീര്‍പ്പുമുട്ടലില്‍ നിന്ന് ഒരാശ്വാസമായിട്ടാണ്, നീരജ തന്റെ ജീവിതത്തിലേക്കു വരുന്നത്. തന്റെ ഓഫീസില്‍ ക്ലാര്‍ക്കായി വന്ന അവള്‍....തന്റെ ജീവിതത്തിലും തണലായി മാറി. തനിക്കു താങ്ങും തണലുമായി എന്തിനുമൊപ്പം നിന്നു. മെല്ലെ മെല്ലെ വിവരങ്ങള്‍ എല്ലാവരും അറിഞ്ഞു തുടങ്ങി....സൗദാമിനിയും താനും തമ്മിലുള്ള ബന്ധം ഉലഞ്ഞു.തങ്ങള്‍ വേര്‍പിരിഞ്ഞു താമസിക്കുവാന്‍ തുടങ്ങി.

കാലം തനിക്കായി കാത്തു വെച്ചിരുന്നത്, കനത്ത ആഘാതങ്ങള്‍ മാത്രമായിരുന്നു. സമാധാനത്തോടും സന്തോഷത്തോടും കഴിഞ്ഞ തന്റെ ജീവിതത്തിലേക്ക് ഒരശനിപാതം പോലെ നീരജയുടെ അമ്മാവന്റെ മകന്‍ കടന്നു വന്നു. ആദ്യമൊക്കെ സൗഹൃദസന്ദര്‍ശനങ്ങളായിത്തുങ്ങിയ ബന്ധം, നീരജയെയും അവനെയും ഒരുമിച്ച് തന്റെ കിടക്കമുറിയില്‍ കാണുന്നിടത്തെത്തിയപ്പോള്‍ ആ ബന്ധവും പൊട്ടിച്ചെറിയേണ്ടി വന്നു.
പിന്നെ നീണ്ട പതിനെട്ടു വര്‍ഷത്തെ ഏകാന്ത ജീവിതം. ഇതിനിടയില്‍ ഔദ്യാഗിക ജീവിതത്തില്‍ സൗദാമിനി ഉയരങ്ങള്‍ താണ്ടിയിരുന്നു. വിവരങ്ങള്‍ താനറിയുന്നുണ്ടായിരുന്നു.

മകള്‍ക്ക് സംസ്ഥാനതലത്തില്‍ എഞ്ചിനനീയറിംഗ് എന്ട്രന്‍സ് പരീക്ഷയില്‍ ഒന്നാം സ്ഥാനം ലഭിച്ചതും. അവള്‍ക്ക് ക്യാമ്പസ് സെല്കഷന്‍ വഴി, പ്രതിമാസം അഞ്ചുലക്ഷം രൂപാ ശമ്പളം ലഭിക്കുന്ന ജോലി ലഭിച്ചതുമൊക്കെ. പക്ഷേ ബന്ധം ഒദ്യോദികമായി വേര്‍പിരിഞ്ഞിരുന്നില്ലെങ്കിലും, ഒരിക്കല്‍ പോലും മോളെ കാണാന്‍ സൗദാമിനി സമ്മതിച്ചിരുന്നില്ല.അവളുടെ വിവാഹത്തിനു പോലും.

