Ettumanoor Visheshangal

Tuesday, October 9, 2012

ഓര്‍മ്മക്കുറിപ്പുകളുടെ മഹിമയും, ചരിത്രവും!

     ഓര്‍മ്മകള്‍ നമ്മളെ ഇടയ്ക്കിടെ കാലത്തിന്റെ മറ്റേതോകോണിലേക്ക് കൂട്ടി കൊണ്ട് പോകുന്നു എന്നുകരുതുന്നവരാണ് ഏറെയും .ഓര്‍മ്മകളെ ഒരു നൂലിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്കുള്ള ഒരുയാത്രപോലെ നമ്മുക്ക് വിവരിക്കുവാന്‍ സാധിക്കുമോ?അറിയില്ല. കാലമങ്ങനെ രേഖീയമായീ ഒരു പോയിന്റ്‌ -ല്‍ നിന്നു മറ്റൊരു  പോയിന്റ്-ലേക്ക് നമ്മെ കൂട്ടികൊണ്ടുപോകുന്നു എന്നുകരുതുവാന്‍ സാധിക്കുമോ?സാധിക്കുകയില്ല എന്നുഞാന്‍ കരുതുന്നു.

     ഓര്‍മ്മകള്‍ സ്ഥലകാല രേഖീയതക്ക് പുറത്തുള്ള ഒരു സവിശേഷതയാണ്. നമ്മുടെ ഓര്‍മ്മകള്‍ തികച്ചും ആപേക്ഷികവും .നാം പരിചയിച്ചിട്ടുള്ള സ്ഥലവുംകാലവും ഒരുപക്ഷെ അടിസ്ഥാന ധാരയായി വര്തിക്കുമെങ്കിലും ആകെ ഒരുകുഴമറിച്ചില്‍ നമ്മുടെ ഓര്‍മ്മകളില്‍ നമ്മുക്ക് അനുഭവപ്പെടാറുണ്ട്.

    ജീവിതം നമ്മുക്ക് സമ്മാനിച്ചിട്ടുള്ള അസുലഭമായ നിമിഷങ്ങളെ ഒരുമാലയിലെ  മുത്തുകളെന്നവണ്ണം 
കോര്‍ത്തെടുത്ത്‌ ഇതാണ് ആ കാലഘട്ടതെക്കുറിച്ചുള്ള എന്റെ ഓര്‍മ്മയെന്നുമൊക്കെ നാം വീമ്പിളക്കാറുണ്ട്.
 പക്ഷെ ഇത് എത്രമാത്രം ശരിയായിരിക്കും? ഒരേ സംഭവത്തെക്കുറി ച്ചു      രണ്ടു  ദൃക്സാക്ഷികളുടെ  വിവരണം ഒരിക്കല്പോലുമോരുപോലെയകണം എന്നില്ല.നാം കണ്ട ദൃശ്യങ്ങളുടെയും കേട്ട ശബ്ദങ്ങളുടെയും ഒരു പാര്‍ശ്വ വീക്ഷണംമാത്രമായിരിക്കും നമ്മുടെ  ഓര്‍മ്മ ക്കുറിപ്പുകളില്‍ നമ്മുക്ക് ആവിഷ്ക്കരിക്കാനാവുന്നത്.അതുകൊണ്ട് ഓര്‍മ്മ ക്കുറി പ്പുകള്‍ മിക്കപ്പോഴും എഴുതുന്നവ്യക്തിയുടെ ബൌദ്ധികമായ ചിന്താശേഷിയേയും ,സംഭവങ്ങളോടുള്ള ആവ്യക്തിയുടെ പ്രതികരണ സ്വഭാവത്തെയും ആശ്രയിച്ചു വ്യത്യാസപെട്ടു കാണുന്നത് .

     ഓര്‍മ്മക്കുറിപ്പുകളുടെ  മറ്റൊരു പ്രത്യേകത എഴുതുന്ന വ്യക്തിയുടെ ഭാവനാ ശേഷിക്കനുസരിച്ചു പൊടിപ്പും  തൊങ്ങലുമൊക്കെ വിവരണങ്ങളില്‍ കണ്ടേക്കാം എന്നതാണ്.

