Ettumanoor Visheshangal

Monday, February 11, 2013

വിനയചന്ദ്രന്‌ ഏറ്റുമാനൂര്‍ വിശേഷങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.





കവി വിനയചന്ദ്രന്‍ വിടവാങ്ങി.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കോട്ടയം മഹാത്മാ ഗാന്ധി യൂനിവേഴ്സിറ്റി,  സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ -ല്‍ അദ്ധ്യാപകനായിരുന്നു.
വീട്ടിലേക്കുള്ള വഴി, സമയമാനസം,ഡി.വിനയചന്ദ്രന്റെ കവിതകള്‍  സമസ്തകേരളം പി.ഒ , നരകം ഒരു പ്രേമകവിതയെഴുതുന്നു ,തുടങ്ങിയവയാണ് പ്രധാന കൃതികള്‍ .കവിതകള്‍ കൂടാതെ ചെറുകഥകളും നോവലുകളും രചിച്ചിട്ടുണ്ട്.മറ്റു ഭാഷകളില്‍ നിന്നും കവിതകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

വിനയചന്ദ്രന്റെ മരണത്തില്‍ കാവ്യലോകത്തോടൊപ്പം , ഏറ്റുമാനൂര്‍ വിശേഷങ്ങളും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.


 (courtsey : ഗൂഗിള്‍ ഡോക്യുമെന്റ്) 



Saturday, February 9, 2013

നീതിയുടെ തുലാസ്


കവിളുകളില്‍ നിന്ന് ഒഴുകിയ കണ്ണീര്‍ പുഴയില്‍
ജീവിതം ഒരു കൊച്ചുതോണി പോലെ-
നട്ടുച്ചയ്ക്കിരുട്ടു ബാധിച്ച ഒരു നിമിഷത്തില്‍
മനസ്സിലെ വന്യമൃഗം കാമജ്വരബാധിതനായി
മുക്രയിട്ടു,  കുതിചുചാടി അര്‍മാദിച്ചു
നിന്നെ നുകര്‍ന്നപ്പോള്‍ ഇല്ലാതായത്
 ആത്മാവായിരുന്നു; ജ്വരബാധിതമായി
പിടയുന്ന നിന്റെ ആത്മാവ്.

കവിളുകളില്‍ നിന്ന് ഒഴുകിയ കണ്ണീര്‍ പുഴയില്‍-
ചുമന്നിരുന്ന പാപത്തിന്റെ ഭാരമൊഴുക്കി; 
തീപാറുന്ന മധ്യാഹ്നത്തിന്റെ തീച്ചൂളയില്‍
എന്റെ അഹന്തയുടെ മേല്‍വസ്ത്രം ഉതിര്‍ന്നു വീണു;
ഞരമ്പുകളില്‍ ഒഴുകിയ കുറ്റബോധത്തിന്റെ
നിണമൊഴുക്കില്‍ ബാധിച്ച നീല നിറം
പടര്‍ന്നിരുന്നതുമാത്രം
ഒഴിവാക്കാനായില്ല.

കവിളുകളില്‍ നിന്ന് ഒഴുകിയ കണ്ണീര്‍ പുഴയില്‍-
നെഞ്ചകം പൊട്ടുകയായിരുന്നു 
നിന്നെ വേശ്യ , വേശ്യ  എന്ന് വിളിച്ചക്ഷേപിച്ചപ്പോള്‍

നിന്റെ കന്യാകാത്വം നശിപ്പിച്ച നരാധമന്‍
എന്ന പിടച്ചിലില്‍ ഉരുകകയായിരുന്നു;
നിന്റെ നീതിയുടെ തുലാസിന്റെ
സൂക്ഷിപ്പുകാരന്‍ ഞാനായിരുന്നു
എന്നത് തികച്ചും യാദൃശ്ചികം മാത്രം!



Thursday, February 7, 2013

ഈ ആത്മാവിനു ആരാണ് കൂട്ട് ?


