Ettumanoor Visheshangal

Wednesday, August 21, 2013

ചൊൽക്കാഴ്ച

പൊട്ടിപ്പൊളിഞ്ഞ ജീവിതം
അവസാനത്തെ ആണിക്കല്ലും ഇളക്കിയെടുത്ത്
തകർന്ന തറവാട്
ലാഭനഷ്ടങ്ങളുടെ കണക്കുകൾക്കിടയിൽ,
രക്തബന്ധങ്ങളുടെ വിലമറന്ന്
ഒരു തെരുവുപട്ടിയെപ്പോലെയണച്ചണച്ച്
ആരോടും മനസ്സിൽ, ഒരിറ്റു സ്നേഹമില്ലാതെയങ്ങനെ!
****************
മുട്ടിയുരുമ്മി ചക്കരവർത്തമാനം പറഞ്ഞ്
സിരകളിൽ സുനാമിയുടെ
തിരമാലകളുയർത്തിയവൾ,
ഇടുക്കുകളിൽ സീൽക്കാരത്തോടെ
തുളഞ്ഞുകയറിയവൾ
ഏകാന്തതയുടെ ദ്വീപിൽ
ജീവിതം കുന്നിമണിപോലെ
വാരി വിതറിയവൾ
ചുറ്റിലും ആരവമുയർന്നപ്പോൾ
ചിണുങ്ങിക്കൊണ്ടവൾ പറഞ്ഞു
എന്നാലും, എന്നോടിങ്ങനെ......
****************
ദേഹത്തു വ്രണങ്ങൾ പൊട്ടി
ചലമൊലിപ്പിക്കുന്ന ദേഹകാന്തിയുമായി
അവൾ!
മേദസ്സു നിറഞ്ഞ ശരീരം
ഒരിക്കൽ പോലും മനസ്സാ വാചാ
കർമ്മണാ തിരിഞ്ഞു
നോക്കിയില്ലെങ്കിലും,
ആർക്കും വേണ്ടാത്ത ആ
ശരീരം വിലപിച്ചു നടന്നു
എന്നാലും നീയെന്നോട്..
***************
രാത്രിയുടെ തണുപ്പിൽ
ചുറ്റിവരിയുമ്പോൾ
അവൾ പറഞ്ഞു
നിന്നെ ഞാൻ തിന്നും!
പിരിയുമ്പോൾ പറഞ്ഞു
നിൻറെ, സാമീപ്യമില്ലാതെ,
സ്പർശനമില്ലാതെ, ഗന്ധമില്ലാതെ
എനിക്ക് നിന്നെ സ്നേഹിക്കാനാവില്ല
നമ്മൾ എന്നെന്നേക്കുമായി പിരിയുന്നു.
************
ചൊൽക്കാഴ്ച അരങ്ങുതകർക്കുകയാണ്,
അർത്ഥങ്ങൾ തിരഞ്ഞ് ആസ്വാദകൻ അലയുമ്പോൾ
ഇടയ്ക്കയും,പുല്ലാങ്കുഴലും, ഇലത്താളവും, ചേങ്ങിലയും
ചെണ്ടയും, കൊമ്പും, കുഴലും താളലയഭംഗിയില്ലാതെ
ആർത്തലയ്ക്കുകയാണ്.
ഈ ജീവിതമൊരു  ചൊൽക്കാഴ്ച!









 





5 comments:

രഘുനാഥന്‍ said...

ഈ ജീവിതമൊരു ചൊൽക്കാഴ്ച!
:)

AnuRaj.Ks said...

വെറുമൊരു ചൊല്‍ക്കാഴ്ച...

ajith said...

വെറുതെയല്ല ചൊല്‍ക്കാഴ്ച്ച

സൗഗന്ധികം said...

ജീവിതക്കാഴ്ച്ചകൾ..

നല്ല കവിത

ശുഭാശംസകൾ....

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

അഭിപ്രായങ്ങൾക്കു നന്ദി. രഘുനാഥൻ, അനുരാജ്, അജിത്,സൗഗന്ധികം നിങ്ങളുടെ പ്രോത്സാഹനം എന്നിലെ കവിക്ക് കിട്ടുന്ന അംഗീകാരമായി കരുതുന്നു. ഇനിയും നിങ്ങളുടെ വാക്കുകൾക്കായി കാതോർത്തിരിക്കുന്നു.