Ettumanoor Visheshangal

Tuesday, October 16, 2012

സന്തോഷിക്കാന്‍ എന്തെന്തു കാരണങ്ങള്‍........................

കാലും കയ്യും കൂച്ചുവിലങ്ങിട്ട് ഈ ഇരുട്ടുമുറിയില്‍
ഇടുന്നതിനു മുമ്പ് അവര്‍ ഒരു നല്ല കാര്യംചെയ്തു
മുമ്പില്‍ വെച്ചിരുന്ന പാത്രത്തില്‍ കുറെവെളളവും പിണ്ണാക്കും
ഇട്ടിരുന്നു; എത്ര നല്ല മനുഷ്യര്‍!

ഈ ഇരുട്ടറയില്‍ കൊണ്ടു വന്നിട്ട് ദിവസമെത്രയെന്നോ
ഇരുളന്നോ പകലെന്നോ ആര്‍ക്കറിയാം?
രാവിലെയും വൈകുന്നേരവും കൃത്യസമയത്ത്
അവര്‍ എത്തിച്ചേരും, ഭേദ്യം തുടരും;
എന്നാലും നല്ലവരാണു കേട്ടോ; കൊന്നില്ലല്ലോ!



സദാചാര പോലീസെത്രേ
സ്‌നേഹിച്ച പെണ്‍കുട്ടിയെ മറക്കണമെത്രേ:
മറന്നു , മറന്നു എന്നൊരു നൂറു വട്ടം പറഞ്ഞു
അവര്‍ക്കു വിശ്വാസം വരണില്ലാത്രേ:
സത്യം പറഞ്ഞാല്‍ സംഗതി കളവാണ്:
സ്‌നേഹിച്ചവര്‍ക്കല്ലേ മറക്കാന്‍ കഴിയൂ.
സംഗതി ചുറ്റിക്കളിയുണ്ടായിരുന്നത് സത്യം!

ഇപ്പോള്‍ പത്രത്തില്‍ പടവും വാര്‍ത്തയും
വന്നു കാണും; സ്‌നേഹിച്ച പെണ്ണിനൊത്ത്
നടു റോഡില്‍ നിന്ന യുവാവിനെ സദാചാര പോലീസ്
തട്ടിക്കൊണ്ടു പോയി
മനുഷ്യവകാശം, നിയമലംഘനം, പ്രണയിക്കാനുള്ള
മനുഷ്യന്റെ ജന്മാവകാശം, ഇവയുടെ കടയ്ക്കലല്ലേ
കത്തിവെച്ചിരിക്കുന്നത്
എത്രപേര്‍ ചൂട്ടും കത്തിച്ച് നട്ടുച്ചയ്ക്ക്
കീ ജെയ് വിളിച്ച് നമുക്കു വേണ്ടി ഘോരഘോരം
പ്രസംഗിക്കുന്നുണ്ടാവും
പെണ്‍കൊച്ച് വല്ലവരുടേയും
ആണെങ്കില്‍ നമുക്കെന്തു ചേതം!

പെണ്‍കൊച്ച്, എം.എസ്.സി. നേഴ്‌സിംഗ്;
രണ്ടു വര്‍ഷത്തിനുള്ളില്‍ ലണ്ടനിലേക്കു പോകും,
അമ്മയുമച്ഛനും, ഗസറ്റഡ് ഉദ്യോഗസ്ഥര്‍
ഒറ്റ മോള്‍; മനസ്സില്‍ ഒത്തരി മനക്കോട്ടകള്‍ കെട്ടി എന്നതു സത്യം
ചാറ്റിംഗിലൂടെ അവളെന്റെ മാനസക്കൊട്ടാരത്തിലെ
റാണിയായി കുറെ നാള്‍ വിലസിയെന്നതു സത്യം.

എന്നാലും ഇതു കുറെ കടന്ന കയ്യായിപ്പോയി
പെണ്ണാണെങ്കിലും കുറച്ചൊരു സത്യസന്ധതയൊക്കെ വേണ്ടേ?
അന്വേഷിച്ചു പിടിച്ചു ചെന്നപ്പോള്‍
10-ാം ക്ലാസ്സും മിഡൈ്വഫറി കോഴ്‌സും പാസ്സായൊരുത്തി.
അമ്മയും അചഛനും ക്വാറിയില്‍ കല്ലടിയ്ക്കാന്‍ പോകുന്നു.
മിഡൈ്വഫറി കഴിഞ്ഞപ്പോള്‍ സമയംപോക്കാന്‍ അടുത്തുളള
ഇന്റര്‍നെറ്റ് കഫേയില്‍ ജോലി നോക്കുന്നു. അവിടെ ജോലിക്കിടയില്‍
കിട്ടിയ സമയത്തല്ലേ, ഗസററഡ് ഉദ്യോഗസ്ഥരുടെ
മകളായി ;ചാറ്റിംഗിലൂടെഅവളെന്റെ മനസ്സിലേക്ക് ഇടിച്ചു കയറിയത്.

