Ettumanoor Visheshangal

Wednesday, December 18, 2013

അടഞ്ഞ വാതിലുകൾക്കപ്പുറം

അടഞ്ഞവാതിലുകൾക്കപ്പുറം
നിന്നു കത്തിയുരുകുന്ന ശരീരങ്ങൾ
ഇരുളിൻറെ കൈപ്പിടിയിൽ നിന്ന് മനസ്സ്
കുതിച്ചു പായുകയും
ശരീരങ്ങൾ ബന്ധനങ്ങൾ വിട്ട്
ഏഴുകടലിനപ്പുറത്തേക്ക്
പായുകയും ചെയ്തു.

കുന്നിറങ്ങി
സമതലംകടന്ന്
അനന്തമായ കടലിൻറെ
ആഴങ്ങളിലേക്ക്
മത്സ്യകന്യകമാരുടെ
മാണിക്യകൊട്ടാരങ്ങളിലേക്ക്
കഥയുടെ കൈപിടിച്ച്
അവർ പടിയിറങ്ങി.

താരാട്ടിൻറെ ഈണംമൂളി
കൈതയോലക്കാവുകൾ പിന്നിട്ട്
പച്ചപ്പായൽ നിറഞ്ഞ
കുളത്തിൽ മുങ്ങിനിവരുമ്പോൾ
ശരീരത്തെ ചേർത്തുപിടിച്ച
മൃദുലതയിൽ കൗമാരത്തിൻറെ
വർണ്ണവിസ്മയങ്ങൾ പൂത്തു.

ഫ്ലാറ്റിൻറ ചുതരക്കള്ളികൾക്കുള്ളിൽ
ജീവിതം ചുറ്റിത്തിരിഞ്ഞ്
ഇളകിത്തെറിച്ചുപോകുന്ന
പമ്പരംപോലെ രാത്രിജീവിതം
നീലിച്ച സ്വപ്നങ്ങളുടെ ഗുഹാമുഖങ്ങൾ
കയ്യെത്തും ദൂരത്ത്
വിലക്കപ്പെട്ടകനി.

കുതിച്ചുപായുന്ന യാഗാശ്വം
കുളമ്പടിയുടെ തിരയിളക്കം
അന്യോന്യം ഉള്ളറിഞ്ഞതിൻറെ
ആകുലത.
മനസ്സിൽ തിളച്ചുമറിയുന്ന
സമസ്യകൾക്ക് അവധി.
അരുതുകളുടെ കയ്പ്.

വിലങ്ങുകൾ എവിടെയോ
പൊട്ടിത്തകർന്നു.
തിരയിളകി
കടലിളകി, കരചിരിച്ചു.
തിരയിളകി കടലെടുത്തു
കരചിരിച്ചു കഥയറിഞ്ഞു.
തിരയൊടുങ്ങി മലകയറി.

കത്തിജ്വലിക്കുന്ന ശരീരവും
മനസ്സുമായി അടഞ്ഞ
വാതിൽതുറന്ന് പുറംലോകത്തേക്ക്
തികച്ചും അപരിചിതരെപ്പോലെ
അവർ യാത്ര തുടർന്നു.

3 comments:

ajith said...

ക്ഷണനേരം കൊണ്ട് അപരിചിതം

ബൈജു മണിയങ്കാല said...

ഭാരമില്ലാത്ത ബന്ധങ്ങൾ ഭാരമിറക്കി ചുരം ഇറങ്ങി നടക്കട്ടെ ഒരു വഞ്ചനയുടെ ഭാരം പേറാതിരിക്കുവാൻ ഉടലിൽ ഉള്ള ഉയിരുകൾ ശ്രദ്ധിക്കട്ടെ

സൗഗന്ധികം said...

ദേ വന്നു...ദാ പോയീ...

നല്ല കവിത

സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.




ശുഭാശം സകൾ....