Ettumanoor Visheshangal

Monday, October 28, 2013

ദാഹം

കിനാവിന്നു പൂക്കുന്ന-
കാടിന്നിറമ്പിൽ-
നിനക്കായി ഞാനെത്ര
കാലങ്ങളായി, യൊരേ-
നില്പൂനില്ക്കുന്നീ
രാവിൽ, വസന്തം
വരാനെന്തേ വൈകുന്നു-
ചൊല്ലൂ.


നിശയിൽ,
നിദ്രയിൽ,
നീലവാനച്ചോട്ടിൽ
നിറകൺകുളിരായി,
മോഹത്തിൻ
പട്ടുപൂമെത്തയി-
ലഴകായ്.
ദാഹമേ വളരൂ,
എന്നിൽ നീ നിറയൂ
വസന്തംതളിരിട്ട
വേളയിൽ, എൻചുണ്ടിൽ,
മോഹങ്ങൾ തീർക്കുന്ന
മാതളതേൻകുടം, പ്രിയേ,
പ്രിയേയിന്നു കേൾപ്പൂ
നിൻ രാഗാർദ്ര
മോഹനഗാനം.
പടരൂ
എന്നിൽ നീ
ജ്വാലയായ്.

ജ്വാലയായ്
എരിയുക
കത്തിപ്പടരുക,
ആളുന്നൊരഗ്നിയിൽ
വിടരട്ടെ നിന്നിലെ
മായാപ്രപഞ്ചം.
മായാവിമോഹിനി
എന്നിൽ നീ നിറയുക
ദാഹനീരായി,
മൊത്തിക്കുടിച്ചെൻറെ
ജീവിതം നിറവാർന്നിടട്ടെ!


Friday, October 18, 2013

തന്ത്രംജീവവായുനിറയുന്ന
സ്മൃതിയുടെ കല്പടവിൽ
ഏറെനേരം വിശ്രമിക്കാൻ മനം കൊതിയ്ക്കേ
നീറി നീറിപ്പുകയുമീ
ജന്മശാപ കുരുക്കുകൾ
പാഞ്ഞുവന്നെൻ മനസ്സിനെ കീഴ്പ്പെടുത്തുമ്പോൾ.

പുഞ്ചിരിത്തേൻകണത്തോടെ,
മുലകളിൽ വിഷം തേച്ച്
മന്ദമെന്നുടെയരികിൽ നീയെത്തിയതില്ലേ
കണ്ണുകളിൽ കാമമോടെ
വാക്കുകളിൽ തേൻപുരട്ടി
എന്തിനെന്നുടെയരികിൽ വന്നതന്നു നീ?

കണ്ണനല്ല മുലകുടിയ്ക്കേ
നിൻറ ജീവശ്വാസമൂറ്റാൻ
കാമിനീ നിൻ മോക്ഷമേകും ദേവനല്ല ഞാൻ!
കാനനപൊയ്കയിലിന്നു
നീന്തുവാൻ വയ്യെനിക്കിന്ന്
പെണ്മണീ നീയെന്തിനെന്നെ വലച്ചീടുന്നു.

കാർവർണ്ണനെന്നു ചൊല്ലി
വിളിക്കുന്ന നിൻറ നാവിൽ
പുളയ്ക്കുന്ന വാക്കുകളിൽ പകച്ചു നില്ക്കേ
നിൻറെ മാനം വിലപറഞ്ഞ
കശ്മലനായി ലോകമാകെ
എന്തിനെന്നുടെ ജീവിതത്തെ വലിച്ചെറിഞ്ഞു.

നിൻറെ തന്ത്രമെൻറെ ജീവൻ
പന്താടി കളിക്കവേ
എൻറെ നേരെ നൂറുനൂറു വിരലുയർന്നു.
ആണായിപിറന്നതിൻ
ശാപമോക്ഷം കൈവരിക്കാൻ
ശിലയായി പതിന്നാലുവർഷമെത്തണം.

ജീവവായുനിറയുന്ന
സ്മൃതിയുടെ കല്പടവിൽ
ഏറെനേരം വിശ്രമിക്കാൻ മനം കൊതിയ്ക്കേ
നീറി നീറിപ്പുകയുമീ
ജന്മശാപ കുരുക്കുകൾ
പാഞ്ഞുവന്നെൻ മനസ്സിനെ കീഴ്പ്പെടുത്തുന്നു.

Tuesday, October 1, 2013

കാല്പാടുകൾ
കടൽക്കരയിൽ വെറും കാൽപ്പാടുകൾ മാത്രം
അന്തിച്ചെമ്മാനത്തിന് കൗതുകം
തോന്നുന്ന വിഷാദപ്പകർച്ച
കടലോരത്ത് അനാഥമായ
പാദരക്ഷയും ഊന്നുവടിയും
അങ്ങയെ, എവിടെയെല്ലാം തിരഞ്ഞു
സമയം നിലച്ച വാച്ചിൽ ടിക്ടിക്
ശബ്ദത്തിനു പകരം ഹേ രാമാ, രാമായെന്ന നിലവിളി.

മതസൗഹാർദ്ദസമ്മേളനത്തിനായി
നേതാക്കൾ അണിയറയിൽ ചായം പൂശുന്നു.
തെരുവോരത്ത് ബംഗാളികളും ആസ്സാമികളും
പൊരിഞ്ഞവെയിലിൽ
മണ്ണിൽ ആഞ്ഞു കിളയ്ക്കുന്നു.
തലചായ്ക്കാനും മരണമടഞ്ഞാൽ
കുഴിച്ചിടാനുമായി
ഒരു തുണ്ടു ഭൂമിക്കായി
മണ്ണിൻറെ മക്കൾ അലയുന്നു.

ഭൂതകാലത്തിൽ നിന്നെത്തുന്ന-
ആ വചനങ്ങൾ ഞങ്ങളെ പേടിപ്പെടുത്തുന്നു
ആ സ്ഥൈര്യം ഞങ്ങളെ അലട്ടുന്നു
ആ സത്യസന്ധത ഞങ്ങളിൽ ഞെട്ടലുളവാക്കുന്നു
ആ ജീവിതം ഞങ്ങൾ മറക്കാനും
മറയ്ക്കാനും ശ്രമിക്കുന്നു.

ഞങ്ങൾ ഭീരുക്കൾ
ഞങ്ങൾ ഒറ്റുകാർ
ഞങ്ങൾ സഹോദര ഘാതകന്മാർ
ഞങ്ങൾ ദേശത്തെ കാക്കാത്ത പരിഷകൾ
ഞങ്ങൾ അങ്ങയുടെ ആശയത്തെ
അലങ്കാരവും, ആഭരണവുമായണിഞ്ഞവർ

അല്ലയോ ഋഷിവര്യ ആ സൂര്യതേജസ്സിനു മുന്നിൽ
ഒരു മഞ്ഞുനീർകണമായി അലിഞ്ഞുതീരാൻ
ഇനിയെത്രകാലം കാത്തിരിക്കണം?