അമ്പത്തഞ്ചു വയസ്സായപ്പോള്‍ താന്‍ സ്വയം വിരമിക്കലിനു തയ്യാറായി. കമ്പനി ഉടമജോലി തുടരുന്നതിനു വളരെ നിര്‍ബന്ധിച്ചെങ്കിലും താന്‍ വഴങ്ങിയില്ല. പിരിഞ്ഞുപോന്നപ്പോള്‍ ലഭിച്ച പണം കൊണ്ട് ഈ മലയടിവാരത്തില്‍ ഇരുപത്തിയഞ്ചു സെന്റു സ്ഥലം വാങ്ങി. കുറച്ചു പണം ബാങ്കില്‍ ഇട്ടു. നീണ്ട 12 വര്‍ഷത്തെ ഒറ്റയ്ക്കുള്ള ജീവിതം. അയല്‍ക്കാരുമായും കാര്യമായ ബന്ധമില്ല. അത്യാവശ്യം കുശലം ചോദിക്കും അത്ര തന്നെ. ഇടയ്‌ക്കെപ്പോഴോ പാണ്ടന്‍ സഹചാരിയായി കടന്നു വന്നു. ആട്ടിയോടിച്ചാലും പിന്നെയും പിന്നെയും തിരികെ വന്നു.
ഇന്നലെ സന്ധ്യക്ക് മഴ തുടങ്ങുന്നതിന് തൊട്ടു മുന്‍പാണ് ആ അപരിചിതന്‍ കടന്നു വന്നത്. അയാള്‍ വല്ലാതെ അവശനായിരുന്നു. വളരെയധികം യാത്ര ചെയ്തതിന്റെ ക്ഷീണം അയാളുടെ കണ്ണുകളില്‍ കാണാമായിരുന്നു....
'മാധവേട്ടനല്ലെ.....'
'അതെ'
'സൗദാമിനിയേച്ചിയുടെ അവസാനത്തെ ആഗ്രഹമായിരുന്നു താന്‍ മരിച്ചാല്‍, മാധവേട്ടനെ വിവരമാറിയിക്കണമെന്ന്...ഇന്നു രാവിലെയായിരുന്നു ആളു പോയത്.....നിങ്ങളെ തിരഞ്ഞു ഞാന്‍ വളരെയലഞ്ഞു.'
' ഊം......'
'അപ്പോള്‍ ഇറങ്ങുകയല്ലേ.....ഇപ്പോള്‍ തിരിച്ചാലെ പുലര്‍ച്ചെയെങ്കിലും അവടെ എത്താനാവൂ...മോള്‍ വെളുപ്പിനെ നാലു മണിയാകുമ്പോള്‍ എത്തും.. ബോഡി അധിക നേരം വെയ്ക്കരുതെന്നാ ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്...'
്‌നിങ്ങള്‍, ഇറങ്ങിക്കോളൂ...വൈകിയാല്‍ ഇവിടെ നിന്നും പട്ടണത്തിലേക്ക് വാഹനം കിട്ടാന്‍ ബുദ്ധിമുട്ടാവും.....എന്നെ കണ്ടില്ലാ എന്ന് അറിയിച്ചേക്കൂ.....'
വന്നയാള്‍ അവിശ്വാസത്തോടെ തന്റെ കണ്ണുകളിലേക്കു നോക്കുമ്പോള്‍...താന്‍ വാതില്‍ ചാരി ഉള്ളിലേക്കു കടന്നിരുന്നു.
പാണ്ടന്റെ കുര നിന്നപ്പോള്‍ അയാള്‍ പോയി എന്നു മനസ്സിലായി,.....

ഇനിയൊന്നു കരയണം....തന്റെ മനസ്സ് അങ്ങനെയെങ്കിലും ഒന്നു ശുദ്ധമാകട്ടെ. ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവളുടെ ഉള്ളിന്റെയുള്ളില്‍ താനുണ്ടെന്ന് അറിഞ്ഞപ്പോള്‍ ചങ്കു പൊട്ടിപ്പോകുന്നതു പോലെ......താന്‍ അവളോട് ചെയ്ത തെറ്റുകള്‍ക്ക് പ്രായശ്ഛിത്തമായി തന്റെ ഈ കണ്ണീര്‍ അവളുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ സമര്‍പ്പിക്കട്ടെ.....അവളുടെ നിശ്ചലമായ ശരീരം തനിക്കു കാണണ്ട. അവളുടെ ജീവനുള്ള രൂപം തന്റെയുള്ളില്‍ നിന്നും മാഞ്ഞുപോയിരുന്നില്ല എന്ന് ഇപ്പോഴാണ് താന്‍ തിരിച്ചറിയുന്നത്.......മഴയുടെ ശക്തി വര്‍ദ്ധിക്കുന്നതനുസരിച്ച് അയാളുടെ ഏങ്ങലടിയുടെ ശക്തിയും കൂടി വന്നു. ...പുറത്ത് പാണ്ടന്‍നായ അപ്പോളും ഓരിയിടല്‍ നിര്‍ത്തിയിരുന്നില്ല. മഴയുടെ....ശക്തി കുറഞ്ഞ് കുറഞ്ഞു വന്നപ്പോള്‍..... അയാളുടെ ശ്വാസത്തിന്റെ ഗതിയും അലിഞ്ഞലിഞ്ഞില്ലാതായിക്കൊണ്ടിരുന്നു. അന്ന് ആദ്യമായി അയാള്‍ ശാന്തമായി ഉറങ്ങിത്തുടങ്ങി............................!

Tuesday, October 9, 2012

ഓര്‍മ്മക്കുറിപ്പുകളുടെ മഹിമയും, ചരിത്രവും!

