Ettumanoor Visheshangal

Wednesday, March 6, 2013

ബ്ലോഗെഴുത്തും കേരള സാഹിത്യ അക്കാദമിയും തമ്മിലെന്ത്?

      മുഖവുര 

 


     2013 മാര്‍ച്ച് മാസം മൂന്നാം തീയതി ഞായറാഴ്ചയ്ക്ക് എന്തു പ്രത്യേകത എന്നു ചോദിച്ചാല്‍, ലോക ത്തിലാകമാനം  മലയാളത്തിലെഴുതുന്ന ബൂലോക എഴുത്തുകാരെ സംബന്ധിച്ചിടത്തോളം, അതവരുടെ അസ്തിത്വം വെളിപ്പെടുത്തിയ ദിവസമാണ് എന്നു പറയാം. 


    കേരളാ സാഹിത്യ അക്കാദമിഎന്നു പറഞ്ഞാല്‍, കേരളത്തിലെ ആകമാന എഴുത്തുകാരുടെ ഒരു അന്തര്‍ദ്ദേശീയ സഭയാണല്ലോ. ഗുരുവായൂര്‍ കേശവന്‍, ഗുരുവായൂര്‍ വലിയ കേശവന്‍, കാഞ്ഞിരക്കാട്ട് ശേഖരന്‍, കീഴൂട്ട് വിശ്വനാഥന്‍, പല്ലാട്ട് ബ്രഹ്മദത്തന്‍ എന്നൊക്കെ കേള്‍ക്കുമ്പോളുള്ള ഒരിതുണ്ടല്ലോ, ആ ഒരിതാണ് കേരള സാഹിത്യ അക്കാദമി എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഓടിയെത്തുക. (അല്ലെങ്കിലും തൃശ്ശൂരുള്ള സാഹിത്യ അക്കാദമിയെക്കുറിച്ചു എഴുതുമ്പോള്‍ ആരാണ് ഗജരാജന്മാരെ  ഓര്‍ക്കാത്തത്.) തലയെടുപ്പുള്ള കരിവീരന്മാരെപ്പോലെ മലയാള സാഹിത്യത്തിലെ എത്രയെത്ര പ്രതിഭകളാണ് അക്കാദമയി ല്‍ വന്നു പോകാറുള്ളത്. ഇത്രയും പറഞ്ഞിട്ടും സംഭവം അങ്ങട് മനസ്സില്യായ്ച്ചാല്‍, -കേരളസാഹിത്യ അക്കാദമി, അക്കാദമി അങ്കണത്തില്‍ നടത്തി വരുന്ന ദേശീയ പുസ്തകോത്സവത്തോ ടനുബന്ധിച്ച് നടത്തുന്ന-അക്ഷരപ്പെരുമ സാംസ്‌ക്കാരികോത്സവത്തിന്റെ ഭാഗമായി ബ്ലോഗെഴുത്തും മുഖ്യധാരാ സാഹിത്യവും എന്ന വിഷയത്തില്‍
2013 മാര്‍ച്ച് മാസം മൂന്നാം തീയതി ഞായറാഴ്ച രാവിലെ 10.30 മുതല്‍ അക്കാദമിയിലെ വൈലോപ്പിള്ളി ഹാളില്‍ വെച്ച് ഒരു സെമിനാര്‍ നടത്തി എന്നങ്ങട് വെടിപ്പായി പറഞ്ഞാല്‍ തീരുമല്ലോ പരവേശം! 


    അല്ലെങ്കിലും ബ്ലോഗന്‍മാരെക്കുറിച്ച്  നാട്ടുഭാഷയില്‍ പറഞ്ഞാല്‍ 

 ച്ചാല്‍ മലയാളത്തിലെ പണ്ടു പുരാതീന കാലം മുതലേയുള്ള ഒരാക്ഷേപമുണ്ടല്ലോ, 
ആക്ഷേപോ, എന്നതാ ഈ പറയുന്നത്, 
അല്ലേ, പെണ്ണു കെട്ടാന്‍ വരുന്ന ചെക്കന് ഇത്തിരി ഏനക്കേടൊക്കെയുണ്ടേ. 
എന്നതാ? 
എന്നതാന്‌നു ചോദിച്ചാല്‍, ചെറുക്കന് നല്ല സൊഭാവാന്ന്, അതേന്ന് ഇപ്പോഴും പിള്ളേരു കളി മാറീട്ടില്ലെന്നേ,
 അതേന്ന്,നമ്മളിപ്പോ പോളണ്ടിലെ കമ്മ്യൂണിസത്തെക്കുറിച്ച് അവനോട് വല്ലതും  പറഞ്ഞാല്‍, അവന്‍ നമ്മുടെ തെക്കേലെ തോമാച്ചന്റെ ആടിന്റെ പ്രസവത്തീ മൂന്നു കൂഞ്ഞുങ്ങള്‍ ഒണ്ടായ കാര്യം പറയും.
    അങ്ങനെയൊള്ളവനെ എങ്ങനെ നമ്മുടെ കൂട്ടത്തില് കൊണ്ടു നടക്കും. കുറച്ചിലല്ലേ കുറച്ചില്. എന്നു പറഞ്ഞതു പോലാ. ബ്ലോഗ്ഗെഴുത്ത് തമാശയെഴുത്താണെന്നാ മുക്കാലെ മുണ്ടാണിയും എഴുത്തുകാരുടെ വിചാരം.
ആര്‍ക്കെന്നാ പാട്. വരുന്നതു വരുന്നതു പോലെ. അല്ലാണ്ടെന്നാ പറയാനാ.

      അല്ല അപ്പം ഞാനെന്നാ പറഞ്ഞു വന്നത്,-ആ ബ്ലൊഗ്ഗെഴുത്തും മുഖ്യധാരാ  സാഹിത്യവും സെമിനാര്‍ . 

       നല്ല ഘടാഘടിയന്‍ മലയാളത്തില്‍ നല്ല ഒരു സൊയമ്പന്‍ സാധനം എഴുതണം എന്ന് കരുതി അവിടെ ചെന്നപാട് കുറിപ്പെഴുതാന്‍ തൊടങ്ങീതാ, എഴുതലോടെഴുതല്‍, എന്നു പറഞ്ഞ മാതിരി ശ്വാസം വിടാതെ കുറിപ്പെഴുതി, എന്നു പറഞ്ഞാല്‍ മതിയല്ലോ. തിരിച്ചു വന്നപ്പോ, ദേ, കംപ്യൂട്ടര്‍ പണിമുടക്കി. ഇനി നാളെയെഴുതാം എന്നു കരുതി ഉള്ള കഞ്ഞിയും കുടിച്ച് കേറിക്കിടന്നു. ഉറങ്ങിയെണീറ്റു ഫേസ്ബുക്കില്‍ നോക്കിയപ്പോള്‍ (ഇപ്പോള്‍ ഉ റങ്ങി എണീറ്റാല്‍ കണ്ണാടിയിലല്ല ഫേസ്ബുക്കിലാ നോട്ടം) ദേ, നമ്മുടെ ഡോ.ജയന്‍ ഏവൂര്  അ ദ്ദേ ഹത്തിന്റെ ബ്ലോഗില്‍  ഒരു സാധനം തകര്‍ത്തിരിക്കുന്നു. കൊള്ളാം. എന്നാലും ചില ഏലുകകള്‍ കന്യാവനങ്ങളായി ഇനിയും ബാക്കികെടപ്പൊണ്ടല്ലോ... എന്നുള്ളതിനാലാണേ, അടിയന്റെ ഈ കൈക്കുറ്റപ്പാട്.


    ഇനി ദേ, കാര്യത്തിലോട്ട് കടക്കുവാ. എന്നാലും എന്റെ പഴമനസ്സീ തോന്നിയ ചെലകാര്യങ്ങള്‍ അടിയന്‍ ഒന്നു ചോദിച്ചോട്ടെ...     ഈ ബ്ലോഗ് സാഹിത്യം എന്നൊന്നുണ്ടോ?      കൈപ്പള്ളി,  മഹാന്‍ ഇതേ ചോദ്യം ജയന്‍ ഡോക്ടറോട് ചേദിച്ചു എന്നറിയാന്‍ കഴിഞ്ഞു-അല്ലേലും മഹാന്മാര്‍ എവിടെയായാലും ഒരേ പോലല്ലേ ചിന്തിക്കൂ. ആ സാറ്, ഉദ്ദേശിച്ചത് വെറെ ലെവലിലാണെങ്കിലും- 


     അല്ലേ ഈ, ഓലയിലെഴുതിയ നമ്മുടെ പുരാതന സംഭവങ്ങളെ ഓലസാഹിത്യം-എന്നു വിളിക്കാറുണ്ടോ? കടലാസ്സില്‍ അച്ചടിച്ച സാഹിത്യത്തെ -കടലാസ്സു സാഹിത്യം എന്നു വിളിക്കാറുണ്ടോ, പിന്നെയെന്തിനാ ഇഷ്ടാ, നൊമ്മള് ചുമ്മാ, ബ്ലോഗ് സാഹിത്യം എന്നൊക്കെ വിളിച്ച്, വെറുതെ... അല്ലെങ്കില്‍ ഇ-സാഹിത്യം എന്നൊക്കെ.


