Ettumanoor Visheshangal

Monday, December 17, 2012

ഏറ്റുമാനൂര്‍ കാവ്യവേദിയും പി.പി.നാരായണന്‍ സാറും

മദ്ധ്യ തിരുവിതാംകൂറിലെയെന്നല്ല, കേരളത്തിലെ മുന്‍നിര സാംസ്‌ക്കാരിക പ്രസ്ഥാനങ്ങളിലൊന്നായ ഏറ്റുമാനുര്‍ കാവ്യവേദിയുടെ ചെയര്‍മാന്‍ ശ്രീ. പി.പി. നാരായണനുമായുള്ള- എല്ലാവരുടെയും നാരായണന്‍ സാര്‍- അഭിമുഖമാണ് ചുവടെ ചേര്‍ക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ കവികളുടെ കൂട്ടായ്മയായ കാവ്യവേദി പ്രവര്‍ത്തിച്ചു വരുന്നു. ഒരിക്കലും മുടങ്ങാതെ കഴിഞ്ഞ പത്തു വര്‍ഷമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിമാസ കവിയരങ്ങ്, എല്ലാ മൂന്നാം ഞായറാഴ്ചയും നടത്തി വരുന്ന പ്രതിമാസ വായനാ പരിപാടി, വിവിധ സ്ഥലങ്ങളില്‍ നടത്തി വരുന്ന കവിയരങ്ങുകള്‍, പുസ്തക പ്രസിദ്ധീകരണങ്ങള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍, സാഹിത്യസമ്മേളനങ്ങള്‍.. അങ്ങനെയങ്ങനെ സാംസ്‌ക്കാരിക കേരളത്തിന്റെ തിലകക്കുറിയായി മാറിയ ഏറ്റുമാനൂര്‍ കാവ്യവേദിയുടെ ജീവാത്മാവും പരമാത്മാവുമായ ചെയര്‍മാന്‍ ശ്രീ. പി. പി. നാരായണന്‍ സാറുമായി നടത്തിയ അഭിമുഖത്തിലൂടെ കേരളത്തില്‍ ഇനിയും അംഗീകാരവും പ്രോത്സാഹനവും നല്‌കേണ്ടുന്ന ധാരാളം സാഹിത്യ പ്രസ്ഥാനങ്ങള്‍നാട്ടിന്‍പുറത്തും നഗരങ്ങളിലും ജൈവചൈതന്യത്തോടെ പ്രവര്‍ത്തുക്കുന്നുണ്ട് എന്ന് തിരിച്ചറിയാന്‍ ഈ അഭിമുഖം പ്രയോജനപ്പെടും എന്ന വിശ്വാസത്തോടെ -സമര്‍പ്പിക്കുന്നു.




ഏറ്റുമാനൂര്‍ കാവ്യവേദി 10 വര്‍ഷം പൂര്‍ത്തിയാക്കി മുന്നോട്ടു പോയികൊണ്ടിരിക്കുകയാണ്. ഈ പ്രസ്ഥാനത്തിന്റെ ആരംഭം, വളര്‍ച്ച, വികാസം ഇവയെക്കുറിച്ച് ഒന്നു വിശദീകരിക്കാമോ?

