Ettumanoor Visheshangal

Wednesday, December 5, 2012

വ്യഥിതമാനസന്‍ ഞാന്‍ നേരുന്നു ശാന്തി.....


നാക്കിലയില്‍ പകര്‍ന്നു നല്‍കീടട്ടെ
നിന്റെ ജീവന്‍ വെടിഞ്ഞു  നീ യെന്നെ
പിരിയുമ്പോള്‍, ഒരു കൈ നിറയെ
പിണ്ഡമുരുട്ടി , തീര്‍ത്ഥം തളിച്ച്
യെന്റെയവസാന കടമയും നിര്‍വഹിച്ചു
ഞാന്‍ വിട വാങ്ങട്ടെ.

നീയെനിക്ക് നല്കിയത് വേദന
പരിഹാസം, ഭീഷണി , മറ്റുപദ്രവങ്ങള്‍;
നിന്നെ ഞാനെപ്പോഴേ സ്നേഹിച്ചതിന് ശിക്ഷയായി
നിനക്ക് തരാന്‍ മറ്റൊന്നുമില്ലായിരുന്നുവോ?
നാം പങ്കിട്ട,  നമ്മുടെ ശരീരങ്ങള്‍ പങ്കിട്ട
രാത്രികള്‍ , നാം പങ്കിട്ട,  നമ്മുടെ മനസ്സുകള്‍ പങ്കിട്ട
മോഹങ്ങള്‍, സ്വപ്‌നങ്ങള്‍, വാഗ്ദാനങ്ങള്‍
നിന്റെ മടിത്തട്ടില്‍ ഒരു കുഞ്ഞിനെപ്പോലെ
നീയെന്നെയുറക്കിയ നിമിഷങ്ങള്‍
നീയെനിക്ക് പകര്‍ന്നു നല്‍കിയ
ഉന്മാദത്തിന്‍ രതിവേഗങ്ങള്‍
ഒക്കെയും ഒക്കെയും ഓര്‍മ്മകളായി
പിന്നാമ്പുറത്തെവിടെയോ ക്ലാവ് പിടിച്ച
ഓട്ടു പാത്രം പോലെ ആരും കാക്കാനില്ലാതെ
അനാഥമായി കിടക്കുന്നു .

എന്റെ  മനസ്സിന്റെ ജാലക വാതില്‍
തള്ളിത്തുറന്നു ആരൊക്കെയോ കടന്നു വന്നു
ആരൊക്കെയോ മനസ്സിന്റെ കോണില്‍
ഇരിപ്പുറപ്പിച്ചു ; അപ്പോഴും സിംഹാസനം നിനക്കായി
ഞാന്‍ കാത്തുവെച്ചിരുന്നുവല്ലോ .

കാറ്റ് പറഞ്ഞ കഥയിലെ, നായിക നീയല്ലതെയാവാന്‍
ഞാനെ ത്ര കൊതിച്ചു 
എതോക്കെയോ  വന്മരങ്ങളില്‍
നീ ചുറ്റി പടര്‍ന്ന കഥ അങ്ങാടിപാട്ടായി
പാടി നടന്ന പാട്ടുകാരന്‍
രക്തം ശര്‍ദ്ദിച്ചു മരിക്കാന്‍
വഴിപാടു നേര്‍ന്ന കഥ
പാഴ്ക്കഥ.

പുഴവക്കിലെ നേര്‍ത്ത നിലാവൊഴുകുന്ന
രാത്രിയില്‍ നീച്ചുറ്റിപുണര്‍ന്നത്‌
എന്നെയല്ലയെന്നു  തിരിച്ചറിഞ്ഞ നിമിഷം 
ഞാന്‍ ഞാനല്ലാതെയായി.

കണ്ണുകള്‍ കണ്ണുകളോടിടഞ്ഞപ്പോള്‍
നീചൊല്ലിയ കഥയ്ക്ക്‌
ചതിയുടെ കറുത്ത നിറം.

പിന്നെ  ഇതാ ഇപ്പോള്‍
അവസാന യാത്രയും പറഞ്ഞു
ഞാന്‍ പടിയിറങ്ങുന്നു .
സ്വസ്തി! നിനക്കായി
നേരാന്‍ മറ്റൊന്നുമില്ലയെന്റെ പക്കല്‍
യാത്രപറയുന്നു ഞാന്‍ സഖീ
നീയെനിക്കായി നല്‍കിയ
ജീവിത രസാമൃതത്തിനൊക്കെയും
നേരുന്നു നന്ദി.
വ്യഥിതമാനസന്‍ ഞാന്‍
നേരുന്നു ശാന്തി!






  


No comments: