Ettumanoor Visheshangal

Monday, August 26, 2013

മാണിക്കംപെണ്ണും മറിയാമ്മച്ചേടത്തീം
















(ചിത്രം: കടപ്പാട് ഗൂഗിൾ)
----------------------------------------------------------------------------------------------------

ഇലകളും പൂക്കളും തളിരിട്ടു നില്ക്കുന്ന
പുലർകാലവേളയിൽ നീയുണർന്നൂ
കുളിർമഞ്ഞു പെയ്യുന്ന രാവിൻറെയവസാന
യാമത്തിൽ പാടുവാനെഴുന്നേറ്റു നീ!

തളിർനെല്ലുതളിരിട്ട പാടത്തിന്നോരത്ത-
ന്നൊരു കൊച്ചുകൂരയിൽ നീ വസിപ്പൂ
മിഴികളിൽ, കത്തുന്ന കഥകളുടെ
യോർമ്മയിലൊരുപാടുകാതങ്ങൾ നീയലഞ്ഞു.


ഉറയുന്ന കോലങ്ങൾതുള്ളിയാടീടുന്ന
കഥകളിൽ  നിന്നെത്തിരഞ്ഞുപോയീ
പകിടപന്ത്രണ്ടും കളിക്കുന്ന വിധിയുടെ
നിഴലിനെയും നീ ഭയന്നതില്ലാ!

മാണിക്കംപെണ്ണിൻറെ കഥപറഞ്ഞാറെ നീ
കൊല്ലത്തുകുഞ്ഞിനെ, യോർത്തതില്ലേ
പാടത്തുപാടുന്ന പാട്ടിലെ,  സ്നേഹത്തിൻ
പെരുമയേറും,  കഥകേട്ടതില്ലേ!

ഏഴുപേരല്ലോ മണിത്തുമ്പിമാരവരേഴുപേർ
ച്ചേർന്നപ്പോൾ,  ഭൂമിക്കു കാലമായ്
ഏഴുരുള മണ്ണിൽ മെനഞ്ഞെടുത്തുള്ളൊരീ
ഭൂമിതൻ സൃഷ്ടിനടത്തിയാ തുമ്പികൾ!

മുടിയാട്ടമാടുന്നപെണ്ണിൻറെ മനസ്സിലും,
കൊയ്യുമ്പം കണ്ടത്തീപ്പാടുന്നപാട്ടിലും
ചെങ്ങന്നൂരാതിതൻ പോരിൻറെഗരിമയിൽ
തെളിയുന്നതിന്നൊരു വംശത്തിൻ ഗാഥകൾ.

നാലെലച്ചക്രത്തിലപ്പൻറെകാലുകൾ
നാലായിരന്തവണ ചുറ്റിത്തിരിയുമ്പോൾ
വല്ലഴികെട്ടിൽ മയങ്ങുന്ന കുഞ്ഞിൻറെ
മനതാരിൽക്കേട്ടുറപ്പിച്ചതീപ്പാട്ടുകൾ.

രണ്ടുപറനെല്ലിലും നാഴിക്കുമുപ്പിലും
ഓണമിന്നോണംഘോഷിച്ചതന്നു നാം
കായിക്ക-ച്ചൊല്ലാൻ ക്രിസ്ത്യാനിക്കളരീൽ
പോയന്നു നീ, മുഴുമിച്ചതില്ലാ.

കൊമരകംകുന്നശ്ശേരിക്കരക്കാരുടെ
പാട്ടിനെവെല്ലുവാൻ തലവെട്ടിപ്പാടീ
പെറ്റമ്മപാടുന്നപാട്ടുപടിച്ചു നീ
സ്വന്തം സമുദായക്കഥപഠിച്ചൂ!

ഭൈരവിക്കോലംതുള്ളിയാടീടുമ്പോൾ
 മുടിയഴിച്ചാടാൻ, തലപ്പാട്ടുപാടുമ്പോൾ

കരുവും മരവും കൊട്ടുന്നൊരീണത്തിൽ
എടനാടൻ പാട്ടിൻറെ മുഖമുദ്രയാടൂ!


തെയ്യാ തിനുന്തോ തിനുന്തിനും താരില്ല
തെയ്യതിനുന്തേ തിനുന്തിനും താരാ
തെയ്യാ തിനുന്തോ തിനുന്തിനും താരില്ല
തെയ്യതിനുന്തേ തിനുന്തിനും താരാ.


