Ettumanoor Visheshangal

Tuesday, November 26, 2013

അവൾ നിന്നു കത്തുകയാണ്

കത്തുന്ന തീച്ചൂളപോലെയവൾ
ഒരോ രോമകൂപങ്ങളിലും കനൽ
എരിയുന്നു.

അവൾ
നിർത്താതെയോടിക്കൊണ്ടേയിരുന്നു.
ഒരു കടൽ കുടിച്ചു വറ്റിക്കാനുള്ള
ദാഹം.
രാവിൻറെയിരുണ്ട കോണുകളിൽ
ഇണക്കിളികളുടെ രാപ്പാട്ട്.
മനസ്സ് ഇണയെകാക്കുന്ന വന്യമൃഗത്തെപ്പോലെ
അലറുന്നു.

അവൾ നിന്നു കത്തുകയാണ്.
രാത്രിവണ്ടി തൻറെ ബലിഷ്ഠമായ
ശരീരം പാളങ്ങളിൽ ഉരസിക്കൊണ്ടു കുതിച്ചു
പായുന്നു.
തൻറെ ശരീരത്തിൻറെ ഓരോ അണുവിലൂടെയും
ആ തീവണ്ടി കുതിച്ചു
പാഞ്ഞിരുന്നെങ്കിൽ
എന്നവളാശിച്ചു.

കുഴഞ്ഞകൈകാലുകൾ
ഇടറിയ വഴുവഴുത്ത ശബ്ദം
ഒരോർമ്മത്തെറ്റുപോലെ....
മറന്നു തുടങ്ങിയ
കാലൊച്ചകൾ....
നെഞ്ചിലെ മണിച്ചരടിൽ
കോർത്ത ബന്ധനം,
താങ്ങാനാവാത്ത ഭാരം
പൊട്ടിച്ചു വലിച്ചെറിയുമ്പോൾ
മനസ്സ് ശൂന്യം
ത്ഫൂ......................

അവൾ നിന്നു കത്തുകയാണ്.
നീട്ടിയ ബലിഷ്ഠകരങ്ങളിൽ
അഭയം.
മനസ്സ്
വല്ലാതെ പിടഞ്ഞു.
എന്തിനെന്നറിയാതെ!
അപ്പോഴും അവൾ നിന്നു കത്തുകയായിരുന്നു.

5 comments:

ബൈജു മണിയങ്കാല said...

കത്തിയാൽ കെടും

ajith said...

എന്തിനാണവള്‍ നിന്ന് കത്തുന്നത്?!

MOIDEEN ANGADIMUGAR said...

വായിച്ചു.
മനാസ്സിലാകാത്തത് എന്റെ ന്യൂനതയാണ് .

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

നിന്നു കത്തിയെരിഞ്ഞമരുകയാണ് മിക്ക മനുഷ്യജന്മങ്ങളുടെയും അന്തിമവിധി. അവസാനത്തെയാളിക്കത്തലാവും മിക്ക ബന്ധങ്ങളുടെയും കുട്ടിക്കിഴിക്കലുകൾക്കിടയിലെ ബാലൻസ്. ഈ കവിതയിലൂടെ മണിയങ്കാല, അജിത്ത്, മൊയ്തീൻ അങ്ങാടിമുഗർ എന്നിവർക്ക് നന്ദി.

സൗഗന്ധികം said...

അഭയം അകലെ

നല്ല കവിത.

സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

ശുഭാശംസകൾ....