ഏറ്റുമാനൂര്‍ കാവ്യവേദിക്കു രൂപം കൊടുത്തതു ഞാന്‍ മാത്രമാണ്. കവികളുടെ ഒരു സംഘടന വേണം എന്നു തോന്നുകയും അതിനു രൂപം കൊടുക്കുകയും ചെയ്തതിനു ശേഷം കെ. ആര്‍. കാര്‍ത്തികേയന്‍, എം. എന്‍. ലാല്‍ തുടങ്ങി ചിലരോട് ഇതു സംബന്ധിച്ച് സംസാരിക്കുകയും അവര്‍ അതിന് പിന്‍തുണ തരികയും ചെയ്തു. അങ്ങനെ 2002 ജൂണ്‍ മാസം 9-ന് ആനന്ദ് ഓഡിറ്റോറിയത്തില്‍ കൂടിയ കവിയരങ്ങില്‍ ഹരിഹരന്‍ വെള്ളത്തൂവല്‍ കാവ്യവേദി ഉദ്ഘാടനം ചെയ്തു. എം. എന്‍. ലാല്‍ പേരൂരിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഈ സംഘടനയുടെ ചെയര്‍മാന്‍ ഞാന്‍ ആയിരിക്കുമെന്ന് അറിയിക്കുകയും എല്ലാവരും സമ്മതിക്കുകയും ചെയ്തു. ഓരോ അംഗത്തെയും മിത്രം എന്നു സംബോധന ചെയ്യണമെന്നുള്ള എന്റെ അപേക്ഷയും സ്‌നേഹപൂര്‍വ്വം അംഗീകരിച്ചു. കോട്ടയം കഴിഞ്ഞാല്‍ പിന്നെ പാലായില്‍ മാത്രമാണ് ഒരു സാഹിത്യസംഘടനയുള്ളത്. അത് വെട്ടൂരിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സഹൃദയ സമിതിയാണ്. അതുകൊണ്ട് കാവ്യവേദിക്കു അതിവേഗം വളരാന്‍ അവസരം ഒരുങ്ങി.
നവാഗതരെ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുകയും പരിചയപ്പെടുകയും ചെയ്യുന്നത് ഒരു നയമായി സ്വീകരിച്ചതിനാല്‍ പുതിയ ആളുകള്‍ക്ക് പങ്കെടുക്കുവാന്‍ ഉത്സാഹവും താല്പര്യവും ഏറി. 

                                
എസ്. കെ. വസന്തന്‍, എന്‍. കെ. ദേശം, ഏറ്റുമാനൂര്‍ സോമദാസന്‍, ജോസഫ് മറ്റം, ബി. സരസ്വതി, ബിച്ചു തിരുമല, കുരീപ്പുഴ, ഡി. വിനയചന്ദ്രന്‍ തുടങ്ങി അറിയപ്പെടുന്ന വളരെയേറെ എഴുത്തുകാര്‍ കാവ്യവേദി വാര്‍ഷികങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഡോക്ടര്‍ രാജന്‍ ഗുരുക്കള്‍, കുര്യാസ് കുമ്പളക്കുഴി, പി.പി. രവീന്ദ്രന്‍, റ്റി. റ്റി. ശ്രീകുമാര്‍, എം. ഗംഗാധരന്‍ ,. വി.സി. ഹാരീസ്, ഡോകടര്‍ വേണുഗോപാല്‍, ഗോപി കൊടുങ്ങല്ലൂര്‍, സുനില്‍ പി. ഇളയിടം തുടങ്ങി വളരെയധികം പേരുടെ ആത്മസ്പര്‍ശം കാവ്യവേദി ഇതിനോടകം ഏറ്റുവാങ്ങി. 19 മിത്ര പുരസ്‌ക്കാരങ്ങളും 29 പൊതു സാഹിത്യപുരസ്‌ക്കാരവും എഴുത്തുകാരുടെ വളര്‍ച്ചയ്ക്കായി നല്‍കിയിട്ടുണ്ട്.

തൊഴില്‍ വിജ്ഞാനസാഹിത്യശാഖയിലെ സമസ്ത സേവനങ്ങള്‍ കണക്കിലെടുത്ത് ബി. എസ്. വാര്യര്‍, ഡോ. വെങ്കിട്ടരാമന്‍ എന്നിവര്‍ക്ക് പുരസ്‌ക്കാരം നല്‍കിയത് ഒരുപക്ഷേ ലോകത്തിലെ ആദ്യ സംഭവമായിരിക്കും. കാസര്‍ഗോഡ് മുതല്‍ പാറശാല വരെയുള്ള എഴുത്തുകാര്‍ കാവ്യവേദിയില്‍ വന്നുപോയിട്ടുണ്ട്. 




കാവ്യവേദി ഈ പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ ഒരു റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ്. തുടങ്ങിയനാള്‍ മുതല്‍ മുടങ്ങാതെ എല്ലാ മാസവും ആദ്യ ഞായറാഴ്ച സമ്മേളിച്ചിട്ടുണ്ട്. ഇതെങ്ങനെ സാധിച്ചു?

