Ettumanoor Visheshangal

Thursday, September 19, 2013

നന്മപ്പൂമരം പൂത്തപ്പോൾ..........
    യാത്രകൾ നിനച്ചിരിക്കാതെ നമ്മെ മറ്റൊരു ലോകത്തേക്കും കാലത്തേക്കും കൂട്ടിക്കൊണ്ടു പോയെന്നിരിക്കും. എഴുതിയുണ്ടാക്കിയ ചാർട്ടുകളോ, പ്രോഗ്രാമുകളോ,  ലക്ഷ്യം വെച്ചിരിക്കുന്ന സ്ഥലങ്ങളോ കടന്ന് അവിചാരിതം എന്ന് നമ്മെക്കൊണ്ടു പറയിപ്പിക്കുന്ന മറ്റൊരു തലത്തിലേക്ക് യാത്രകൾ മാറിയേക്കാം. 

   നൂറു കിലോമീറ്ററിനു താഴെ മാത്രം ദൂരമുള്ള ഒരു ട്രെയിൻ യാത്ര. ഉത്രാടത്തിൻറെ തിരക്ക് കംപാർട്ടുമെൻറിൽ നന്നായിട്ടുണ്ട്. ഒരു യുവാവും കൈക്കുഞ്ഞുമായി ഭാര്യയും അഞ്ചുവയസ്സിനടുത്ത് പ്രായമുള്ള മകനുമായി ഒരു കുടുംബം ട്രെയിനിൽക്കയറി. ആരൊക്കെയോ സഹായിച്ച് ഭാര്യയ്ക്കും കുട്ടിക്കും സീറ്റ് ലഭിച്ചു. യുവാവിൻറെ മുഖത്തിന് വല്ലാത്ത ഒരു മ്ലാനത. വല്ലാത്ത ക്ഷീണം പോലെ. കണ്ണുകൾ പനിപിടിച്ചവരുടേതു പോലെ  ക്ഷീണിച്ച് ഇടയ്ക്കിടയ്ക്ക് നിറഞ്ഞു തുളുമ്പുന്നു. മുഖഭാവം കണ്ട് മനസ്സലിഞ്ഞിട്ടോ എന്തോ ആരോ അയാളെ തൻറെ സീറ്റിൽ പിടിച്ചിരുത്തി. അയാൾ കണ്ണുകൾ അടച്ച് ധ്യാനത്തിലെന്നവണ്ണം ട്രെയിനിൽ ഇരുന്നു. കുട്ടികളും ഭാര്യയും തൊട്ടപ്പുറത്തെ സീറ്റിൽ.  പുറംകാഴ്ചകൾ കണ്ട് കുട്ടികൾ ആഹ്ലാദശബ്ദങ്ങളുണ്ടാക്കി......

    പിറ്റേന്ന് തിരുവോണമാണ്. എല്ലാ മുഖങ്ങളിലും  സന്തോഷത്തിൻറെ പൂത്തിരികൾ കത്തുന്നു. നാളുകൾക്കു ശേഷം ബന്ധുമിത്രാദികളെ കാണുന്നതിലുള്ള സന്തോഷം.   തിരുവോണം സുഹൃത്തുക്കൾക്കൊപ്പം ചിലവഴിക്കാൻ യാത്രചെയ്യുന്നവർക്ക് സൗഹൃദത്തിൻറെ ഇരട്ടിമധുരം. അടുത്ത സീറ്റിൽ ഇരിക്കുന്ന തമിഴ് സംസാരിക്കുന്ന കുടുംബത്തിലെ സ്ത്രീകൾ ഉച്ചത്തിൽ എന്തൊക്കെയോ സംസാരിക്കുന്നു. ചെറിയ കുട്ടികൾ  ആൾത്തിരക്കിൽ വിമ്മിട്ടപ്പെട്ട് ഏങ്ങലടിച്ചു കരയുന്നു.­­­­­ ട്രെയിൻ സ്റ്റേഷനുകൾ പിന്നിട്ട് കുതിച്ചു പായുകയാണ്.
    മാവേലിക്കരയായിക്കാണും, പെട്ടെന്ന് നാം,  ആദ്യം കണ്ട യുവാവ് സീറ്റിൽ കുഴഞ്ഞു വീണു കിടക്കുന്നു. കൈകാലുകൾ കോച്ചിവലിക്കുന്നു.കണ്ണുകൾ പിറകോട്ടു മറിഞ്ഞു പോകുന്നതു പോലെ. ട്രയിനിലെ അന്തരീക്ഷമാകെ മാറി.  ഭാര്യ ചെറിയ കുട്ടികളെയുമായി എന്തുചെയ്യണമെന്നറിയാതെ നില്ക്കുന്നു.