    കാലമെന്നത് രേഖീയമായി അടയാള പ്പെടുത്താവുന്ന ഒന്നായാണ്  പല ഓര്മ്മക്കുറിപ് ലേഖകന്മാരും
കരുതുകയും എഴുതുകയും  ചെയ്യുന്നത്. പലപ്പോഴും ഒരേ സംഭാവങ്ങള്‍ക്കുള്ള വ്യത്യസ്ത മാനങ്ങള്‍ കണ്ടെത്തണം എങ്കില്‍ നാം ആ സംഭവങ്ങളുടെ ബഹുമുഖമായഓര്‍ത്തെടുക്കല്‍ നടത്തേണ്ടത് ആവശ്യമാണ്.

    ഒരേ സംഭവത്തിന്റെ വ്യത്യസ്ത അടയാളപ്പെടുത്തലുകള്‍ ഓര്‍മ്മകുറിപ്പുകളുടെ  സമഗ്രതക്ക്-അങ്ങനെയൊന്നുണ്ടെങ്കില്‍-ആവശ്യമാണ്. ഞാന്‍  ജീവിച്ച  കാലത്തിന്റെ ഫോടോഗ്രഫിക്  ചിത്രമാണ് ഇതെന്ന് ആണ യിടുന്നവരും ഉദ്ദേശിക്കുന്നത് എന്റെചിന്തകള്‍ക്കും, ഭാവനക്കുമാനുസൃതമായ ഒരു കല്പനാ സൃഷ്ടി ഞാനിതാ നടത്തിയിരിക്കുന്നൂ  എന്നേയുള്ളൂ. അല്ലെങ്കില്‍ അത്രയേ  ധരിക്കാ വൂ എന്നതെതെ!

  അങ്ങനെയെങ്കില്‍ ഓര്‍മ്മക്കുറിപ്പുകളെ പൂര്‍ണ്ണമായും തള്ളിക്കള യണം എന്നാണോ? അല്ല, ഒരിക്കലുമല്ല. രേഖീയമായ ചരിത്രമില്ലാത്ത  സമൂഹങ്ങളുടെ  ചരിത്രം  ഒരുപരിധിവരെ നാം  കണ്ടെടുത്തത് അവരുടെ ഓര്‍മ്മകളെ ആശ്രയിച്ചാണ്. ആ സമൂഹങ്ങളുടെ പൊതുവായ ബോധധാരയില്‍ നിന്നും   ശാസ്ത്രീയാമായ മറ്റുതെളിവുകളുടെ വെളിച്ചത്തില്‍ നാം ആ സമൂഹങ്ങളുടെ  ചരിത്രം രചിക്കുന്നതിനും പഠിക്കുന്നതിനും നാം ശ്രമിക്കുന്നു.ഈ ചരിത്ര രചനയും  ഓര്‍മ്മകുറിപ്പുകളുടെ രചനയും തമ്മില്‍ വ്യത്യാസമുണ്ട്.

ഓര്‍മ്മകുറി പ്പുകളില്‍ കല്പനയ്ക്ക്  പ്രാധാന്യെമെ ങ്കില്‍,  ഓര്‍മ്മകുറി പ്പുകളെ  അടിസ്ഥാനമാക്കിയുള്ള  ചരിത്ര രചനയില്‍ ശാസ്ത്രീയമായ തെളിവുകലുംവശ കലനവുമാണ് നേര്‍ വഴിക്ക് നയിക്കുന്നത്.അപകടം പക്ഷെ ഇവിടെയല്ല ഇത്തരത്തിലുള്ള ചരിത്രവും  ഓര്‍മ്മക്കുറിപ്പുകളും ഒരേ പദവിക്കായി മത്സരിക്കുമ്പോള്‍ നഷ്ടമാകുന്നത് ഇവ  രണ്ടിന്റെയും ജൈവസത്ത  തന്നെയാണ്. അല്ലെങ്കില്‍ ഇവരണ്ടും  രണ്ടാണെന്നുള്ള
ആവ്യത്യാസംതന്നെയനുനഷ്ടമാകുന്നത് !









 




Saturday, October 6, 2012

മനുഷ്യന്‍


മനുഷ്യന്‍ എത്ര സുന്ദരമായ പദം
എന്ന് പാടിയതരായാലും
നെഞ്ചിന്റെ ഉള്ളില്‍ നിന്നും
നീ നിന്നെ തന്നെ ആട്ടിയകറ്റുന്ന
കാലം ആഗതമായിരിക്കുന്നു.
 
കാലം വരച്ചിട്ട ചിത്രങ്ങള്‍ പോലെ
നീട്ടി യും കുറുകിയും കോണോടു കോണ്‍
ചേര്‍ന്നും ഉള്ള വരകള്‍ക്കിടയില്‍
ഉത്തരം കിട്ടാത്ത ചോദ്യം
പോലെ മനുഷ്യന്‍.