തുടക്കം മുതല്‍ നാളിതുവരെ മുടങ്ങാതെ എല്ലാ മാസവും കവിയരങ്ങു നടത്താന്‍ സാധിക്കുന്നത് സ്‌നേഹസമ്പന്നരായ മിത്രങ്ങളുടെ കൂട്ടുത്തരവാദിത്വവും ആനന്ദ് ഓഡിറ്റോറിയം ഉടമ ശ്രീ തങ്കച്ചന്റെ ഔദാര്യവും കൊണ്ടാണ്. നിസ്സാര തുകയ്ക്ക് ഓഡിറ്റോറിയം വിട്ടുതരുന്ന തങ്കച്ചനോടും മിത്രങ്ങളോടും പറഞ്ഞറിയിക്കാന്‍ മേലാത്ത കടപ്പാടുണ്ട്. 



പ്രതിമാസ കവിയരങ്ങുകളില്‍ കാസര്‍ഗോഡുമുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്ന് കവികള്‍ പങ്കെടുക്കാറുണ്ട്. ഇത്രയും വിപുലമായ ഒരു സംഘടനാ സംവിധാനം ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ?

കേട്ടറിഞ്ഞും പറഞ്ഞറിഞ്ഞും കത്തുകള്‍ കിട്ടിയും എത്തിയവരാണ് എല്ലാവരും. ഉദാഹരണം പ്രൊഫസര്‍ സെബാസ്റ്റ്യന്‍ വട്ടമറ്റം ആനന്ദ് ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറിയതാണ്. കവിയരങ്ങ് നടക്കുന്നതായി കേട്ട് ക്ഷണിയ്ക്കാതെ വന്ന അദ്ദേഹം കാവ്യവേദിയുടെ ഉന്നത സ്ഥാനീയനായ കണ്‍വീനര്‍ വരെ ആയി. എല്ലാ മാസവും പത്രത്തില്‍ പരിപാടിയെക്കുറിച്ച് പറയുകയും വര്‍ഷത്തിലൊരിക്കല്‍ എല്ലാ പത്രങ്ങളിലും ടിവിയിലും പുരസ്‌ക്കാര വിവരം വരികയും ചെയ്യുന്നതില്‍ ആകൃഷ്ടരായി എത്തിയതാണ് എല്ലാ മിത്രങ്ങളും. സംഘടനാപരമായി പറഞ്ഞാല്‍ ഇതൊരു സംഘടനയല്ല. ഇതിനു രജിസ്‌ട്രേഷന്‍ ഇല്ല. ഇതൊരു ധാരണയാണ്. ഉറച്ച ധാരണ. വിശ്വാസമാണിതിന്റെ മൂലധനം. 



താങ്കളുടെ വ്യക്തിപരമായ ജീവിതം - എങ്ങനെയാണ്. ഒരു കവിയും എഴുത്തുകാരനുമെന്ന നിലയില്‍ വളരാന്‍ താങ്കളെ എന്തൊക്കെ ഘടകങ്ങളാണ് സഹായിച്ചത്?

ലളിതവും ശാന്തവുമായ ഒരു വ്യക്തിജീവിതമാണെന്റേത്. ഒതുങ്ങിക്കഴിയുന്ന രീതി. നിശബ്ദജീവിതം. വേഷം, ഭക്ഷണം ഇതെല്ലാം ലളിതം. സസ്യഭുക്ക്.

14-ാമത്തെ വയസ്സില്‍ കവിത എഴുതാന്‍ തുടങ്ങി. ഒരു കൈത്താങ്ങിന് ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ടു മുരടിച്ചുപോയി. എന്റെ കവിത ആദ്യമായി അച്ചടിച്ചുവരുന്നത് എന്‍. ജി. ഒ. യൂണിയന്റെ മുഖപത്രമായ കേരള സര്‍വ്വീസിലാണ്. 'സേവകന്‍' എന്നതായിരുന്നു കവിതയുടെ പേര്. ഒരു ക്ലര്‍ക്കിന്റെ ആത്മവിലാപങ്ങളായിരുന്നു ഇതിവൃത്തം. മുഖ്യധാരപത്രങ്ങളിലൊന്നും ഒരു രചനയും അച്ചടിച്ചു വന്നിട്ടില്ല. എന്നാല്‍ കേരളത്തിലെ 40-ല്‍ അധികം ചെറു മാസികകളില്‍ കഥയും കവിതയും, നിരൂപണവും മഷി പുരണ്ടിറങ്ങിയിട്ടുണ്ട്. പുസ്തകങ്ങളില്‍ പഠനങ്ങള്‍, ആസ്വാദനം, അവലോകനം എന്നിവ നടത്താന്‍ അവസരം ലഭിച്ചു. തണല്‍തേടി, കാവ്യധാര, കാലന്‍ ഡോട്ട് കോം എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നു മാസത്തിനകം സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം കോട്ടയം എന്റെ ''ചില്ലിമാന്‍ ഫ്രൈ'' എന്ന കഥാസമാഹാരം പുറത്തിറക്കും. നവകം കവിത, കഥ, ലേഖന സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യവേദി, മലയാള രശ്മി മാസിക ഇവ ആദരിച്ചിട്ടുണ്ട്. സ്വയം വളര്‍ന്ന ഒരു മരമാണു ഞാന്‍.