     ഓര്‍മ്മകള്‍ നമ്മളെ ഇടയ്ക്കിടെ കാലത്തിന്റെ മറ്റേതോകോണിലേക്ക് കൂട്ടി കൊണ്ട് പോകുന്നു എന്നുകരുതുന്നവരാണ് ഏറെയും .ഓര്‍മ്മകളെ ഒരു നൂലിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്കുള്ള ഒരുയാത്രപോലെ നമ്മുക്ക് വിവരിക്കുവാന്‍ സാധിക്കുമോ?അറിയില്ല. കാലമങ്ങനെ രേഖീയമായീ ഒരു പോയിന്റ്‌ -ല്‍ നിന്നു മറ്റൊരു  പോയിന്റ്-ലേക്ക് നമ്മെ കൂട്ടികൊണ്ടുപോകുന്നു എന്നുകരുതുവാന്‍ സാധിക്കുമോ?സാധിക്കുകയില്ല എന്നുഞാന്‍ കരുതുന്നു.

     ഓര്‍മ്മകള്‍ സ്ഥലകാല രേഖീയതക്ക് പുറത്തുള്ള ഒരു സവിശേഷതയാണ്. നമ്മുടെ ഓര്‍മ്മകള്‍ തികച്ചും ആപേക്ഷികവും .നാം പരിചയിച്ചിട്ടുള്ള സ്ഥലവുംകാലവും ഒരുപക്ഷെ അടിസ്ഥാന ധാരയായി വര്തിക്കുമെങ്കിലും ആകെ ഒരുകുഴമറിച്ചില്‍ നമ്മുടെ ഓര്‍മ്മകളില്‍ നമ്മുക്ക് അനുഭവപ്പെടാറുണ്ട്.

    ജീവിതം നമ്മുക്ക് സമ്മാനിച്ചിട്ടുള്ള അസുലഭമായ നിമിഷങ്ങളെ ഒരുമാലയിലെ  മുത്തുകളെന്നവണ്ണം 
കോര്‍ത്തെടുത്ത്‌ ഇതാണ് ആ കാലഘട്ടതെക്കുറിച്ചുള്ള എന്റെ ഓര്‍മ്മയെന്നുമൊക്കെ നാം വീമ്പിളക്കാറുണ്ട്.
 പക്ഷെ ഇത് എത്രമാത്രം ശരിയായിരിക്കും? ഒരേ സംഭവത്തെക്കുറി ച്ചു      രണ്ടു  ദൃക്സാക്ഷികളുടെ  വിവരണം ഒരിക്കല്പോലുമോരുപോലെയകണം എന്നില്ല.നാം കണ്ട ദൃശ്യങ്ങളുടെയും കേട്ട ശബ്ദങ്ങളുടെയും ഒരു പാര്‍ശ്വ വീക്ഷണംമാത്രമായിരിക്കും നമ്മുടെ  ഓര്‍മ്മ ക്കുറിപ്പുകളില്‍ നമ്മുക്ക് ആവിഷ്ക്കരിക്കാനാവുന്നത്.അതുകൊണ്ട് ഓര്‍മ്മ ക്കുറി പ്പുകള്‍ മിക്കപ്പോഴും എഴുതുന്നവ്യക്തിയുടെ ബൌദ്ധികമായ ചിന്താശേഷിയേയും ,സംഭവങ്ങളോടുള്ള ആവ്യക്തിയുടെ പ്രതികരണ സ്വഭാവത്തെയും ആശ്രയിച്ചു വ്യത്യാസപെട്ടു കാണുന്നത് .

     ഓര്‍മ്മക്കുറിപ്പുകളുടെ  മറ്റൊരു പ്രത്യേകത എഴുതുന്ന വ്യക്തിയുടെ ഭാവനാ ശേഷിക്കനുസരിച്ചു പൊടിപ്പും  തൊങ്ങലുമൊക്കെ വിവരണങ്ങളില്‍ കണ്ടേക്കാം എന്നതാണ്.

    കാലമെന്നത് രേഖീയമായി അടയാള പ്പെടുത്താവുന്ന ഒന്നായാണ്  പല ഓര്മ്മക്കുറിപ് ലേഖകന്മാരും
കരുതുകയും എഴുതുകയും  ചെയ്യുന്നത്. പലപ്പോഴും ഒരേ സംഭാവങ്ങള്‍ക്കുള്ള വ്യത്യസ്ത മാനങ്ങള്‍ കണ്ടെത്തണം എങ്കില്‍ നാം ആ സംഭവങ്ങളുടെ ബഹുമുഖമായഓര്‍ത്തെടുക്കല്‍ നടത്തേണ്ടത് ആവശ്യമാണ്.

    ഒരേ സംഭവത്തിന്റെ വ്യത്യസ്ത അടയാളപ്പെടുത്തലുകള്‍ ഓര്‍മ്മകുറിപ്പുകളുടെ  സമഗ്രതക്ക്-അങ്ങനെയൊന്നുണ്ടെങ്കില്‍-ആവശ്യമാണ്. ഞാന്‍  ജീവിച്ച  കാലത്തിന്റെ ഫോടോഗ്രഫിക്  ചിത്രമാണ് ഇതെന്ന് ആണ യിടുന്നവരും ഉദ്ദേശിക്കുന്നത് എന്റെചിന്തകള്‍ക്കും, ഭാവനക്കുമാനുസൃതമായ ഒരു കല്പനാ സൃഷ്ടി ഞാനിതാ നടത്തിയിരിക്കുന്നൂ  എന്നേയുള്ളൂ. അല്ലെങ്കില്‍ അത്രയേ  ധരിക്കാ വൂ എന്നതെതെ!

  അങ്ങനെയെങ്കില്‍ ഓര്‍മ്മക്കുറിപ്പുകളെ പൂര്‍ണ്ണമായും തള്ളിക്കള യണം എന്നാണോ? അല്ല, ഒരിക്കലുമല്ല. രേഖീയമായ ചരിത്രമില്ലാത്ത  സമൂഹങ്ങളുടെ  ചരിത്രം  ഒരുപരിധിവരെ നാം  കണ്ടെടുത്തത് അവരുടെ ഓര്‍മ്മകളെ ആശ്രയിച്ചാണ്. ആ സമൂഹങ്ങളുടെ പൊതുവായ ബോധധാരയില്‍ നിന്നും   ശാസ്ത്രീയാമായ മറ്റുതെളിവുകളുടെ വെളിച്ചത്തില്‍ നാം ആ സമൂഹങ്ങളുടെ  ചരിത്രം രചിക്കുന്നതിനും പഠിക്കുന്നതിനും നാം ശ്രമിക്കുന്നു.ഈ ചരിത്ര രചനയും  ഓര്‍മ്മകുറിപ്പുകളുടെ രചനയും തമ്മില്‍ വ്യത്യാസമുണ്ട്.

ഓര്‍മ്മകുറി പ്പുകളില്‍ കല്പനയ്ക്ക്  പ്രാധാന്യെമെ ങ്കില്‍,  ഓര്‍മ്മകുറി പ്പുകളെ  അടിസ്ഥാനമാക്കിയുള്ള  ചരിത്ര രചനയില്‍ ശാസ്ത്രീയമായ തെളിവുകലുംവശ കലനവുമാണ് നേര്‍ വഴിക്ക് നയിക്കുന്നത്.അപകടം പക്ഷെ ഇവിടെയല്ല ഇത്തരത്തിലുള്ള ചരിത്രവും  ഓര്‍മ്മക്കുറിപ്പുകളും ഒരേ പദവിക്കായി മത്സരിക്കുമ്പോള്‍ നഷ്ടമാകുന്നത് ഇവ  രണ്ടിന്റെയും ജൈവസത്ത  തന്നെയാണ്. അല്ലെങ്കില്‍ ഇവരണ്ടും  രണ്ടാണെന്നുള്ള
ആവ്യത്യാസംതന്നെയനുനഷ്ടമാകുന്നത് !









 




Saturday, October 6, 2012

മനുഷ്യന്‍


മനുഷ്യന്‍ എത്ര സുന്ദരമായ പദം
എന്ന് പാടിയതരായാലും
നെഞ്ചിന്റെ ഉള്ളില്‍ നിന്നും
നീ നിന്നെ തന്നെ ആട്ടിയകറ്റുന്ന
കാലം ആഗതമായിരിക്കുന്നു.
 
കാലം വരച്ചിട്ട ചിത്രങ്ങള്‍ പോലെ
നീട്ടി യും കുറുകിയും കോണോടു കോണ്‍
ചേര്‍ന്നും ഉള്ള വരകള്‍ക്കിടയില്‍
ഉത്തരം കിട്ടാത്ത ചോദ്യം
പോലെ മനുഷ്യന്‍.