    അതൊക്കെ പോകട്ടെ, ഇനിയിപ്പോ അങ്ങനെ വിളിക്കണേ വിളിച്ചോ. എന്തായാലും, സാഹിത്യം, സാഹിത്യം തന്നല്ലോ. ഓലേല്‍ എഴുതിയാലും, കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്താലും, ഇനിയിപ്പോ, ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്താലുമൊക്കെ.     രാവിലെ 10.30-യ്ക്ക് സ്ഥലത്തെത്തി. എന്റെ ദൈവമേ, ഞാന്‍ അവസാനം എത്തിയല്ലോ. ഈ പടിപ്പുര കടക്കുമ്പോള്‍ അടിയന്റെ ഉള്ളം പിടയുന്നു. ഈ  മാര്‍ജിനലൈസ്ഡ് പഥികന് ഇവിടം  ക ട ക്കനാ വ്വൂന്നു ഒരിക്കലും നിരീച്ചിരുന്നില്ല !    ടേയ്, തന്റെ ഒരൂട്ടം, തോന്ന്യാസങ്ങളങ്ങ്ട് നിര്‍ത്ത്വാ. പരിപാടി തുടങ്ങാറായി. പതിവു പോലെ, ലൈറ്റും, ക്യാമറേം  ഒക്കെയായി ആള്‍ക്കാരെത്തി. കാക്ക വിരുന്നു വിളിച്ചാലല്ലേ അതിഥികള്‍ക്ക് വരാന്‍ പറ്റൂ എന്നു പറഞ്ഞതു പോലെ, ക്യാമറാക്കാരെത്തിയാലല്ലേ പരിപാടി തൊടങ്ങാറുള്ളൂ. എവിടെയും. സെമിനാര്‍ മൊത്തം റിക്കാര്‍ഡ് ചെയ്യുന്നുണ്ട്.   നല്ലത്. എത്താത്ത സാഹിത്യ പ്രഭൃതികള്‍ക്ക് കാണാന്‍ തരാവൂല്ലോ.


ഇനിയിപ്പോ കാര്യത്തിലോട്ടു കടക്കാം

                               (അക്കാദമി സെക്രട്ടറി, കെ.ഗോപാലകൃഷ്ണന്‍)     മലയാള സാഹിത്യത്തറവാട്ടിലെ എത്രയോ പ്രഗത്ഭന്മാര്‍ കടന്നെത്തിയ വൈലോപ്പിള്ളി ഹാളായിരുന്നു വേദി. സ്വാഗതം,  അക്കാദമി സെക്രട്ടറി, കെ.ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ചിലയാള്‍ക്കാര്‍ക്ക് ബ്ലോഗ് എന്നാല്‍ ഒരു ഫലിതമോ, കുസൃതിയോ പോലെയാണെന്നും, ചിലര്‍ക്ക് ബ്ലോഗ് എന്നു കേട്ടാല്‍ അലര്‍ജിയാണെന്നും ചിലര്‍ അത്ര ഗൗരവത്തില്‍ ബ്ലോഗിനെ കണക്കാക്കുന്നില്ലെന്നും, എന്നാല്‍ ഇപ്പോള്‍ കുറെയൊക്കെ കാര്യങ്ങള്‍ മാറി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  അക്കാദമിക്കും  ചിലതൊക്കെ പറയാനുണ്ട് 

 (സാഹിത്യ അക്കാദമി വൈസ് പ്രസിഡഡന്‍റ്  , അക്ബര്‍ കക്കട്ടില്‍ യോഗം ഉദ്ഘാടനം ചെയ്യുന്നു )


     കഥാകൃത്തും, സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ, അക്ബര്‍ കക്കട്ടില്‍ യോഗം ഉദ്ഘാടനം ചെയ്തു.നവധാരാ മാദ്ധ്യമങ്ങളുടെ പ്രസക്തിയെക്കുറിച്ച് പറയവേ, ഇത്ര യും കാലം കഥകളെഴുതിയ തനിക്ക് അതു വഴി കിട്ടയ തിനേക്കാള്‍ പ്രസിദ്ധി, ടി.വി.യില്‍ അവതരിപ്പിച്ച പരിപാടി വഴി ലഭിച്ചത് തന്നെ  അദ്ഭുതപ്പെടുത്തി എന്നദ്ദേഹം പറഞ്ഞു.എങ്കിലും ഇന്നും കഥാകാരനായി അറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു . ഈ സാഹിത്യ അക്കാദമി വെസ് പ്രസിഡന്റ് സ്ഥാനം പോലും ആ കഥയെഴുത്തിലെ വഴിത്താരയില്‍ വന്നെത്തിയതാണ്. ബ്ലോഗ്ഗെഴുത്തുകാരുടെയും, ഫേസ്ബുക്കില്‍ സജീവമായവരുടെയും ഒക്കെ കൂടിച്ചരലിനെ സംബന്ധിച്ച് ചിന്തിക്കുന്നുണ്ടെന്നും, മികച്ച ബ്ലോഗ്ഗുകള്‍ക്ക്, അവാര്‍ഡ് നല്‌കേണ്ടതാണന്നും, കേരളസാഹിത്യ അക്കാദമിയുടെ വെബ്‌സൈറ്റുമായി ബ്ലോഗ്ഗുകളെ ലിങ്ക് ചെയ്യിക്കുന്നത് നന്നായിരിക്കുമെന്നും, മുഖ്യധാരാ എഴുത്തുകാര്‍ ആധുനിക എഴുത്തു രീതികളുമായി പരിചയപ്പെടുന്നതും അതുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നതും  നന്നായിരിക്കുമെന്നും ഇക്കാര്യത്തില്‍ ആവശ്യമായ നടപടിക്കായി അക്കാദമി യോഗത്തില്‍ ഇക്കാര്യങ്ങള്‍ വെയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.     ബ്ലോഗ്ഗുകള്‍ നല്കുന്ന സ്വാതന്ത്ര്യം, ദേശത്തിനും, കാലത്തിനും, രൂപത്തിനുമൊക്കെ അതീതമാണന്നും എന്നാല്‍ സമീപകാലത്ത് ഈ സ്വാതന്ത്യം എത്രമാത്രം ലഭ്യമാകുന്നുവെന്ന് പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. മുംബൈയിലെ ബാല്‍താക്കറെ സംഭവം, മലാലെ സംഭവം, പാക്കിസ്ഥാനിലെ താലിബന്‍ സംഭവം ഇവയൊക്കെ, മാദ്ധ്യമ സ്വാതന്ത്ര്യത്തെ തകര്‍ക്കുന്നതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് ബ്ലോഗ്ഗുകളുടെ എണ്ണം വളര്‍ന്ന് മലയാളത്തില്‍ പതിനായിരത്തോളം ബ്ലോഗ്ഗുകള്‍ ഉണ്ട് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതു പോലെ തന്നെ നിര്‍ജ്ജീവ ബ്ലോഗ്ഗുകളുടെ എണ്ണവും ഏറി വരുന്നത് ശ്രദ്ധിക്കേണ്ടതാണ് എന്ന് അദ്ദേഹം പറഞ്ഞു. ബ്ലോഗ്ഗുകള്‍ തെരെഞ്ഞെടുക്കുന്ന വിഷയവൈവിദ്ധ്യത്തിനനുസരിച്ച് വിവിധ തരം ബ്ലോഗ്ഗുകള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. ക്രിസ്ത്യന്‍ ബ്ലോഗ്ഗ്, ബ്രാഹ്മണ ബ്ലോഗ്ഗ്, തീവ്രവാദ ബ്ലോഗ്ഗ്, അങ്ങനെയെത്രയെത്ര തരം. പ്രിന്റ് മീഡിയയും, സൈബര്‍ ലോകവും തമ്മിലുള്ള അന്തരം മാഞ്ഞ് അവ കുടുതല്‍ കുടുതല്‍ സഹകരിച്ചു പ്രവര്‍ത്തിച്ചു വരുന്നതായി അദ്ദേഹം പറഞ്ഞു. സാഹിത്യ അക്കാദമി ബ്ലോഗ്ഗെഴുത്തിനെ ഗൗരവത്തില്‍ കാണുന്നു എന്നതിന് തെളിവാണ് ഈ സെമിനാര്‍ എന്ന് അക്ബര്‍ കക്കട്ടില്‍ കൂട്ടിച്ചേര്‍ത്തു. 


അധ്യക്ഷനാണെങ്കിലും നിങ്ങള്‍ക്കൊപ്പം 

 (ആണ്ടൂര്‍ സഹദേവന്‍ )

      സെമിനാറിന്റെ അദ്ധ്യക്ഷനും പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകനുമായ ആണ്ടൂര്‍ സഹദേവനാണ്
തുടര്‍ന്നു  സംസാരിച്ചത്. ബ്ലോഗ്ഗെഴുത്തുകാര്‍ അവരുടെ എഴുത്തിന്റെ ക്വാളിറ്റി നിലനിര്‍ത്തേണ്ടതിലാണ് ശ്രദ്ധിക്കേണ്ടത് എന്നദ്ദേഹം പറഞ്ഞു. നാം ഉപയോഗിക്കുന്ന ഭാഷ. അത് നമ്മുടെ സംസ്‌ക്കാരത്തെയും നമ്മുടെ ജീവിതത്തെയും തുറന്നു കാണിക്കുന്ന ഒന്നാണ്. ഭാഷ , നാം എങ്ങനെ, എവിടെ എപ്പോള്‍, എന്ന് മനസ്സിലാക്കി വേണം ഉപയോഗിക്കാന്‍. അതു പോലെ നമ്മുടെ ആസ്വാദന നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. എന്നും ഒരേ ആസ്വാദന നിലവാരത്തില്‍ തന്നെ നില്ക്കുന്നത് തന്റെ വളര്‍ച്ചയുടെ മുരടിപ്പിനെ കാണിക്കുന്നതായി എഴുത്തുകാരന്‍ തിരിച്ചറിയണം.ഒ.വി. വിജയന്‍ എഴുതി. നമ്മളും എഴുതുന്നു. എന്നാല്‍ അവ തമ്മിലുള്ള ക്വാളിറ്റിയിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞ് വളര്‍ന്നാല്‍ മാത്രമേ നമ്മുടെ എഴുത്തിന് നിലനില്പുള്ളൂ.യേശുദാസിന്റെ ഗാനങ്ങള്‍ കേട്ടുകൊണ്ട് ഒരാസ്വാദകനായി നാം മാറിത്തീരുന്നത് നല്ലത്. എന്നാല്‍ അവിടെതന്നെ തിരിഞ്ഞുകളിക്കാതെ അതിനപ്പുറം ഭീംസന്‍ജോഷിയിലേക്കും, എം.ഡി.രാമനാഥനിലേക്കും മറ്റും നാം വളരുമ്പോഴാണ്. നമ്മുടെ ആസ്വാദനശേഷി വളരുന്നത്. ഇതുപോലെ തന്നെയാണ് സാഹിത്യത്തിന്റെ കാര്യത്തിലും. കാലത്തിനോടൊപ്പം സഞ്ചരിച്ച് നമുക്ക് കാര്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്നില്ല എന്നതാണ് ദു:ഖകരമായ  വസ്തുത.


     ഒരു കാലത്ത് ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമങ്ങളേയും, ഇന്ത്യന്‍ നീതിന്യായക്കോടതികള്‍ പുറപ്പെടുവിക്കുന്ന വിധിന്യായങ്ങളെയും ഏഷ്യയിലെ മറ്റു രാജ്യങ്ങള്‍ കാത്തിരുന്നിരുന്നു. അത്രമാത്രം പ്രസക്തി അവയ്ക്കുണ്ടായിരുന്നു. സമയമെടുത്ത്, അംഗങ്ങള്‍ വിശദമായ പഠനം നടത്തി, ചര്‍ച്ചകള്‍  നടത്തിയാണ് മുന്‍പ് നമ്മുടെ പാര്‍ലമെന്റില്‍ ഒരു നിയമം പാസ്സായിരുന്നത്.   ഇന്നത്തെ അവസ്ഥ എന്താണെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ ഒരു ലാഘവത്വം എല്ലാ മേഖലകളിലും കാണാന്‍ സാധിക്കും. ബ്ലോഗ്ഗില്‍ എഴുതുന്നവര്‍ക്ക് തങ്ങള്‍ എഴുതുന്ന കാര്യങ്ങള്‍ പഠിച്ച് എഴുതാന്‍ സാധിക്കണം. വികാരത്തിന്റെ ഭാഷയിലുള്ള ഉടനടി പ്രതികരണത്തേക്കാള്‍ അഭികാമ്യം,  ഇങ്ങനെ ക്വാളിറ്റി നിലനിര്‍ത്തി പഠിച്ചെഴുതുന്നതിലാണ്. എഴുത്തുകാരന്റെ ദര്‍ശനം എന്താണ് എന്ന് അവന്റെ എഴുത്തിലൂടെയാണ് വെളിവാകേണ്ടത്. ചരിത്രത്തിന്റെ ധവള രശ്മികള്‍ എഴുത്തുകാരന്റെ മനസ്സിലൂടെ കടന്ന് മനോരഞ്ജകമായ പ്രകാശരശ്മികളായി പുറത്തു വരണം. എങ്കിലേ എഴുത്തിന് നിലനില്പുണ്ടാവൂ. എഴുത്ത് ഗൗരവമുള്ള ഒരു പ്രക്രിയയായി നാം കാണണം. അതിനു പിന്നില്‍ കഠിനാദ്ധ്വാനമുണ്ടെന്ന് നാം തിരിച്ചറിയണം.     ഫ്രീഡം ഓഫ് സ്പീച്ച് നമുക്കെല്ലാവര്‍ക്കും ഉണ്ട്. ഏതു കാര്യങ്ങളോടുമുള്ള ഉടനടി പ്രതികരണം, അതാണ് ഇന്ന് ഫേസ്ബുക്കിലും, ബ്ലോഗ്ഗിലും ഒക്കെ നാം കാണുന്നത്. അതാണ് അതിന്റെ ശക്തി ദൗര്‍ബ്ബല്യവും. ഏതു കാര്യത്തിനോടും പ്രതികരിക്കുന്നതിന്  നമുക്ക് അധികാരമുണ്ട്. എന്നാല്‍ നമുക്ക് അതിനര്‍ഹതയുണ്ടോ എന്നുള്ളത് പ്രസക്തമായ ചോദ്യമാണ്.അതുപോലെ അനാവശ്യമായ പ്രതികരണങ്ങള്‍ നിയമപ്രശ്‌നങ്ങള്‍ വിളിച്ചു വരുത്തുകയും ചെയ്യും. എന്നാല്‍ ഒരു കാര്യം ആഴത്തില്‍ പഠിച്ച് കാര്യമാത്ര പ്രസക്തമായി പ്രതികരിക്കുന്നതിലൂടെ അനാവശ്യനിയമ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും, ആ പ്രശ്‌നത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നതിനും നമുക്കു സാധിക്കും. ഫേസ്ബുക്കിലേയും ബ്ലോഗ്ഗിലെയും നമ്മുടെ എഴുത്ത് വെറും ശകാരങ്ങളും, ആക്ഷേപങ്ങളും മാത്രമാവാതിരിക്കാന്‍ നാം ശ്രദ്ധിക്കണമെന്നും ആണ്ടൂര്‍ സഹദേവന്‍, ദീര്‍ഘകാലത്തെ തന്റെ മാദ്ധ്യമ രംഗത്തെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.     ബ്ലോഗ്ഗര്‍ വി.കെ ആദര്‍ശ്
തുടര്‍ന്ന് സംസാരിച്ചു. എഴുത്തോലയില്‍ നിന്നും കംപ്യൂട്ടറിലേക്ക് എഴുത്ത് മാറിയ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും, സാങ്കേതിക വിദ്യ അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്തും ചില സാഹിത്യകാരന്മാര്‍ക്കെങ്കിലും ബ്ലോഗ്ഗുകളോട് പിണക്കമാണെന്നും, ചിലര്‍ക്ക് ബ്ലോഗ്ഗുകളേട് ഇണക്കമുണ്ടെങ്കിലും, അതു വഴങ്ങുന്നല്ല എന്ന പരാതി പറയുന്നവരാണെന്നും, മറ്റു ചിലരാകട്ടെ പേപ്പര്‍ തൊടില്ല എന്നു ശപഥം ചെയ്തു, കംപ്യൂട്ടറിലേക്ക് നേരിട്ട് ടൈപ്പു ചെയ്യുന്നവരാണന്നും, അങ്ങനെ വ്യത്യസ്ത വിഭാഗക്കാരുടെ ഒരു കൂടിച്ചേരലാണ് ഇന്ന് എഴുത്തിന്റെ സമൂഹത്തിലുള്ളത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 (വി.കെ ആദര്‍ശ്)


    ബ്ലോഗ്ഗിന്റെ സ്വാതന്ത്ര്യമെന്നു പറയുന്നത് അവിടെ എന്തുമെഴുതാം എന്നുള്ളതാണ്.വ്യക്തിയുടെ മുഖത്തിനല്ല അഭിപ്രായത്തിനാണ് അവിടെ പ്രാധാന്യം. ചിലപ്പോള്‍ അരാഷ്ട്രീയമായ, ലക്ഷ്യബോധമില്ലാത്ത എഴുത്തുകള്‍ വരെ അവിടെ കണ്ടെന്നു വരാം. എങ്കിലും ജനാധിപത്യ സംവിധാനത്തിലെ മികച്ച ഒരു ആശയരൂപീകരണ-വിനിമയ മാര്‍ഗ്ഗമാണ് ഇന്ന് ബ്ലോഗ്ഗെഴുത്ത്.     ഇന്ന് ഫേസ്ബുക്കിലും, ബ്ലോഗ്ഗിലും വ്യാജ ഐ.ഡി.കള്‍ പെരുകുന്നുണ്ട്. എന്തുകൊണ്ടാവാം ഇത്. കുറേയൊക്കെ പുറമേ തന്റെ വിവരങ്ങള്‍ അറിയുന്നതിലുള്ള വിമുഖത കൊണ്ടാവാം. കുറെപ്പേര്‍ തങ്ങളുടെ ജോലിയ്ക്കും, സമൂഹത്തിലെ സ്ഥാനത്തിനും കോട്ടം തട്ടാതെ നില്ക്കുന്നതിനു വേണ്ടിയാവാം ഇങ്ങനെ ചെയ്യുന്നത് .  . എന്നാല്‍ മറ്റു കുറേ വ്യാജ ഐ.ഡികളെങ്കിലും ഒരു കറക്ടീവ് ഫോഴ്‌സായി നിലനിന്നുകൊണ്ട് സമൂഹത്തിലെ അനീതികള്‍ക്കെതിരെ ശക്തമായി പോരാടുന്നു. സത്യത്തിന്റെ മേല്‍ മൂടിയിരിക്കുന്ന ആവരണത്തെ അവര്‍ തകര്‍ക്കുന്നു.     ലോകത്തിലെ പലഭാഷകള്‍ക്കും കൈത്താങ്ങായി ഇന്റര്‍നെറ്റ് മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. പല മൃതഭാഷകളും ഇന്റര്‍നെറ്റിന്റെ സഹായത്തോടെ തളിര്‍ത്തു വരുന്നു.ഭാഷയുടെ വികാസത്തെ കംപ്യൂട്ടര്‍ സഹായിക്കുന്നു. ടൈപ്പ്‌റൈറ്ററ് വന്നപ്പോള്‍ പലഭാഷകളെയും അതു ഞെക്കി ക്കൊന്നുവെങ്കില്‍, ഭാഷയുടെ വളര്‍ച്ചയുടെ സാദ്ധ്യതകള്‍, കണ്ടെത്തുന്നതിന് കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് മുതലായവ സഹായിക്കുന്നു. ബ്ലോഗ്, ഫേസ്ബുക്ക്, വിക്കിപീഡിയ തുടങ്ങി വിവിധ സംരംഭങ്ങളിലൂടെ ഭാഷയുടെ വികാസത്തിനുതകുന്ന ഒരു കേരളാ മോഡല്‍ സൃഷ്ടിക്കുന്നതിന് നമുക്ക് സാധിച്ചിട്ടുണ്ട് എന്നും വി.കെ ആദര്‍ശ് അഭിപ്രായപ്പെട്ടു.