 ഋതം - വാര്‍ഷികപ്പതിപ്പിനെക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ?

എല്ലാവര്‍ഷവും ജൂണില്‍ ആണ് ഋതം വാര്‍ഷികപതിപ്പു പ്രസിദ്ധീകരിക്കുന്നത്.നൂറിലധികം എഴുത്തുകാരുടെ രചനകള്‍ ഇതിലുണ്ടാകാറുണ്ട്. ഇതിന്റെ പിന്നില്‍ കുറെ ആളുകളുടെ കൂട്ടായ പരിശ്രമം ഉണ്ട്. ഏകദേശം മുന്നു വര്‍ഷം മുമ്പുവരെ കെ. ആര്‍. കാര്‍ത്തികേയന്‍ ആയിരുന്നു ഇതിന്റെ എഡിറ്റര്‍. അദ്ദേഹത്തിന്റെ രാപകലില്ലാത്ത നിസ്തൂലവും പ്രതിഫലേച്ഛ ഇല്ലാത്തതുമായ അര്‍പ്പണ പ്രവൃത്തിയില്‍ കൂടിയാണ് വാര്‍ഷികപ്പതിപ്പ് ഒരു മേല്‍ വിലാസമുള്ളതായി തീര്‍ന്നത്. ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹം പത്രാധിപര്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ സെബാസ്റ്റ്യന്‍ വട്ടമറ്റം ആ സ്ഥാനത്തു നിയുക്തനായി. ഇപ്പോള്‍ പി.പി. നാരായണന്‍ മാനേജിംഗ് എഡിറ്ററും, സെബാസ്റ്റ്യന്‍ വട്ടമറ്റം എഡിറ്ററും, വേദഗിരി നാരായണന്‍ സബ് എഡിറ്ററും ആണ്. ഇതില്‍ വരകള്‍കൊണ്ട അഴകേകുന്നതും കവര്‍ മനോഹരമാക്കുന്നതും സുരേഷ് കുറുമുള്ളൂര്‍ ആണ്. എല്ലാവരും പ്രതിഫലം വാങ്ങാതെ പണിയെടുക്കുന്നു. പരസ്യത്തിലൂടെയാണ് വാര്‍ഷികപ്പതിപ്പിനുള്ള തുക കണ്ടെത്തുന്നത്.








എല്ലാവര്‍ഷവും ജൂണ്‍ ആദ്യ ഞായറാഴ്ച കാവ്യവേദിയുടെ വാര്‍ഷികോത്സവമാണ്. കൂടാതെ ആ വേദിയില്‍ ശ്രദ്ധേയരായ എഴുത്തുകള്‍ ഉള്‍പ്പെടെ ഒരു വന്‍ജനാവലി പങ്കെടുക്കാറുണ്ട്. ഇതിനെക്കുറിച്ച്.

ഇരുനൂറില്‍ പരം ആളുകള്‍ക്ക് പോസ്റ്റു കാര്‍ഡില്‍ ക്ഷണക്കത്തയ്ക്കുകയും പത്രത്തില്‍ വാര്‍ഷികം സംബന്ധിച്ച വിവരം നല്‍കുകയും ചെയ്യും. സ്റ്റാര്‍ വിഷന്‍, ഏഷ്യാനെറ്റ്, എസിവി തുടങ്ങിയ ദൃശ്യശ്രാവ്യമാദ്ധ്യമങ്ങള്‍ ഉദാരമായി സഹകരിക്കുന്നതിന്റെ ഫലമാണ് ഈ വിജയം.