നീ നിന്റെ ഉണ്മയെതന്നെ
ചോദ്യം ചെയ്തുതുടങ്ങുംപോള്‍
നേര്‍ത്ത വരപോലെ അകലെങ്ങളിലേക്ക്
നീ അലിഞ്ഞഞ്ഞലിഞ്ഞു
ഇല്ലാതാകുമ്പോള്‍
എനിക്ക് നേരെ വിരല്‍ ചൂണ്ടാന്‍
ഒരു ചൂണ്ടു  വിരല്‍ നഷ്ടപെട്ടതോര്‍ത്ത്‌
വിലപിക്കാനെ എനിക്കാവൂ!

മനുഷ്യന്‍; ഒരു ചവാളിപ്പട്ടിയെപ്പോലെ
ആട്ടിയകറ്റുന്ന മറ്റൊരു
ആത്മാവില്ലാത്ത ജന്മമോ?
കാലത്തിന്റെ ഉത്തരം കിട്ടാത്ത
ചോദ്യത്തിന് മുന്നില്‍
നിസ്സഹായതയുടെ
നിഴല്‍ച്ചിത്രം പോലെ
 പാവം മനുഷ്യന്‍ !


Thursday, October 4, 2012

ഈ സമയമില്ലാത്ത നേരത്ത് ........



നമ്മള്‍ എന്തിനു ജീവിക്കുന്നു  എന്നതില്‍ നിന്ന് മാറി
 ഞാനെന്തിനു ജീവിക്കുന്നു എന്ന തരത്തില്‍ ചിലരെങ്കിലും 
ചിന്തിച്ചു തുടങ്ങേണ്ടിയിരി ക്കുന്നു.

രാവിലെ ഇറങ്ങുമ്പോള്‍ ഈശ്വരാ
ഇന്ന് ഒരപകടവും കൂടാതെ തിരിച്ചെത്തണേ 
എന്ന് പ്രാര്‍ത്ഥിച്ചു ഇറങ്ങിയാലും (ദൈവത്തില്‍ വിശ്വസിക്കാതവര്‍ക്ക്
ഇവിടെ ഒഴിവാക്കി വായിക്കാം )
കാണുകയും കേള്‍ക്കുകയും ചെയ്യുന്ന അപകടങ്ങള്‍
ഓരോ ദിവസവും കൂടി കൂടി വരുന്നു. 
ആര്‍ക്കും സമയമില്ലാതെ നാം വാലിനു തീ പിടിച്ചപോലെ 
അങ്ങ്  പായുകയാനല്ലോ!

ഓരോരുത്തരും അവനവനിലേക്ക്‌ വല്ലാതെ 
ഒതുങ്ങികൂടിയിരിക്കുന്നു.  
ഞാന്‍, എന്റെ കുടുംബം, എന്റെ കുട്ടികള്‍, അവരുടെ വളര്‍ച്ച 
ഇതൊക്കെ മാത്രമായി ഒരുരുതരുടെയും ചിന്തകള്‍.

തന്റെ തൊട്ടപ്പുറത്തുള്ള വീട്ടില്‍ ഒരാള്‍ 
മരണത്തോട് മല്ലടിച്ച് കിടന്നാല്‍ പോലും ഭൂരിഭാഗം ആള്‍ക്കാരും 
അവരെ ഒന്ന് സന്ദര്‍ശിക്കാനോ ആ രോഗിയെ ഒന്ന് 
ആശ്വസിപ്പിക്കുവാനോ  ശ്രമിക്കാറില്ല.
നമ്മുടെ കുട്ടികളും ഇതേ രീതി പിന്തുടരുന്ന 
കാഴ്ചയാണ് കണ്ടു വരുന്നത്. 

നമുക്ക് മഹാത്മാക്കളെ പോലെ ജീവിക്കാന്‍ സാധിചെന്നു വരില്ല .
എന്നാല്‍ ഓരോ ദിവസവും നമ്മള്‍ ഇടപെടുന്ന  ആള്‍ക്കാര്‍ക്ക് 
സന്തോഷം പകരാന്‍ നമുക്ക് സാധിച്ചാലോ!ഔദ്യോഗിക ജീവിതതിലുള്ളവര്‍ 
ഇതെങ്ങനെ സാധിക്കും എന്ന് കരുതുന്നുണ്ടാവും. എപ്പോഴും 
ചിരിച്ചുകൊണ്ട് ജീവിക്കുവാന്‍ സാധിക്കുകയില്ല.
ശരി തന്നെ. എന്നാല്‍ നമ്മുടെ മുന്നില്‍ ഒരപേക്ഷയും ആയി വരുന്ന 
ഒരാളോട് അവരുടെ കാര്യങ്ങള്‍ ഒന്ന് ചോദിച്ചു മനസ്സിലാക്കാന്‍ നമുക്കായാലോ.
നിന്ന് തിരിയാന്‍ സമയമില്ലാത്തിടത്താണ് ഉപദേശം; നടക്കും സുഹൃത്തുക്കളേ,
മനസ്സുണ്ടായാല്‍ വഴിയും ഉണ്ടാകും.
ഇന്ന് നാം പറയുന്നത് കേള്‍ക്കാന്‍ ഒരു ചെവിയില്ല 
എന്നതാണ് നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും 
വലിയ ദുരന്തം!

