Ettumanoor Visheshangal

Monday, July 8, 2013

സൗഹൃദം?

നിറഞ്ഞ കണ്‍കളിൽ വിരിഞ്ഞ സൗഹൃദം
മതിവരാതെ നീ മറഞ്ഞതെന്തിനായ്
കുളിർനിറഞ്ഞ നിൻ മന്ദഹാസത്തിൽ
വിരിഞ്ഞിതെൻ നെഞ്ചിൽ മൗനമോഹങ്ങൾ

കാറ്റിലാടുന്ന പാഴ്മരത്തിന്റെ  നേർത്ത
ചില്ലയിൽ ജീവനാടുമ്പോൾ
കാത്തുവെച്ചൊരു മോഹപുഷ്പത്തിൻ
നേർത്ത മുള്ളുകൾ എന്നെ തേടുമ്പോൾ
നാട്ടിലെമ്പാടും പാടിടുന്നു നിൻ
സ്നേഹമന്ത്രത്തിൻ വൈഭവമേറെ

പാട്ടുമൂളുമീ പാഴ്മുളംതണ്ടിൽ
കേൾക്കുമീ ഗീതം നീ മറന്നുവോ?
ഓർക്കുവാൻ മാത്രം നിൻ മനസ്സിലെ
ഉള്ളറക്കുള്ളിൽ എന്മനമുണ്ടോ?

നേർത്തു പെയ്തോരാ മഴയിലന്നു നാം
കോർത്ത  കൈകളാൽ ചേർന്നുനിന്നതും
പൂത്തു നിന്നൊരാ വന്മരത്തിൻറെ
ചോട്ടിലന്നു നാം പുണർന്നു നിന്നതും

ഓർത്തിടുന്നു ഞാൻ എൻറെ മുന്നിൽ  നീ
കൂപ്പുകൈകളാൽ നിറഞ്ഞ  കണ്ണുമായ്
കിട്ടിടാത്തൊരു പെൻഷൻ പേപ്പറിൽ
ഒപ്പിടാനിന്നോരപേക്ഷയുമായി
വന്നു നില്പതെൻ യൗവനത്തിന്റെ
ചന്തമേറ്റിയോരംഗനാരത്നം!
നോക്കുവാൻ വയ്യ നിന്റെ കണ്‍കളിൽ
നാമ്പണഞ്ഞൊരു ജ്വാലതൻ ചിത്രം
ശോകനീർവറ്റി കുഴിഞ്ഞ കണ്‍കളിൽ
കാണ്മൂ ഞാൻ നിത്യദാരിദ്ര്യ ചിത്രം
ഓമലേ നീ മറന്നുവോയീ മുഖം
ഓർമ്മതൻ നേർത്തപുഞ്ചിരി പോലുമില്ല

നന്ദിചൊല്ലുന്നൂ സാറേ, നന്നായ് വരുമിത്ര-
പുണ്യപ്രവൃത്തിമറ്റൊന്നതില്ലാ-
വേഗം തന്നു സഹായിച്ചു പെൻഷൻ
ഇത്രയും ചൊല്ലിത്തൻ  പിഞ്ഞിയ സാരി-
തുമ്പിൽ തൂങ്ങിയ ബാലനുമായ്
എത്രയും  കൃതജ്ഞത നിറയും മുഖത്തോടെ
ചേമ്പറിൽ  നിന്നും ഇടറും പാദത്തോടെ
ഇറങ്ങി നടന്നു നീ;  ഖിന്നനായിരുന്നൂ ഞാനും!

പത്രാസ്സിൽ കറവീഴ്ത്താൻ സമ്മതിക്കാത്ത മനം
കുശലം  ചൊല്ലാൻ പോലും സമ്മതിച്ചതില്ലായിന്ന്
വിശ്വസിച്ചീടില്ലാ നിങ്ങൾ ഇത്ര കൃതഘ്നനോ?
പത്രത്താളിൽ നിറഞ്ഞുനില്ക്കും പുണ്യവാൻ!









 












3 comments:

AnuRaj.Ks said...

പഴയ കാമുകിക്ക് പെന്‍ഷന്‍ ശരിയാക്കിക്കൊടുത്തതില്‍ കഥാനായകന് ആശ്വസിക്കാമല്ലോ..

സൗഗന്ധികം said...

വളരെ വളരെ മനോഹരമായി എഴുതിയിരിക്കുന്നു.ലളിതമായ പദവിന്യാസത്തിലൂടെ സന്ദർഭം അനുവാചക മനസ്സിലെത്തിച്ചിരിക്കുന്നു.

അഭിനന്ദനങ്ങൾ

ശുഭാശംസകൾ...

കല്യാണിക്കുട്ടി said...

very nice...........................