Ettumanoor Visheshangal

Saturday, June 15, 2013

കെണിയന്ത്രങ്ങള്‍



പുറവടിവുകളിലൂടെ  ചുണ്ടുകള്‍ നിന്നെത്തിരയുംപോള്‍

കെണിയൊരുക്കുന്ന ഒളികണ്ണ് ഒപ്പിയെടുക്കുന്നത്

നിന്നെ  മാത്രമല്ല എന്റെ ജീവിതത്തിന്റെ

വിധികൂടിയാണ് .


ഊഷ്മളമായ ചുംബനം നിറയ്ക്കുന്നതു

ചുണ്ടുകളില്‍ മധുമാത്രമല്ല എന്റെ

മനസ്സിന്റെ സ്വഛതയില്‍ അലകടലിന്റെ

അലര്‍ച്ചകൂടിയാണ്



നാട്ടുപഴമകളിലെ മുളംകാറ്റില്‍

അലറിയെത്തുന്നത്  നിന്റെ

സീല്ക്കാരത്തിന്റെ രതിസ്വരങ്ങളും

കട്ടുഭുജിക്കുന്നവന്റെ വിജയഭേരിയും.



നിന്റെ ചുണ്ടുകളുടെ പരിലാളനയില്‍

എന്റെ യൗവനംതളിരിടുമ്പോള്‍

പാതിവെന്ത ഇന്നലെയുടെ

ഓക്കാനവും ഛര്‍ദ്ദിയും നീയോര്‍ക്കാത്തതെത്ര നന്ന്



കെണിയന്ത്രങ്ങള്‍ കണ്ണ് തുറക്കാത്ത

പുതിയ  ഇടനാഴികളിലൂടെ

നമുക്ക്  നമ്മുടെ യാത്ര തുടരാം

സ്വാതന്ത്ര്യത്തിന്റെ വഴികള്‍

നമുക്കു  വീണ്ടെടുക്കാം.


നാഴികമണികള്‍ ഓര്‍മ്മ പ്പെടുത്തുന്നത്

ആരംഭത്തിന്റെ അവസാനമല്ലാ

എന്നുപറഞ്ഞു  നീയെന്നെ പുണരുമ്പോള്‍

ഞാന്‍ മിഴിതുറക്കുന്നത്

പുതിയ ലോകത്തിന്റെ സൂര്യോദയത്തിലേക്കോ

അതോ ഇരുണ്ട രാവിന്റെ ശ്മശാന മൂകതയിലെക്കോ?



കെണിയന്ത്രങ്ങള്‍ കണ്ണുതുറക്കാത്ത

ഇരുളിന്റെ ഇടനാഴികളില്‍

കാത്തിരിപ്പിന്റെയവസാനം

ഗുഹാ മുഖത്തു നിന്നുവരുന്നത്

പാലോ  അതോ ചുടുരക്തമോ?

Tuesday, April 16, 2013

ഒരശ്ലീല കവിത വരുത്തിവെച്ച വിന!


നല്ലയോന്നാന്തരം തറവാടിയെഴുത്തുകാരനായിരുന്നു
ഓണം,  വിഷു, എഴുത്തിനിരുത്ത് , മണ്ഡലകാലം
എട്ടുനോയ്മ്പ് , എന്നിങ്ങനെ  നാളും  തിഥിയും
പക്കവും നോക്കി  തരാതരം കവിതയെഴുതിയിരുന്ന
ഉത്തമോത്തമന്‍, പച്ചവെള്ളം  ചവച്ചുമാത്രം
കഴിച്ചിരുന്ന പൂര്‍ണ്ണ വെജിറ്റേറിയന്‍!

അങ്ങിനെയിരിക്കെയാണ്‌ ഒരശ്ലീല
കവിതയുടെ പിറവി ; ശാന്തം, പാപം ! 
കണ്ടകശ്ശെനി കൊണ്ടേ പോകൂയെന്നു
കണിയാര് പറഞ്ഞപ്പോള്‍ ചിരിച്ചു
തള്ളിയില്ലേ  എന്ന് നല്ലപാതി .
എന്ത് പറയാന്‍ വരാനുള്ളത്
വഴിയില്‍   തങ്ങില്ലല്ലോ
ന്യു  ജെനരേഷന്‍ സിനിമയുടെ
ഹാങ്ങ്‌ ഓവറിലാണെന്ന് വെണമെങ്കിലെനിക്കു
കയ്യൊഴിയാം ; എന്നാലും ഞാനെഴുതിയത്
അങ്ങനെയല്ലാതാകുകില്ലല്ലോ?
തന്തക്കു പിറന്ന കവിത തന്നെ.
ഇപ്പോള്‍ അവാര്‍ഡ്‌  സംവിധായകനെ
കാണുമ്പോള്‍ കമ്പോള  സിനിമക്കാരന്‍
മിണ്ടാതെ തലകുനിച്ചു നടന്നു പോകുന്നത്
പോലെ വൃത്തത്തിലും  അല്ലാതെയും
കവിത ചമയ്ക്കുന്നവര്‍ക്ക്  ഒരു കിറുകിറുപ്പ്‌
കവിതയുടെ വഴിയെ ഭരണിപ്പാട്ട്
പാടിയ ഈ കശ്മലനെ തൂക്കിലേറ്റാത്തത്
മുജ്ജന്മ സുകൃതം; ശിവ! ശിവ!      