വീട്ടില്‍ ചെന്നാല്‍ ഭാര്യ പറയുന്നത് കേള്‍ക്കാന്‍ സമയമില്ല.
കുട്ടികള്‍ പറയുന്നത് കേള്‍ക്കാന്‍ സമയമില്ല.
അയല്‍ക്കാരോട് ഒന്ന് കുശലം ചോദിയ്ക്കാന്‍ പോലും 
സമയമില്ല.

ഇത്രയും തിരക്കുള്ള മനുഷ്യനെ എന്റെ ജീവിതത്തില്‍ കണ്ടിട്ടേയില്ല; 
എന്ന് നാട്ടുകാരെ കൊണ്ടു പറയിച്ചേ 
ഞാനടങ്ങൂ എന്ന് കരുതി ജീവിക്കുന്നവര്‍ ഒരു നിമിഷം ചിന്തിക്കൂ. ഒരിക്കല്‍ നിങ്ങളും കൊതിക്കുന്ന ഒരു സമയം വരും. എന്തിനെന്നല്ലേ? നമ്മള്‍ പറയുന്ന കാര്യങ്ങള്‍ ആരെങ്കിലും ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ 
എന്ന് കരുതുന്ന ഒരു കാലം. നമ്മുടെ പദ വിയും, പത്രാസുമെല്ലാം നഷ്ടപ്പെട്ട്‌ ഏകാന്തത്തയില്‍ 
നാം അകപ്പെടുന്ന ഒരു കാലം. 

അങ്ങ് റഷ്യയില്‍ മഴപെയ്യുന്നതിനു ഇപോഴേ കുട ചൂടാണോ എന്ന് ചോദിക്കുന്നവരോട് ഒന്ന് മാത്രം; 
പേമാരിയും,ഒരുള്പോട്ടലും  ഒക്കെ  ഒരുമിച്ചു വരുമ്പോള്‍ നാം നമ്മുടെ ഏകാന്തതയുടെ തുരുത്തില്‍,  ആരും സഹായത്തിനില്ലാതെ തനിച്ചായിരിക്കും തീര്‍ച്ച .