സത്യം പറഞ്ഞാല്‍ ഞെട്ടിക്കുന്ന വിവരം അതൊന്നുമായിരുന്നില്ല;
കേറിക്കിടക്കാന്‍ സ്ഥലമില്ലാത്ത അവളുടെ കുടുംബം
പുറമ്പോക്കിലാത്രെ താമസ്സം. എന്നാലും നല്ലാവളാ കേട്ടോ
സഹോദരങ്ങളുടെ എണ്ണം പറഞ്ഞ് എന്നെ പേടിപ്പിച്ചില്ലല്ലോ, 
അവളും കൂടി ചേര്‍ന്ന് 9 മക്കള്‍. അവളുടെ സമുദായക്കാര് കൂടുതല്‍ കുട്ടികളുണ്ടാവുന്നവര്‍ക്ക്   ഓരോ പ്രസവത്തിനും പാരിതോഷികം കൊടുക്കുന്നുണ്ടത്രേ! അവളുടെ കുടുംബവും ചായക്കട നടത്തുന്ന ആ വയസ്സന്റെ കുടുംബവും തമ്മിലാത്രേ ഇക്കാര്യത്തില്‍ മത്സരം! എത്ര നല്ല ഫാമിലി!

സത്യം പറഞ്ഞാല്‍ ഇക്കാര്യമൊക്കെയറിഞ്ഞപ്പോള്‍ അവളെ കൊല്ലാനുളള ദേഷ്യം വന്നു.
രണ്ടു വര്‍ത്തമാനം പറഞ്ഞിട്ടു പിരിഞ്ഞേക്കാം എന്നു വിചാരിച്ചു അവളെ ആദ്യമായി കാണാന്‍ ചെന്നതല്ലേ അപ്പോളല്ലേ ഇവരെല്ലാവരും കൂടി വളഞ്ഞത്. സത്യം പറഞ്ഞാല്‍ ഞെട്ടിപ്പോയി.
അവളെ മറക്കണം, മറക്കണം എന്നാവര്‍ത്തിച്ചു പറഞ്ഞവര്‍ ഇന്നലെ മുതല്‍ ടോണ്‍ മാറ്റി. ഇന്നലെ ഇവിടെ ഈ ഇരുട്ടു മുറിയില്‍ കിടന്ന് അവരുടെ തല്ലു കൊള്ളുന്നതിനിടയില്‍
ആ വാചകം കേട്ടപ്പോള്‍ ഞെട്ടിപ്പോയി.
ഇനി ഇവന്‍ ഇവിടെ നിന്ന് ഇറങ്ങുന്നെങ്കില്‍ അത് അവള്‍ക്കൊപ്പം മാത്രം. ഇല്ലെങ്കില്‍ നമ്മള്‍ ആരെങ്കിലും അവളെ കേട്ടേണ്ടി വരും. ഓരോ ഇടിയ്ക്കും ശക്തി കൂടിയപ്പോള്‍ അവസാനം സമ്മതിച്ചു. അവളെ കെട്ടാന്‍. നാളെ ഞങ്ങളുടെ വിവാഹം.

നാളത്തെ പത്രവാര്‍ത്ത ഇങ്ങനെയായിരിക്കുമെന്നു തീര്‍ച്ച. സദാചാര പോലീസിന്റെ ഭീഷണിക്കു മുന്നില്‍ മുട്ടു മടക്കാതെ പ്രണയികള്‍ വിവാഹിതരായി.

ഓരോരുത്തര്‍ക്കും സന്തോഷിക്കാന്‍ എന്തെന്തു കാരണങ്ങള്‍!

6 comments:

Unknown said...

ഹഹ . കൊള്ളാം

Vineeth M said...

സന്തോഷിക്കാനുള്ള കാരണങ്ങള്‍ അനവധിയല്ലേ മാഷേ.....

എനിക്കുമുണ്ടൊരു ബ്ലോഗ്‌.... വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.. ചങ്ങാതിയാകാന്‍ ശ്രമിക്കണേ.

Sukanya said...

സന്തോഷിക്കാന്‍ ഒരു കാരണമായി. നന്നായിട്ടുണ്ട്.

Yasmin NK said...

ha ha..

Unknown said...

very good story

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

കമന്റുകള്‍ രേഖപ്പെടുത്തിയ വിനീത് വാവ , സുമേഷ് വാസു, സുകന്യ, മുല്ല, സിന്ദു പ്രസാദ് എ ന്നിവര്‍ക്ക് നന്ദി.