ഇരുട്ടിന്റെ വഴിയിലെ നീലവെളിച്ചത്തിലേക്ക് 
നീലിമ ലോകത്തിന്റെ മടിയില്‍
നിന്നും കോണി കയറി യാത്ര തുടങ്ങി....
അച്ഛന്റെ കരുതലും അമ്മയുടെ വാത്സല്യവും
അനുജന്റെ കിന്നാരവും ഒക്കെ നീലിമ മറന്നു
ഇരുട്ടില്‍ നിഴലുകള്‍ പരസ്പരം തമ്മില്‍ പുണരുകയും
സീല്ക്കാരമുതിര്‍ക്കുകയും ചെയ്തു
നീലിമയുടെ ശ്വാസവേഗങ്ങള്‍ ഉയരുകയും
തനിക്കുച്ചുറ്റും  ഉയരുന്ന താപത്തിന്റെ വലയങ്ങള്‍
തന്നെ ആലിംഗനം  ചെയ്യുന്നതും അവളറിഞ്ഞു
നീലവെളിച്ചം തന്റെ പ്രജ്ഞയെ ചൂഴ്ന്ന്
ബോധമണ്ഡലത്തില്‍ മറ്റേതോ ലോകത്തിന്റെ
കാഴ്ചകള്‍ തനിക്കായി ഒരുക്കുന്നതും
എപ്പോഴോ അവളറിഞ്ഞു
സ്വാതന്ത്ര്യത്തിന്റെ ചിറകുകള്‍  ഇതാണോ
എന്ന് അവളിലെ സന്ദേഹി ഇടക്കെങ്കിലും
പുരികം ചുളിച്ചു
തന്റെ ശരീരം തന്റെ മാത്രമാണെന്നും
താന്‍ മാത്രമാണ് അതിന്റെ ഉടമയെന്നും
പഠിച്ച പാഠങ്ങള്‍ അവള്‍ മറന്നു.
എപ്പോഴാണ് നീലവെളിച്ചത്തില്‍ നിന്നും
ചിലന്തിയുടെ നീണ്ട കാലുകള്‍ തന്നെതേടി
എത്തിയെന്ന് അവള്‍ക്കോര്‍ക്കനായില്ല.
തന്റെ ശരീരം അതിന്റെ കയ്യിലെ
വെറുമൊരു കളിപ്പാട്ടമായി
മാറുന്നത് അവള്‍ ഞെട്ടലോടെ അറിഞ്ഞു.
തനിക്ക്‌  അതിന്റെ അറപ്പുളവാക്കുന്ന
അരമുള്ള കയ്യുകളില്‍ നിന്നും
രക്ഷപെടാന്‍ കഴിയാത്തത് എന്തുകൊണ്ടാണ് ;
കീഴ്പെടുത്തപ്പെട്ട
ഇരകള്‍ക്ക് കീഴടുക്കുന്നവനോട് ഉണ്ടാകുന്ന
ആശ്രിതത്വമാണോ തന്റെ തളര്‍ച്ചക്കു കാരണം.
ഇരുട്ടില്‍ നിന്നും അമ്മയുടെയും അച്ഛന്റെയും
കുഞ്ഞനുജന്റെയും നിലവിളിയും,
തന്നെ വിളിച്ചു കൊണ്ടുള്ള
അവരുടെ കരച്ചിലും രക്ഷപെടുന്നതിനു
അവളുടെ മനസ്സിനെ പ്രേരിപ്പിചെങ്കിലും
നീലവെളിച്ചത്തില്‍   തന്നെ കെട്ടിവരിഞ്ഞ
ചിലന്തിയുടെ കരങ്ങളില്‍ കിടന്നു
ശ്വാസം മുട്ടി പിടയാന്‍ മാത്രമേ നീലിമക്കായുള്ളൂ.
ഉണര്‍ച്ചയുടെ ഏതോ നിമിഷത്തില്‍
താന്‍ ഏതോ അകലങ്ങളിലേക്ക്
പറന്നകലുന്നത് അവള്‍ അറിഞ്ഞു...
അപ്പോഴും അങ്ങകലെ നിന്നും
ഒരു നേര്‍ത്ത തേങ്ങല്‍ പോലെ
നീലിമയുടെ അച്ഛന്റെയും അമ്മയുടെയും
കുഞ്ഞനുജന്റെയും നിലവിളി
ഒരു തേങ്ങലായി , പിന്നെ ഒരു ഞരക്കമായി..
പിന്നെ ഒരു മൂളലായി... പിന്നെ .. പിന്നെ
ശൂന്യതയുടെ താളമായി അവളെ പിന്തുടര്‍ന്ന് കൊണ്ടേയിരുന്നു.