Wednesday, October 3, 2012

നീല ഫ്രോക്കിട്ട പെണ്‍കുട്ടി

ഞാന്‍ നിന്നെ പ്രണയിക്കുന്നുവെന്നു ആദ്യം പറഞ്ഞത്
അവള്‍ ആയിരുന്നു; നീല ഫ്രോക്കിട്ട പെണ്‍കുട്ടി
കണ്ണുകളില്‍ കവികള്‍ പാടുന്നത് പോലെ
പ്രണയത്തിന്റെ അഗ്നിയൊന്നും അവളില്‍
പടര്‍ന്നിരുന്നതായി ഞാന്‍ ഓര്‍ക്കുന്നില്ല.
നീലപരവതാനി വിരിച്ച പോലെ കടല്‍;
കടലെങ്ങും പരന്നു കിടന്നിരുന്ന
ആ ത്രിസന്ധ്യയ്ക്ക് , സഹപാഠികളുടെ
കണ്ണ് വെട്ടിച്ചു ആ വിനോദയാത്രയിലെ
ബഹളങ്ങള്‍ക്കിടയില്‍ നിന്നും
അവള്‍ എനിക്കൊപ്പം പോരുകയായിരുന്നു.
ഞാന്‍ നിന്റെ കണ്ണില്‍ പ്രണയം തിരഞ്ഞു
തിരഞ്ഞു നിന്നെ ഈര്‍ഷ്യ പിടിപ്പിച്ചപ്പോള്‍
ഒരിക്കല്‍ നീ പറഞ്ഞു
എനിക്ക് നിങ്ങളെ വെറുക്കാന്‍ സാധിക്കാത്തത്
കൊണ്ട് മാത്രമാണ് ഞാന്‍ നിങ്ങളെ വിട്ടു പോകാത്തത്
നിങ്ങളെ ഞാന്‍ പ്രണയിച്ചിരുന്നുവോ, എന്ന് പോലും എനിക്ക് സംശയമുണ്ട്‌ .
ഇനി ഞാന്‍ നിങ്ങള്കൊപ്പമില്ല.അവള്‍ നടന്നകന്നു.
സ്വപ്നത്തില്‍ നിന്നും എഴുന്നേല്‍ക്കുമ്പോള്‍ കയ്യില്‍
ചൂടുള്ള കാപ്പിയുമായി എന്റെ പ്രിയതമ .
അന്നത്തെ നീല ഫ്രോക്കിട്ട പെണ്‍കുട്ടി!
ഇങ്ങനെ ഈ കഥ അവസാനിപ്പിക്കണം എന്നായിരുന്നു
ഞാന്‍ എഴുത്ത് തുടങ്ങിയപ്പോള്‍ വിചാരിച്ചിരുന്നത്
പക്ഷെ അവിചാരിതമായി സംഭവങ്ങള്‍
ഉണ്ടാകുമ്പോള്‍ നാം പതറി പോകുക
സ്വാഭാവികം മാത്രം
അവളുടെ അച്ഛന്‍ ഹേബിയസ് കോര്‍പസ്
ഹര്‍ജി നല്‍കി. ഒരാഴ്ച കഴിഞ്ഞപ്പോള്‍
തിരുനെല്‍വേലിയില്‍ നിന്ന് ഞങ്ങളെ
പോലിസ് അറസ്റ്റു ചെയ്തു
കോടതിയില്‍ ഹാജരാക്കി.
അവളുടെ അച്ഛനൊപ്പം
അവള്‍ പോകുമ്പോള്‍
ആ കണ്ണുകളില്‍ ഊറിക്കൂടിയ
കണ്ണുനീര്‍ത്തുള്ളികള്‍
കാണാതിരിക്കുവാനായി ഞാന്‍
മുഖം തിരിച്ചു.
പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം
അനധികൃതമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന
മാനസികാരോഗ്യ കേന്ദ്രം രേയിട്‌
ചെയ്തു അവിടെ നരകയാതന
അനുഭവിച്ചു കൊണ്ടിരുന്ന രോഗികളെ പോലിസ്
രക്ഷെടുതിയതിന്റെ വാര്‍ത്തയും ചിത്രവും
പത്രത്തില്‍ കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍
ഒരിക്കല്‍ വര്‍ഷങ്ങള്‍ക്കുശേഷം നിറഞ്ഞു.
ഞാന്‍ എന്റെ ഭാര്യയെ വിളിച്ചു ആ വാര്‍ത്ത
കാണിച്ചു കൊടുത്തു.ഭാര്യയും എന്റെ  സഹപാഠിയായിരുന്നു.
കഥകളെല്ലാം അറിയുന്ന അവളുടെ കണ്ണുകളും നിറഞ്ഞു.
അതെ, മുടിപട്ടെ വെട്ടി, ഒരൊറ്റയുടുപ്പുമിട്ടു
മുന്നില്‍ നടന്നു പോകുന്ന ആ ദയനീയ രൂപം
എന്റെ നീല ഫ്രോക്കിട്ട പെണ്‍കുട്ടിതന്നെയായിരുന്നു.


Monday, October 1, 2012

മാരണം


മാരണം ഈ ലോകജീവിതം
ഏതൊക്കെയോ
വേഷ വൈചിത്ര്യങ്ങളില്‍
കുരുങ്ങി വേപധുപൂണ്ടു
നടപൂ ഞാനീ; പ്രാന്തപ്രദേശങ്ങളില്‍
ഇല്ല മുന്‍പോട്ടു നടക്കുവാന്‍
 ആവതില്ല മുന്‍പില്‍
ഭയപ്പെടുത്താന്‍
പല്ലുമിളിച്ചു കുറുനരികള്‍
മൂര്‍ഖന്‍, കരിന്തെളുകള്‍
കാലപ്രവാഹച്ചുഴിയിലെ
ഒരുകൊച്ചു നീര്‍പോള പോലെ
ഒന്ന് കണ്ചിമ്മി എണീക്കും
വരെ നിനക്ക് കാക്കുവാനുകുമോ
ഈ നരക-ജീവിതം !



Saturday, September 29, 2012

നമ്മുടെ ബ്ലോഗ്ഗെര്മാര്‍ക്കെന്തുപറ്റി?