അടുത്ത നിമിഷം ട്രെയിനിലെ അന്തീരീക്ഷമാകെ മാറുന്നു. അതുവരെ തങ്ങളുടെ മാത്രം ലോകത്തിൽ ഒതുങ്ങിയിരുന്നവർ ആ തോടുപൊളിച്ചു പുറത്തേക്കു വന്നു. യുവാവിനായി ഒരു സീറ്റുതന്നെ ആൾക്കാർ ഒഴിഞ്ഞു കൊടുത്തു. അയാളെ ആ സീറ്റിൽ കിടത്തി. യുവാവിൻറെ കൈകാലുകൾ ചിലർ തിരുമ്മി ചൂടു പിടിപ്പിച്ചു. മസിലുകൾ കോച്ചിപ്പിടിച്ച് വേദനയിൽ പുളഞ്ഞ അയാളുടെ കാലുകൾ അമർത്തി വേദന കുറയ്ക്കാൻ ശ്രമിക്കുന്നു. ഇടയ്ക്കെപ്പോഴൊ കണ്ണുകൾ തുറന്ന വേദനയിൽ പുളയുന്ന അയാൾക്ക് ആരോ വെള്ളം പകർന്നു നല്കുന്നു. .....ട്രയിൻ അപ്പോഴും കുതിച്ചു പായുകയാണ്....