    മലയാളം ബ്ലോഗ്ഗെഴുത്തിന്റെ തുടക്കക്കാരെ സ്മരിച്ചുകൊണ്ടാണ് ബ്ലോഗ്ഗര്‍ ഡോ.ജയന്‍ ഏവൂര്‍ സംസാരിച്ചു തുടങ്ങിയത്. മലയാളം ബ്ലോഗ്ഗിങ്ങില്‍ കവിതകള്‍ വളരെയധികം ഉണ്ടാകുന്നുണ്ട്. കൂടുതലും സ്ത്രീകളാണ് കവിതകള്‍ എഴുതുന്നത് എന്നുകരുതുന്നു. ആത്മാവിഷ്‌ക്കാരത്തിനുതകുന്ന ഒരു സാഹിത്യ രൂപമായി കരുതുന്നതു കൊണ്ടാവാം കൂടുതല്‍ പേര്‍ കവിതകളിലേക്ക് കടന്നുവന്നത്.


 (ഡോ.ജയന്‍ ഏവൂര്‍)


     മല യാളം ബ്ലോഗ്ഗിങ്ങില്‍ മലയാളി പ്രവാസികളുടെ സംഭാവനകള്‍ എടുത്തു പറയേണ്ടതാണ്. അവര്‍ ടണ്‍ കണക്കിനാണ് കഥയായും, കവിതയായും, നര്‍മ്മലേഖനങ്ങളായും, ഓര്‍മ്മക്കുറിപ്പുകളായുമൊക്കെ എഴുതിക്കൂട്ടിയത്.     ഇന്ന് എതെല്ലാം വ്യത്യസ്ത മേഖലകളിലാണ് ബ്ലോഗ്ഗെഴുത്ത് മലയാളത്തില്‍ സജീവമായിരിക്കുന്നത്. കവിത, കഥ, ആത്മീയത, മതം, പാചകം, യാത്രാവിവരണങ്ങള്‍, ഫോട്ടോബ്ലോഗ്ഗുകള്‍, സിനിമാനിരൂപണം, ബ്ലോഗ്ഗ് മാഗസിനുകള്‍, ബ്ലോഗ്ഗ് പത്രം, ബ്ലോഗ്ഗ് ഗ്രൂപ്പുകള്‍ അങ്ങനെ വൈവിദ്ധ്യങ്ങളുടെ  കലവറയാണ് മലയാള ബ്ലോഗ്ഗിംഗ്. സാഹിത്യരൂപങ്ങള്‍ എഴുതുന്നതിന് ഏറ്റവും അനുയോജ്യം ഫേസ്ബുക്കിനേക്കാള്‍ ബ്ലോഗ്ഗ് തന്നെയാണ്. ഇന്ന് ഫേസ്ബുക്കിനെ പോലും ബ്ലോഗ്ഗിന്റെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തുന്നു. മാര്‍ക്കറ്റിംഗ് എന്നത് ബ്ലോഗ്ഗിന്റെ പ്രചാരത്തിന് അവശ്യം വേണ്ടുന്ന ഒന്നാണ്. നാം എഴുതുന്ന പോസ്റ്റുകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിന് വിവിധ തരത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നു. നമ്മള്‍ കത്തെഴുത്ത് നിറുത്തിയതു മുതല്‍ മലയാളം എഴുത്ത് നിറുത്തി എന്നു പറയാം. പിന്നെ നാം മലയാളം എഴുതുന്നത് ബ്ലോഗ്ഗിലൂടെയാണ്. 20 വയസ്സില്‍ താഴെയുള്ളവര്‍ മലയാളത്തില്‍ എഴുതി തുടങ്ങണം. അടുത്ത തലമുറ ഉപയോഗിച്ചാല്‍ മാത്രമേ മലയാള ഭാഷയും സംസ്‌ക്കാരവും നിലനില്ക്കൂ.     ബ്ലോഗ്ഗ് പോസ്റ്റുകളെ സംബന്ധിച്ച പരാതി അതില്‍ പോസ്റ്റു ചെയ്യുന്ന കഥകളും, കവികളും ഒക്കെ ക്വാളിറ്റി നിലനിര്‍ത്താന്‍ ശ്രമിക്കുന്നില്ല എന്നതാണ്. ഇതിനൊരു മറു ചോദ്യമുള്ളത് മുഖ്യധാരാ സാഹിത്യത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനു ള്ളില്‍ ശ്രദ്ധേയരായ എത്ര കഥാകൃത്തുക്കള്‍ ഉണ്ടായിട്ടുണ്ട്. എന്നതാണ്. ഇന്ന് മുഖ്യധാരയില്‍ തിളങ്ങി നില്ക്കുന്ന പല എഴുത്തുകാരും പത്തും, പതിനഞ്ചും വര്‍ഷങ്ങള്‍ക്ക് മുമ്പേ എഴുതി തുടങ്ങിയവരാണ്.


 (ഹബീബ് എ.)

     ബ്ലോഗ്ഗറും, സ്വതന്ത മലയാളം കംപ്യൂട്ടിംഗ് പ്രവര്‍ത്തകനുമായ ഹബീബ് എ., വിക്കിപീഡിയ എന്ന സ്വതന്ത്ര മലയാളം വിജ്ഞാനകോശത്തെയും, അതിന്റെ പ്രവര്‍ത്തനത്തെയും, ബ്ലോഗ്ഗര്‍മാര്‍ക്ക് വിക്കിപീഡിയയുടെ പ്രവര്‍ത്തനത്തില്‍ എങ്ങനെ പങ്കു വഹിക്കാനാവുമെന്നും, വസ്തുനിഷ്ഠമായി സംസാരിച്ചു. സ്വതന്ത്രവിജ്ഞാനകോശം എന്നതിന്റെ മറുവാക്കായി ഇന്ന് വിക്കിപീഡീയ മാറിക്കഴിഞ്ഞിരിക്കുന്നു 270 -ലധികം ലോകഭാഷകളില്‍ ഇന്ന് വിക്കിപീഡിയയുണ്ട്. മലയാളം വിക്കിപീഡിയയുടെ ഭാഗമായുള്ള വിക്കി നിഘണ്ടു, വിക്കി ഗ്രന്ഥശാല, വിക്കി ചൊല്ലുകള്‍ ഇവയൊക്കെ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്കും നിലനില്പിനും വളരെയധികം സംഭാവനകള്‍ നല്കുന്നുണ്ട്. ഇന്ന് ലോകത്തിലെ പല പ്രാദേശിക ഭാഷകളും നിലനില്ക്കുന്നതിന് തന്നെ കടപ്പെട്ടിരിക്കുന്നത് വിക്കിപീഡിയയോടാണ്. 


     മലയാളത്തിലെ     പലസാഹിത്യകാരന്മാരുടെയും പലകൃതികളുടെയും പ്രിന്റ് ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമല്ല. അവയുടെ ഡിജിറ്റലൈസ്ഡ് കോപ്പി, കോപ്പി ലെഫ്റ്റ് ആക്കി വിക്കിപിഡിയയ്ക്കു ലഭ്യമാക്കുകയാണെങ്കില്‍ അത് മലയാള സാഹിത്യത്തിന് ലഭിക്കുന്ന ഒരു സമ്പത്തായിരിക്കും, ആര്‍ക്കും എവിടെയും ലഭ്യമാകുന്ന തരത്തില്‍ വിക്കിപീഡിയയില്‍ അത് ഉപയോഗപ്പെടുത്താന്‍ സാധിക്കും. സാഹിത്യ അക്കാദമി, ഇതുപോലെ തങ്ങളുടെ കൈവശമുള്ള ഡിജിറ്റലൈസ്ഡ് ആര്‍ക്കൈവ്‌സില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട സാഹിത്യകാരന്മാരുടെ ഒരു കൃതിയെങ്കിലും കോപ്പിലെഫ്റ്റ് ആക്കി വിക്കിപീഡിയയ്ക്കു നല്കുകയാണെങ്കില്‍ വരും തലമുറയോട് ചെയ്യുന്ന ഒരു പുണ്യമായിരിക്കുമത്.വിക്കിപീഡിയയില്‍ കണ്ടന്റ് റൈറ്ററായി പ്രവര്‍ത്തിക്കുന്നതു വഴി, സാമ്പത്തിക ലാഭം ലഭിക്കുകയില്ലെങ്കിലും, മലയാള ഭാഷയുടെ നിലനില്പിനും, സംസ്‌ക്കാരത്തിന്റെ വളര്‍ച്ചയ്ക്കും നമുക്കു ചെയ്യാവുന്ന ഏറ്റവും വലിയ സംഭാവനയായിരിക്കും അത്. ഹബീബ് വിക്കിപീഡിയയുടെ വളര്‍ച്ചയ്ക്കായി തങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദവും, കാര്യമാത്ര പ്രസക്തവുമായി സംസാരിച്ചു.
     
     എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും  കെ.എം.ലെനിന്‍,  1960-കളില്‍ തുടങ്ങിയ എഴുത്തിന്റെ വഴികളില്‍, കംപ്യൂട്ടറും,ഇന്റര്‍നെറ്റും, സോഷ്യല്‍ മീഡിയ സൈറ്റുകളും എങ്ങനെ സഹായിച്ചു എന്ന് വിശദമാക്കി തുടര്‍ന്ന് സംസാരിച്ചു. എഴുത്തിന്റെ വഴികളിലേക്ക് താന്‍ തിരഞ്ഞതിനെക്കുറിച്ചും, നവമാദ്ധ്യമങ്ങളിലേക്ക് താന്‍ ആകൃഷ്ടനായതിനെക്കുറിച്ചും കുറഞ്ഞവാക്കുകളില്‍ അദ്ദേഹം തന്റെയനുഭവം പങ്കുവെച്ചു.

 (കെ.എം.ലെനിന്‍)


    കവി റോഷ്‌നി സ്വപ്ന ബ്ലോഗ്ഗിലെ കവിതകളെക്കുറിച്ച് സംസാരിച്ചു.. മുഖ്യധാരയില്‍ 1994 മുതല്‍ എഴുതുന്ന താന്‍ ഇപ്പോള്‍ ബ്ലോഗ്ഗില്‍ സജീവമല്ലെങ്കിലും കവിതകള്‍ ശ്രദ്ധിക്കാറുണ്ട് എന്ന് അറിയിച്ചു. മുഖ്യധാരയ്ക്ക് ഏറ്റെടുക്കാന്‍ സാധിക്കാത്തത് പലതും ബ്ലോഗ്ഗിന് ഏറ്റെടുക്കാന്‍ സാധിക്കുന്നത് ബ്ലോഗ്ഗിന്റെ സവിശേഷതയായി റോഷ്‌നി ചൂണ്ടിക്കാട്ടി. മുഖ്യധാരയുമായി കലഹിക്കുന്ന ബ്ലോഗ്ഗെഴുത്തിന്റെ രീതികള്‍ ഒരേ സമയം അതിന്റെ ശക്തിയും, ദൗര്‍ബ്ബല്യവുമായി മാറുന്നു.കവിതയിലെ ജനാധിപത്യത്തിന്റെയും, ഉദാരീകരണത്തിന്റെയും  ഉദാഹരണമായി ബ്ലോഗ്ഗിലെ കവിതകളെ കാണാം.മുന്‍പരിചയമോ, മുന്‍വിധികളോ കൂടാതെ എഴാതാന്‍ സാധിക്കുന്നുവെന്നുള്ളതും, തന്റെമേല്‍, താനല്ലാതെ, മറ്റൊരു എഡിറ്ററില്ല എന്നുള്ളതും ബ്ലോഗ്ഗെഴുത്തിന്റെ ഒരു മേന്മയാണ്. അതേ സമയം ഇതുമൂലം, ,ചിലപ്പോഴെങ്കിലും ഗുണമേന്മയില്ലാത്ത, തല്‍ക്ഷണ കവിതകള്‍ രചിക്കപ്പെടുകയും, ആവശ്യമായ തിരുത്തലുകളോ, ശ്രദ്ധയോ ഇല്ലാതെ ബ്ലോഗ്ഗില്‍ പോസ്റ്റ് ചെയ്തും വരുന്നു. അതുകൊണ്ട് ബ്ലോഗ്ഗിലെ മിക്ക കവിതകളും, ഫേസ്ബുക്കിലെ, സംഭവങ്ങളോടുള്ള പ്രതികരണക്കുറിപ്പു പോലെ തോന്നാറുണ്ട്. (റോഷ്‌നി സ്വപ്ന)

    ബ്ലോഗ്ഗിലെ മലയാള കവിതകള്‍ മലയാള പ്രവാസ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. പ്രവാസജീവിതത്തിന്റെ ചൂടും ചൂരും, അവരുടെ വേദനകളും, ഓര്‍മ്മകളുമൊക്കെ നമുക്ക് അവരുടെ കവിതകളില്‍ നിന്നും വായിച്ചെടുക്കാന്‍ സാധിക്കും.
വിശ്വസനീയത പരിശോധിക്കാന്‍ സംവിധാനമില്ല എന്നതാണ്. ബ്ലോഗ്ഗിലെ കവിതകളുടെ ഒരു പോരായ്മ. പലപ്പോഴും കൂടുതല്‍ അടുത്തറിയുമ്പോള്‍, ബ്ലോഗ്ഗിലെ പല കവിതകളുടെയും രചയിതാക്കള്‍ മറ്റു പലരുമായിരിക്കും എന്ന ദൂര്യോഗം ഉണ്ടാകുന്നുണ്ട്. ഇതിന് അറുതി വരുത്തണം.


    ബ്ലോഗ്ഗറും, പ്രസാധകയുമായ ലീല എം. ചന്ദ്രന്‍, ബ്ലോഗ്ഗെഴുത്തിലേക്ക് താന്‍ എത്തിപ്പെട്ടതിനെക്കുറിച്ചും, ബ്ലോഗ്ഗ് രചനകള്‍ക്ക് തന്റെ  പ്രസിദ്ധീകരണശാല നല്കുന്ന പ്രമുഖ്യത്തെക്കുറിച്ചും ചുരുങ്ങിയ വാക്കുകളില്‍ സംസാരിച്ചു. തന്റെ ഒരു കവിത ചൊല്ലാനും അവര്‍ സമയം കണ്ടെത്തി.


 (ലീല എം. ചന്ദ്രന്‍)


     മലയാള ബ്ലോഗ്ഗിംഗിന്റെ ആദ്യകാല പ്രവര്‍ത്തകനായ വിശ്വപ്രഭയാണ് തുടര്‍ന്നു സംസാരിച്ചത്. 

 (വിശ്വപ്രഭ)

    2003 കാലഘട്ടത്തില്‍ ആരംഭിച്ച മലയാളം ബ്ലോഗ്ഗിംഗിന്റെ വളര്‍ച്ചയുടെ നാള്‍വഴികള്‍ അദ്ദേഹം ബ്ലോഗ്ഗ് സൂഹൃത്തുക്കളുമായി പങ്കുവെച്ചു. സിബുവിന്റയും, പോളിന്റെയും, ബെന്നിയുടെയുമൊക്കെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മലയാളം ബ്ലോഗ്ഗിംഗിന്റെ നാള്‍വഴികളില്‍ മായാതെ കിടക്കുന്നു എന്നദ്ദേഹം പ്രതിപാദിച്ചു. മലയാളം ബ്ലോഗ്ഗ് പോസ്റ്റുകളുടെ വിശ്വസനീയത പരിശോധിക്കാന്‍ സംവിധാനമില്ല എന്ന റോഷ്‌നി സ്വപ്നയുടെ വാദത്തെ അദ്ദേഹം ഖണ്ഡിച്ചു. പ്രിന്റി ലുള്ളതിനേക്കാള്‍ വിശ്വനീയത ബ്ലോഗ്ഗുകള്‍ക്കുണ്ടെന്നും അതു പരിശോധിക്കാനുള്ള സാങ്കേതിക വിദ്യ നമുക്കുണ്ടെന്നും അദ്ദേഹം അറിയിച്ചു. കോപ്പിയടിച്ച് സാഹിത്യകാരനാവാം എന്നും കരുതി ആരും ഇന്റര്‍നെറ്റിലേക്കും, ബ്ലോഗ്ഗിലേക്കും വരേണ്ടതില്ല എന്നദ്ദേഹം പറഞ്ഞു. കൃതികള്‍ക്ക് അനശ്വരത പ്രിന്‌റിലുള്ളതിനേക്കാള്‍ ഇന്റര്‍നെറ്റിലാണുള്ളത് എന്നദ്ദേഹം അഭിപ്രായപ്പെട്ടു. 

( നിരക്ഷരന്‍  (മനോജ്‌  രവീന്ദ്രന്‍))

     ഈ സെമിനാറിന്റെ ആദ്യാവസാനം നിറഞ്ഞു നിന്ന നിരക്ഷരനാണ് (മനോജ്‌  രവീന്ദ്രന്‍) തുടര്‍ന്നുസംസാരിച്ചത്. മുഖ്യധാരാ എഴുത്തുകാര്‍ ബ്ലോഗ്ഗുപോലെയുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതുവഴി അവരുടെ എഴുത്തിനു കുടുതല്‍ കരുത്തു പകരുകയെയുള്ളു എന്നദ്ദേഹം അഭിപ്രായപ്പെട്ടു. ഉദാഹരണമായി കെ.പി. രാമനുണ്ണി ബ്ലോഗ്ഗെഴുത്തിലേക്ക് കടന്നു വന്ന സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള സാഹിത്യ അക്കാദമി ഇത്തരമൊരു സെമിനാര്‍ നടത്തുക വഴി ബ്ലോഗ്ഗെഴുത്തിനെ ഗൗരവമായി കണ്ടു തുടങ്ങിയതിന്റെ ഉദാഹരണമായി കാണുന്നു എന്ന് അഭിപ്രായപ്പെട്ടു. 


