Ettumanoor Visheshangal

Tuesday, September 3, 2013

അധികാരത്തിൻറെ രൂപകങ്ങൾ: തെയ്യത്തിൻറെ ഭാവപകർച്ചയിൽ ഒരു ചിത്രപ്രദർശനം




     കോട്ടയത്തെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ (ഡി.സി. ബുക്സ്, കോട്ടയം) 2013 ആഗസ്ത് 31 മുതൽ സെപ്തംബർ 7 വരെ നടക്കുന്ന "Metaphors of Power" എന്ന ചിത്രപ്രദർശനം വേറിട്ട ഒരു കാഴ്ചയുടെ അനുഭവം ആസ്വാദകന് നല്കുന്നു.   റ്റി. ആർ. ഉദയകുമാർ എന്ന ചിത്രകാരനാണ് ഈ  ദൃശ്യവിരുന്ന് കോട്ടയത്തിന് സമ്മാനിച്ചത്.  കേരളാ ലളിതകലാ അക്കാദമി നിർവ്വാഹക സമിതി അംഗവും മാവേലിക്കര രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സിലെ പൂർവ്വ വിദ്യാർത്ഥിയുമാണ് ശ്രീ. ഉദയകുമാർ.





      ഉത്തരകേരളത്തിൻറെ തനതുകലാരൂപമായ തെയ്യത്തെ അടിസ്ഥാനമാക്കിയുള്ള 20 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. തെയ്യത്തിൻറെ വേഷപകർച്ചയിൽ ഉപയോഗിച്ചിരിക്കുന്ന നിറച്ചാർത്തുകളെ അടസ്ഥാനമാക്കി അക്രിലിക്കിലാണ് ക്യാൻവാസിൽ ഈ ചിത്രങ്ങൾക്ക് രൂപം പകർന്നിരിക്കുന്നത്. 

  ആധുനിക മനുഷ്യൻറെ ജീവിതസങ്കീർണ്ണതകളും, കഠിനവ്യഥകളും, ഉയർത്തുന്ന അതിതീവ്രമായ ജീവിത യാഥാർത്ഥ്യങ്ങൾക്കു മുന്നിൽ ചിത്രകാരൻ ഉയർത്തിയ ഒരു നേർക്കണ്ണാടിയാണ് ഈ ചിത്രങ്ങൾ.
    
      അധികാരത്തിൻറെ ഉന്നതവേഷങ്ങൾ, ദൈവക്കോലങ്ങളായി കെട്ടിയാടപ്പെടുമ്പോഴും,  തെയ്യക്കോലങ്ങൾക്കുള്ളിൽ പരുപരുത്ത ജീവിതത്തിൻറെ നിലപാടുതറയിൽ പലപ്പോഴും തോറ്റുപോകുന്ന തെയ്യംകലാകാരൻറെ ജീവിതമുണ്ടെന്ന വെളിപാട് നമുക്കു മുന്നിൽ ഓർമ്മപ്പെടുത്തുന്നതാണ് ഉദയകുമാറിൻറെ ചിത്രങ്ങൾ.




     കടുംചുവപ്പും, മഞ്ഞയും, കറുപ്പും, നീലയും ചേർന്നൊരുക്കുന്ന വർണ്ണപ്രപഞ്ചത്തിൽ, അധികാരത്തിൻറെ മൂർത്തരൂപമായി തെയ്യം ഓർമ്മപ്പെടുത്തലുകൾ നടത്തുമ്പോൾ,  അതേ തെയ്യംതന്നെ കീഴാളൻറെ സമൂഹത്തിലെ വിധേയത്വത്തിൻറെ ഭിന്നരൂപമായി മാറുന്നുവെന്നുള്ള കാഴ്ചപ്പാട് വെളിവാക്കുന്നത്, ഭൂതകാലയാഥാർത്ഥ്യങ്ങളുടെ പരുത്തപ്രതലങ്ങൾ മാത്രമല്ല മറിച്ച്  ആധുനികമനുഷ്യൻറെ ദയനീയമായ രൂപപരിണാമത്തെക്കുറിച്ചുകൂടിയാണ്.