  

Monday, February 4, 2013

കടല്‍ അലറി വിളിക്കുന്നത്‌ എന്തിനാണ്?


കടല്‍ത്തീരത്ത്‌ ചാകര ഉണ്ടാകുന്നത്
പ്രവചിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചത് ആരെന്നറിയില്ല.
മൂടപടമിട്ട , മുഖം മറച്ച സദാചാരക്കാര്‍ നുഴഞ്ഞു കയറിയത്
മാസ് ഹിസ്റ്റിരിയ ബാധിച്ച  ജനതയുടെ ഇളകിതെറിച്ച
ആണി പഴുതുകളിലേക്കായിരുന്നു.
കടല്‍ അലറി വിളിക്കുന്നതും ആള്‍ക്കൂട്ടത്തിനു ഹിസ്റ്റീരിയ
ബാധിച്ചു ആരവത്തോടെ തെരുവിലിറങ്ങുന്നതും 
ആര്‍ക്കു പ്രവചിക്കാനാവും?

പ്രണയ തീരത്ത് നിന്നും കമിതാക്കള്‍ സ്ഥലമൊഴിഞ്ഞു കഴിഞ്ഞു
രാത്രിവണ്ടിയില്‍ പുരോഗമനവാദികള്‍ സ്ഥലം കാലിയാക്കി.
'എന്റെ രാത്രികാല ജീവിതം' എന്ന പുസ്തകം പ്രീ-പബ്ലിക്കെഷനില്‍
പ്രസിദ്ധീകരിച്ചു വിറ്റവര്‍ മറ്റിടങ്ങളിലേക്ക്
മറ്റു തൊഴിലുകള്‍ക്കായി  കൂട്ടപലായനം ചെയ്തു.

താലിമാല അണിയാതെ  മുദ്രമോതിരം അണിയാതെ
ജീവിത പങ്കാളികള്‍ ആയവര്‍  കുട്ടിച്ചാത്തന്‍ കാവിലെ
കല്‍വിളക്കില്‍ എണ്ണയൊഴിച്ച് കാളി-കൂളി , മറ്റു
ഭൂതഗണങ്ങള്‍ എന്നിവരെ ഉള്ളുരുകി വിളിച്ചു.
നെറ്റിയില്‍ തങ്ങള്‍ ഇണപിരിയാതെ ജീവിക്കാന്‍
കച്ചകെട്ടിയവരെന്നു തെളിയിക്കുന്ന
ചിന്ഹങ്ങള്‍ വരച്ചു ചേര്‍ത്തു .
തങ്ങള്‍ അന്യോന്യം ബന്ധിതരാണെന്നു
അവര്‍ സ്വയം സാകഷ്യപ്പെടുത്തികൊണ്ടിരുന്നു.

താമരത്താളില്‍  കള്ളുകുടിച്ചതിനെക്കുറിച്ചും,
കുടിച്ചു കുന്തംമറിഞ്ഞതിനെക്കുറിച്ചും,
പുലഭ്യം പറഞ്ഞു കഴിയുന്ന
ശ്ലോകങ്ങള്‍ രചിച്ചവര്‍

സൂകരപ്രസവം പോലെ
സ്വന്തം ആത്മഭാഷണങ്ങള്‍
എഴുതി തള്ളി.

