Ettumanoor Visheshangal

Sunday, August 11, 2013

സ്മാർത്ത വിചാരം

കാനനം;   മനസ്സിൻ ജാലകം തുറക്കട്ടെ  ഞാൻ
കാടകത്തുള്ളിലെയിരുട്ടിനെയകറ്റുവാൻ.
ആരൊരാളിതെന്നുള്ളിൽ നിലയുറപ്പിച്ചീടുന്ന-
തീവഴി തിരഞ്ഞുഞാനെത്ര നടന്നിട്ടും,
നാളിതേ വരെ കണ്ടതില്ല,നിൻമിഴിയീറനായ്
 കണ്ണുനീർ തൂകവതും, കരൾപകുത്തു നിൻ
ജീവനായ് ഹോമിക്കുന്പൊഴും, ഒരുനറു
പുഞ്ചിരിമാത്രം നിൻ ചുണ്ടിൽ കരുതി നീ.

സ്മാർത്തവിചാരം കഴിഞ്ഞൂ, പലവഴിയാളുകൾ
പിരിഞ്ഞു, നിലയറിയാതീക്കയത്തിൽ,
കൈകാൽകുഴഞ്ഞു, തളർന്നു ഞാൻ പിടയുന്പൊഴും
മനസ്സിൽ നോവായ്നില്പതൊന്നുമാത്രം
എന്നിലെയെന്നെയാദ്യമായ് നേദിച്ചതാർക്കോ-
വക്കയ്യാലാദ്യത്തെയാണിയെൻ  നെഞ്ചിൽ തറച്ചതു
ഞാനറിയുന്നു, പ്രാണൻ പിടയും വേദനയാൽ ഞാനെന്നെ-
വെറുത്തതപ്പോൾ മാത്രം!

കാരിരുന്പിൻ കനമുള്ള ചങ്ങലയെൻ കാലിനെ
വരിഞ്ഞു മുറുക്കവേ, മഹാകാരം, ആകാശംമുട്ടെ
ഞാൻ വളർന്നീടവേ, ധ്യാനലീനമായ്,  മനസ്സിൽ
ചിത്പ്രകാശം നിറഞ്ഞൊഴുകവേ, കാണുവതിന്നെ-
ന്നുടെചുറ്റിലും വിരൽപൊക്കമുള്ളവർ
ഓരിയിട്ടു, പുളച്ചുമദിക്കുന്നതും, തൻകയ്യിലേറ്റിയ
കല്ലുകൾ കൊണ്ടെന്നെയാഞ്ഞെറിഞ്ഞീടുന്നതും,
മഹാരഥന്മാരെന്നു ഭാവിച്ചു, പൂജനീയ പദവിയില-
കത്തിരുട്ടുമായ് വെളുക്കെ ചിരിച്ചു കൊണ്ടെ-
ന്നുടെ നിഴലരികത്തുപോലുമണഞ്ഞിട്ടില്ലെന്നാ-
ണയിടുന്നതു, മവരൊരു പെണ്ണിൻമനമറിയാതെ
'സാധനമെന്നു' വിളിച്ചു തൻമുദ്രമോതിരം കയ്യാൽ മറച്ചും
മഹാരാജാവെഴുന്നെള്ളും വേളയിൽ, പഞ്ചപുശ്ചമടക്കി
നില്പതു കാണ്കെ, മനസ്സിൽ തോന്നുവതിത്രമാത്രം, ശവങ്ങൾ!

സ്മാർത്തവിചാരം തുടങ്ങീ ബലിക്കല്ലിൽ തലവെച്ചു-
കൊടുക്കുവതുമാത്രമെൻ കർമ്മം, മിഴിയടച്ചു
തളർന്നുപോകുമെൻമനസ്സിനെയാദ്യമായ് വരുതി-
യിലാക്കിഞാൻ, നൊടിയിടകൊണ്ടെന്നുടെയാത്മബലത്താൽ
കരഗതമാക്കിയെന്നുടെ തലയറുത്തീടുവാൻ ദാഹിക്കും
മൂർച്ചയേറിയ വജ്രായുധം, ഒരുമാത്രഞെട്ടിത്തരിച്ചു-
പോയൊരാക്കർമ്മിതൻ, തലുയരുളുന്നതും, ചുടുചോരചീറ്റി
ത്തെറിക്കുന്നതും, സത്യമോ മിഥ്യയോയെന്നറിയാതെ
ഒരുവേള ഞാനും പകച്ചുപോയെന്നതു,  സത്യം!

കാനനമിരുണ്ടഗാധമെൻ മനസ്സിൻ ജാലകം തുറക്കട്ടെ, കാടകത്തുള്ളിലെയിരുട്ടിനെയകറ്റുവാൻ,   ഞാനീ-
 കാരിരുന്പിൻ കോട്ടയിലേകയായൊരുതരിവെട്ടം
കാട്ടുവാനെത്തുമോ, യീവഴിയാരെങ്കിലും,
ആരൊരാളിതെന്നുള്ളിൽ നിലയുറപ്പിച്ചീടുന്ന-
തീവഴി തിരഞ്ഞുഞാനെത്ര നടന്നിട്ടും പുലരിത്തൂവെളിച്ചം,
കടന്നെത്തുവാനിനിയെത്രനേരം
 കാക്കണമറിയില്ല, യറിയുവതൊന്നുമാത്രം, ഞാൻ
മിഴിയടച്ചീടുംവരെമാത്രമേയെൻ മനസ്സിൽ വെളിച്ചമായ്
നീ പ്രകാശിപ്പൂയെൻ ദൈവമേ!

 
5 comments:

ajith said...

മനോഹരകവിത
വളരെ ഇഷ്ടമായി

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

നന്ദി, അജിത്ത്. താങ്കളുടെ അഭിപ്രായം
വളരെ വിലമതിക്കുന്നതാണ്.ഇനിയും വായിക്കുക അഭിപ്രായങ്ങൾ എഴുതുക

സൗഗന്ധികം said...

വളരെ നല്ല കവിത.സമകാലിക സംഭവങ്ങളുമായി കോർത്തു വായിക്കുമ്പോൾ,അകത്തിരുട്ടുമായി വെളുക്കെച്ചിരിക്കുന്നവർക്കു നേരെ വിരൽ ചൂണ്ടുന്നു വരികൾ.

ശുഭാശംസകൾ...


ബൈജു മണിയങ്കാല said...

കവിത മനോഹരമായി

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

സൗഗന്ധികം, ബൈജു മണിയങ്കാല, വിലയേറിയ അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നു.