 

Wednesday, April 10, 2013

വാല്ക്കണ്ണാടി


വാല്‍ക്കണ്ണാടിയില്‍ തെളിയുന്ന രൂപം എന്റേതെന്നു നീയും
ഏതു യുഗത്തിന്റെ  അന്ത്യത്തിലാണ് ഞാനിന്നു
നിന്റെ  വാല്‍ക്കണ്ണാടിയിലവതരിച്ചത്?
നീ  ഈ കാലമത്രയും തപസ്സു ചെയ്തത്
ഈ കരിമുകില്‍ വര്‍ണ്ണനെ  പ്രത്യക്ഷപ്പെടുത്താനോ
പഴയ സത്യവാന്റെയും സാവത്രിയുടെയും
കഥയ്കിന്നെന്തു  പ്രസക്തി
പ്രിയപ്പെട്ടവളെ നിന്റെ ചുടു ചുംബനത്തിന്റെ
ലഹരിയിലിന്നു ഞാന്‍ ശാപമോക്ഷം
തേടുന്ന ശിലയായി  മാറിയോ?
അഹല്യാമോക്ഷത്തിന്റെ ആണ്‍പതിപ്പ് 
പ്രണയാതുരനായ എന്റെ മനസ്സിലെ
തീക്കനലിന്നണയ്ക്കുവാന്‍ നിനക്കാകുമോ?
നിന്റെ ദംശ നത്തിലൊഴുകിയിറങ്ങുന്ന
വിഷത്തിനു എന്നിലെ ദാഹത്തിനെ
ശമിപ്പിക്കാനാകുമൊ?
ഞാനുമൊരു നീലകണ്ഠനായി ശമിക്കാത്ത
രൂക്ഷാമ്ലതിന്റെ മലവെള്ളപ്പാച്ചിലിനൊടുവില്‍
പര്‍വതപുത്രീ നിന്റെ  മുന്നില്‍ തീരത്തണയാന്‍
കൊതിക്കുന്ന ഒരു സാളഗ്രാമമായി
ഹിമശൈല ഭൂമികയില്‍  കാത്തിരിക്കട്ടെ.
ഏതു  യുഗത്തിലാവും നിന്റെ
കരസ്പര്‍ശത്താല്‍ എനിക്ക്
പാപമുക്തിയുണ്ടാവുക?
ഏതു  മുഹൂര്‍ത്തതിലാവും ആ
വാല്‍ക്കണ്ണാടിയില്‍ നിന്നും
എന്നെ  നിന്റെ  ഹൃദയത്തിലേക്ക്
ചേര്‍ത്ത് വെയ്ക്കുക.
പ്രിയ  പര്‍വതപുത്രീ നിന്റെ
കാല്ത്തളിരടിയില്‍  കിടന്നു
ഞെരിഞ്ഞമരാന്‍ എന്നാവും
ഈ പുല്ക്കൊടിക്കാവുക?!



  


Tuesday, March 26, 2013

ജീവിതം മിഴിതാഴ്ത്തി കാത്തുകിടക്കുമ്പോള്‍


 മനസ്സാകെ ശൂന്യമാകുമ്പോള്‍
  ഒറ്റപ്പെട്ടവനെപ്പോലെ .
മനസ്സില്‍  നിസ്സഹായത, വെറുപ്പ് , കാലുഷ്യം,
ഉന്മാദം, സ്നേഹം, അമ ര്‍ഷം.
പുറത്തു  വെള്ളിടി. മിന്നല്‍പിണരുകള്‍
ചിരിക്കുന്ന മുഖങ്ങളുടെ പ്രോഫൈലിനപ്പുറം
സ്നേഹത്തിന്റെ തെളിനീരുറവയായ്‌; 
എവിടെപ്പോയിയെന്റെ  ജീവിതം
കടം കൊണ്ട  നാള്‍വഴിക്കണക്കുകളിലെ
വാത്സല്യം  കിനിയുന്ന നൊമ്പരപ്പൂവുകള്‍
രാത്രിമഴയില്‍ അനാഥ ബാല്യത്തിന്റെ
ഭയാനകത , പേടിസ്വപ്നങ്ങള്‍
ഇരുട്ടിലെ ദുര്‍ഭൂതങ്ങള്‍
ക്ലാവ് പിടിച്ച  ഓര്‍മ്മകള്‍
ചുമരിലെ നിഴല്‍  ചിത്രങ്ങളില്‍
മാഞ്ഞുപോയ  ബാല്യ കാലത്തിന്റെ
ചിതറിയ ഓര്‍മ്മത്തെറ്റുകള്‍
മങ്ങിയ ചിമ്മിനി വെട്ടത്തില്‍
പുകച്ചുരുള്‍ മായ്ക്കുന്നത്
എന്റെ  സ്മൃതിയുടെ
ഇത്തിരി നുറുങ്ങു  വെട്ടം
രാവു കനക്കുന്നു
അകലെയെവിടെയോ
കാലങ്കോഴി  ചിലക്കുന്നു
മഴ  ഒരപസ്മാര രോഗിയെപ്പോലെ
കൈകാലിട്ടടിച്ചു  കിതയ്ക്കുന്നു.