സദാചാരക്കാര്‍, കണ്ണുമിഴിച്ചപ്പോള്‍
ചെങ്കോലും കിരീടവും
താഴെവെച്ചു തിരുമനസ്സ്
ഉല്ലസിക്കാനായി വേട്ടമൃഗങ്ങളെ
തേടി 'ആരണ്യകാണ്ഡം '
മുഴുമിപ്പിക്കാനായി
യാത്രതിരിച്ചു.
ചോദ്യം ഉത്തരം കിട്ടാതെ
ഇപ്പോഴും അവശേഷിക്കുന്നു;
കടല്‍ അലറി വിളിക്കുന്നത്‌ എന്തിനാണ്?
 






Wednesday, January 30, 2013

കാത്തിരിപ്പ്


കാലമെത്ര കടന്നു പോയി, കാത്തിരിക്കുന്നൂ
ഏറെ നാളുകളെണ്ണിയെണ്ണി  മനംമടുത്തല്ലോ
ദൂരമെത്ര കടന്നു ഞാന്‍, വഴിനീളെ നീളുമ്പോള്‍
കാതമിനി ഞാനെത്രതാണ്ടണം ലക്‌ഷ്യമെത്തീടാന്‍

അമ്മതന്‍ മണിക്കുട്ടനായി ഞാന്‍ നടന്നപ്പോള്‍
തെല്ലുപോലും ഓര്‍ത്തതില്ല  ഏകനാണെന്ന്
കാത്തുവെച്ചോരിളംനിലാവിന്‍ കുളിര്‍മ്മപോലെവേ
ഓര്‍ത്ത്തിടുന്നു പഴയകാല സ്മൃതിതാളങ്ങള്‍
പൂത്തുനില്‍ക്കും പൂവാടിതന്‍ സൗന്ദര്യമായി
ബാല്യകാലമെന്റെ മനസ്സിലോടിയെത്തുന്നൂ .

ഞാനുമെന്റെ കൂട്ടുകാരും ഒത്തുചേര്‍ന്നുള്ള
ജീവിതത്തിലെ  നിറച്ചാര്‍ത്തിന്‍  ഉത്സവമേളം
 ഞങ്ങള്‍ പാടിയ പാട്ടുകള്‍ തന്‍ മാധുര്യത്തില്‍
ഇന്നുമെന്റെ മനസ്സാകെ കുളിരുകോരുന്നു.
വന്മ്പനമാരില്‍ മുന്‍പനായി നിന്നോരാക്കാലം
ഇമ്പമേറിയ  യുവത്വത്തിന്‍  പുഷ്കലകാലം .

എന്റെ  ജീവിതനാടകത്തിന്‍  തിരനോട്ടത്തില്‍
മുഖം കാണിച്ചൊളിച്ചുപോയസുന്ദരിയെവിടെ 
കാലമെത്ര കഴിഞ്ഞാലും ഞാന്‍ മറക്കുവതെങ്ങനെ
കാമിനി നിന്‍ ചേലൊത്ത   സുന്ദരരൂപം

ജീവിതത്തില്‍  നിറം ചാര്‍ത്തിയയോര്‍മ്മകളായി   
അരുമയാമെന്‍കുട്ടികളുടെ കുസൃതികള്‍ കാണ്‍കെ.
പ്രിയതമതന്‍ സ്നേഹത്തിലലിഞ്ഞ  കാലം
കുടുംബജീവിതനാഥനായിഞാന്‍  വാണോരാ  കാലം.

