Ettumanoor Visheshangal

Friday, March 22, 2013

തരിശു നിലങ്ങള്‍

തോന്ന്യാസം കവിതയാകുന്നതിനും മുന്‍പ്
വൃത്തം നോക്കി കവിതയെഴുതുന്നത്
സവര്‍ണ്ണയിടപാടാണ് എന്നു
വെളിപാടുണ്ടാകുന്നതിനും മുന്‍പ്;
ലിംഗം, യോനി, മുലകള്‍ എന്നിങ്ങനെ
മറച്ചുവെയ്ക്കപ്പെടേണ്ടതെന്നു കരുതി
പരസ്യമായി സൂചിപ്പിക്കുവാന്‍ മടിച്ചിരുന്ന
വാക്കുകള്‍ സമൃദ്ധമായി വാരി വിതറി
 കിടപ്പറ രഹസ്യങ്ങള്‍ പോലും 
കവിതയെന്ന പേരില്‍ എഴുതിക്കൂട്ടുന്നതിനും,
ലേബലുകളുടെ അടിസ്ഥാനത്തില്‍
കവികള്‍ തങ്ങളുടെ അസ്തിത്വം
കണ്ടെത്താന്‍ ശ്രമിക്കുന്നതിനും മുന്‍പ്;
ക്ലിക്കുകളുടെയും, പരസ്പരം പുറംചൊറിയലിന്റെയും
അടിസ്ഥാനത്തില്‍ കവികള്‍, കവിത, അവാര്‍ഡ്
എന്നൊക്കെ കേട്ടു തുടങ്ങുന്നതിനും മുന്‍പ്;
സ്വയം കത്തിയെരിഞ്ഞ് ജീവിതം
മറ്റുള്ളവര്‍ക്കായി ദാനം ചെയ്ത്
ചെയ്യാത്ത തെറ്റുകള്‍ക്കുപോലും ശിക്ഷകള്‍
ഏറ്റുവാങ്ങി, അവസാനത്തെ ശ്വാസം
വിട്ടുപോകുന്നതുവരെ ഒരു നിസ്വനായി
സന്യാസിയായി, കാമുകനായി,
ഭ്രാന്തനായി, ഒരു പച്ചമനുഷ്യനായി
ഗതികിട്ടാതലയുന്ന ആത്മാവായി

കവിതതന്നെ ജീവിതവും 
ജീവിതംതന്നെ കവിതയുമായി 
 ജീവിച്ച  കവിയും,
പടര്‍ന്നു വളര്‍ന്ന വസന്തമായി  കവിതയും.

3 comments:

ajith said...

കവിതയില്‍ വിത അധികമില്ല ഇപ്പോള്‍

വിത്തുള്ളവര്‍ ഇല്ലാത്തതാകും കുഴപ്പം

AnuRaj.Ks said...

കവിത വായിച്ച് അവസാനമെത്തിയപ്പോള് കവി അയ്യപ്പനെ ഓര്ത്തുപോയി

സൗഗന്ധികം said...

അനു രാജിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.

ഇഷ്ടമായി

ശുഭാശംസകൾ...