നീ നിന്റെ ഉണ്മയെതന്നെ
ചോദ്യം ചെയ്തുതുടങ്ങുംപോള്‍
നേര്‍ത്ത വരപോലെ അകലെങ്ങളിലേക്ക്
നീ അലിഞ്ഞഞ്ഞലിഞ്ഞു
ഇല്ലാതാകുമ്പോള്‍
എനിക്ക് നേരെ വിരല്‍ ചൂണ്ടാന്‍
ഒരു ചൂണ്ടു  വിരല്‍ നഷ്ടപെട്ടതോര്‍ത്ത്‌
വിലപിക്കാനെ എനിക്കാവൂ!

മനുഷ്യന്‍; ഒരു ചവാളിപ്പട്ടിയെപ്പോലെ
ആട്ടിയകറ്റുന്ന മറ്റൊരു
ആത്മാവില്ലാത്ത ജന്മമോ?
കാലത്തിന്റെ ഉത്തരം കിട്ടാത്ത
ചോദ്യത്തിന് മുന്നില്‍
നിസ്സഹായതയുടെ
നിഴല്‍ച്ചിത്രം പോലെ
 പാവം മനുഷ്യന്‍ !


Thursday, October 4, 2012

ഈ സമയമില്ലാത്ത നേരത്ത് ........



നമ്മള്‍ എന്തിനു ജീവിക്കുന്നു  എന്നതില്‍ നിന്ന് മാറി
 ഞാനെന്തിനു ജീവിക്കുന്നു എന്ന തരത്തില്‍ ചിലരെങ്കിലും 
ചിന്തിച്ചു തുടങ്ങേണ്ടിയിരി ക്കുന്നു.

രാവിലെ ഇറങ്ങുമ്പോള്‍ ഈശ്വരാ
ഇന്ന് ഒരപകടവും കൂടാതെ തിരിച്ചെത്തണേ 
എന്ന് പ്രാര്‍ത്ഥിച്ചു ഇറങ്ങിയാലും (ദൈവത്തില്‍ വിശ്വസിക്കാതവര്‍ക്ക്
ഇവിടെ ഒഴിവാക്കി വായിക്കാം )
കാണുകയും കേള്‍ക്കുകയും ചെയ്യുന്ന അപകടങ്ങള്‍
ഓരോ ദിവസവും കൂടി കൂടി വരുന്നു. 
ആര്‍ക്കും സമയമില്ലാതെ നാം വാലിനു തീ പിടിച്ചപോലെ 
അങ്ങ്  പായുകയാനല്ലോ!

ഓരോരുത്തരും അവനവനിലേക്ക്‌ വല്ലാതെ 
ഒതുങ്ങികൂടിയിരിക്കുന്നു.  
ഞാന്‍, എന്റെ കുടുംബം, എന്റെ കുട്ടികള്‍, അവരുടെ വളര്‍ച്ച 
ഇതൊക്കെ മാത്രമായി ഒരുരുതരുടെയും ചിന്തകള്‍.

തന്റെ തൊട്ടപ്പുറത്തുള്ള വീട്ടില്‍ ഒരാള്‍ 
മരണത്തോട് മല്ലടിച്ച് കിടന്നാല്‍ പോലും ഭൂരിഭാഗം ആള്‍ക്കാരും 
അവരെ ഒന്ന് സന്ദര്‍ശിക്കാനോ ആ രോഗിയെ ഒന്ന് 
ആശ്വസിപ്പിക്കുവാനോ  ശ്രമിക്കാറില്ല.
നമ്മുടെ കുട്ടികളും ഇതേ രീതി പിന്തുടരുന്ന 
കാഴ്ചയാണ് കണ്ടു വരുന്നത്. 