പ്രതിമാസ കവിയരങ്ങുകളെക്കുറിച്ചും - ഋതം മാസികയെക്കുറിച്ചും എന്താണ് താങ്കള്‍ക്ക് പറയാനുള്ളത്?

പ്രതിമാസ കവിയരങ്ങ് ഭംഗിയായി നടക്കുന്നു. 25-നും 60-നും ഇടയ്ക്ക് കവികളും ആസ്വാദകരും പതിവായി വന്നു ചേരുന്നു. നവാഗതരെ പരിചയപ്പെടുക, അന്തരിച്ച സര്‍ഗ്ഗധനരെ അനുസ്മരിക്കുക, ചില വിഷയങ്ങളില്‍ പ്രഭാഷണം നടത്തുക എന്നിവ കവിയരങ്ങിന്റെ ഭാഗമാണ്. ചൊല്ലിയവതരിപ്പിക്കുന്ന കവിതകളെ നിശിതമായി വിമര്‍ശിക്കുന്ന പതിവും ഉണ്ട്. കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ ഇതില്‍ അണിചേരുന്നു. എല്ലാവര്‍ക്കും ഒരു പ്രോത്സാഹനമാണ് പ്രതിമാസ കവിയരങ്ങ്.

ഒരിക്കലും മുടക്കം വരുത്താതെ ഋതം മാസികയുടെ പ്രതിമാസ ലക്കങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ നാളിതുവരെ സാധിച്ചിട്ടുണ്ട്. ആകെ 4 പേജുണ്ട്. അതില്‍ കഥ, കവിത, ലേഖനം എന്നിവ അച്ചടിച്ചു വരുന്ന ഋതത്തിന്റെ എഡിറ്റോറിയല്‍ ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളില്‍ ഊന്നിയുള്ളതാകയാല്‍ വളരെ ശ്രദ്ധേയമാണ്.


വാര്‍ഷികത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും കാവ്യവേദി പുരസ്‌ക്കാരങ്ങള്‍ നല്‍കാറുണ്ടല്ലോ. ഇതിനെക്കുറിച്ചും കാവ്യവേദി പ്രസിദ്ധീകരണങ്ങളെക്കുറിച്ചും ഒന്നു വിശദീകരിക്കാമോ?

ആദ്യപുരസ്‌ക്കാരം ശ്രീകുമാര്‍ കരിയാടിനു സമര്‍പ്പിച്ചു. (മേഘപഠനങ്ങള്‍ എന്ന പുസ്തകം) തുടര്‍ന്ന് എല്ലാ വര്‍ഷവും കാവ്യപുരസ്‌ക്കാരവും കുറച്ചുനാള്‍ ആയിട്ട് കഥാപുരസ്‌ക്കാരവും നോവല്‍ പുരസ്‌ക്കാരവും നല്‍കി വരുന്നു. ഈ പുരസ്‌ക്കാരങ്ങള്‍ പത്രങ്ങളിലൂടെ പുസ്തകങ്ങള്‍ ക്ഷണിച്ചുവരുത്തി 3 അംഗങ്ങളുള്ള ഒരു ജൂറി സ്വതന്ത്രമായി നിര്‍ണ്ണയിക്കുന്നു. ഇതില്‍ കാവ്യവേദിയിലെ ആരും ഒരിക്കലും ഇടപെടുകയില്ല. അതാണ് കാവ്യവേദി പുരസ്‌ക്കാരത്തിന്റെ മഹത്വം. കഥാകൃത്ത് ഉത്തമന്‍ (അന്തരിച്ചു) കവി കണിമോള്‍, രാജഗോപാല്‍, റോസി തമ്പി തുടങ്ങി പൊതു അംഗീകാരം ലഭിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും ഒക്കെ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.
  
                        


താങ്കള്‍ റിട്ടയര്‍ ചെയ്ത ഉദ്ദ്യോഗസ്ഥനാണ്. താങ്കളുടെ ഔദ്യോഗിക ജീവിതം എവിടെയായിരുന്നു? ആ കാലഘട്ടത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?


