Ettumanoor Visheshangal

Friday, February 15, 2013

വാഗ്‌ദേവത

ആകാശച്ചെരുവിലുദിച്ചൊരു
മഴവില്ലിന്‍ പ്രഭയായ് നീ
കാരുണ്യക്കടലായെന്നുടെ
ഉള്‍ക്കാമ്പിലുണരുക നീ

നീയാടും നര്‍ത്തന വേദിയില്‍
ഞാനിന്നു 'പിച്ച നടക്കേ'
ഇടറാതെയെന്നുടെ പാദം
കാത്തീടുക ദേവീ നിന്‍ കൃപ.

ഇരുള്‍മൂടിയ വഴിയില്‍ നിന്നും
കരകയറാന്‍ കൈത്താങ്ങാവുക
നീയെന്റെ ജീവിതവാടിയില്‍
തുണയേകാനണയുകയില്ലേ?

രാഗത്താല്‍ നിറയുന്നൊരു-
നല്‍ജീവിതമതു നീയേകീടുക
മനസ്സില്‍ നീ നാദസുധയായി
വാഗീശ്വരിയെന്നില്‍ നിറയൂ.

അഴലിന്‍ പൊരുള്‍ തേടിയിറങ്ങിയ
സിദ്ധാര്‍ത്ഥകുമാരന്നകമേ
അഴല്‍ നീക്കും ജ്ഞാനം നീ-
യവനോ ജ്ഞാനോദയ ബുദ്ധന്‍

എന്നില്‍നിന്നുയരും പാട്ടില്‍
കണ്ണീരിന്‍ നോവും നിനവും
ജീവിതമാം നാടകരംഗം
ആടുന്നു പല വേഷങ്ങള്‍

ജീവിതമൊരു കണ്ണീരാറായ്
കലിതുള്ളി പാഞ്ഞൊഴുകുമ്പോള്‍
അഭയത്തിന്‍ തോണിയുമായി
അരികില്‍ നീ വന്നീടില്ലേ?

വാഗര്‍ത്ഥപൊരുളായെന്നുടെ
കവിതയില്‍ നീ വന്നു വിളങ്ങുക
അഴല്‍ നീക്കുകയെന്നില്‍ നിന്നും
ആശ്വാസക്കുളിര്‍ കാറ്റാവുക.

കുടജാദ്രിയിലമരും ദേവീ
നിന്നരുകില്‍ ഞാനെത്തുമ്പോള്‍
സൗപര്‍ണ്ണികയായ് നീയേകും
സ്വാസ്ഥ്യം കുളിരായീടുന്നു.

വാഗ്ജാലംകൊണ്ടു നിറഞ്ഞ
ലോകത്തിന്‍ രക്ഷക്കായി
ജ്ഞാനത്തില്‍ പീഠം കയറിയ
വാഗീശ്വരനെവിടെപ്പോയ്?

ജ്ഞാനത്താല്‍ സംസാരത്തെ
വെന്നീടാനരുളുക ദേവീ
ജ്ഞാനാംബികേ വന്നു വിളങ്ങുക
വാഗീശ്വരി ദേവീയെന്നില്‍.
.....................








7 comments:

ajith said...

വാഗേശ്വരിയുടെ അനുഗ്രഹം

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

വാഗീശ്വരി വന്നു വിളങ്ങട്ടെ

സൗഗന്ധികം said...

അമ്മേ .. മൂകാംബികേ ...
പ്രസീദ .....പ്രസീദ .....

കവിത അതി മനോഹരം
അമ്മ അനുഗ്രഹിക്കട്ടെ ..

ശുഭാശംസകള്‍ .......

Satheesan OP said...

ഭാവുകങ്ങള്‍ .

AnuRaj.Ks said...

ആശംസകള്...

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

അഭിപ്രായങ്ങള്‍ എഴുതിയ അജിത്‌ , അമൃതം ഗമയ, സൌഗന്ധികം , സതീശന്‍ ഒപി , അനുരാജ് എന്നിവര്‍ക്ക് നന്ദി.

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

അഭിപ്രായങ്ങള്‍ എഴുതിയ അജിത്‌ , അമൃതം ഗമയ, സൌഗന്ധികം , സതീശന്‍ ഒപി , അനുരാജ് എന്നിവര്‍ക്ക് നന്ദി.