                                                  -സുരേഷ് കുറുമുള്ളൂർ

****************************കവിത****************

(മറിയാമ്മച്ചേടത്തി എന്ന നാടൻപാട്ടുകലാകാരി അന്തരിച്ചിട്ട് 2013 ഓഗസ്ത് 31 ന് അഞ്ചുവർഷം തികയുന്നു. മറിയാമ്മ ചേടത്തിയുടെ ഓർമ്മകൾക്കുമുന്നിൽ ഈ കവിത സമർപ്പിക്കുന്നു. എം.എ. പഠനകാലത്ത് കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, സ്ക്കൂൾ ഓഫ് സേഷ്യൽ സയൻസസിലെ എൻറെ അദ്ധ്യാപകനായ സനൽ മാഷിനോടൊത്ത് മറിയാമ്മച്ചേടത്തിയുടെ പാട്ടിനെയറിയാൻ,  ചേടത്തിയെ വീട്ടിൽ സന്ദർശിച്ചത് ഞാനോർക്കുന്നു. മറിയാമ്മച്ചേടത്തിക്ക് ആദരാഞ്ജലികൾ!

ഒരുതലമുറയൊന്നാകെപ്പാടിയ പാട്ടുകൾ നമുക്കായി പകർന്നു തന്ന്,  മറിയാമ്മച്ചേടത്തി നമ്മെ വിട്ടു പിരിഞ്ഞു. എങ്കിലും ആ പാട്ടുകൾ നമുക്ക് നഷ്ടപ്പെട്ടിട്ടില്ല. പ്രൊഫ. സെബാസ്റ്റ്യൻ വട്ടമറ്റം എഡിറ്റു ചെയ്ത് നമുക്കായി ആ നാടൻപാട്ടുകൾ 'മറിയാമ്മച്ചേടത്തിയുടെ മാണിക്കംപെണ്ണ് 'എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
'മറിയാമ്മച്ചേടത്തിയുടെ മാണിക്കംപെണ്ണ് '-എഡിറ്റർ, സെബാസ്റ്റ്യൻ വട്ടമറ്റം-പ്രസാധകർ സാഹിത്യപ്രവർത്തക സഹകരണ സംഘം, നാഷണൽ ബുക്ക്സ്റ്റാൾ , കോട്ടയം, 2011)
 







7 comments:

ajith said...

വെരി ഗുഡ്

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

വളരെ നന്ദി, അജിത്ത്.

Kalavallabhan said...


വളരെ നന്നായി
ആശംസകൾ

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

കലാവല്ലഭൻ, താങ്കളുടെ വാക്കുകൾക്ക് നന്ദി.

സൗഗന്ധികം said...

പരിചയപ്പെടുത്തൽ വളരെ ഉചിതമായി.മണ്മറഞ്ഞ അനുഗ്രഹീത കലാകാരിയ്ക്ക് എന്റേയും ആദരാഞ്ജലികൾ. കവിതയും വളരെ ഹൃദ്യമായി.

ശുഭാശംസകൾ...

Sebastian Vattamattam said...

മറിയാമ്മച്ചേടത്തി ജീവിച്ചിരുന്നപ്പോള്‍ ഉപജീവനത്തിനായുള്ള ഫോക്‌ലോര്‍ കഷായത്തിനു ചേരുവകള്‍ക്കായി മറിയാമ്മച്ചേടത്തിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന ഗവേഷണ വിദ്യാര്‍ത്ഥികളോ നമ്മുടെ ബുദ്ധി(യുപ)ജീവികളോ ചേടത്തിയെക്കുറിച്ചോ അവരുടെ സംഭാവനകളെ കുറിച്ചോ യാതൊന്നുംതന്നെ എഴുതിക്കാണാറില്ല. മലയാളിക്കിന്നും കറുപ്പ്‌ = വെറുപ്പ്‌. അതാണു സത്യം. സി. കെ. ജാനുവിനെ പോലെ മറിയാമ്മച്ചേടത്തിയും തമസ്‌കൃത ഗണത്തില്‍ത്തന്നെ. ഈ ഒരു സാഹചര്യത്തിലാണ്‌ നമ്മള്‍ സുരേഷിന്റെ ഈ കവിത മനസ്സിരുന്നത്തി വായിക്കേണ്ടത്‌. ഇതെനിക്കു മറിയാമ്മച്ചേടത്തിയെ വീണ്ടും കണ്ടുമുട്ടിയ അനുഭവമായി. സുരേഷിന്‌ അഭിന്ദനങ്ങള്‍.

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

വളരെ നന്ദി, സൗഗന്ധികം, സെബാസ്റ്റ്യൻ വട്ടമറ്റം. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ മുന്നോട്ടുള്ള പ്രയാണത്തിലെ കൈത്തിരികളാണ്. ഇനിയും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.