നമുക്ക് മഹാത്മാക്കളെ പോലെ ജീവിക്കാന്‍ സാധിചെന്നു വരില്ല .
എന്നാല്‍ ഓരോ ദിവസവും നമ്മള്‍ ഇടപെടുന്ന  ആള്‍ക്കാര്‍ക്ക് 
സന്തോഷം പകരാന്‍ നമുക്ക് സാധിച്ചാലോ!ഔദ്യോഗിക ജീവിതതിലുള്ളവര്‍ 
ഇതെങ്ങനെ സാധിക്കും എന്ന് കരുതുന്നുണ്ടാവും. എപ്പോഴും 
ചിരിച്ചുകൊണ്ട് ജീവിക്കുവാന്‍ സാധിക്കുകയില്ല.
ശരി തന്നെ. എന്നാല്‍ നമ്മുടെ മുന്നില്‍ ഒരപേക്ഷയും ആയി വരുന്ന 
ഒരാളോട് അവരുടെ കാര്യങ്ങള്‍ ഒന്ന് ചോദിച്ചു മനസ്സിലാക്കാന്‍ നമുക്കായാലോ.
നിന്ന് തിരിയാന്‍ സമയമില്ലാത്തിടത്താണ് ഉപദേശം; നടക്കും സുഹൃത്തുക്കളേ,
മനസ്സുണ്ടായാല്‍ വഴിയും ഉണ്ടാകും.
ഇന്ന് നാം പറയുന്നത് കേള്‍ക്കാന്‍ ഒരു ചെവിയില്ല 
എന്നതാണ് നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും 
വലിയ ദുരന്തം!

വീട്ടില്‍ ചെന്നാല്‍ ഭാര്യ പറയുന്നത് കേള്‍ക്കാന്‍ സമയമില്ല.
കുട്ടികള്‍ പറയുന്നത് കേള്‍ക്കാന്‍ സമയമില്ല.
അയല്‍ക്കാരോട് ഒന്ന് കുശലം ചോദിയ്ക്കാന്‍ പോലും 
സമയമില്ല.

ഇത്രയും തിരക്കുള്ള മനുഷ്യനെ എന്റെ ജീവിതത്തില്‍ കണ്ടിട്ടേയില്ല; 
എന്ന് നാട്ടുകാരെ കൊണ്ടു പറയിച്ചേ 
ഞാനടങ്ങൂ എന്ന് കരുതി ജീവിക്കുന്നവര്‍ ഒരു നിമിഷം ചിന്തിക്കൂ. ഒരിക്കല്‍ നിങ്ങളും കൊതിക്കുന്ന ഒരു സമയം വരും. എന്തിനെന്നല്ലേ? നമ്മള്‍ പറയുന്ന കാര്യങ്ങള്‍ ആരെങ്കിലും ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ 
എന്ന് കരുതുന്ന ഒരു കാലം. നമ്മുടെ പദ വിയും, പത്രാസുമെല്ലാം നഷ്ടപ്പെട്ട്‌ ഏകാന്തത്തയില്‍ 
നാം അകപ്പെടുന്ന ഒരു കാലം. 

അങ്ങ് റഷ്യയില്‍ മഴപെയ്യുന്നതിനു ഇപോഴേ കുട ചൂടാണോ എന്ന് ചോദിക്കുന്നവരോട് ഒന്ന് മാത്രം; 
പേമാരിയും,ഒരുള്പോട്ടലും  ഒക്കെ  ഒരുമിച്ചു വരുമ്പോള്‍ നാം നമ്മുടെ ഏകാന്തതയുടെ തുരുത്തില്‍,  ആരും സഹായത്തിനില്ലാതെ തനിച്ചായിരിക്കും തീര്‍ച്ച .








