Ettumanoor Visheshangal

Thursday, July 18, 2013

യാത്ര

നിറമിഴികൾ തിരിച്ചു നീ നില്ക്കവേ , 
നടവഴികടന്നു ഞാൻ  യാത്രയാവട്ടെ ,
കരുതുക,  നമ്മളിരുവർ ചേർന്നെഴുതിയ
 ജീവിതചിത്രം  നിന്നന്തരംഗത്തിൽ

മരണം വാതില്ക്കൽ മുട്ടിവിളിക്കവേ
മറുവാക്കുപോലുമേയിന്നില്ല,  ചൊല്ലുവാൻ,  
വേദന തീർക്കുമേകാന്ത  ദ്വീപിലെ
 വാസമവസാനിപ്പിച്ചിടുന്നു  ഞാൻ .

നിഴലുപോലെ നീ എന്റെ കവിതയിൽ
എവിടെയും വന്നു സ്ഥാനമുറപ്പിച്ചു
അടരുവാൻ വയ്യാത്ത മിഴിനീരുപോലെ നീ
മരണമേ  വന്നു വാതിൽക്കൽ നില്പ്പൂ!

സ്മൃതി കവാടങ്ങൾ , ജ്വാലാമുഖങ്ങൾ
അഴിമുഖംപോലെ വാപിളർന്നീടുന്നു
ദുരിത ജീവിതം; പയ്യാരം പറയുമ്പോൾ
കഴിവതെങ്ങനെ കവിതയെഴുതുവാൻ !

മമ സഖി നിന്നെ വല്ലാതെ ഞാനെൻറെ
സ്വാർത്ഥ ചിന്തതൻ വേരിൽ കൊരുത്തിട്ടു
കാടു  കേറിയ  ജീവിതാസക്തിതൻ
മേട്ടിലെ സിംഹരാജനായ്‌ ഞാൻ വാണു
എന്റെയിംഗിതം മാത്രമായ് ചിന്തയിൽ ;
നിറവേറ്റിടാൻ പണിപ്പെട്ട വളരെ നീ .
യാത്രപോകുന്നീ വേളയിൽ ചൊല്ലട്ടെ
മാപ്പ് -എന്നുള്ള രണ്ടക്ഷരം മാത്രം!





 

4 comments:

സൗഗന്ധികം said...

നല്ല കവിത.ഇഷ്ടമായി

ശുഭാശംസകൾ...

ajith said...

ഇപ്പോഴെങ്കിലും തോന്നിയല്ലോ!!

AnuRaj.Ks said...

ishtappettu....

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

അജിത്‌ , സൗഗന്ധികം, അനുരാജ് , അഭിപ്രായങ്ങൾക്ക് നന്ദി.