Ettumanoor Visheshangal

Friday, March 1, 2013

നീലരാവിന്‍ ഹൃദയതാളം


രാവില്‍;  വലിഞ്ഞു മുറുകും വീണാതന്ത്രിതന്‍ നാദം
വേനല്‍ മഴതന്‍ അകമ്പടി താളത്തില്‍, നിന്‍റെ
ഹൃദയതാളം ഒരു മന്ത്രനിസ്വനം പോലെയെന്റെ
കാതില്‍ ചൊല്ലും  സ്വകാര്യം പറയുവതെളുതാമോ

കാവില്‍, നീലച്ചരാവില്‍, മരപെയ്യും കുളിരില്‍
ഇണകളായി  ചുറ്റിപടര്‍ന്നു തേന്മാവിനെ
വരിഞ്ഞുമുറുക്കും, കാട്ടുവള്ളിയായി നീയെന്നില്‍
പടരുമ്പോള്‍; ദൂരെയേതോ കാവിലുത്സവത്തിന്‍
മേളപെരുക്കങ്ങള്‍, ആര്‍പ്പുവിളികള്‍, ഘോഷാരവങ്ങള്‍
അവയ്ക്കിടയിലെപ്പോഴോ, മുരളും കാട്ടുപൂച്ചയുടെ
ഉണര്‍വുല്‍സവം, ഞരക്കങ്ങള്‍, നിലവിളിപോലെ,
 ഇരുളിനെപകുത്തെങ്ങൊ വിലയം  പ്രാപിക്കവേ;
എന്റെ നെഞ്ചിന്‍
ചൂടില്‍ ഒരു കിളിക്കുഞ്ഞിനെപ്പോലെ
മെല്ലെയുറക്കം നടിച്ചീടുന്നു നീ.

ആര്‍ത്തലക്കും തിരമാലതന്‍ രൌദ്രഭാവം
മുടിയേറ്റില്‍ കലിയടങ്ങാതെ കാളിയത്യുച്ചത്തില്‍
ആര്‍ത്തട്ടഹസിക്കവേ, വേഷപകര്‍ച്ചയിലെങ്കിലും 
ദാരികന്‍, കത്തും കണ്ണിലെ ചൂടില്‍
നിന്നുരുകിയുരുകി ഭസ്മമായിത്തീര്‍ന്നുവോ?
തിരപിന്‍വാങ്ങും വേളയില്‍ അവശേഷിക്കുന്നതൊന്നുമാത്രം
ഇത്തിരി ശംഖുകള്‍, ഞണ്ടുകള്‍, കര, കടലില്‍ തള്ളിയ
ജീവിതത്തിന്‍ അവശേഷിപ്പുകള്‍ . 

അങ്ങകലെ ചക്രവാളത്തില്‍ സായന്തനത്തിന്‍
നിറഭേദങ്ങള്‍, കണ്ണീരില്‍ ചാലിച്ചെഴുതിയ
ചിത്രത്തിന്‍ മിനുക്കുപണികള്‍ ,
ഇരുട്ടിന്‍ മേലാപ്പു  വന്നുപൊതിയവെ
എവിടെന്നറിയാതെ , ദിക്കുകളറിയാതെ
നിലയേതെന്നറിയാതെ ഈ കയത്തില്‍
കൈകാലിട്ടടിച്ചു ഞാന്‍ നിലവിളിക്കേ
ഒരാലിലയില്‍ അഭയഹസ്തവുമായി
നീ  വരുന്നതും കാത്തുകാത്തു
 നാരായണമന്ത്രം ജപിച്ചു
നിന്നിലലിയുവാന്‍ കാത്തിരിക്കുന്നു ഞാന്‍ .   

     

      

3 comments:

സൗഗന്ധികം said...

പ്രണയരാവിൽ, വീണാനാദം പോലെ...
കാവിൽ, സന്ധ്യാ ദീപം പോലെ..
ഒരു നാടൻ പെണ്ണിൻ, അനുരാഗം പോലെ
സുഖരാഗം കാറ്റിൽ, നിറയുന്നൂ മെല്ലേ...

ശുഭാശംസകൾ....

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

രാവില്‍ വീണാനാദം പോല്‍ ...........
കാവില്‍ ........

AnuRaj.Ks said...

യക്ഷി പിടിച്ചോ....