 (നിരക്ഷരനും , സുരേഷ്  കുറുമുള്ളൂ രും)

     ഇതൊരു തുടക്കം മാത്രമാണെന്നും,ബ്ലോഗ്ഗെഴുത്തിനെ, അതിന്റെ വളര്‍ച്ചയ്ക്ക് ഉതകുന്ന ഒട്ടനവധി കാര്യങ്ങള്‍ ചെയ്യുന്നതിന് അക്കാദമിക്കു സാധിക്കുമെന്നും അതിന് ആവശ്യമായ നടപടികള്‍ അക്കാദമിയുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നു കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിവിക്ക് ചന്ദ്രന്റെ വാക്കുകളെ ഉദ്ധരിച്ചു കൊണ്ട് , ഒരു കാലത്ത് മുഖ്യധാരാ മാദ്ധ്യമങ്ങള്‍ പറയാത്ത കാര്യങ്ങള്‍ വിളിച്ചു പറഞ്ഞിരുന്ന സമാന്തര പ്രസിദ്ധീകരണങ്ങളുടെ സ്ഥാനമാണ് ബ്ലോഗ്ഗുകള്‍ ഇന്ന് ഏറ്റെടുത്തിരിക്കുന്നത് എന്നദ്ദേഹം പറഞ്ഞു. യോഗം  സംഘടിപ്പിച്ച അക്കദ മിക്കും എത്തിച്ചേര്‍ന്ന ബ്ലോഗ്ഗെര്‍മാര്‍ക്കും അദ്ദേഹം  നന്ദി  പ്രകാശിപ്പിച്ചു . 

     ഇനി 2013 ഏപ്രില്‍ 21-ാം തീയതി തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വെച്ചു ചേരുന്ന ബ്ലോഗ്ഗേഴ്‌സ് മീറ്റില്‍ കാണാം എന്ന് പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം വാക്കുകള്‍ അവസാനിപ്പിച്ചു.
( സദസ്സ്-ഒരു ദൃശ്യം )


     2 മണിയോടുകൂടി യോഗം അവസാനിച്ചു.


                                              (ബൂലോക-സൗഹൃദം)

നന്ദിപൂര്‍വ്വം  


     കേരള സാഹിത്യ അക്കാദമിയുടെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള ഒരു സമീപനം ഉണ്ടായത് അഭിനന്ദനാര്‍ഹമായ കാര്യമാണ്. ബ്ലോഗ്ഗെഴുത്തിനെ അക്കാദമിയും അതിന്റെ ഭാരവാഹികളും ഗൗരവത്തോടെ കാണുന്നു എന്നത് ചടങ്ങ് ഉദ്ഘാടനം ചെയ്ത അക്കാദമി വൈസ് പ്രസിഡന്റ് അക്ബര്‍ കക്കട്ടിലിന്റെ വാക്കുകളില്‍ നിന്നു നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കും.
വിഷയാവതാരകര്‍ കുറെക്കൂടി തങ്ങളുടെ വിഷയങ്ങളോട് നീതി പുലര്‍ത്തിയിരുന്നെങ്കില്‍ എന്ന് ചിലരുടെ കാര്യത്തിലെങ്കിലും തോന്നിപ്പോയി. ബ്ലോഗ്ഗല്ലേ, ബ്ലോഗ്ഗ് സാഹിത്യമല്ലേ, നമുക്കറിയാവുന്നതല്ലേ എന്ന തരത്തിലുള്ള സമീപനം ഒഴിവാക്കേണ്ടതായിരുന്നു. ചിലര്‍ കാര്യങ്ങള്‍ പഠിച്ച്, ചിട്ടയായി, വിഷയത്തോട് നീതി പുലര്‍ത്തി സംസാരിച്ചു എന്നുള്ളത് അഭിനന്ദനാര്‍ഹം തന്നെ. ഒരു സെമിനാറില്‍ പങ്കെടുക്കുമ്പോള്‍ വേണ്ടുന്ന മുന്നൊരുക്കങ്ങള്‍ അവര്‍ നടത്തിയിരുന്നു. പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ സമയത്തിന്റെ വില നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേരുന്ന ആള്‍ക്കാര്‍ക്കു മുന്നില്‍ കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നതിന് ക്ഷണിക്കുമ്പോള്‍ അക്കാര്യം നിര്‍വ്വഹിക്കുക എന്നതാണ് ഉചിതം.       മുഖ്യധാര സാഹിത്യം എന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ അഴകളവുകള്‍ എങ്ങിനെയാണ്? ബ്ലോഗ്ഗെഴുത്ത് അതില്‍പ്പെടില്ലേ? ഇല്ലെങ്കില്‍ എന്തുകൊണ്ട് ഉള്‍പ്പെടുന്നില്ല ? കടലാസ്സില്‍ അച്ചടിച്ചു വരുന്ന സാഹിത്യം മാത്രമാണോ മുഖ്യധാരാസാഹിത്യം? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ സെമിനാറില്‍ ഉയര്‍ന്നില്ല എന്നത് ശ്രദ്ധിക്കപ്പെടേണ്ടിയിരിക്കുന്നു.
സെമിനാറില്‍ പങ്കെടുത്ത ബ്ലോഗ്ഗര്‍മാര്‍ക്ക് അഭിപ്രായങ്ങള്‍ പറയാനുള്ള അവസരം ലഭിക്കുമെന്നറിയിച്ചിരുന്നെങ്കിലും ലഭ്യമായില്ല. അക്കാദമി ഭാരവാഹികള്‍ സെമിനാറിന്റെ ഘടന സംബന്ധിച്ച് മുന്‍കൂട്ടി മുതിര്‍ന്ന ബ്ലോഗ്ഗര്‍മാരുമായി ആശയവിനിമയം നടത്തിയിരുന്നെങ്കില്‍ ഈ പ്രശ്‌നം പരിഹരിക്കാമായിരുന്നു.      കേരള സാഹിത്യ അക്കാദമി ഭാരവാഹികളെ സംബന്ധിച്ച് അവര്‍ക്ക് അഭിമാനിക്കാം. ഇത്രയും കാലം പടിക്കു പുറത്തു നിര്‍ത്തിയിരുന്ന ഒരു പ്രസ്ഥാനത്തെ സാഹിത്യ അക്കാദമിയുടെ 'മുഖ്യധാരയിലേക്ക് 'കൈപിടിച്ച് ആനയിച്ചതില്‍!   ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച അക്കാദമി ഭാരവാഹികളെയും, ആദ്യകാല ബ്ലോഗ്ഗര്‍മാരിലൊരാളായ വിശ്വപ്രഭയെയും, പോസ്റ്റുകളിലൂടെയും മറ്റും ബ്ലോഗ്ഗര്‍മാരിലേക്ക് ഈ വിഷയത്തെ സജീവമാക്കിയ ജയന്‍ ഏവൂര്‍, നിരക്ഷരന്‍, പൈമാ തുടങ്ങിയ സകല ബ്ലോഗ്ഗെര്‍മാര്‍ക്കും  അഭിന്ദനം .നന്ദി. ഒരുപാടൊരുപാട് നന്ദി!


(കഥാകൃത്തും കേരളാ സാഹിത്യ അക്കാദമി വൈസ് പ്രസിഡ ന്റും   ആയ ശ്രീ അക്ബര്‍ കക്കട്ടിലും
സുരേഷ് കുറുമുള്ളൂരും (ഏറ്റുമാനൂര്‍ വിശേഷങ്ങള്‍ )

13 comments:

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

വളരെ നല്ല വിവരണം. ഏതായാലും ബ്ലോഗെഴുത്തിനെ അക്കാദമി ശ്രദ്ധിക്കുവാന്‍ തുടങ്ങി എന്നത് വളരെ നല്ല കാര്യം തന്നെ.

നിരക്ഷരൻ said...

സമഗ്രമായ ഈ റിപ്പോർട്ടിന് നന്ദി ശ്രീ.സുരേഷ്. ബ്ലോഗുകളും അവാർഡുകൾക്കായി പരിഗണിക്കാൻ വേണ്ടിയുള്ള നീക്കങ്ങൾ ആരംഭിക്കും എന്നതടക്കമുള്ള കക്കട്ടിന്റെ പ്രസ്ഥാവനയെപ്പറ്റി പരാമർശമൊന്നും ഇല്ലല്ലോ ഇതിൽ ?

ഇതുമായി ബന്ധപ്പെട്ട പിന്നാമ്പുറ കാര്യങ്ങൾ സൂചിപ്പിക്കാൻ ഈ കമന്റ് ബോക്സിലെ അൽ‌പ്പം സ്ഥലം ഞാനെടുക്കട്ടെ.

വിശ്വേട്ടനാണ് അക്കാഡമിയുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു മീറ്റിങ്ങിനെപ്പറ്റി അവർ ആവശ്യം ഉന്നയിക്കുന്നുണ്ടെന്ന് ഡോ:ജയനേയും, സാബു കൊട്ടോട്ടിക്കാരനേയും എന്നേയും അറിയിച്ചത്. ഫെബ്രുവരി 24നാണ് ഈ സംഭവം. കൃത്യം ഒരാഴ്ച്ച സമയം മാത്രം അവശേഷിക്കുമ്പോൾ. അക്കാഡമിയുമായി ഫോണിൽ ബന്ധപ്പെട്ടു. അവർക്ക് കൃത്യമായി രൂപരേഖയൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും മുഖ്യധാരാ എഴുത്തുകാരെ ബ്ലോഗുകളിലേക്ക് ആകർഷിക്കാൻ ഉതകുന്ന തരത്തിലുള്ള ഒരു പരിപാടി ചെയ്യാമോ എന്നാണ് ചോദിച്ചത്. ചെയ്യാമെന്ന് ഏറ്റു. എന്നുവെച്ചാൽ ബ്ലോഗിൽ എന്തൊക്കെ നടക്കുന്നു എന്ന് ഓരോരുത്തരായി മുഖ്യധാരക്കാർക്കായി സംസാരിക്കണം, ബോദ്ധ്യപ്പെടുത്തണം.

