Ettumanoor Visheshangal

Tuesday, February 26, 2013

മലയാളം മഹനീയം


മൃദുകരപല്ലവ കോമളഗാത്രം
തുടുതുടെ വിലസും പുഞ്ചിരിപൊഴിയും
കനകകാല്‍ത്തള താളം തുള്ളും
കമനീയം നിന്‍ രംഗവിലാസം
മലയാളം, മഹനീയം.

നിളയുടെ പാട്ടില്‍, അലിയും കാറ്റില്‍
തുഞ്ചന്‍ തീര്‍ത്തൊരു കാവ്യപ്രഭയില്‍,
പൈങ്കിളിനാദം കേള്‍ക്കും കാവില്‍
വന്നുപിറന്നൊരു മലയാളത്തെ
ചെന്നെതിരേല്ക്കുക നാം; എഴുതിരിയിട്ട
വിളക്കാല്‍ താലപ്പൊലിയൊടു, സ്വര്‍ണ്ണ
രഥത്തില്‍ തായമ്പകയൊടുകൂടിയെഴുത്തിന്‍
പുരയില്‍ കുടിവച്ചീടുക നാം.

മത്സരവേദിയതാകും വേളയില്‍;
കൂത്തു നടക്കും വേദിയില്‍ നിന്നും
ചാക്യാര്‍, നമ്പ്യാര്‍ ശ്രേഷ്ഠന്മാരവര്‍
തമ്മില്‍തൊഴുതു മടങ്ങീടുന്നു
ഉള്ളിലാഞ്ഞുതറയ്ക്കുന്നൊരുകഥ
തുള്ളല്‍ വരികളിലൂടെ നമ്പ്യാര്‍
ചൊല്ലിക്കേള്‍ക്കും വേളയിലീജനം
ഉന്മാദത്താലുലയുകയാണൊരു
തുള്ളല്‍പ്പാട്ടില്‍ ഉണരും ചിരിയില്‍.

വള്ളത്തോള്‍കവി തന്നുടെയിച്ഛയില്‍
കെട്ടിയുയര്‍ത്തിയ കലയുടെനൂപുര
നാദം ഉയരും, കേളിയുയര്‍ന്നൊരു
ആസ്ഥാനത്തില്‍ വന്നു നമിക്കുക
നാട്യ-ലയകര-സംഗീതത്തില്‍
വന്നു രമിക്കുക, നിന്നു ലയിക്കുക.

ചങ്ങമ്പുഴയുടെയീരടിപാടി
കണ്ണീര്‍കഥകള്‍ കേട്ടുവിതുമ്പി
കാനനമേടുകള്‍ കണ്ടു മറന്നൊരു
നാട്യപ്രണയമതോര്‍ത്തു തിരഞ്ഞും
കാല്‍ത്തള നാദംപെയ്യും പുഴയുടെ
പാട്ടിലലിഞ്ഞു നിറഞ്ഞു മദിച്ചും

വഞ്ചിപ്പാട്ടിന്‍ താളംതുള്ളി
പെയ്യുന്നീ പെരുമഴയില്‍ നനഞ്ഞ്
കവിതകള്‍ചൊല്ലി വരുന്നതു
രാമപുരത്തു പ്രസിദ്ധന്‍ വാര്യര്‍

ഗുരുവിന്നേറെ പ്രിയനാം ശിഷ്യന്‍
ആശാന്‍ പാടിയ പാട്ടില്‍ നിറയും
കരുണയെഴും, പ്രിയ വാസവദത്തയെ
അറിയുക മനമതിലലിയുക നാം.
തേജസ്സാര്‍ന്നോരുപഗുപ്തന്നുടെ
പ്രഭയില്‍ വീണുമയങ്ങിയ ദേവീ
ലോകത്തിന്നുടെ ദു:ഖമകറ്റാന്‍
ധ്യാനിച്ചൊരുഗുണവാനെയറിയുക
വീണുകിടക്കും പൂവിന്‍ ദു:ഖം
ഉള്ളില്‍കൊത്തിവലിക്കുംപോലെ
പാടിയ-ചിന്നസ്വാമികള്‍ മുന്നിലേകുക
നല്ലനമസ്‌ക്കാരം നാം!

ഉള്ളൂരിന്നുടെയുജ്ജ്വല കവിതയില്‍
വിരിയും, കൈരളി നഭസ്സില്‍
വിടരും, പ്രഭതൂകികൊണ്ടൊരു
മാമലപൊങ്ങി നിവര്‍ന്നതു പോലെ
എന്‍ മലയാളം!

കേരളമാകെ നിറയട്ടെ, പുതുകവിതകള്‍
തീര്‍ക്കും പൂവിളി, യാര്‍ത്തു രസിച്ചു വിളിക്കും
ആര്‍പ്പും കുരവയുമായി കവികള്‍,
മലയാളത്തെ വരവേല്ക്കുമ്പോള്‍
ശ്രേഷ്ഠതമിന്നും പുതുവസ്ത്രത്തിലൊ-
രുങ്ങിയിറങ്ങുമൊരപ്‌സര സുന്ദരിയായണയും
മലയാളം, മഹനീയം!

4 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മംഗളദായകമായ മനോഹര വരികള്‍

സൗഗന്ധികം said...

മംഗളദായകമായ മനോഹര വരികള്‍

ശുഭാശംസകൾ....

maharshi said...

ചങ്ങമ്പുഴയുടെ കാവ്യ നര്‍ത്തകി എന്ന കവിത തിമിര്‍ത്തു ചൊല്ലിയ മധുസൂധനന്‍ നായര്‍ സാറിന്റെ ശബ്ദത്തില്‍ ചൊല്ലി കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കവിത.

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

വളരേ ഇഷ്ടപ്പെട്ടു ...........
ഒരുപക്ഷേ ഈ കവിത ചൊല്ലികെള്‍ക്കുവാന്‍ അതി മനോഹരമാവും .
മലയാളം ... മനോഹരം