ജീവിതം മഴയത്തു  വിറുങ്ങലിച്ചു
തേടിയെത്തുന്ന അവസാന
കിതപ്പിനെത്തേടി
മിഴിതാഴ്ത്തി
കാത്തു കിടക്കുന്നു .
          


Monday, March 25, 2013

മഴ നനഞ്ഞെത്തുന്ന യുവസുന്ദരീ.......


















മഴയില്‍ നനഞ്ഞെത്തുന്ന  യുവസുന്ദരീ
എന്റെ മനസ്സില്‍ കുളിരായി വന്നവളേ
നിറമെഴും ആടയില്‍,  വര്‍ണ്ണങ്ങള്‍ വിതറീ
  മലയാളത്തിരുമുറ്റം  തേടി വന്നു
മനതാരിലൊരു കുഞ്ഞു സ്വപ്നത്തി ന്‍
നിറവായി പ്രകൃതീമനോഹരീ  വന്നു നിന്നൂ
മഴയില്‍ കുളിച്ചു നീ വന്നൂ ; വേനല്‍
മഴയുടെയാലിംഗനമറിഞ്ഞൂ.
തളിരിലതോറും  വിടര്‍ന്നോരായൌവന-
പുളകത്തിന്‍ തേന്മഴയില്‍ നീയലിഞ്ഞൂ
ഉടലില്‍ പുതുപൂക്കള്‍ വിരിയുന്ന വേളയില്‍
പ്രകൃതീ  നീയിന്നു  വ്രീളാവിവശയായ്
പുതുനാമ്പിനായ് മണ്ണിലുയരുന്ന തേങ്ങലില്‍
ഹൃദയം വികാരാര്‍ദ്രമായ് പെയ്തതോ നീ
ഒഴുകുമാതെളിനീരില്‍ പുഴയുടെ  തീരത്ത്
പുളകോദ്ഗമത്തിന്റെ  മിന്നലാട്ടം
മഴയില്‍ കുതിര്‍ന്നയെന്‍ സുന്ദരീ
പ്രകൃതീ അരുളുക നിന്‍പ്രേമ
സാഫല്യമിന്നു നീ തളിരായ്, കനിയായ്
പുതുനാമ്പിന്‍ കുരുന്നായ്
കനിയുക, കനിയുക പെണ്ണേ !

പെണ്മയായ് പൊലിയുക
പൊലിവിന്‍ കുഴല്‍വിളി
ഉയരുന്നു  വാനില്‍; പൊലിക,  പൊലിയേ
പൊലി , പൂപ്പൊലി, ഉണരുക പെണ്ണേ
പൊലിയേ പൊലി പെണ്ണേ, നിറയുക  പെണ്ണേ
അഴകുമാരോഗ്യവും, നിറവും  നിറച്ചാര്‍ത്തും
ഉയിരും, നിറഞ്ഞ നിന്‍ പുതുമുളക്കായി
പ്രകൃതീ, ഇന്നു  നീയുണരുക പെണ്ണേ
പൊലിവായ് നിറവായ്‌ ഉണരുക നീ !         




Saturday, March 23, 2013

ഒരു അശ്ലീല കവിത


എനിക്ക് നിന്നോട് പ്രണയമാണ് .
നിഷ്കളങ്കതയുടെ മൂടുപടമിട്ട  പാവമൊരു  കാമുകന്‍.
എനിക്ക് നിന്നോട് കാമമാണ്‌
നട്ടെല്ലില്ലാത്ത ഈ  പാവം കാമുകനെ
ആട്ടിന്‍  തോലിട്ട ചെന്നായ എന്ന്
നീ വിളിച്ചതില്ലാ  എന്നതില്‍  ഞാന്‍  വ്യസനിക്കുന്നു
 
 ഇന്നലെ ഞാന്‍ കവിതയെഴുതിയത്
കവിതയില്‍ മുല, യോനി, ലിംഗം
എന്നൊക്കെ എഴുതുന്നവരെ
ചാട്ടവാറിനടിക്കണം എന്ന്
പറഞ്ഞാണ്.

എന്തേ  നീ ചോദിച്ചില്ലാ
കള്ളാ  നിന്റെ കണ്ണുകള്‍ എന്നെ
ചൂഴ്ന്നു കുടിക്കുന്നത്
പിന്നെ എന്തിനെന്ന്  ?
നിന്റെ കയ്യുകള്‍ എന്റെ
മൃദുലതയില്‍ ഇഴഞ്ഞു
നടക്കുന്നതിനെന്തിനെന്ന്  ?
നിന്റെ ആസക്തിയുടെ തീച്ചൂളയില്‍
എന്നെയലിയിച്ചു  കളയുന്നതെന്തിനെന്ന് ?

ആരോഗ്യമാസികയില്‍ വായിച്ചപ്പോഴാണ്
ഞാന്‍ അറിയുന്നത് കുഴപ്പം എന്റെതല്ലായെന്ന്  
അശ്ലീലവാദിയാകുന്നത്  
മറ്റേതു  രോഗം പോലെയും 
ഒരു രോഗമാണെന്ന് .
പുസ്തകപ്പുഴു ആകുന്നതു പോലെ
അല്ലെങ്കില്‍
കവിതയോടുള്ള അഡി ക്ഷന്‍ പോലെ
മറ്റൊരു  അഡിക്ഷന്‍ മാത്രം!

എങ്കിലും പ്രിയ വായനക്കാരെ
എനിക്കിപ്പോഴും മനസ്സിലാകാത്ത
ഒരു കാര്യം   ചോദിച്ചോട്ടേ ?

ഈ വര്‍ഷത്തെ സദാചാരവാദി
ഓഫ്‌ ദി  ഇയര്‍ ആയി
നിങ്ങളെന്നെ തിരഞ്ഞെടുത്തത്തിലെ
 അശ്ലീലം എനിക്കിപ്പോഴും മനസ്സിലാകാത്തത് എന്തുകൊണ്ട് ?




   

Friday, March 22, 2013

തരിശു നിലങ്ങള്‍

തോന്ന്യാസം കവിതയാകുന്നതിനും മുന്‍പ്
വൃത്തം നോക്കി കവിതയെഴുതുന്നത്
സവര്‍ണ്ണയിടപാടാണ് എന്നു
വെളിപാടുണ്ടാകുന്നതിനും മുന്‍പ്;
ലിംഗം, യോനി, മുലകള്‍ എന്നിങ്ങനെ
മറച്ചുവെയ്ക്കപ്പെടേണ്ടതെന്നു കരുതി
പരസ്യമായി സൂചിപ്പിക്കുവാന്‍ മടിച്ചിരുന്ന
വാക്കുകള്‍ സമൃദ്ധമായി വാരി വിതറി
 കിടപ്പറ രഹസ്യങ്ങള്‍ പോലും 
കവിതയെന്ന പേരില്‍ എഴുതിക്കൂട്ടുന്നതിനും,
ലേബലുകളുടെ അടിസ്ഥാനത്തില്‍
കവികള്‍ തങ്ങളുടെ അസ്തിത്വം
കണ്ടെത്താന്‍ ശ്രമിക്കുന്നതിനും മുന്‍പ്;
ക്ലിക്കുകളുടെയും, പരസ്പരം പുറംചൊറിയലിന്റെയും
അടിസ്ഥാനത്തില്‍ കവികള്‍, കവിത, അവാര്‍ഡ്
എന്നൊക്കെ കേട്ടു തുടങ്ങുന്നതിനും മുന്‍പ്;
സ്വയം കത്തിയെരിഞ്ഞ് ജീവിതം
മറ്റുള്ളവര്‍ക്കായി ദാനം ചെയ്ത്
ചെയ്യാത്ത തെറ്റുകള്‍ക്കുപോലും ശിക്ഷകള്‍
ഏറ്റുവാങ്ങി, അവസാനത്തെ ശ്വാസം
വിട്ടുപോകുന്നതുവരെ ഒരു നിസ്വനായി
സന്യാസിയായി, കാമുകനായി,
ഭ്രാന്തനായി, ഒരു പച്ചമനുഷ്യനായി
ഗതികിട്ടാതലയുന്ന ആത്മാവായി

കവിതതന്നെ ജീവിതവും 
ജീവിതംതന്നെ കവിതയുമായി 
 ജീവിച്ച  കവിയും,
പടര്‍ന്നു വളര്‍ന്ന വസന്തമായി  കവിതയും.