22-ാമത്തെ വയസ്സില്‍ എല്‍.ഡി. ക്ലര്‍ക്കായി എംപ്ലായ്‌മെന്റ് വകുപ്പില്‍ 11.10.1965-ല്‍ ജോലിയില്‍ കയറി. തിരുവനന്തപുരം ഡിവിഷണല്‍ എംപ്ലോയ്‌മെന്റിലാണ് പ്രവേശനം നടന്നത്. 1997 ഡിസംബര്‍ 31 ന് അതേ ഓഫീസില്‍ നിന്ന് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (ഓഫീസ് തലവന്‍) ആയി വിരമിച്ചു. യാത്ര പറയാതെ, സ്വീകരണങ്ങള്‍ ഏറ്റുവാങ്ങാതെ നിശബ്ദം പടിയിറങ്ങി. അത് എന്റെ ആദ്യത്തെ മരണമാണ്. രണ്ടാമത്തെ ജനനമാണ് 11.10.1965. കൈക്കൂലി വാങ്ങിച്ചിട്ടില്ല. സര്‍ക്കാരിന് സാമ്പത്തിക നഷ്ടം വരുത്തിയിട്ടില്ല. രാവിലെ 6 മണി മുതല്‍ വെളുപ്പിന് 2 മണി വരെ നിരന്തരം പണി ചെയ്തിട്ടുണ്ട്. ആരുടെയും കണ്ണുനീരിന്റെ ഉപ്പു പുരളാത്ത ഔദ്ദ്യോഗിക ജീവിതം. ഒരിക്കല്‍ ഒരു തെറ്റു ചെയ്തു. കുറ്റം സ്വയം ഏറ്റുപറഞ്ഞു. പിന്നെ ആവര്‍ത്തിച്ചിട്ടില്ല. ചെയ്യാവുന്ന എല്ലാ സഹായവും നല്‍കാവുന്ന നല്ല സേവനവും പൊതു ജനത്തിനു നല്‍കി. അധികാരം ആരിലും അടിച്ചേല്‍പ്പിക്കാതെ സഹപ്രവര്‍ത്തകരെ പരിപൂര്‍ണ്ണമായി സഹകരിപ്പിച്ചുകൊണ്ട് ഭരണം നടത്തി. ഒരു കൈക്കൂലിക്കാരനെ കണ്ടുപിടിക്കുകയും ആ രാജ്യദ്രോഹിയുടെ ജോലി നഷ്ടമാകുകയും ചെയ്തു. അതില്‍ ഒരു ദു:ഖവും ഇല്ല. സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങരുത്. അധികം പണം വേണമെങ്കില്‍ മറ്റു തൊഴില്‍ തേടി പുറത്തുപോകണം. ഇതാണ് എന്റെ അഭിപ്രായം. ഔദ്ദ്യോഗിക ജീവിതത്തില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്. ആരുടെയും അടിമയാകാതെ അനുസരണയോടെ ജോലി ചെയ്തു. പൊതുജനസേവകനായിരുന്നു. 

ഏതൊക്കെ അംഗീകാരങ്ങള്‍ ആണ് താങ്കള്‍ക്ക് ലഭിച്ചിട്ടുള്ളത്?

പറയത്തക്ക അംഗീകാരങ്ങള്‍ ലഭിച്ചിട്ടില്ല. നവകം മാസികയുടെ കവിത, കഥാ, ലേഖന സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്. മലയാളരശ്മി മാസിക, കേരള സാഹിത്യവേദി എന്നിവയുടെ ആഭിമുഖ്യത്തില്‍ പൊന്നാട ചാര്‍ത്തിയിട്ടുണ്ട്. സുപ്രസിദ്ധ മഹാകവി അക്കിത്തത്തില്‍ നിന്നാണ് കവിതയ്ക്കുള്ള സമ്മാനം വാങ്ങിയത്. പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് ടോംസ് ആണ് പൊന്നാട ചാര്‍ത്തിയത്. 


                              


താങ്കളുടെ കൃതികളെക്കുറിച്ച് രണ്ട് വാക്ക്.

ഒരുപാടു കവിതകളും കഥകളും നിരൂപണങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹാസ്യസാഹിത്യവും കൈകാര്യം ചെയ്തിട്ടുണ്ട്. ബാര്‍ക്കന്റോ അങ്ങ് അനശ്വരനാണ്, എന്റെ വാടകവീട്, ചില്ലിമാന്‍ ഫ്രൈ, പൂണൂലിന്റെ വിശപ്പ്, വട്ടപ്പന്‍ തുടങ്ങിയവ പ്രിയ കഥകളാണ്. 

