Ettumanoor Visheshangal

Tuesday, July 16, 2013

എന്റെ പിഴകൾ , എന്റെ വലിയ പിഴകൾ!

 നീലാകാശത്ത് വിരിഞ്ഞ
മഴവിൽ പ്രഭയാണ് ഞാൻ
ഏഴു നിറങ്ങളിൽ  സ്വപ്‌നങ്ങൾ
 മുത്തുക്കുട ചൂടിയ വിഗ്രഹങ്ങൾ
നെറ്റിപ്പട്ടം കെട്ടിയ മോഹങ്ങൾ
കരിമഴിയെഴുതിയ നോട്ടങ്ങൾ
 എന്റെ സാമ്രാജ്യം എന്റെ സ്വന്തം.


പുണ്ണ് പിടിച്ച വിശ്വാസങ്ങൾ
പുഴുക്കുത്തേറ്റ മനസ്സ്
വ്രണങ്ങൾ; അഴുകിയ ശരീരം, 
വിണ്ടുകീറിയ എടുപ്പുകൾ
ഈച്ചകൾ ആർക്കുന്ന
കൊട്ടാരവതിലുകൾ
സുഗന്ധ ദ്രവ്യങ്ങളിൽ പൊതിഞ്ഞിട്ടും
തിരിഞ്ഞുപോലും നോക്കാത്ത
രാജ്യാധിപൻ വസിക്കും രാജ്യം


ഉള്ളിൽവിദ്വേഷത്തിന്റെ കനലുകൾ
എനിക്കില്ലാത്ത സുഖവും തൃപ്തിയും
ഇവിടെയാരും നേടേണ്ട
പൊള്ളുന്ന അതൃപ്തിയുടെ
കനലിൽ എരിച്ചുകളഞ്ഞ
ബന്ധങ്ങൾ, തകർത്തെറിഞ്ഞ
ശുദ്ധഹൃദയങ്ങൾ, സ്വപ്‌നങ്ങൾ
ക്ലാവുപിടിച്ച മനസ്സിലെ പക,
അമൃതമഥനം കഴിയാത്ത
ആഴിയുടെ നീറ്റലുകൾ,
കലി ആവേശിച്ച മനസ്സിലെ
ഭ്രമങ്ങൾ ;നിറഞ്ഞാടുന്ന
വെറുപ്പിന്റെ കത്തി വേഷങ്ങൾ.

അവസാനം അറിയുന്നു ഞാൻ
വെറുമൊരു നാലണതുട്ടുമാത്രം
വിലയുളള ശരീരത്തിൻറെ
ഉടമ ഞാനെന്ന് ; വെറുതെ പോലും
ആഗ്രഹത്തോടെ  നോക്കാതെ,
 ജനം കാർക്കിച്ചു തുപ്പി കടന്നു
പോകുമ്പോൾ ഞാനറിയുന്നു
എന്റെ പിഴകൾ , എന്റെ
വലിയ പിഴകൾ!


7 comments:

ajith said...

വലിയ തിരിച്ചറിവുകള്‍

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

ഈ സമൂഹത്തിലെ എല്ലാവർക്കും ഈ തിരിച്ചറിവുകൾ ഉണ്ടായെങ്കിൽ എന്നാശിക്കുന്നു. നന്ദി ശ്രീ. അജിത്‌ .

Sabu Kottotty said...

ആ അവസനത്തിന്റെ അവസാനമറിയും അതേ നാലണപോലും അന്യമാണെന്ന്..!

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

കൊട്ടോട്ടിയുടെ വാക്കുകൾക്കു നന്ദി.

AnuRaj.Ks said...

എന്തിന് നാലണയുടെ വില കല്പിക്കണം...നെഗറ്റീവ് മൂല്യമാണുളളത്

സൗഗന്ധികം said...

സൗന്ദര്യം ചോർന്നു തീരുമ്പോൾ...

നല്ല വരികൾ

ശുഭാശംസകൾ...

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

സൗഗന്ധികം, അനുരാജ് , അഭിപ്രായങ്ങൾക്ക് നന്ദി.തുടർന്നും എഴുതുമല്ലോ.