     അധികം ദുരന്തങ്ങളൊന്നും വരാതെ ട്രയിൻ യുവാവിനും കുടുംബത്തിനും ഇറങ്ങേണ്ടുന്ന സ്റ്റേഷനിലെത്തി.  രണ്ടുപേർ തോളോടു ചേർത്തു പിടിച്ച് അയാളെ  പുറത്തിറക്കി അവിടെയുള്ള ഒരു ബഞ്ചിൽ കിടത്തി. യുവാവ് അപ്പോഴും വേദനകൊണ്ട് പുളയുകയാണ്. അയാൾ ഉച്ചത്തിൽ നിലവിളിച്ചു കൊണ്ടിരുന്നു. നാലാം നമ്പർ പ്ലാറ്റ്ഫോമിലാണ് അയാളിപ്പോൾ കിടക്കുന്നത്. ഒന്നാം നമ്പറിലെത്തിയാൽ മാത്രമേ അയാൾക്ക് വാഹന സൗകര്യം ലഭിക്കുകയുള്ളൂ. പ്ലാറ്റ്ഫോമിലും അയാൾക്കായി ദൈവത്തിൻറെ പ്രതിനിധികൾ കാത്തുനിന്നിരുന്നു. ആരോ ഒരാൾ അയാൾക്കായി ചായ വാങ്ങിക്കൊണ്ടു കൊടുത്തു. മറ്റൊരാൾ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിക്കാനായി ഓടി. സ്റ്റേഷൻ മാസ്റ്ററെത്തി സ്ഥിതി വിലയിരുത്തി.  അദ്ദേഹം സ്ട്രെക്ചർ നല്കുന്നതിനായി ഓഫീസിലേക്ക് പോയി. ഈ സമയം അവിടെയുള്ള കുടുംബങ്ങൾ യുവാവിൻറെ ഭാര്യയെയും കുട്ടികളെയും ആശ്വസിപ്പിക്കുകയും അവർക്ക് കരുത്തായി നില്ക്കുകയും,  സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.  യുവാവിനെ ഒന്നാമത്തെ പ്ലാറ്റ്ഫോമിലെത്തിക്കുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത്. സ്ട്രെക്ചർ വരാനായി അവർ കാത്തു നിന്നില്ല. ആറുപേർ ചേർന്ന് യുവാവിനെ തോളിലേറ്റി നടന്നു. അപ്പോഴേക്കും സ്ട്രെക്ചറുമായി ആൾക്കാരെത്തി. യുവാവിനെ സ്ട്രെക്ചറിൽ കിടത്തി ഒന്നാം പ്ലാറ്റ്ഫോമിലേത്തിച്ചു. അവിടെ നിന്നു് ടാക്സിയിൽ തൊട്ടടുത്തുള്ള താലൂക്കാശുപത്രിയിലെത്തിച്ചു... ..അടിയന്തിരമായി ചികിത്സകൾ നടത്തി....യുവാക്കളുടെ ബന്ധുക്കൾ എത്തുന്നതുവരെ അതേ ട്രെയിനിലെ ഒരു യാത്രക്കാരനും ആ സ്റ്റേഷനിൽ യാത്രയവസാനിപ്പിച്ചയാളുമായ, കോഴിക്കോട് കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി നോക്കുന്ന ഒരു മാന്യവ്യക്തി, യുവാവിൻറെ മറ്റു ബന്ധുക്കൾ എത്തുന്നതു വരെ സഹായമായി ആശുപത്രിയിൽ യുവാവിനൊപ്പം നിന്നു. സമയോചിതമായി ചികിത്സ ലഭിച്ചതിനാൽ അതിവേഗം യുവാവ് സുഖം പ്രാപിച്ചു.

അങ്ങനെ ഈ ഓണത്തിന് കേരളമങ്ങോളമിങ്ങോളം വിടർന്ന അനേകം പൂക്കളങ്ങൾക്കൊപ്പം നന്മയുടെ പൂമരം പൂത്തപ്പോൾ ലഭിച്ച പൂക്കൾകൊണ്ട് യുവാവിൻറെ ഹൃദയത്തിൽ,  നന്ദിയുടെ നറുമലരുകൾ ചേർത്ത്  ഒരു പൂക്കളം കൂടി മാവേലി മന്നനെ വരവേല്ക്കുവാനായി ഒരുങ്ങി. 


     
 

12 comments:

Riyas Nechiyan said...

കൊള്ളാം നന്നായിട്ടുണ്ട് ..!

നല്ല മനസ്സുകള്‍ക്ക് ആശംസകള്‍ ... :)

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

ഈ അക്ഷരങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും കടന്നു പോയ Riyas Nechiyan-ന് നന്ദി.

Sivananda Shenoy said...

yitharam, bahalangalo sahayamo labikathe pero vilasamo ariyatha orale njan kurupantharayil ninum karithaasil ethikukayam, ayalku bodham varunnathu vare ethandu thaladilakukayum "Daivam" kaathathinal rakshapedukayum cheitha oru anbhavam enikundu. Yithil ennodoppam hathbhagyaraya oru hahayathrikan UNNI, railwayile oru line repair thozhilali, kashu polum vangathe doctarude arrastil nim kadanu kalanga taxi driver...marakunila. sathyathil a TAXI driverayirunnu daivam.
Anathe a rogi "Chandrsekharan jivichiripundo entho ?