മലയാളത്തിലെ പല പ്രമുഖ ബ്ലോഗ്ഗെര്മാരും കഴിഞ്ഞ കുറെ കാലമായി മൌനതിലാണെന്നു തോന്നുന്നു. 
എന്തുപറ്റി ഇവര്‍ക്ക്? സമകാലിക സംഭവ വികാസങ്ങള്‍ ഇവരുടെ മനസ്സിനെ തൊട്ടുണര്‍തുന്നില്ലേ ? ഒരുകാലത്ത് ബൂലോഗം എന്ത് പറയുന്നു എന്ന് ശ്രദ്ധിക്കുന്ന ഒരു ലോകത്തുനിന്ന് കാതങ്ങള്‍ അകലെയാണ് 
ഇപ്പോഴത്തെ അവസ്ഥ .പുതിയ ബ്ലോഗ്ഗെര്മാരായ ഞങ്ങളെപോലുള്ളവര്‍ മുന്‍പേ നടന്നു പോയവരില്‍ കുറെയൊക്കെ അറിയാന്‍ ശ്രമിച്ചിരുന്നു. ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നു . "കാലമിനിയുമുരുളും വിഷു വരും വര്ഷം വരും , തിരുവോണം  വരും അപ്പോള്‍ ആരെന്നുമെന്തെന്നുമാര്‍ക്കറിയാം?"
എല്ലാവര്ക്കും നമസ്കാരം!

Wednesday, September 26, 2012

ജീവിതം കയ്ച്ചു തുടങ്ങുമ്പോള്‍....



ജീവിതം വല്ലാതെ കയ്ച്ചു തുടങ്ങീട്ടു കാലം
കുറെയായി; എന്നോര്‍മ്മകള്‍ പോലും
പുറംതിരിഞ്ഞു നില്‍ക്കുമ്പോള്‍
ആര് നീ കൈനീടി നില്പൂ;
കാലം തെറ്റി വന്ന മഴപോലെ ;
ഈ വരാന്തയില്‍ നിന്നും എന്‍ കൈപിടിച്ച്
നീ പോകുവതെങ്ങു നിന്‍ കാല്‍
ചിലംപിന്‍ നാദം പിന്തുടരട്ടെ ഞാന്‍!

ജീവിതം രസസംപുഷ്ടമായോരാ
കാലമിനിവരില്ല; പൂക്കള്‍
വിരിയില്ലയെന്‍ സ്വപ്‌നങ്ങള്‍
വിടരില്ല; കാത്തു ഞാന്‍ വെച്ചൊരു
കുഞ്ഞു മയില്‍ പീലിതുണ്ടോന്നു
കാണുവാന്‍ നീ വരില്ല ; യെന്‍
കൊച്ചു പുസ്തകപ്പെട്ടിയില്‍
സൂക്ഷിച്ചുവേച്ചൊരു വളമുറി
പൊട്ടുകള്‍ പോലുംമിനിയെന്തിനു?
ഇല്ല ഞാന്‍ ഓര്‍ക്കുകയില്ല നിന്നെ
എന്‍ മനസ്സിന്റെ കോണില്‍പോലും 
തരില്ലയിരിപ്പിടം;ദാമ്പത്യസുഖ
വല്ലരിയില്‍ നിന്നും തളിര്തതില്ല
നീയെനിക്കയിനല്കിയ  സുഖസംതൃപ്ത
മനോഹര ജീവിതം!

ഇന്ന് ഞാന്‍ വേപധുപൂണ്ടു
മിഴിതുടച്ചൊരു നിന്സ്വനെപ്പോലെ
ഈ വരാന്തയില്‍ നില്പൂ
തമ്മില്‍ കരാറൊപ്പിട്ട ഉടമ്പടിയുമായി
നല്‍കാന്‍  എന്‍ ശിഷ്ട ജീവിതം   പ്രിയതമക്ക്  സമ്പാദ്യമായി; 
നല്കുവാനെനിക്ക്; മന:സമാധാന
സുഖസംത്രുപ്ത സൌഭാഗ്യ
ജീവിതം ; ശിഷ്ടജീവിതകാലം.

ആര് നീ കൈനീടി നില്പൂ;
കാലം തെറ്റി വന്ന മഴപോലെ ;
ഈ വരാന്തയില്‍ നിന്നും എന്‍ കൈപിടിച്ച്
നീ പോകുവതെങ്ങു നിന്‍ കാല്‍
ചിലംപിന്‍ നാദം പിന്തുടരട്ടെ ഞാന്‍!