കവിത-സുനിത ടീവി,
കഥയും മറ്റ് ലേഖനങ്ങളും-ഡോ:ജയൻ,
സിറ്റിസൺ ജേർണലിസം-വി.കെ.ആദർശ്,
ജീവകാരുണ്യപ്രവർത്തനങ്ങൾ-മൈന ഉമൈബാൻ,
വിക്കിപീഡിയ-ഹബീബ്

എന്നിങ്ങനെ ചെയ്യാമെന്ന് അക്കാഡമിയെ അറിയിച്ചു. ഡോ:ജയൻ, ആദർശ്, മൈന ഉമൈബാൻ, സുനിത, വിശ്വപ്രഭ, കുഴൂർ വിത്സൻ, വിഷ്ണുപ്രസാദ്, രാം മോഹൻ പാലിയത്ത്, എന്നിവരുമായി ഇതേപ്പറ്റി സംസാരിച്ചതിന് ശേഷമാണ് അക്കാഡമിയെ അറിയിച്ചത്. ഏഴു ദിവസം മാത്രം സമയമുള്ളപ്പോൾ ഇതൊരു ഓൺലൈൻ ചർച്ചയ്ക്ക് വെച്ച് ആളെ തീരുമാനിക്കൽ നടക്കില്ലെന്നുള്ളതുകൊണ്ടാണ് പബ്ലിക്കായി ചർച്ച ചെയ്യാതിരുന്നത്. എന്നിരുന്നാലും ഇങ്ങനൊരു സെമിനാർ ഉണ്ടെന്നുള്ളത് ജയൻ ഡോൿടർ അദ്ദേഹത്തിന്റെ ബ്ലോഗിലൂടെ അറിയിച്ചിരുന്നു. അത് ഞാനടക്കം കുറേപ്പേർ ഫേസ്ബുക്ക് വഴി ഷെയർ ചെയ്തിരുന്നു. ഒരുപാട് പേർ വരുമെന്ന് അവിടെ കമന്റിട്ടിരുന്നു. എങ്കിലും അത്രയും പേർ വന്നുകണ്ടില്ല.
...... (തുടരും.)

നിരക്ഷരൻ said...

(തുടർച്ച)...

മാസങ്ങളെടുത്താണ് ബ്ലോഗ് മീറ്റ് പോലുള്ളത് പോലും നമ്മൽ അറേഞ്ച് ചെയ്യാറുള്ളത്. 7 ദിവസം കൊണ്ട് ഇത്രയെങ്കിലും പറ്റിയല്ലോ എന്ന് കരുതിയാൽ മതി. അതിൽത്തന്നെ ഇടയ്ക്ക് 3 ദിവസം ബെന്നിച്ചേട്ടനെ ഫോണിൽ കിട്ടാതായി. പരിപാടി ക്യാൻസൽ ചെയ്തോ എന്ന് പോലും ആശങ്കപ്പെട്ടു. പിന്നീട് അതായത് വെള്ളിയാഴ്ച്ചയാണ് വീണ്ടും ബെന്നിച്ചേട്ടന്റെ വിളി വരുന്നത്. കക്ഷി 2 ദിവസം ആശുപത്രിയിലായിപ്പോയതാണ് കാരണം. ഈ സമയം കൊണ്ട് മുഖ്യധാര എഴുത്തുകാരെ സംഘടിപ്പിക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ടായിരുന്നു. മധുപാലിന്റെ കാര്യം ആദ്യമേ തന്നെ ഉറപ്പ് വാങ്ങി. (എങ്കിലും തലേന്ന് അദ്ദേഹം അസൌകര്യം അറിയിച്ചു. സംസ്ഥാന അവാർഡ് കിട്ടിയതുമായി ബന്ധപ്പെട്ട് അദ്ദേഹം തിരക്കിയായിക്കാണുമെന്ന് ഊഹിക്കാമല്ലോ) ചുള്ളിക്കാട്, സേതു, സാറാ ജോസഫ്, ശിഹാബുദ്ദീൻ പൊയ്ത്തും‌കടവ് എന്നിവർ സ്ഥലത്തില്ല. കുരീപ്പുഴ ശ്രീകുമാർ, മേതിൽ രാധാകൃഷ്ണൻ എന്നിവർക്ക് അനാരോഗ്യം. രാമനുണ്ണി സാറിന് ഒഴിവില്ല. പിന്നൊരു ഡസൺ ആൾക്കാർ അക്കാഡമിയുടെ ഇതേ പുസ്തകോത്സവവുമായി ബന്ധപ്പെട്ട മറ്റ് പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. ഒരു പരിപാടിയിൽ വിളിച്ചവരെ വീണ്ടും മറ്റൊരു പരിപാടിയിൽ വിളിക്കില്ല എന്ന് അക്കാഡമിയുടെ പോളിസി. എന്നാലും രണ്ടാം തീയതിയിലെ പരിപാടിയിലുള്ള സുസ്‌മേഷ് ചന്ദ്രോത്തിനെ വിളിക്കാൻ അക്കാഡമി ഇളവ് കാണിച്ചു. പക്ഷെ സുസ്‌മേഷിന് ഒഴിവില്ല.

ഇതൊക്കെ കൂടാതെ മനോരാജിന്റെ ‘ജീവിതത്തിന്റെ ബാൻഡ് വിഡ്ത്തിൽ ഒരു കാക്ക’ എന്ന പുസ്തകം അവിടെവെച്ച് ഔദ്യോഗികമായി പ്രകാശനം ചെയ്ത് പരിപാടി കൊഴുപ്പിക്കാൻ അനുമതി ചോദിച്ചിരുന്നു. ആദ്യം അത് നോട്ടീസിന്റെ ഡ്രാഫ്റ്റിൽ അടക്കം അക്കാഡമിക്കാർ എഴുതിച്ചേർത്തെങ്കിലും പിന്നീട് മറ്റ് ചില കാരണങ്ങളാൽ ഒഴിവാക്കി. അക്കാഡമി കാമ്പസിൽ നടക്കുന്ന പുസ്തകോസ്തവത്തിൽ സ്റ്റാൾ ഇട്ടിരിക്കുന്ന പ്രസാധകരുടെ പുസ്തകങ്ങൾ മാത്രമേ അവിടെ നടക്കുന്ന പരിപാടികളിൽ പ്രകാശിപ്പിക്കാൻ പറ്റൂ എന്നതായിരുന്നു കാരണം.

കെ.എം.ലെനിൻ, രോഷ്നി സ്വപ്ന, ഐ.ഗോപിനാഥ്, മണിലാൽ, ഫേവർ ഫ്രാൻസിസ്, പി.എൻ.ഗോപീകൃഷ്ണൻ എന്നിവരെക്കൂടി അക്കാഡമി തന്നെ നിശ്ചയിച്ച് പരിപാടിയിലേക്ക് ചേർത്തു. വെള്ളിയാഴ്ച്ച ഉച്ചയ്ക്കാണ് നോട്ടീസ് ഫൈനലൈസ് ചെയ്ത് കിട്ടിയത്.

അപ്പോൾത്തന്നെ ബ്ലോഗ്/ഫേസ്ബുക്ക് വഴി അത് പ്രചരിപ്പിക്കുകയും ചെയ്തു. ബാക്കി കിടക്കുന്നത് ഒരു ദിവസം മാത്രം. ഇതിനിടയ്ക്ക് സുനിതയ്ക്ക് ഒഴിവാക്കാനാവാത്ത പ്രശ്നങ്ങൾ കാരണം പിന്മാറി. മധുപാലിനും വരാൻ പറ്റില്ല എന്നദ്ദേഹം എന്നറിയിച്ചു. സഹദേവൻ സാർ മാത്രമാണ് ഉറപ്പായത്. അൿബർ കക്കട്ടിൽ തന്നെ അക്കാഡമി ഭാരവാഹി ആയതുകൊണ്ട് മാത്രമാണ് കിട്ടിയത്. അതുകൊണ്ടാണ് അദ്ദേഹത്തിന് ആദ്യാവസാനം ഇരിക്കാൻ പറ്റാതെ പോയതും. സ്വാഗതം ആശംസിക്കാൻ നോട്ടീസിൽ അച്ചടിച്ച കൈനകരി ഷാജിക്ക് പകരം സക്രട്ടറി തന്നെ വന്നതും ശ്രദ്ധിച്ചുകാണുമല്ലോ ?

നോട്ടീസ് അച്ചടിച്ച് വന്നപ്പോൾ അതിൽ ‘നിരക്ഷരൻ-ആമുഖം‘ എന്ന് എഴുതിയിരിക്കുന്നു. എന്നാലും പരിപാടി തുടങ്ങിയപ്പോൾ തിരക്കിനിടയിൽ അങ്ങനൊന്ന് ഒഴിവായിക്കിട്ടിയതിൽ സന്തോഷിച്ചു. പകരം മൈന ഉമൈബാൻ സംസാരിക്കണമെന്ന് നിശ്ചയിച്ചിരുന്ന ജീവകാരുണ്യം എന്ന വിഷയം മാത്രമാണ് ഞാൻ പറയാമെന്ന് തീരുമാനിച്ചത്. പക്ഷെ പരിപാടി കഴിയാറായപ്പോൾ ഒരു സംഗ്രഹവും നന്ദിപ്രകടനവും വേണമെന്നുള്ളതുകൊണ്ട് അത് ചെയ്യാമെന്ന് അദ്ധ്യക്ഷനായ സഹദേവൻ സാറുമായി സംസാരിച്ചുറപ്പിച്ചു. അതിനിടയ്ക്ക് ലിസ്റ്റിൽ ഉള്ളവർ പലരും വരാതെ പോയതുകൊണ്ട് പകരം ലിസ്റ്റിൽ ഇല്ലാത്തവരായ ലീല ചന്ദ്രനും വിശ്വേട്ടനും സംസാരിക്കാൻ തയ്യാറായി.