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

തീർച്ചയായും ഇതുപോലുള്ള അനുഭവങ്ങൾ പരസ്പരം പങ്കുവെയ്ക്കുകയും ലോകത്ത്, ഇന്ന് പ്രചരിക്കുന്നതു പോലെ "തിന്മ" മാത്രമല്ല നന്മയും പുലരുന്നുണ്ടെന്നും നാം പലപ്പോഴും അതു കാണാതെ പോകുകയാണെന്നും നാം മനസ്സിലാക്കണം. അത്തരം സംഭവങ്ങൾ നാം തീർച്ചയായും പങ്കു വെയ്ക്കണം. 'ലോകാ സമസ്താ സുഖിനോ ഭവന്തു' -ഈ അനുഭവങ്ങളിലൂടെ കടന്നു പോയതിനും അഭിപ്രായം പങ്കു വെച്ചതിനും Sivananda Shenoy-ക്ക് നന്ദി!

കാസിം തങ്ങള്‍ said...

നന്മയുടെ പൂക്കള്‍ ഇനിയുമിനിയും വിരിയട്ടെ, ആരാന്റെ വേദനയില്‍ പങ്ക്ചേര്‍ന്ന് ആശ്വാസത്തിന്റെ ഒരു വാക്ക് കൊണ്ടെങ്കിലും സാന്ത്വനം നല്‍കാന്‍ ശ്രമിക്കുന്ന സുമനസ്സുകള്‍ക്ക് നല്ലത് മാത്രം വരെട്ടെ എന്നാശംസിക്കുന്നു.

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

വാക്കുകളുടെ നന്മപ്പൂക്കൾ വിതറിയ കാസിം തങ്ങൾക്ക് നന്ദി!

ബൈജു മണിയങ്കാല said...

ഈ നന്മ മരം ദിവസേന പൂക്കട്ടെ! ഇത്തരം അനുഭവങ്ങള കേൾക്കാൻ കഴിയുന്നത്‌ 12-വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലകുറിഞ്ഞി പോലെ ആണെങ്കിലും
അനുഭവം നന്നായി ആ കമ്പാര്ടുമേന്റിനു മുഴുവനും, കോഴിക്കോട് ജോലിചെയ്യുന്ന ആ മാന്യവ്യക്തിക്കും നല്ല സ്നേഹസന്ദേശം പകരുന്ന അനുഭവം ഇവിടെ പങ്കു വച്ച താങ്കൾക്കും ആശംസകൾ നേരുന്നു

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

ഈ നന്മ മരത്തിൻറെ തണലിൽ ഇത്തിരി നേരം സമയം ചിലവഴിച്ച് , സ്വന്തം അഭിപ്രായം മറ്റുള്ളവർക്കായി ഇവിടെ കുറിച്ച ബൈജു മണിയങ്കലാ-യ്ക്ക് നന്ദി.

ajith said...

സ്വാര്‍ത്ഥത പെരുകുന്ന ഇക്കാലത്ത് ഇങ്ങനത്തെ വാര്‍ത്തകള്‍ കേള്‍ക്കുന്നത് തന്നെ ഒരു സന്തോഷമാണ്. മീഡിയകള്‍ തിന്മകളെ ഹൈലൈറ്റ് ചെയ്യുമ്പോള്‍ നവമാധ്യമമായ ബ്ലോഗ് ഇത്തരം നന്മകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ടുന്നതുമാണ്..നല്ല കുറിപ്പിന് അനുമോദനം

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

അജിത്ത്-ൻറെ വാക്കുകൾക്ക് നന്ദി. ഈ നന്മയുടെ പൂമരം അജിതിനെപ്പോലെയുള്ള സുമനസ്സുകളുടെ സഹായത്താൽ ലോകമാകമാനം വളർന്നു പന്തലിക്കട്ടെ.

റോസാപ്പൂക്കള്‍ said...

നന്മകള്‍ വിരിയട്ടെ. ഈ പോസ്റ്റും ഒരു നന്മയാണ്

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

നന്ദി, റോസാപ്പൂക്കൾ