Ettumanoor Visheshangal

Sunday, July 28, 2013

കടൽ പറഞ്ഞു - ബീ പ്രാക്ടിക്കൽ

എന്റെ നാവിൽ   നിന്നും പുറത്തേക്കു ചാടാൻ
വെമ്പൽ കൊണ്ട് നിന്ന  സത്യങ്ങളെ
മൌനം അതിന്റെ ബലിഷ്ടമായ
കരങ്ങളാൽ  തടഞ്ഞു നിർത്തി .

എന്റെ മനസ്സിൽ തീചൂളപോലെ
ആളിക്കത്തുന്ന നൊമ്പരങ്ങളെ
മൌനം അതിന്റെ സാന്ത്വന
സ്പർശനത്താൽ  തലോടി

കടൽക്കരയിൽ,  ഉള്ളിലും
പുറത്തും ഉയരുന്ന ഹുങ്കാരാരവത്തിൽ
ധ്യാനനിമഗ്നനായി  ഞാൻ നിന്നു
എന്റെ നാവിന്റെ ബന്ധനം അഴിഞ്ഞാൽ ,
ഉള്ളിലുള്ള ലാവ പുറത്തേക്കൊഴുകിയാൽ
ഈ കടലിനുപോലും അതുൾക്കൊണ്ട്
തണുപ്പിക്കാനാകുമോ?

കടൽത്തിരകൾ എന്നെ തലോടിക്കൊണ്ടു
പറഞ്ഞു -ബീ പ്രാക്ടിക്കൽ !
നിന്റെ ഉള്ളിലെ രോഷം നീ അടക്കുക.
നിന്റെ ജോലിയുടെ സുരക്ഷിതത്വം
നിന്റെ കുടുംബത്തിന്റെ ക്ഷേമം
സമൂഹത്തിലെ നിന്റെ വിലയും നിലയും
നിന്റെ യുണിയനിലെ പദവികൾ
നിന്റെ മതത്തിൻറെ ആശിർവാദം
നീ വിശ്വസിക്കുന്ന പാർടിയുടെ പിന്തുണ
നിൻറെ  ജാതിസംഘടനയുടെ സഹായം
നിൻറെ ഭാര്യയുടെ സ്നേഹം
കുട്ടികളുടെ കൊഞ്ചൽ
ഇതൊക്കെ ഇല്ലാതാക്കികൊണ്ട്
നീയെന്തിനു മൌനംവെടിയണം!

 ബീ പ്രാക്ടിക്കൽ-നീയെന്നെ കണ്ടു പഠിക്കൂ
കടൽ എന്നോട് പറഞ്ഞു 
നൂറ്റാണ്ടുകളുടെ രോഷം ഉള്ളിലമർത്തി 
ഹുങ്കാര ശബ്ദം മുഴക്കുന്നതല്ലാതെ
ഇന്നുവരെ എൻറെ  ശബ്ദം  നീ കേട്ടിട്ടുണ്ടോ?
ഒന്നലറാൻ, അലറിവിളിക്കാൻ
ഞാനെത്ര കൊതിക്കുന്നുവെന്നൊ,
പക്ഷേ, നിലനിൽപ്പാണു  സത്യം
അതാണ്‌   ഇന്നിൻറെ മന്ത്രം
ഇനിയുള്ള കാലം നിനക്ക് നീ മാത്രം
അതാകട്ടെ നിന്റെ വിശ്വാസവും നിന്റെ
മതവും- ബീ പ്രാക്ടിക്കൽ!

5 comments:

ശരത് പ്രസാദ് said...

'ബീ പ്രാക്ടിക്കൽ' എന്നതിനെ രണ്ടായി കാണാം
ഒന്ന്- ഭീരുത്വം, രണ്ട്- തിരിച്ചരിവ് ....
ഒന്നാമൻ വലിയ പ്രശ്നക്കാരനാണ് ..
......നല്ല കവിത..

ajith said...

ബീ പ്രാക്റ്റിക്കല്‍ എന്ന് പ്രപഞ്ചമെല്ലാം പറയുന്നു!

നമുക്ക് പഠിയ്ക്കാനുണ്ട്, വളരെ!!

സൗഗന്ധികം said...

ശരിയാ.നമ്മളാരാണെന്നു തിരിച്ചറിയപ്പെടുന്ന വേളകളിലെല്ലാം സ്വയം ഉത്ബോധിപ്പിക്കാൻ പറ്റിയ മന്ത്രം തന്നെയിത്.

''ബീ പ്രാക്റ്റിക്കൽ''

നല്ല കവിത

ശുഭാശംസകൾ...

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

കവിത വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയ ശരത്പ്രസാദ് , അജിത്‌, സൌഗന്ധികം നിങ്ങൾക്കെന്റെ നന്ദി രേഖപ്പെടുത്തുന്നു. തുടർന്നും അഭിപ്രായങ്ങൾ പറയുമല്ലോ.

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

ബീ പ്രാക്ടിക്കൽ !