1 മണിക്ക് ഉച്ചയൂണിന് ശേഷം പരിപാടി തുടരുകയും 3 മണിക്ക് അവസാനിപ്പിക്കുകയും ചെയ്യാം എന്നായിരുന്നു അക്കാഡമി തീരുമാനം. പക്ഷെ പ്രാതിനിധ്യം കുറവായതുകൊണ്ടും, ഭക്ഷണം കഴിക്കാൻ പോയവർ പിന്നെ മടങ്ങി വരില്ലെന്ന് തോന്നിയതുകൊണ്ടും ഒറ്റയടിക്ക് പരിപാടി നടത്തി രണ്ടേകാൽ മണിയോടെ അവസാനിപ്പിക്കുകയായിരുന്നു.

ഇതൊക്കെയാണ് പിന്നാമ്പുറത്ത് നടന്നത്. പലതും അവസാന നിമിഷം മാറിമറിഞ്ഞു. അല്ലെങ്കിൽ പ്രസംഗങ്ങൾക്ക് ശേഷം ഒരു ചർച്ചയും ആകാമെന്ന് തന്നെയായിരുന്നു ഉദ്ദേശിച്ചിരുന്നത്. ശരിക്കും പറഞ്ഞാൽ 4 ദിവസത്തെ ശ്രമഫലമായി നടത്തിയ ഒരു സെമിനാറാണ് അവിടെ ആ കണ്ടത്. പിന്നിൽ നടക്കുന്ന പല കാര്യങ്ങളും പലപ്പോഴും പരിപാടി കാണുന്നവരും, അങ്ങനെയാകാമായിരുന്നു ഇങ്ങനെ ആകാമായിരുന്നു എന്ന് പറയുന്നവരും അറിയാതെ പോകുന്നു. അതിനാരെയും കുറ്റം പറയാനാവില്ല. പക്ഷെ പിന്നാമ്പുറത്ത് നടന്നത് ഇങ്ങനെയെന്ന് അറിയിക്കാൻ നമുക്ക് പറ്റുന്നുണ്ടല്ലോ? അതാണല്ലോ ബ്ലോഗുകളുടെ ഗുണം. മുഖ്യധാരയിൽ അങ്ങനൊന്ന് ചെയ്യണമെങ്കിൽ നോട്ടീസ് അടിച്ചിറക്കണമല്ലോ ? അത് പ്രായോഗികമല്ലാത്തതുകൊണ്ട് ആരും ചെയ്യാറുമില്ലല്ലോ ?

ഈ റിപ്പോർട്ടിനും പങ്കെടുത്തതിനും കൂടെ നിന്നുള്ള ഫോട്ടോ ഷെയർ ചെയ്തതിനും ഒരിക്കൽക്കൂടെ നന്ദി.

റോസാപൂക്കള്‍ said...

നന്നായി ഈ പോസ്റ്റ്
ബ്ലോഗെഴുത്തുകാരുടെ പൂക്കാലത്തിനു മുന്നോടിയായുള്ള തളിരിലയായി ഞാന്‍ ഈ മീറ്റിങ്ങിനെ കാണുന്നു.

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...
This comment has been removed by the author.
Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

ശ്രീ മനോജ്‌ രവീന്ദ്രന്‍,

താങ്കളുടെ വിശദമായ കമന്റിനു നന്ദി .


ബ്ലോഗുകളും അവാർഡുകൾക്കായി പരിഗണിക്കാൻ വേണ്ടിയുള്ള നീക്കങ്ങൾ ആരംഭിക്കും എന്നതടക്കമുള്ള കക്കട്ടിന്റെ പ്രസ്ഥാവനയെപ്പറ്റി പരാമർശമൊന്നും ഇല്ലല്ലോ ഇതിൽ ?
ബ്ലോഗുകളും അവാർഡുകൾക്കായി പരിഗണിക്കാൻ വേണ്ടിയുള്ള നീക്കങ്ങൾ ആരംഭിക്കും എന്നതടക്കമുള്ള കക്കട്ടിന്റെ പ്രസ്ഥാവനയെപ്പറ്റി പരാമർശമൊന്നും ഇല്ലല്ലോ ഇതിൽ ?


താങ്കള്‍ ചൂണ്ടിക്കാണിച്ച മുകളില്‍ പറയുന്ന കാര്യം ഞാന്‍ അക്ബര്‍ കക്കാട്ടിലിന്റെ സംഭാഷണത്തെ കുറിച്ച് വിശദമാക്കിയ ഭാഗത്ത്‌ സൂചിപ്പിച്ചിരുന്നു .


"ഈ സാഹിത്യ അക്കാദമി വെസ് പ്രസിഡന്റ് സ്ഥാനം പോലും ആ കഥയെഴുത്തിലെ, വഴിത്താരയില്‍ വന്നെത്തിയതാണ്. ബ്ലോഗ്ഗെഴുത്തുകാരുടെയും, ഫേസ്ബുക്കില്‍ സജീവമായവരുടെയും ഒക്കെ കൂടിച്ചരലിനെ സംബന്ധിച്ച് ചിന്തിക്കുന്നുണ്ടെന്നും, മികച്ച ബ്ലോഗ്ഗുകള്‍ക്ക്, അവാര്‍ഡ് നല്‌കേണ്ടതാണന്നും, കേരളസാഹിത്യ അക്കാദമിയുടെ വെബ്‌സൈറ്റുമായി ബ്ലോഗ്ഗുകളെ ലിങ്ക് ചെയ്യിക്കുന്നത് നന്നായിരിക്കുമെന്നും, മുഖ്യധാരാ എഴുത്തുകാര്‍ ആധുനിക എഴുത്തു രീതികളുമായി പരിചയപ്പെടുന്നതും അതുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നതും നന്നായിരിക്കുമെന്നും ഇക്കാര്യത്തില്‍ ആവശ്യമായ നടപടിക്കായി അക്കാദമി യോഗത്തില്‍ ഇക്കാര്യങ്ങള്‍ വെയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു."

അവിടെവെച്ചു പരിചയപ്പെട്ട , പരസ്പരം മനസ്സിലാക്കാന്‍ കഴിയുന്ന സുമനസ്സുകളെ, കാണാന്‍, പരിചയപ്പെടാന്‍, സാധിച്ചതില്‍ സന്തോഷമുണ്ട് . ഇവിടെയുണ്ടായ പരിമിതികള്‍ മറികടന്നു തിരൂരില്‍ ചേരുന്ന തുഞ്ചന്‍ പറമ്പ് ബ്ലോഗേഴ്സ് മീറ്റ്‌ ഗംഭീരമാക്കാം . അതിനായി പരിശ്രമിക്കാം . എല്ലാ വിധ ആശംസകളും നേ രുന്നു.


മോഹന്‍ പുത്തഞ്ചിറ , റോസാപൂക്കള്‍ , കമന്റിനു നന്ദി.

madhupal said...

പ്രിയപ്പെട്ടവരെ വരണമെന്നും കാണണമെന്നും അതിയായി ആഗ്രഹിച്ച് തിയ്യതികളെ ആ വിധം ക്രമപ്പെടുത്തിയിരുന്നു എന്നാല്‍ ചില പ്രശ്നങ്ങള്‍.... സദയം ക്ഷമിക്കുക... എഴുത്ത് നന്നൈരുന്നു അവിടെ നടന്നതെല്ലാം ഒരു ചിത്രം പോലെ കാണാന്‍ കഴിഞ്ഞു സന്തോഷം

jayanEvoor said...

ഞാനീ പോസ്റ്റ് കാണാൻ വളരെ വൈകിപ്പോയി. ക്ഷമിക്കുക.

നന്നായെഴുതി അവതരിപ്പിച്ചിട്ടുണ്ട്.

ബാക്കി കാര്യങ്ങൽ നിരക്ഷരൻ പറയുക കൂടി ചെയ്തത് കൂടുതൽ നന്നായി.

അഭിനന്ദനങ്ങൾ!

Geetha Vijayam said...

very good, suresh

Geetha Vijayam said...

very good,suresh

Manoraj said...

good post. computer illa. athanu vayanayum commentum vaikiyath

Myna Umaiban said...

വരണം എന്നു തന്നെയാണ് കരുതിയിരുന്നത്. പക്ഷേ, ഞായറാഴ്ചയായിരുന്നിട്ടും മാര്‍ച്ചിലെ ബാങ്കു തിരക്ക് അനുവദിച്ചില്ല. പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി. ഒപ്പം ബൂലോകം ഭൂലോകത്തേക്കാള്‍ ഉയരട്ടെ എന്നാശംസിക്കുന്നു

സുനീത.ടി.വി. said...

വിശദമായ റിപ്പോര്‍ട്ടിനു നന്ദി
വരാന്‍ പറ്റാതെ പോയതില്‍ വിഷമമുണ്ട്
എല്ലാരും ക്ഷമിയ്ക്കുക