Wednesday, October 3, 2012

നീല ഫ്രോക്കിട്ട പെണ്‍കുട്ടി

ഞാന്‍ നിന്നെ പ്രണയിക്കുന്നുവെന്നു ആദ്യം പറഞ്ഞത്
അവള്‍ ആയിരുന്നു; നീല ഫ്രോക്കിട്ട പെണ്‍കുട്ടി
കണ്ണുകളില്‍ കവികള്‍ പാടുന്നത് പോലെ
പ്രണയത്തിന്റെ അഗ്നിയൊന്നും അവളില്‍
പടര്‍ന്നിരുന്നതായി ഞാന്‍ ഓര്‍ക്കുന്നില്ല.
നീലപരവതാനി വിരിച്ച പോലെ കടല്‍;
കടലെങ്ങും പരന്നു കിടന്നിരുന്ന
ആ ത്രിസന്ധ്യയ്ക്ക് , സഹപാഠികളുടെ
കണ്ണ് വെട്ടിച്ചു ആ വിനോദയാത്രയിലെ
ബഹളങ്ങള്‍ക്കിടയില്‍ നിന്നും
അവള്‍ എനിക്കൊപ്പം പോരുകയായിരുന്നു.
ഞാന്‍ നിന്റെ കണ്ണില്‍ പ്രണയം തിരഞ്ഞു
തിരഞ്ഞു നിന്നെ ഈര്‍ഷ്യ പിടിപ്പിച്ചപ്പോള്‍
ഒരിക്കല്‍ നീ പറഞ്ഞു
എനിക്ക് നിങ്ങളെ വെറുക്കാന്‍ സാധിക്കാത്തത്
കൊണ്ട് മാത്രമാണ് ഞാന്‍ നിങ്ങളെ വിട്ടു പോകാത്തത്
നിങ്ങളെ ഞാന്‍ പ്രണയിച്ചിരുന്നുവോ, എന്ന് പോലും എനിക്ക് സംശയമുണ്ട്‌ .
ഇനി ഞാന്‍ നിങ്ങള്കൊപ്പമില്ല.അവള്‍ നടന്നകന്നു.
സ്വപ്നത്തില്‍ നിന്നും എഴുന്നേല്‍ക്കുമ്പോള്‍ കയ്യില്‍
ചൂടുള്ള കാപ്പിയുമായി എന്റെ പ്രിയതമ .
അന്നത്തെ നീല ഫ്രോക്കിട്ട പെണ്‍കുട്ടി!
ഇങ്ങനെ ഈ കഥ അവസാനിപ്പിക്കണം എന്നായിരുന്നു
ഞാന്‍ എഴുത്ത് തുടങ്ങിയപ്പോള്‍ വിചാരിച്ചിരുന്നത്
പക്ഷെ അവിചാരിതമായി സംഭവങ്ങള്‍
ഉണ്ടാകുമ്പോള്‍ നാം പതറി പോകുക
സ്വാഭാവികം മാത്രം
അവളുടെ അച്ഛന്‍ ഹേബിയസ് കോര്‍പസ്
ഹര്‍ജി നല്‍കി. ഒരാഴ്ച കഴിഞ്ഞപ്പോള്‍
തിരുനെല്‍വേലിയില്‍ നിന്ന് ഞങ്ങളെ
പോലിസ് അറസ്റ്റു ചെയ്തു
കോടതിയില്‍ ഹാജരാക്കി.
അവളുടെ അച്ഛനൊപ്പം
അവള്‍ പോകുമ്പോള്‍
ആ കണ്ണുകളില്‍ ഊറിക്കൂടിയ
കണ്ണുനീര്‍ത്തുള്ളികള്‍
കാണാതിരിക്കുവാനായി ഞാന്‍
മുഖം തിരിച്ചു.
പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം
അനധികൃതമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന
മാനസികാരോഗ്യ കേന്ദ്രം രേയിട്‌
ചെയ്തു അവിടെ നരകയാതന
അനുഭവിച്ചു കൊണ്ടിരുന്ന രോഗികളെ പോലിസ്
രക്ഷെടുതിയതിന്റെ വാര്‍ത്തയും ചിത്രവും
പത്രത്തില്‍ കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍
ഒരിക്കല്‍ വര്‍ഷങ്ങള്‍ക്കുശേഷം നിറഞ്ഞു.
ഞാന്‍ എന്റെ ഭാര്യയെ വിളിച്ചു ആ വാര്‍ത്ത
കാണിച്ചു കൊടുത്തു.ഭാര്യയും എന്റെ  സഹപാഠിയായിരുന്നു.
കഥകളെല്ലാം അറിയുന്ന അവളുടെ കണ്ണുകളും നിറഞ്ഞു.
അതെ, മുടിപട്ടെ വെട്ടി, ഒരൊറ്റയുടുപ്പുമിട്ടു
മുന്നില്‍ നടന്നു പോകുന്ന ആ ദയനീയ രൂപം
എന്റെ നീല ഫ്രോക്കിട്ട പെണ്‍കുട്ടിതന്നെയായിരുന്നു.


Monday, October 1, 2012

മാരണം


മാരണം ഈ ലോകജീവിതം
ഏതൊക്കെയോ
വേഷ വൈചിത്ര്യങ്ങളില്‍
കുരുങ്ങി വേപധുപൂണ്ടു
നടപൂ ഞാനീ; പ്രാന്തപ്രദേശങ്ങളില്‍
ഇല്ല മുന്‍പോട്ടു നടക്കുവാന്‍
 ആവതില്ല മുന്‍പില്‍
ഭയപ്പെടുത്താന്‍
പല്ലുമിളിച്ചു കുറുനരികള്‍
മൂര്‍ഖന്‍, കരിന്തെളുകള്‍
കാലപ്രവാഹച്ചുഴിയിലെ
ഒരുകൊച്ചു നീര്‍പോള പോലെ
ഒന്ന് കണ്ചിമ്മി എണീക്കും
വരെ നിനക്ക് കാക്കുവാനുകുമോ
ഈ നരക-ജീവിതം !