ജീവിതത്തിന്‍ സായന്തനമെത്തിയ കാലം

വേര്‍പാടിന്‍ വേദനയുമായ് ഞാന്‍ കഴിയുമ്പോള്‍
ആശ്വാസ കിരണമായി നീ വരികയില്ലേ,
കാത്തു കാത്തു ഞാനിവിടെ വസിച്ചീടുന്നു
എന്റെയോര്‍മ്മകള്‍, എന്റെജീവിത-
പ്പാതയില്‍ വീഴ്ത്തും സുവര്‍ണ്ണനാള
പ്രകാശവീചികളെന്നെപൊതിയുന്പോള്‍ 
ഞാന്‍ കൊതിച്ചോരാ ജീവിതത്തിന്‍
ലകഷ്യമായെന്നോ  ; ഞാനെത്തിയോ
കാത്തിരിപ്പിന്‍ അന്ത്യമായെന്നോ 
എന്റെ കാത്തിരിപ്പെന്റെ മാത്രം
സ്വകാര്യമായി ഞാന്‍; എത്രകാലം
മനസ്സില്‍ കാത്തു കാത്തിരുന്നെന്നോ
ഇന്ന് ഞാനറിയുന്നു
എന്റെ കാത്തിരിപ്പിന്റെ,
തീര്‍ച്ചയുള്ളോരവസാനം 
എത്രപേര്‍   കൊതിച്ചു!





 
 









 


 

Saturday, January 12, 2013

നാഴികമണിയുടെ നാക്കിന്തുമ്പത്ത് ആടുന്നത് ആരുടെ നാവ് ?


നാഴികമണിയുടെ നാക്കിന്തുമ്പത്ത്
ആരുടെയോ നാക്കിരുന്നാടുന്നു

പുതുവേഷം കെട്ടി, ചെങ്കോലും
കിരീടവും ചൂടി  തമ്പ്രാക്കള്‍
കോരന് കഞ്ഞി വിളമ്പുന്നു.
 കുഴികുത്തി ഇല പാകി
അതില്‍ത്തന്നെ കോരന്‍ കഞ്ഞി കുടിക്കട്ടെ
തമ്പ്രാന്റെ കുഞ്ഞിന്റെ പശിയടക്കാന്‍
കോരന് തമ്പ്രാന്റെ തോട്ടത്തില്‍
എല്ലുമുറിയെ പണി
പെറ്റ കുഞ്ഞിന്റെ  കരച്ചിലടക്കാന്‍
കോരന്‍ തന്റെകുഞ്ഞിന്റെ വായില്‍
നെല്ലിന്‍മണി തിരുകി കാത്തിരിക്കുന്നു

നാഴികമണിയുടെ നാക്കിന്തുമ്പത്ത്
ആരുടെയോ നാക്കിരുന്നാടുന്നു

വാലിനു തീപിടിപ്പിച്ചു
കുഞ്ഞിക്കോരന്മ്മാരെ  വേദനയില്‍
നെട്ടോട്ടമോടിക്കുന്നത്
തമ്പുരാന്റെ കുസൃതി
മാംസം വെന്തുപൊള്ളുമ്പോഴും
തമ്പുരാന്‍ വാഴ്ക എന്നാര്‍ത്തു
പാടുന്നവര്‍ക്ക് പട്ടും  വളയും
പൊന്‍ നാണയവും തമ്പുരാന്‍ വക!

നാഴികമണിയുടെ നാക്കിന്തുമ്പത്ത്
ആരുടെയോ നാക്കിരുന്നാടുന്നു

മകന്‍ ചത്താലും വേണ്ടില്ല
മരുമകളുടെ കണ്ണീരു കണ്ടാല്‍
മതിയെന്നത് പഴമൊഴി
മകന്റെ മാത്രമല്ല മരുമകളുടെയും
ചിതയിലെ തീകണ്ടാലെ അടങ്ങൂ
എന്നത് പുതുമൊഴി.

നാഴികമണിയുടെ നാക്കിന്തുമ്പത്ത്
ആരുടെയോ നാക്കിരുന്നാടുന്നു

കോരന്റെ  മുതുകിന്റെ കൂന്
അല്പം നിവര്‍ന്നുവോയെന്നു
തമ്പുരാന്റെ സംശയം
സംശയം തീര്‍ക്കാന്‍ ഇനി
കല്പിക്കുംവരെ
കോരന്‍ കുനിഞ്ഞു തന്നെ
നില്‍ക്കട്ടെ എന്ന്
തമ്പുരാന്റെ കല്പന.

