Ettumanoor Visheshangal

Friday, October 12, 2012

രാതിമഴയിലെ അതിഥി





       രാത്രിമഴ അപ്പോഴും ശമിച്ചിരുന്നില്ല. ഇരുണ്ട കരിമ്പടം പുതച്ചതു പോലെ രാത്രി . മഴയുടെ കനത്ത ശബ്ദം , മുകളിലെ ഷീറ്റില്‍ പതിക്കുന്ന വെള്ളത്തുള്ളികളുടെ ശബ്ദത്തില്‍ നിന്ന് തരിച്ചറിയാമായിരുന്നു.

നേരം വെളുക്കാന്‍ ഇനിയും മണിക്കുറുകള്‍ ബാക്കി കിടക്കുന്നു. പാണ്ടന്‍ നായ ഇടയ്‌ക്കെന്തൊക്കെയോ ശബ്ദം ഉണ്ടാക്കുന്നുണ്ട്. അവനും എന്തൊക്കെയോ പിടി കിട്ടിയതു പോലെ. സന്ധ്യയായപ്പോള്‍ മുതല്‍ അവന്‍ വല്ലാതെ ഓരിയിട്ടിരുന്നു. എത്ര പറഞ്ഞിട്ടും ഓരിയിടല്‍ നിര്‍ത്താന്‍ കൂട്ടാക്കിയില്ല. സാധാരണ തന്റെ ഒരു മുളലില്‍ അവന്‍ അടങ്ങേണ്ടതാണ്. പക്ഷേ പതിവിനു വിപരീതമായി അവന്‍ വല്ലാതെ മുരണ്ടു കൊണ്ടിരുന്നു. അല്ലെങ്കിലും അവനായിട്ട് ഇനിയെന്തിനു തന്നെ ഭയപ്പെടണം. അല്ലെങ്കില്‍ തന്നെ ആര്‍ക്കായിരുന്നു തന്നെ ഭയമുണ്ടായിരുന്നത്. എല്ലാം അഭിനയമായിരുന്നില്ലേ. എല്ലാവരും ചേര്‍ന്ന് തന്നെ ഒരു കളിപ്പാവയെപ്പോലെ കളിപ്പിക്കുകയായിരുന്നു. ചാടിക്കളിക്കെടാ കുഞ്ഞിരാമാ, ആടിക്കളിക്കെടാ കുഞ്ഞിരാമാ...അങ്ങനെ എല്ലാം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ചിട്ട് കൈ കഴുകി തനിക്ക് മനസ്സമധാനം കണ്ടെത്തുവാന്‍ സാധിക്കുമോ? അല്ലെങ്കില്‍ തന്നെ ഇനി മനസ്സമാധാനം കിട്ടിയാലെന്ത്? കിട്ടിയില്ലെങ്കില്‍ എന്ത്? 


വല്ലാത്ത തണുപ്പ്. കറന്റ് പോയിട്ടിപ്പോള്‍ രണ്ടു മണിക്കൂറെങ്കിലും ആയിരിക്കും. ഫാന്‍ ഇട്ടു കിടന്നു ശീലമായിപ്പോയി. അല്ല ശീലങ്ങളും ശീലക്കേടുകളും ഒക്കെ എത്ര വേഗം മറന്നാണ് താന്‍ ഓരോന്നും ചെയ്തത്. കല്യാണം കഴിഞ്ഞ് രണ്ട് ആഴ്ച കഴിഞ്ഞപ്പോള്‍ തന്നെ താനും സൗദാമിനിയും തമ്മിലുള്ള പൊരുത്തക്കേടുകള്‍ തുടങ്ങിയതാണ്. റവന്യൂ വകുപ്പില്‍ യു.ഡി.ക്ലാര്‍ക്കായിരുന്നു അവളപ്പോള്‍. താന്‍ സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റും. തനിക്കു കിട്ടുന്നതിന്റെ ഇരട്ടി ശമ്പളം അവള്‍ക്കു ലഭിച്ചിരുന്നു. താന്‍ ഒരിക്കലും അവളുടെ ശമ്പളത്തിന്റെ കണക്കു ചോദിക്കുവാന്‍ നിന്നില്ല. എങ്കിലും, മാസം പകുതിയാകുമ്പോള്‍ തന്നെ അവള്‍ തന്റെ ശമ്പളത്തിന്റെ പങ്കുപറ്റാന്‍ തുടങ്ങിയപ്പോഴാണ് ആദ്യമായി പൊരുത്തക്കേടുകള്‍ ആരംഭിച്ചത്. കിട്ടുന്ന പണം അവള്‍ ആര്‍ക്കു കൊടുത്തു എന്ന് ഇന്നുവരെ അന്വേഷിച്ചിട്ടില്ല. താന്‍ വീട്ടു ചെലവുകളും കടബാദ്ധ്യതകളും വീട്ടുന്നതിനായി വട്ടിപ്പലിശയ്ക്ക് കടം എടുത്ത് കഷ്ടപ്പെടുമ്പോള്‍ അവള്‍ പുതിയ പുതിയ സാരികളും, സ്വര്‍ണ്ണാഭരണങ്ങളും വാങ്ങി അണിഞ്ഞൊരുങ്ങി നടന്നു. ചെറുപ്പമല്ലെ, മാറുമെന്നു കരുതി. പക്ഷേ കുട്ടിയൊന്നായിട്ടും അവള്‍, സര്‍വ്വാഡംബര വിഭൂഷിതയായി നടന്നു. ബന്ധുക്കളുടെ വീടുകളില്‍ പൊതു പരിപാടികളില്‍ പോകുമ്പോള്‍ താന്‍ വാല്യക്കാരനെപ്പോലെ അപകര്‍ഷതാ ബോധത്തോടെ, തോളില്‍ കുട്ടിയും മറ്റെ തോളില്‍ അവളുടെ ബാഗും ഒക്കെയായി..... അവളുടെ പുറകെ. പലരും പറഞ്ഞു. മാധവാ...നീയൊന്നുമല്ലെങ്കിലും ഒരാണല്ലേ...ഇങ്ങനെ പെണ്‍കോന്തനായി......ആരോടും ഒരു മറുപടിയും പറഞ്ഞില്ല.എല്ലാം നേരെയാകും എന്നു കരുതി.
പക്ഷേ ഒന്നും നേരെയായില്ല. അവള്‍ക്കു പ്രമോഷനായി. അവളുടെ ആഡംബര ജീവിതത്തിന് കിട്ടുന്ന ശമ്പളം തികയാതെയായി. ലോണെടുത്തു വരെ ആഭരണങ്ങളും, വസ്ത്രങ്ങളും വാങ്ങിത്തുടങ്ങി. വളര്‍ന്നു വരുന്ന പെണ്‍കുഞ്ഞിന്റെ കാര്യത്തില്‍ പോലും ശ്രദ്ധയില്ലാതെയായി. ഭാര്യാഭര്‍തൃബന്ധം പോലും വഴിപാടു പോലെയായി....താന്‍ തനിക്കു തന്നെ അന്യനായ കാലം.
ആ വീര്‍പ്പുമുട്ടലില്‍ നിന്ന് ഒരാശ്വാസമായിട്ടാണ്, നീരജ തന്റെ ജീവിതത്തിലേക്കു വരുന്നത്. തന്റെ ഓഫീസില്‍ ക്ലാര്‍ക്കായി വന്ന അവള്‍....തന്റെ ജീവിതത്തിലും തണലായി മാറി. തനിക്കു താങ്ങും തണലുമായി എന്തിനുമൊപ്പം നിന്നു. മെല്ലെ മെല്ലെ വിവരങ്ങള്‍ എല്ലാവരും അറിഞ്ഞു തുടങ്ങി....സൗദാമിനിയും താനും തമ്മിലുള്ള ബന്ധം ഉലഞ്ഞു.തങ്ങള്‍ വേര്‍പിരിഞ്ഞു താമസിക്കുവാന്‍ തുടങ്ങി.