  താങ്കളുടെ കുടുംബജീവിതത്തെക്കുറിച്ച്........

ഒരു ഭാര്യ. അതില്‍ ഒരു മകന്‍. മകന് ഒരു ഭാര്യ. 2 മക്കള്‍. എന്റെ ഭാര്യ അദ്ധ്യാപികയായിരുന്നു. മകന്‍ സര്‍ക്കാര്‍ സേവനം തുടരുന്നു. മരുമകള്‍ക്കു ജോലിയില്ല. സാധാരണ ജീവിതം. 

സമാന പ്രസ്ഥാനങ്ങളിലെ കവികളോട് താങ്കള്‍ക്ക് നല്കാനുള്ള ഉപദേശം...

അവസരങ്ങള്‍ നഷ്ടപ്പെടാതെ അവ പ്രയോജനപ്പെടുത്തുക. അങ്ങനെ ചെയ്യാതെ ക്ഷയിച്ച ഒരാളാണു ഞാന്‍. ഒ. എന്‍. വി. കുറുപ്പ്, മധുസൂധനന്‍നായര്‍, സുഗതകുമാരി, ഒ. വി. വിജയന്‍ തുടങ്ങി ഒട്ടനവധി ആളുകളെ കണ്ടുമുട്ടാന്‍ അവസരം ഉണ്ടായിട്ടും അവരുമായി നല്ല ബന്ധം സ്ഥാപിക്കാനോ, ഞാന്‍ ഒരു കവിതക്കാരനാണെന്നു പറയാനോ തയ്യാറാകാതിരുന്നതിന്റെ ദൂഷ്യഫലങ്ങള്‍ പിന്നീട് ഞാന്‍ ഏറ്റുവാങ്ങി. ഉദാസീനത വിട്ട് എഴുതുക. വായന നിറുത്താതിരിക്കുക. പഠനം തുടരുക. അലോസരപ്പെടാതെ, ആരും സഹായിച്ചില്ല, പ്രോത്സാഹിപ്പിച്ചില്ല എന്ന പരാതി വെടിഞ്ഞ് ഒറ്റയാനായി മുന്നേറുക. ഭാഷയെ കീഴ്‌പ്പെടുത്തുകയും കവിതയെ സ്ഥാപിച്ചെടുക്കുകയുമാണ് ഒരു കവി ചെയ്യേണ്ടത്. ഏതെല്ലാം പ്രസിദ്ധീകരണങ്ങളില്‍ എഴുതാമോ, എഴുതുക, എവിടെയൊക്കെ കവിത ചൊല്ലാമോ ചൊല്ലുക. കേള്‍വിക്കാരന്റെയും വായനക്കാരന്റെയും ആത്മാവില്‍ക്കൂടി പാര്‍ക്കാന്‍ കരുത്തുറ്റ രചന നടത്തുക. തീരുമാനം പറയാന്‍ പ്രാപ്തരായവരെക്കൊണ്ട് നിശിത വിമര്‍ശനം നടത്തിക്കുക. അതിനെയെല്ലാം അതിജീവിച്ച് സൃഷ്ടികള്‍ ശക്തമാക്കി അറിയപ്പെടുന്ന കവിയാവുക. അഹങ്കരിക്കാതിരിക്കുക. എല്ലാവരെയും സ്‌നേഹപൂര്‍വ്വം സ്വീകരിക്കുക.

കവിതയും ജീവിതവും രണ്ടാണ്. കാവ്യലോകവും ജീവിതലോകവും വിഭിന്നമാണ്. കാവ്യലോകം അപരിമിതവും ജീവിതലോകം ഹ്രസ്വവുമാണ്. തന്റെ ജീവിതകാലത്തിനുള്ളില്‍ കാവ്യലോകത്തിന്റെ അനന്തതകളില്‍ വ്യാപരിക്കാന്‍ വേണ്ടതു ചെയ്യുക. അദ്ധ്വാനിക്കുക. സ്വപ്നങ്ങള്‍ നിരന്തരം സാക്ഷാല്‍ക്കരിച്ചുകൊണ്ടിരിക്കുക. അക്ഷരങ്ങളെ അതിഗാഢമായി പ്രണയിക്കുക.



No comments: