Ettumanoor Visheshangal

Friday, September 6, 2013

ഈ രാത്രിയിൽ ഉറങ്ങാത്തവർക്കായുളള എൻറെ കവിത

ഈ രാത്രിയിൽ വിദൂരദേശത്ത് ഉറങ്ങാത്തവരേ,
എൻറെ വാക്കുകൾ നിങ്ങളെ ചൊടിപ്പിക്കാതിരിക്കട്ടെ
ചാറ്റ്ബോക്സിലെ തേനൂറുന്ന എൻറെ കള്ളങ്ങൾ നിങ്ങൾ തിരിച്ചറിയാതിരിക്കട്ടെ.

മനുഷ്യാവകാശത്തിനും, സ്ത്രീ സമത്വത്തിനും വേണ്ടി
അലമുറയിടുന്ന എൻറെ സ്റ്റാറ്റസുകൾ വായിക്കുന്ന നിങ്ങൾക്കു മുന്നിൽ,  എൻറെ അരുതായ്മകൾ,
ഭാര്യയുടെ തേങ്ങലിനു മുന്നിൽപോലും അലിയാത്ത
എൻറെ കഠിനഹൃദയം, ആ യാഥാർത്ഥ്യം നിങ്ങളറിയാതിരിക്കട്ടെ.

സുന്ദരികൾക്കു മുന്നിൽ ഹൃദയം തുറക്കുകയും,
ചവറുകൾപോലും അതിഗംഭീരം എന്നു തട്ടിമൂളിക്കുകയും
ചെയ്യുന്ന എൻറെ കൈക്കുറ്റപ്പാടുകൾ നിങ്ങളറിയുന്നുവോ?

ഒന്നാമത്തെ സ്റ്റാറ്റസിൽ മതേതരവാദിയായും, രണ്ടാമത്തേതിൽ വർഗ്ഗീയവാദിയായും, മൂന്നാമത്തേതിൽ അരാജകവാദിയായും, നാലാമത്തേതിൽ ദളിത്പക്ഷവാദിയായും, അടുത്തതിൽ പരിസ്ഥിതിവാദിയായും
പിന്നത്തേതിൽ മുതലാളിത്തപക്ഷാനുകൂലിയായും ഉള്ള
എൻറെ വേഷപകർച്ചകൾ നിങ്ങളറിയാതെയിരിക്കട്ടെ.

ഈ രാത്രിയുടെ മദ്ധ്യയാമത്തിൽ പോൺസൈറ്റുകളിലൂടെ
സഞ്ചരിക്കവേ തന്നെ ബലാത്സംഗം ചെയ്യപ്പെട്ടു കൊല്ലപ്പെട്ട
കന്യകയുടെ  ദാരുണമരണത്തിൽ പ്രതിഷേധിച്ച് കവിത പോസ്റ്റു ചെയ്യുകയും ചെയ്ത എൻറെ ഇരട്ടത്താപ്പ് നിങ്ങളറിഞ്ഞുവോ?

ലഹരിവിമോചനത്തെക്കുറിച്ചുള്ള എൻറെ ഈ കുറിപ്പ്
എഴുതി പോസ്റ്റ് ചെയ്യുന്പോഴാണ് ടി.വി.യിൽ, വിഷമദ്യദുരന്തത്തെക്കുറിച്ചുള്ള വാർത്ത ഞാൻ കാണുന്നത്.
മദ്യപിച്ച് നാലു മണിക്കൂറിനുളളിൽ 54 പേരാണ് മരണമടഞ്ഞത്.
അതേ, ആ സ്ഥലത്തു നിന്നു തന്നെയാണ് ഞാനുമിന്ന് കഴിച്ചത്.
ഇപ്പോൾ മൂന്നര മണിക്കൂറായിരിക്കുന്നു. ഇനി അധിക സമയമില്ല. എനിക്കൊന്നു മാത്രമേ പറയുവാനുള്ളൂ.
എൻറെ പിഴ, എൻറെ പിഴ, എൻറെ വലിയ പിഴ!







8 comments:

ആൾരൂപൻ said...

ഈ രാത്രിയിൽ വിദൂരദേശത്ത് മാത്രമല്ല ഉറങ്ങാത്തവർ ഉള്ളത്..... ഇവിടേയും ധാരാളം പേർ ഉറങ്ങാതെയും ഉറക്കം വരാതേയും ഉണ്ട്!!!

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

എന്തൊരു ഞാന്‍.. ..

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

ഞാനെന്ന ഭാവമതു തോന്നയ് വരേണമേ! നന്ദി, ആൾരൂപൻ,മുഹമ്മദ് ആറങ്ങോട്ടുകര

ബൈജു മണിയങ്കാല said...

സത്യമാണ് വിവിധ മുഖങ്ങൾ

സൗഗന്ധികം said...

ഇരട്ടത്താപ്പിന്റെ വേഷപ്പകർച്ചകൾ

നല്ല കവിത

ശുഭാശംസകൾ....

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

ബൈജു മണിയങ്കാല, സൗഗന്ധികം കവിതയിലൂടെ കടന്നു പോയതിനും അഭിപ്രായങ്ങൾ പറഞ്ഞതിനും നന്ദി.

ajith said...

ഉടുപ്പഴിച്ചുമാറ്റുന്നതുപോലെ മുഖങ്ങള്‍ അഴിച്ചുമാറ്റാം!

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

മുഖങ്ങൾക്കായൊരു മ്യൂസിയം!
നന്ദി, അജിത്ത്