കാലം തനിക്കായി കാത്തു വെച്ചിരുന്നത്, കനത്ത ആഘാതങ്ങള്‍ മാത്രമായിരുന്നു. സമാധാനത്തോടും സന്തോഷത്തോടും കഴിഞ്ഞ തന്റെ ജീവിതത്തിലേക്ക് ഒരശനിപാതം പോലെ നീരജയുടെ അമ്മാവന്റെ മകന്‍ കടന്നു വന്നു. ആദ്യമൊക്കെ സൗഹൃദസന്ദര്‍ശനങ്ങളായിത്തുങ്ങിയ ബന്ധം, നീരജയെയും അവനെയും ഒരുമിച്ച് തന്റെ കിടക്കമുറിയില്‍ കാണുന്നിടത്തെത്തിയപ്പോള്‍ ആ ബന്ധവും പൊട്ടിച്ചെറിയേണ്ടി വന്നു.
പിന്നെ നീണ്ട പതിനെട്ടു വര്‍ഷത്തെ ഏകാന്ത ജീവിതം. ഇതിനിടയില്‍ ഔദ്യാഗിക ജീവിതത്തില്‍ സൗദാമിനി ഉയരങ്ങള്‍ താണ്ടിയിരുന്നു. വിവരങ്ങള്‍ താനറിയുന്നുണ്ടായിരുന്നു.

മകള്‍ക്ക് സംസ്ഥാനതലത്തില്‍ എഞ്ചിനനീയറിംഗ് എന്ട്രന്‍സ് പരീക്ഷയില്‍ ഒന്നാം സ്ഥാനം ലഭിച്ചതും. അവള്‍ക്ക് ക്യാമ്പസ് സെല്കഷന്‍ വഴി, പ്രതിമാസം അഞ്ചുലക്ഷം രൂപാ ശമ്പളം ലഭിക്കുന്ന ജോലി ലഭിച്ചതുമൊക്കെ. പക്ഷേ ബന്ധം ഒദ്യോദികമായി വേര്‍പിരിഞ്ഞിരുന്നില്ലെങ്കിലും, ഒരിക്കല്‍ പോലും മോളെ കാണാന്‍ സൗദാമിനി സമ്മതിച്ചിരുന്നില്ല.അവളുടെ വിവാഹത്തിനു പോലും.

അമ്പത്തഞ്ചു വയസ്സായപ്പോള്‍ താന്‍ സ്വയം വിരമിക്കലിനു തയ്യാറായി. കമ്പനി ഉടമജോലി തുടരുന്നതിനു വളരെ നിര്‍ബന്ധിച്ചെങ്കിലും താന്‍ വഴങ്ങിയില്ല. പിരിഞ്ഞുപോന്നപ്പോള്‍ ലഭിച്ച പണം കൊണ്ട് ഈ മലയടിവാരത്തില്‍ ഇരുപത്തിയഞ്ചു സെന്റു സ്ഥലം വാങ്ങി. കുറച്ചു പണം ബാങ്കില്‍ ഇട്ടു. നീണ്ട 12 വര്‍ഷത്തെ ഒറ്റയ്ക്കുള്ള ജീവിതം. അയല്‍ക്കാരുമായും കാര്യമായ ബന്ധമില്ല. അത്യാവശ്യം കുശലം ചോദിക്കും അത്ര തന്നെ. ഇടയ്‌ക്കെപ്പോഴോ പാണ്ടന്‍ സഹചാരിയായി കടന്നു വന്നു. ആട്ടിയോടിച്ചാലും പിന്നെയും പിന്നെയും തിരികെ വന്നു.
ഇന്നലെ സന്ധ്യക്ക് മഴ തുടങ്ങുന്നതിന് തൊട്ടു മുന്‍പാണ് ആ അപരിചിതന്‍ കടന്നു വന്നത്. അയാള്‍ വല്ലാതെ അവശനായിരുന്നു. വളരെയധികം യാത്ര ചെയ്തതിന്റെ ക്ഷീണം അയാളുടെ കണ്ണുകളില്‍ കാണാമായിരുന്നു....
'മാധവേട്ടനല്ലെ.....'
'അതെ'
'സൗദാമിനിയേച്ചിയുടെ അവസാനത്തെ ആഗ്രഹമായിരുന്നു താന്‍ മരിച്ചാല്‍, മാധവേട്ടനെ വിവരമാറിയിക്കണമെന്ന്...ഇന്നു രാവിലെയായിരുന്നു ആളു പോയത്.....നിങ്ങളെ തിരഞ്ഞു ഞാന്‍ വളരെയലഞ്ഞു.'
' ഊം......'
'അപ്പോള്‍ ഇറങ്ങുകയല്ലേ.....ഇപ്പോള്‍ തിരിച്ചാലെ പുലര്‍ച്ചെയെങ്കിലും അവടെ എത്താനാവൂ...മോള്‍ വെളുപ്പിനെ നാലു മണിയാകുമ്പോള്‍ എത്തും.. ബോഡി അധിക നേരം വെയ്ക്കരുതെന്നാ ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്...'
്‌നിങ്ങള്‍, ഇറങ്ങിക്കോളൂ...വൈകിയാല്‍ ഇവിടെ നിന്നും പട്ടണത്തിലേക്ക് വാഹനം കിട്ടാന്‍ ബുദ്ധിമുട്ടാവും.....എന്നെ കണ്ടില്ലാ എന്ന് അറിയിച്ചേക്കൂ.....'
വന്നയാള്‍ അവിശ്വാസത്തോടെ തന്റെ കണ്ണുകളിലേക്കു നോക്കുമ്പോള്‍...താന്‍ വാതില്‍ ചാരി ഉള്ളിലേക്കു കടന്നിരുന്നു.
പാണ്ടന്റെ കുര നിന്നപ്പോള്‍ അയാള്‍ പോയി എന്നു മനസ്സിലായി,.....

