Ettumanoor Visheshangal

Tuesday, October 1, 2013

കാല്പാടുകൾ




കടൽക്കരയിൽ വെറും കാൽപ്പാടുകൾ മാത്രം
അന്തിച്ചെമ്മാനത്തിന് കൗതുകം
തോന്നുന്ന വിഷാദപ്പകർച്ച
കടലോരത്ത് അനാഥമായ
പാദരക്ഷയും ഊന്നുവടിയും
അങ്ങയെ, എവിടെയെല്ലാം തിരഞ്ഞു
സമയം നിലച്ച വാച്ചിൽ ടിക്ടിക്
ശബ്ദത്തിനു പകരം ഹേ രാമാ, രാമായെന്ന നിലവിളി.

മതസൗഹാർദ്ദസമ്മേളനത്തിനായി
നേതാക്കൾ അണിയറയിൽ ചായം പൂശുന്നു.
തെരുവോരത്ത് ബംഗാളികളും ആസ്സാമികളും
പൊരിഞ്ഞവെയിലിൽ
മണ്ണിൽ ആഞ്ഞു കിളയ്ക്കുന്നു.
തലചായ്ക്കാനും മരണമടഞ്ഞാൽ
കുഴിച്ചിടാനുമായി
ഒരു തുണ്ടു ഭൂമിക്കായി
മണ്ണിൻറെ മക്കൾ അലയുന്നു.

ഭൂതകാലത്തിൽ നിന്നെത്തുന്ന-
ആ വചനങ്ങൾ ഞങ്ങളെ പേടിപ്പെടുത്തുന്നു
ആ സ്ഥൈര്യം ഞങ്ങളെ അലട്ടുന്നു
ആ സത്യസന്ധത ഞങ്ങളിൽ ഞെട്ടലുളവാക്കുന്നു
ആ ജീവിതം ഞങ്ങൾ മറക്കാനും
മറയ്ക്കാനും ശ്രമിക്കുന്നു.

ഞങ്ങൾ ഭീരുക്കൾ
ഞങ്ങൾ ഒറ്റുകാർ
ഞങ്ങൾ സഹോദര ഘാതകന്മാർ
ഞങ്ങൾ ദേശത്തെ കാക്കാത്ത പരിഷകൾ
ഞങ്ങൾ അങ്ങയുടെ ആശയത്തെ
അലങ്കാരവും, ആഭരണവുമായണിഞ്ഞവർ

അല്ലയോ ഋഷിവര്യ ആ സൂര്യതേജസ്സിനു മുന്നിൽ
ഒരു മഞ്ഞുനീർകണമായി അലിഞ്ഞുതീരാൻ
ഇനിയെത്രകാലം കാത്തിരിക്കണം?

4 comments:

ajith said...

അല്ലയോ ഋഷിവര്യാ..!

സൗഗന്ധികം said...

നേതാക്കൾ അണിയറയിൽ ചായം പൂശുന്നു.

അതു മാത്രമേ നടക്കുന്നുള്ളൂ.

നന്നായി എഴുതി


ശുഭാശംസകൾ....

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

ഈ കവിതയിലൂടെ കടന്നുപോയതിനും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതിനും ajith, സൗഗന്ധികം എന്നിവർക്ക് നന്ദി രേഖപ്പെടുത്തുന്നു.

AnuRaj.Ks said...

Gandhi jayanthi asamsakal...