Ettumanoor Visheshangal

Monday, February 4, 2013

കടല്‍ അലറി വിളിക്കുന്നത്‌ എന്തിനാണ്?


കടല്‍ത്തീരത്ത്‌ ചാകര ഉണ്ടാകുന്നത്
പ്രവചിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചത് ആരെന്നറിയില്ല.
മൂടപടമിട്ട , മുഖം മറച്ച സദാചാരക്കാര്‍ നുഴഞ്ഞു കയറിയത്
മാസ് ഹിസ്റ്റിരിയ ബാധിച്ച  ജനതയുടെ ഇളകിതെറിച്ച
ആണി പഴുതുകളിലേക്കായിരുന്നു.
കടല്‍ അലറി വിളിക്കുന്നതും ആള്‍ക്കൂട്ടത്തിനു ഹിസ്റ്റീരിയ
ബാധിച്ചു ആരവത്തോടെ തെരുവിലിറങ്ങുന്നതും 
ആര്‍ക്കു പ്രവചിക്കാനാവും?

പ്രണയ തീരത്ത് നിന്നും കമിതാക്കള്‍ സ്ഥലമൊഴിഞ്ഞു കഴിഞ്ഞു
രാത്രിവണ്ടിയില്‍ പുരോഗമനവാദികള്‍ സ്ഥലം കാലിയാക്കി.
'എന്റെ രാത്രികാല ജീവിതം' എന്ന പുസ്തകം പ്രീ-പബ്ലിക്കെഷനില്‍
പ്രസിദ്ധീകരിച്ചു വിറ്റവര്‍ മറ്റിടങ്ങളിലേക്ക്
മറ്റു തൊഴിലുകള്‍ക്കായി  കൂട്ടപലായനം ചെയ്തു.

താലിമാല അണിയാതെ  മുദ്രമോതിരം അണിയാതെ
ജീവിത പങ്കാളികള്‍ ആയവര്‍  കുട്ടിച്ചാത്തന്‍ കാവിലെ
കല്‍വിളക്കില്‍ എണ്ണയൊഴിച്ച് കാളി-കൂളി , മറ്റു
ഭൂതഗണങ്ങള്‍ എന്നിവരെ ഉള്ളുരുകി വിളിച്ചു.
നെറ്റിയില്‍ തങ്ങള്‍ ഇണപിരിയാതെ ജീവിക്കാന്‍
കച്ചകെട്ടിയവരെന്നു തെളിയിക്കുന്ന
ചിന്ഹങ്ങള്‍ വരച്ചു ചേര്‍ത്തു .
തങ്ങള്‍ അന്യോന്യം ബന്ധിതരാണെന്നു
അവര്‍ സ്വയം സാകഷ്യപ്പെടുത്തികൊണ്ടിരുന്നു.

താമരത്താളില്‍  കള്ളുകുടിച്ചതിനെക്കുറിച്ചും,
കുടിച്ചു കുന്തംമറിഞ്ഞതിനെക്കുറിച്ചും,
പുലഭ്യം പറഞ്ഞു കഴിയുന്ന
ശ്ലോകങ്ങള്‍ രചിച്ചവര്‍

സൂകരപ്രസവം പോലെ
സ്വന്തം ആത്മഭാഷണങ്ങള്‍
എഴുതി തള്ളി.

സദാചാരക്കാര്‍, കണ്ണുമിഴിച്ചപ്പോള്‍
ചെങ്കോലും കിരീടവും
താഴെവെച്ചു തിരുമനസ്സ്
ഉല്ലസിക്കാനായി വേട്ടമൃഗങ്ങളെ
തേടി 'ആരണ്യകാണ്ഡം '
മുഴുമിപ്പിക്കാനായി
യാത്രതിരിച്ചു.
ചോദ്യം ഉത്തരം കിട്ടാതെ
ഇപ്പോഴും അവശേഷിക്കുന്നു;
കടല്‍ അലറി വിളിക്കുന്നത്‌ എന്തിനാണ്?
 






5 comments:

സൗഗന്ധികം said...

ചോദ്യം ഉത്തരം കിട്ടാതെ
ഇപ്പോഴും അവശേഷിക്കുന്നു;
കടല്‍ അലറി വിളിക്കുന്നത്‌ എന്തിനാണ്?

ശുഭാശംസകൾ................

മാധവൻ said...

ചാകരക്കും,മാസ്സ് ഹിസ്റ്റീരിയ ബാധിച്ച ആള്‍ക്കൂട്ടത്തിനും സുരേഷ് കണ്ട സാമ്യമുണ്ടല്ലോ..ജിഗിര്‍താന്‍!!!

ചത്ത് കിടക്കുവോളം പുളക്കട്ടെ..

ajith said...

ചാകര തന്നെ

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

കടല്‍ അലറിവിളിക്കുന്നതും , ആള്‍ക്കൂട്ടം തെരുവില്‍ ഇറങ്ങുന്നതും ആര്‍ക്കും പ്രവചിക്കാന്‍ ആവില്ല .......
നന്നായിട്ടുണ്ട്

AnuRaj.Ks said...

കടല്‍ അലറി വിളിക്കുന്നത്‌ എന്തിനാണ്?
.....അറിയില്ല തന്നെ