ഇനിയൊന്നു കരയണം....തന്റെ മനസ്സ് അങ്ങനെയെങ്കിലും ഒന്നു ശുദ്ധമാകട്ടെ. ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവളുടെ ഉള്ളിന്റെയുള്ളില്‍ താനുണ്ടെന്ന് അറിഞ്ഞപ്പോള്‍ ചങ്കു പൊട്ടിപ്പോകുന്നതു പോലെ......താന്‍ അവളോട് ചെയ്ത തെറ്റുകള്‍ക്ക് പ്രായശ്ഛിത്തമായി തന്റെ ഈ കണ്ണീര്‍ അവളുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ സമര്‍പ്പിക്കട്ടെ.....അവളുടെ നിശ്ചലമായ ശരീരം തനിക്കു കാണണ്ട. അവളുടെ ജീവനുള്ള രൂപം തന്റെയുള്ളില്‍ നിന്നും മാഞ്ഞുപോയിരുന്നില്ല എന്ന് ഇപ്പോഴാണ് താന്‍ തിരിച്ചറിയുന്നത്.......മഴയുടെ ശക്തി വര്‍ദ്ധിക്കുന്നതനുസരിച്ച് അയാളുടെ ഏങ്ങലടിയുടെ ശക്തിയും കൂടി വന്നു. ...പുറത്ത് പാണ്ടന്‍നായ അപ്പോളും ഓരിയിടല്‍ നിര്‍ത്തിയിരുന്നില്ല. മഴയുടെ....ശക്തി കുറഞ്ഞ് കുറഞ്ഞു വന്നപ്പോള്‍..... അയാളുടെ ശ്വാസത്തിന്റെ ഗതിയും അലിഞ്ഞലിഞ്ഞില്ലാതായിക്കൊണ്ടിരുന്നു. അന്ന് ആദ്യമായി അയാള്‍ ശാന്തമായി ഉറങ്ങിത്തുടങ്ങി............................!

4 comments:

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

നന്നായി എഴുതിയിരിക്കുന്നു

ഉദയപ്രഭന്‍ said...

വേണ്ട സമയത്ത് വേണ്ട രീതിയില്‍ പ്രതികരിക്കാത്ത കഥാപാത്രം.തെറ്റുതിരുത്താന്‍ വീണ്ടും തെറ്റുകള്‍ ചെയ്യുന്നു. അതുകൊണ്ടായിരിക്കും അയാളുടെ ദുഃഖങ്ങള്‍ അയാളില്‍ മാത്രം ഒതുങ്ങിയത്.

Unknown said...

ഉദയപ്രഭന്റെ അഭിപ്രായത്തോട് യോജിക്കുന്നു. കഥ നന്നായി

ajith said...

അകന്ന് പോയ കണ്ണികള്‍. അല്ലേ?