Ettumanoor Visheshangal

Friday, October 12, 2012

കേറ , ഗേറ -കെല്ല, ഗെല്ല     പൂത്തറയില്‍ നീലാണ്ടനാശാന്‍, ഞങ്ങള്‍ക്കൊക്കെ ആദ്യാക്ഷരം പകര്‍ന്നു തന്ന ആദ്യഗുരുനാഥന്‍.  ആശാനെക്കുറിച്ചു ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് തീക്ഷ്ണമായ ആ കണ്ണുകളും പഞ്ഞിയുടെ മാതിരി വെളുത്ത ആ തലയുമാണ്.ആശാന്റെ വീടിന്റെ ഉമ്മറത്താണ്‌ (കോലായ എന്നു വടക്കുള്ളവര്‍ പറയും) നിലത്തെഴുത്ത് കളരി നടത്തിയിരുന്നത് .

    ഘന ഗംഭീരമായ ആ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ ഉള്ളൊന്നു കിടുങ്ങും.ചെറിയൊരു കുടവയറും വെളുത്ത മുണ്ടും, വെളുത്ത മുടിയും,  ചെറുതെങ്കിലും തീക്ഷ്ണമായ കണ്ണുകളും ഒക്കെകൂടി ലക്ഷണമൊത്ത ഒരു  ഗുരുനാഥന്റെ ചിത്രമായി ആശാന്റെ രൂപം മനസ്സില്‍ നിറയുന്നു.

ഞായറാഴ്ച്ചകളില്‍ അതിരാവിലെ കാട്ടാതോട്ടില്‍ നിന്നും ബിനുവും, സജിയും, അജിയും  ഒക്കെയടങ്ങുന്ന സംഘം മണല്‍ വാരി  വെയിലതിട്ടുണക്കി  ചെറിയ ഡപ്പി കളില്‍  അത് വാരിനിറച്ച്, അടുത്ത ദിവസം    ചെറിയ ഒരു പായയും ചുരുട്ടി പിടിച്ചു ആശാന്റെ അരികിലേക്ക് പോയിരുന്നത് ഇന്നലെയെന്ന പോലെ ഓര്‍ക്കുന്നു.


   ഹരിശ്രീ...... എന്ന് തുടങ്ങി സ്വരാക്ഷരങ്ങളും,വ്യജ്ഞനാക്ഷരങ്ങളും , ഒക്കെ കടന്ന്, ആശാന്റെ കയ്യിലുള്ള പുളിവാറലിന്റെ ചൂടറിഞ്ഞ്,  ഞങ്ങളൊക്കെ അക്ഷരങ്ങള്‍ ഓരോന്നായി പഠിച്ചുതുടങ്ങി.

     നിലത്തു വിരിച്ചിട്ടുള്ള കൊച്ചു പായയില്‍ ഇരുന്ന്,  മുന്നില്‍ ഡപ്പികളില്‍ കൊണ്ടുവന്നിട്ടുള്ള  മണല്‍ തറയിൽ നിരത്തി അതില്‍ ചൂണ്ടു വിരല്‍  കൊണ്ട് അക്ഷരങ്ങള്‍ ഓരോന്നായി എഴുതി പഠിച്ചത് ഇന്നലെയെന്നവണ്ണം ഓര്‍ക്കുന്നു.

   ഇടയ്ക്ക്  തൊട്ടടുത്തിരിക്കുന്ന ആളിന്റെ മണല്‍ വാരിയതു ക്രമസമാധാനപ്രശ്നമായി മാറുമ്പോള്‍ ആശാനിടപെടുന്നതും  ചിലപ്പോള്‍ അടിവാങ്ങിക്കേണ്ടി വരുന്നതുമൊക്കെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു.

     ഇപ്പോഴും മലയാളമെഴുതുമ്പോള്‍ ആശാന്‍ മുന്നില്‍ വന്നു നിന്ന് ഇങ്ങനെയാണോ ഞാന്‍ പഠിപ്പിച്ചത് എന്ന് കണ്ണുരുട്ടി ചോദിക്കുന്നത് പോലെ തോന്നും.വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ആശാനും കളരിയും ഒക്കെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.

     ഞങ്ങളൊക്കെ കളരിയില്‍ പഠിക്കുമ്പോള്‍ ക്ര , ഗ്ര -ഇവയൊക്കെ ചൊല്ലി പഠിപ്പി ച്ചിരുന്നത് 'കേറ , ഗേറ  എന്നിങ്ങനെയായിരുന്നു.  അത് പോലെ ക്ല , ഗ്ല തുടങ്ങിയവ കെല്ല , ഗെല്ല എന്നിങ്ങനെയും. കുട്ടികള്‍ ഞങ്ങളെല്ലാവരും ചേര്‍ന്ന് കേറ , ഗേറ , ചേറ  എന്നൊക്കെ ഉച്ചത്തില്‍ ഒരുമിച്ചു ചൊല്ലി പഠിച്ചത് രസകര മായ ഒരനുഭവമായിരുന്നു. പിന്നീട് ഒന്നാം ക്ലാസ്സില്‍ ചെന്നപ്പോഴാണ് ക്ല , ഗ്ല എന്നിങ്ങനെ മാറി  ചൊല്ലി പഠിച്ചത് .

    സ്വരാക്ഷരങ്ങളും,വ്യജ്ഞനാക്ഷരങ്ങളും, കൂട്ടക്ഷരങ്ങളും അക്കങ്ങളും  പഠിച്ചു കഴിഞ്ഞാല്‍ അവസാനം 'ഓലവര' എന്നൊരു ചടങ്ങുണ്ട്.  ആദ്യമാദ്യം ആര് പഠനം പൂര്‍ത്തിയാക്കുന്നോ അവര്‍ക്ക് 'ഓലവര' നടത്താം.  അന്ന് ആ കുട്ടിയുടെ  വീട്ടില്‍ നിന്ന് വലിയ കുട്ടയില്‍ അപ്പം, അവല്‍വിളയിച്ചത്,  പഴം ഇവയൊക്കെ കുട്ടിയുടെ മാതാപിതാക്കള്‍ കൊണ്ട് വരും.'ഓലവര'യോടുകൂടി  ആ കുട്ടിയുടെ പഠനം പൂര്‍ത്തിയാകുന്നു. ആശാന് ദക്ഷിണയും കൊടുത്തു അവന്‍ പുതിയ ലോകത്തേക്ക് കടന്നു പോവുകയാണ്.  പുതിയ സ്കൂള്‍, കളിക്കൂട്ടുകാര്‍, പുതിയ അന്തരീക്ഷം ഇവയൊക്കെ അവനെ കാത്തിരിക്കുന്നു.

    ഞങ്ങളുടെയൊക്കെ  സമയം ക്കഴിഞ്ഞു രണ്ടു മൂന്നു കൊല്ലം കഴിഞ്ഞപ്പോള്‍ മഠം വക സ്കൂളിനോട് ചേര്‍ന്ന് പുതിയ  നഴ്സറി  സ്കൂള്‍ വന്നുവെന്നാണ് എന്റെ ഓര്‍മ്മ.  അങ്ങനെ എനിക്ക്  ശേഷമുള്ള കുറെയധികം കുട്ടികള്‍ക്ക് ആശാനും കളരിയുമൊക്കെ കേട്ടുകേള്‍വി മാത്രമായി ചുരുങ്ങി.  

     മലയാളം എന്ന് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍,  പിന്നീട് പല പ്രഗത്ഭരായ അദ്ധ്യാപകരും പഠിപ്പിച്ചെങ്കിലും, നീലണ്ടാനാശന്റെ മുഖമാണ് തെളിഞ്ഞു വരുന്നത് .  ആ സ്മരണക്കുമുന്നില്‍ ഒരുപിടി പൂക്കള്‍ അര്‍പ്പിച്ചുകൊണ്ട് ഈ ഓര്‍മ്മക്കുറിപ്പ്‌ ഇവിടെ അവസാനിപ്പിക്കുന്നു.


4 comments:

ഒരു യാത്രികന്‍ said...

ചില ഗുരുക്കന്മാര്‍ അങ്ങനെയാണ്, മനസ്സില്‍ മായാതെ നില്കും. നന്നായി........സസ്നേഹം

മുല്ല said...

നല്ല ഓർമ്മകൾ

കുഞ്ഞൂസ്(Kunjuss) said...

ആശാൻകളരികൾ അന്യം നിന്നപ്പോൾ, മറഞ്ഞുപോയത് ഒരു അക്ഷരസംസ്കാരം കൂടിയായിരുന്നു....

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

അഭിപ്രായങ്ങൾ രേഖപ്പെടുത്തിയവർക്കെല്ലാം നന്ദി രേഖപ്പെടുത്തുന്നു.