നാഴികമണിയുടെ നാക്കിന്തുമ്പത്ത്
ആരുടെയോ നാക്കിരുന്നാടുന്നു

നിന്ന് നിന്ന് കുനിവുകൂടിയ
കോരന്റെ ആസനത്തില്‍
മുളച്ച ആലിന്ചോട്ടില്‍
തമ്പുരാന്റെ അമൃതേത്.

നാഴികമണിയുടെ നാക്കിന്തുമ്പത്ത്
ആരുടെയോ നാക്കിരുന്നാടുന്നു
നാഴികമണിയുടെ നാക്കിന്തുമ്പത്ത്
കോരന്റെ നാക്കിരുന്നാടുന്നു.
ആര്‍പ്പു വിളിക്കാനും
ആരവം മുഴക്കാനും
മറ്റു  കോരന്മാര്‍
കാത്തു നിലക്കുമ്പോള്‍
ഈ മൂപ്പന്‍ കോരനെ
ആര്‍ക്കു വേണം!





















Tuesday, January 1, 2013

മനുഷ്യാ എന്നാണ് നിന്റെ ശ്രാദ്ധം?

 കാടിളക്കി വരുന്നൊരു കേമന്‍
കനല്‍ക്കത്തും വഴിയുടെ നടുവേ
കുരുതിക്കളമൊന്നുമറിഞ്ഞു
നിണമൊഴുകും ചാലില്‍ക്കൂടി

നിലയെത്താതൊരു പാതാള
കുഴിയതു  ചാടിമറിഞ്ഞു
ആരാണീ   കേമന്‍ 
എത്തുവതീ വൃക്ഷച്ചോട്ടില്‍;
ഇലയില്ലാ ശിഖരവുമായി
നില്‌കൂന്ന മുരിക്കിന്‍ചോട്ടില്‍


നീയെന്തെങ്കിലും കഴിച്ചോ മോനേ? 
ഇല്ലമ്മേ;  എന്റെ ദു:ഖങ്ങള്‍ മാത്രം 
എനിക്കു  പാഥേയം.

കാനല്‍ജലം കോരിയെടുക്കാന്‍
ഞാനെത്ര ശ്രമിചെന്നോ
വയറെരിയും നേരം
മനസ്സില്‍,
ഭ്രാന്തിന്‍ പൂക്കള്‍വിടരുംപോള്‍
ആകാശം മേലാപ്പായി
മണല്‍കൂനകള്‍
മെത്തയതായി
കണ്ണില്‍ക്കത്തും
തീയായി സൂര്യന്‍
എന്നില്‍ കത്ത്തിജ്വലിക്കുംപോള്‍

പാടാതെ  നിന്നുടെ ദു:ഖം
കേള്‍ക്കാനായി ആരുണ്ടിവിടെ
നീ വന്ന വഴികള്‍പോലും
മുച്ചൂടും മുടിവതു കാണ്മാന്‍
നില്പതുനിന്റെ നിയോഗം.
നില്പതു   നിന്റെ നിയോഗം!

കാട്ടാറുകളൊക്കെവറ്റി
കുളിര്‍മഴയതെങ്ങോ  പോയി
മാമ്പൂക്കള്‍ വിരിഞ്ഞതുമില്ലാ
മഞ്ഞിന്‍കണം പെയ്തതുമില്ലാ
നീപെറ്റ വയറിന്‍ കാളല്‍
കേള്‍പ്പാനായ്  ആരുണ്ടിവിടെ
പശിയെരിയും വയറിന്‍
തേങ്ങല്‍ ഓര്‍ക്കാനായാരുണ്ടിവിടെ?
നീ പോകുക കാലം തീര്‍ത്ത
കൈവഴികള്‍ കേറിയിറങ്ങി
ഞാനിവിടെ ചരിത്രം കോറി
നൂറ്റാണ്ടുകള്‍ കണ്ണില്‍കണ്ട്
ശ്രാദ്ധം കൂടിടാന്‍ മനുഷ്യാ
നിന്റെ ശ്രാദ്ധം കൂടീടാന്‍ !
  
 .