Ettumanoor Visheshangal

Thursday, February 7, 2013

ഈ ആത്മാവിനു ആരാണ് കൂട്ട് ?


ഇരുട്ടിന്റെ വഴിയിലെ നീലവെളിച്ചത്തിലേക്ക് 
നീലിമ ലോകത്തിന്റെ മടിയില്‍
നിന്നും കോണി കയറി യാത്ര തുടങ്ങി....
അച്ഛന്റെ കരുതലും അമ്മയുടെ വാത്സല്യവും
അനുജന്റെ കിന്നാരവും ഒക്കെ നീലിമ മറന്നു
ഇരുട്ടില്‍ നിഴലുകള്‍ പരസ്പരം തമ്മില്‍ പുണരുകയും
സീല്ക്കാരമുതിര്‍ക്കുകയും ചെയ്തു
നീലിമയുടെ ശ്വാസവേഗങ്ങള്‍ ഉയരുകയും
തനിക്കുച്ചുറ്റും  ഉയരുന്ന താപത്തിന്റെ വലയങ്ങള്‍
തന്നെ ആലിംഗനം  ചെയ്യുന്നതും അവളറിഞ്ഞു
നീലവെളിച്ചം തന്റെ പ്രജ്ഞയെ ചൂഴ്ന്ന്
ബോധമണ്ഡലത്തില്‍ മറ്റേതോ ലോകത്തിന്റെ
കാഴ്ചകള്‍ തനിക്കായി ഒരുക്കുന്നതും
എപ്പോഴോ അവളറിഞ്ഞു
സ്വാതന്ത്ര്യത്തിന്റെ ചിറകുകള്‍  ഇതാണോ
എന്ന് അവളിലെ സന്ദേഹി ഇടക്കെങ്കിലും
പുരികം ചുളിച്ചു
തന്റെ ശരീരം തന്റെ മാത്രമാണെന്നും
താന്‍ മാത്രമാണ് അതിന്റെ ഉടമയെന്നും
പഠിച്ച പാഠങ്ങള്‍ അവള്‍ മറന്നു.
എപ്പോഴാണ് നീലവെളിച്ചത്തില്‍ നിന്നും
ചിലന്തിയുടെ നീണ്ട കാലുകള്‍ തന്നെതേടി
എത്തിയെന്ന് അവള്‍ക്കോര്‍ക്കനായില്ല.
തന്റെ ശരീരം അതിന്റെ കയ്യിലെ
വെറുമൊരു കളിപ്പാട്ടമായി
മാറുന്നത് അവള്‍ ഞെട്ടലോടെ അറിഞ്ഞു.
തനിക്ക്‌  അതിന്റെ അറപ്പുളവാക്കുന്ന
അരമുള്ള കയ്യുകളില്‍ നിന്നും
രക്ഷപെടാന്‍ കഴിയാത്തത് എന്തുകൊണ്ടാണ് ;
കീഴ്പെടുത്തപ്പെട്ട
ഇരകള്‍ക്ക് കീഴടുക്കുന്നവനോട് ഉണ്ടാകുന്ന
ആശ്രിതത്വമാണോ തന്റെ തളര്‍ച്ചക്കു കാരണം.
ഇരുട്ടില്‍ നിന്നും അമ്മയുടെയും അച്ഛന്റെയും
കുഞ്ഞനുജന്റെയും നിലവിളിയും,
തന്നെ വിളിച്ചു കൊണ്ടുള്ള
അവരുടെ കരച്ചിലും രക്ഷപെടുന്നതിനു
അവളുടെ മനസ്സിനെ പ്രേരിപ്പിചെങ്കിലും
നീലവെളിച്ചത്തില്‍   തന്നെ കെട്ടിവരിഞ്ഞ
ചിലന്തിയുടെ കരങ്ങളില്‍ കിടന്നു
ശ്വാസം മുട്ടി പിടയാന്‍ മാത്രമേ നീലിമക്കായുള്ളൂ.
ഉണര്‍ച്ചയുടെ ഏതോ നിമിഷത്തില്‍
താന്‍ ഏതോ അകലങ്ങളിലേക്ക്
പറന്നകലുന്നത് അവള്‍ അറിഞ്ഞു...
അപ്പോഴും അങ്ങകലെ നിന്നും
ഒരു നേര്‍ത്ത തേങ്ങല്‍ പോലെ
നീലിമയുടെ അച്ഛന്റെയും അമ്മയുടെയും
കുഞ്ഞനുജന്റെയും നിലവിളി
ഒരു തേങ്ങലായി , പിന്നെ ഒരു ഞരക്കമായി..
പിന്നെ ഒരു മൂളലായി... പിന്നെ .. പിന്നെ
ശൂന്യതയുടെ താളമായി അവളെ പിന്തുടര്‍ന്ന് കൊണ്ടേയിരുന്നു.



  

6 comments:

സൗഗന്ധികം said...

ഈ ആത്മാവിനു ആരാണ് കൂട്ട് ?


ശുഭാശംസകൾ.......

Unknown said...

Syunnyathayute thalam

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

നീലിമയുടെ മാറ്റം ഒരു കഥയായി എഴുതിയിരുന്നെങ്കില്‍ ഒരു പക്ഷെ വളരെ നന്നായേനെ

AnuRaj.Ks said...

എന്തു പറ്റി നീലിമയ്ക്...ആരെങ്കിലും അവളെ....
കഥയായാലും കവിതയായാലും എഴുത്ത് ഇഷ്ടപ്പെട്ടു. ആശംസകള്

sakeer puthan said...

ആര് പറഞ്ഞു വിഷയ ദാരിദ്രം ഉണ്ടെന്ന്
നല്ല ഭാവന ആശംസകള്‍

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

അഭിപ്രായങ്ങള്‍ എഴുതിയ സൌഗന്ധികം , അജിത്‌ , അനൂപ്‌ കോതനല്ലൂര്‍ , അമൃതംഗമയ , അനുരാജ്, സകീര്‍ പുത്തന്‍ നിങ്ങള്ക്ക് നന്ദി. തുടര്‍ന്നെഴുതുന്നതിനു നിങ്ങളുടെ വാക്കുകള്‍ എനിക്ക് പ്രചോദനമാണ്. അഭിപ്രായം അനുകൂലമായാലും, വിമര്‍ശനമായാലും. ഇനിയും എന്റെ വാക്കുകള്‍ക്കു കരുത്തായി നിങ്ങള്‍ ഉണ്ടാകുമെന്ന് കരുതുന്നു.