        അധികാരത്തിൻറെ വെള്ളിദണ്ഡും പിടിച്ചു നില്ക്കുമ്പോഴും, ഇടയ്ക്കെപ്പോഴോ അറിയാതെ അവനവനിലേക്കു തിരിഞ്ഞു നോക്കേണ്ടി വരുമ്പോൾ അനുഭവിക്കുന്ന വിധേയത്വത്തിൻറെ, കീഴടങ്ങലിൻറെ, യുക്തിക്കതീതമായ വിശ്വാസങ്ങൾക്കുമുന്നിൽ മുട്ടുമടക്കുന്നതിൻറെയൊക്കെ അടയാളപ്പെടുത്തലുകളാണ്.  ഈ ചിത്രങ്ങളിൽ ഭൂരിഭാഗവും.

    തെയ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങൾക്കൂടാതെ മറ്റു ചില അബ്സ്ട്രാക്ട് ചിത്രങ്ങൾക്കൂടി പ്രദർശനത്തിലുണ്ട്.



       ജീവിതത്തിൻറെ ഇടനാഴികളിൽ ഒറ്റപ്പെടുന്നവൻറെയും,അതേ സമയം കണ്ണുകളിൽ രോഷമടക്കി വിധേയനാവുന്ന ആധുനിക മനുഷ്യൻറെ വിധിവൈപരിത്യത്തെയും, തെയ്യത്തിൻറെ മുഖചിത്രങ്ങളിലെ  ഭാവതീവ്രമായ കണ്ണുകളുടെ വരകളിലൂടെ  ആസ്വാദകനിലെത്തിക്കാൻ ചിത്രകാരന് കഴിഞ്ഞിരിക്കുന്നു.


      തകഴി, എം.ടി, കേശവദേവ്, മലയാറ്റൂർ, സക്കറിയ, മുകുന്ദൻ, ഒ.എൻ.വി, ഒ.വി.ഉഷ, സി.രാധാകൃഷ്ണൻ സുഗതകുമാരി തുടങ്ങി മലയാളത്തിലെ പ്രശസ്തരും പ്രഗത്ഭരുമായ സാഹിത്യകാരന്മാർക്കായി 2000-ത്തിലധികം പുസ്തക കവറുകൾ, ഡി.സി. പ്രഭാത്, കറൻറ്, എസ്.പി.എസ്.എസ്, സാഹിത്യ അക്കാദമി, എം.ജി.യൂണിവേഴ്സിറ്റി തുടങ്ങിയ പുസ്തകശാലകൾക്കായി ഉദയകുമാറിൻറെ കലാവിരുതിൽ രൂപം കൊണ്ടിട്ടുണ്ട്.

    എൻ.സി.ഇ.ആർ.റ്റി. ദേശീയ അവാർഡും, ഭീമാ ബാലസാഹിത്യ അവാർഡും ഉദയകുമാറിനെ തേടിയെത്തിയിട്ടുണ്ട്.

   കോട്ടയത്ത് ഡി.സി. ബുക്സ് -കേരളാ ലളിതകലാ സാഹിത്യ അക്കാദമി ഹാളിൽ  ആഗസ്ത് 31-ന് , മലയാള മനോരമ അസോസിയേറ്റ് എഡിറ്റർ ശ്രീ. ജോസ് പനച്ചിപ്പുറമാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. ശ്രീ.കാനായി കുഞ്ഞുരാമൻ, കേരളാ സംഗീതനാടക അക്കാദമി വൈസ് ചെയർമാൻ ശ്രീ.ജോഷി മാത്യു, ശ്രീ.മാടവന ബാലകൃഷ്ണ പിള്ള, ശ്രീ. പി. രാജേഷ്കുമാർ തുടങ്ങിയവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.

     2013 സെപ്തംബർ 7-ാം തീയതിവരെ നടക്കുന്ന ഈ പെയിൻറിംഗ് എക്സിബിഷനിൽ നിങ്ങളേവരും പങ്കെടുക്കണമെന്ന് ഒരു സാധാരണ ആസ്വാദകനെന്ന നിലയിൽ അഭ്യർത്ഥിക്കുന്നു. ഏവർക്കും കോട്ടയത്തേക്കു സ്വാഗതം.




No comments: